malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

സൂക്ഷിക്കുക... നിങ്ങള്‍ സുരക്ഷിതരല്ല!

എ കൃഷ്ണകുമാരി
സ്ത്രീകള്‍ പൊതുഇടങ്ങളില്‍ മാത്രമല്ല, സ്വന്തം വീടുകളില്‍പ്പോലും സുരക്ഷിതരല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ . പ്രായമായ സ്ത്രീകളെ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുക, പട്ടിക്കൂട്ടില്‍ പൂട്ടിയിടുക, തൊഴുത്തില്‍ താമസിപ്പിക്കുകവരെ എത്തിനില്‍ക്കുന്നു കേരളസമൂഹം. ആധുനിക കാലഘട്ടത്തില്‍ പൊതുഇടങ്ങളിലേക്ക് വരേണ്ട അവസ്ഥകള്‍ സ്ത്രീകള്‍ക്ക് നിരവധിയാണ്. പക്ഷേ, പൊതുഇടങ്ങളിലും യാത്രാവേളകളിലും സ്ത്രീകള്‍ ഇന്ന് തീരെ സുരക്ഷിതത്വം അനുഭവിക്കുന്നില്ലെന്നു മാത്രമല്ല; മറിച്ച് താന്‍ ആക്രമിക്കപ്പെടാന്‍ പോകുന്നു എന്ന ഭയം അവളെ എപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്ക് യാത്ര പോകുക എന്നു പറഞ്ഞാല്‍ ഇപ്പോള്‍ പേടിസ്വപ്നമായിരിക്കുകയാണ്, പ്രത്യേകിച്ചും ഒറ്റയ്ക്കുള്ള ട്രെയിന്‍യാത്രകള്‍ . ഷൊര്‍ണൂരിനടുത്തുവച്ച് സൗമ്യ, ഗവേഷകയായ ഇന്ദു തുടങ്ങി ദുരിതപൂര്‍ണമായ ട്രെയിന്‍യാത്ര മരണത്തില്‍ കലാശിച്ചത് നമ്മള്‍ ഏറെ ഞെട്ടലോടെയാണ് കേള്‍ക്കേണ്ടി വന്നത്. സൗമ്യയുടെ കൊലപാതകതത്തിനുശേഷം കുറച്ചുദിവസത്തേക്ക് എല്ലാ സംഘടനകളും പ്രത്യേകിച്ച് സ്ത്രീസംഘടനകള്‍ എല്ലായിടത്തും നിന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കലും ധര്‍ണയും മറ്റു വിവിധ തരത്തിലുള്ള സമരങ്ങളുമെല്ലാം സംഘടിപ്പിച്ചു.

സര്‍ക്കാര്‍ എന്തെല്ലാമോ - സുരക്ഷ വര്‍ധിപ്പിക്കും, ആവശ്യമെങ്കില്‍ സ്ത്രീകളുടെ കംപാര്‍ട്മെന്റിന്റെ സ്ഥാനം മാറ്റും തുടങ്ങിയ നിരവധി പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തു. ഇതിനുശേഷവും ട്രെയിനുകളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കിയില്ല എന്നു മാത്രമല്ല, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ് ചെയ്തതെന്ന് കണക്കുകളും പത്ര വാര്‍ത്തകളും പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും. ട്രെയിന്‍ യാത്രകള്‍ പൊതുവേ സുരക്ഷിതമായാണ് കഴിഞ്ഞ കാലങ്ങളില്‍ കണ്ടിരുന്നത്. ദൂരയാത്രാ ട്രെയിനുകളില്‍ രണ്ടും മൂന്നും ദിവസം ഒറ്റയ്ക്ക് പെണ്‍കുട്ടികളെ യാത്ര ചെയ്യാന്‍ അനുവദിച്ചിരുന്ന അച്ഛനമ്മമാര്‍ക്ക് ഇന്ന് ഇത്തരം യാത്രകള്‍ പേടിസ്വപ്നങ്ങളാണ്. ട്രെയിനുകളില്‍ ശാരീരികപീഡനങ്ങളോടൊപ്പംതന്നെയോ അതില്‍ കൂടുതലോ മാനസികപീഡനങ്ങളും അനുഭവിക്കേണ്ടിവരുന്നു. ഇതിനര്‍ഥം യാത്രയില്‍ ശാരീരികപീഡനങ്ങള്‍ കുറവാണെന്നല്ല. ഇതിനൊക്കെ പുറമെയാണ് യാത്രക്കാര്‍ പൊതുവായി അനുഭവിക്കുന്ന കവര്‍ച്ച, യാത്രയിലെ മറ്റു പ്രശ്നങ്ങള്‍ മുതലായവ. ഷൊര്‍ണൂരില്‍വച്ച് സൗമ്യയുടെ കൊലപാതകത്തിനുശേഷം ഇതേ രീതിയിലുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള അനേകം വാര്‍ത്തകള്‍ പത്രത്താളുകള്‍ കൈയടക്കുകയുണ്ടായി.

ഇതിലെല്ലാം ഇവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാലും നിയമവ്യവസ്ഥയിലെ പഴുതുകള്‍ പലപ്പോഴും കുറ്റവാളിയെ സംരക്ഷിക്കുന്നതിലേക്ക് തെന്നിപ്പോകുന്നുണ്ട്. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കുപോലും മാനുഷിക പരിഗണനവച്ച് മനുഷ്യാവകാശസംരക്ഷണം ഉറപ്പുവരുത്തുക വഴി ഈ കുറ്റവാളികള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമാവാറുണ്ട്. ഇത്തരം മൃഗീയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഒരു മനുഷ്യാവകാശ സംരക്ഷണവും അര്‍ഹിക്കുന്നില്ലെന്ന് നാം ആദ്യം മനസ്സിലാക്കണം. അടുത്തിടെ കണ്ണൂരില്‍നിന്നും തൃശൂരിലേക്ക് ട്രെയിനില്‍ സ്ലീപ്പര്‍ കംപാര്‍ട്മെന്റില്‍ യാത്രപെയ്യുകയായിരുന്നു ഒരു അധ്യാപിക. കോഴിക്കോടുവരെ വലിയ കുഴപ്പമില്ലാതെ യാത്രചെയ്യാന്‍ പറ്റി. കോഴിക്കോട് സ്റ്റേഷനില്‍ എത്തിയപ്പോള്‍ തൊട്ടുമിന്നിലിരുന്ന മധ്യവയസ്കന്‍ മദ്യപിച്ച് അനാവശ്യം പറയാന്‍ തുടങ്ങി. ടിടിയോട് പരാതി പറഞ്ഞപ്പോള്‍ അദ്ദേഹം റെയില്‍വേ പോലീസിനെ മൊബൈല്‍ ഫോണില്‍ വിളിച്ചു. അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോള്‍ രണ്ടുപോലീസുകാരെത്തി. അപ്പോഴേക്കും ഇയാള്‍ സഹയാത്രികരെ തെറി പറയാനും പരാതി പറഞ്ഞ അധ്യാപികയെ അധിക്ഷേപിച്ച് സംസാരിക്കാനും തുടങ്ങി.

അറസ്റ്റ്ചെയ്യാനെത്തിയത് വെറും രണ്ടു പൊലീസുകാരായിരുന്നു. അവരുമായും ഇയാള്‍ വാക്കേറ്റത്തിന് മുതിര്‍ന്നു. അടുത്ത സ്റ്റേഷനിലെത്തുമ്പോഴേക്കും കുടുതല്‍ പൊലീസുകാരെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ ഇത്തരം പേക്കൂത്തുകള്‍ ഇന്ന് ട്രെയിനുകളില്‍ മാത്രമല്ല പൊതുഇടങ്ങളിലും എന്തിനേറെ സ്വന്തം വീടുകളില്‍പ്പോലും സാധാരണമാണ്. എന്തുകൊണ്ടാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ആധുനികസമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇന്ന് മാതാപിതാക്കള്‍ക്ക് തന്റെ പിഞ്ചുകുഞ്ഞിനെപ്പോലും ഒറ്റയ്ക്ക് പുറത്തുവിടാന്‍ എന്തിനേറെ അടുത്ത വീട്ടില്‍പോലും വിടാന്‍ ധൈര്യമില്ലാത്ത അവസ്ഥയാണ്. പിഞ്ചുകുഞ്ഞുങ്ങള്‍പോലും ക്രൂരമായ ബലാത്സംഗത്തിനിരയാവുന്ന സാഹചര്യങ്ങളില്‍ മാതാപിതാക്കള്‍ക്ക് ധൈര്യമുണ്ടായാലേ അത്ഭുതമുള്ളൂ. എന്തുകൊണ്ടാണ് ഇത്തരം മൃഗീയത മനുഷ്യരില്‍ വര്‍ധിക്കുന്നതെന്ന് ഗവേഷണവിധേയമാവേണ്ടതുണ്ട്. വളരെയധികം വിദ്യാഭ്യാസമുള്ളവര്‍പോലും പൊതുസ്ഥലങ്ങളില്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതായി കാണാറുണ്ട്. ഇതിന് ധാരാളം ഉദാഹരണങ്ങള്‍ നമ്മള്‍ ഒരോരുത്തരുടെയും മനസ്സില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. തൊട്ടുതലോടലുകള്‍മുതല്‍ ശാരീരിക പീഡനങ്ങള്‍വരെ കേരളത്തില്‍ പൊതുവേ കൂടുതലാണെന്ന് പറയപ്പെടുന്നു. അത് എന്തുകൊണ്ടാണ്? കേരളത്തില്‍ മാത്രമാണ് ബസുകളിലും മറ്റും സ്ത്രീകള്‍ക്ക് സീറ്റ് സംവരണമുള്ളത്. മറ്റു മിക്ക ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സീറ്റ് സംവരണമില്ല. എന്നിട്ടും അവിടെ ഇത്തരം തൊട്ടുതലോടലുകള്‍ കുറവാണ്. ഇതിനു പ്രധാനകാരണമായി പറയുന്നത് നമ്മുടെ സമൂഹം വച്ചു പുലര്‍ത്തുന്ന കപട സദാചാരമൂല്യങ്ങള്‍തന്നെയാണ്.

മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഇത് ചെറിയ തരത്തിലുള്ള മാനസികപ്രശ്നംതന്നെയാണ്. പൂവാലശല്യത്തെപ്പോലും നിയമപരമായി നേരിടാന്‍ തയ്യാറാവണം. പൊതുവേ ഇത്തരത്തിലുള്ള സ്വഭാവവൈകല്യം പ്രകടിപ്പിക്കുന്നവര്‍ ഭീരുക്കളായിരിക്കും. അതുകൊണ്ടുതന്നെ സ്ത്രീസമൂഹം ഉടന്‍ ഒറ്റക്കെട്ടായി പ്രതികരിക്കുക എന്ന രീതി പിന്തുടരുകയാണെങ്കില്‍ ഇവരുടെ ശല്യം ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ ഡോ. ടി മനോജ്കുമാര്‍ പറയുന്നത്. പലപ്പോഴും ഉന്നത വിദ്യാഭ്യാസമുള്ളവര്‍ പോലും ചെറിയതോതില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുന്നുണ്ട്. സ്ത്രീകളോട് മോശമായി പെരുമാറുന്ന ചെറിയ ഒരു വിഭാഗം ഡോക്ടര്‍മാര്‍വരെയുണ്ട്.

പലപ്പോഴും സമൂഹത്തില്‍ മാന്യന്മാരെന്ന് അറിയപ്പെടുന്ന ഇവരെക്കുറിച്ച് ആരും പുറത്തുപറയാറില്ല. ആ ഡോക്ടറുടെ അടുത്ത് പോകേണ്ടെന്ന് സ്ത്രീകള്‍ പറയാറുണ്ടെങ്കിലും വീട്ടുകാര്‍ ഇത് കാര്യമായി എടുക്കാറില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഇത്തരം ശല്യങ്ങള്‍ സമൂഹത്തില്‍നിന്ന് നിര്‍മാര്‍ജനം ചെയ്യാന്‍ സമൂഹത്തിലെ ഒരോ വ്യക്തിയുടെയും നിതാന്ത ജാഗ്രത അത്യാവശ്യമാണ്. അതുപോലെത്തന്നെ പലരുടെയും വിചാരം തങ്ങള്‍ക്ക് ഇത്തരത്തില്‍ പെരുമാറാനുള്ള സാമൂഹികസ്വാതന്ത്ര്യം ഉണ്ടെന്നാണ്. ആ ധാരണയില്‍ മാറ്റം വരുത്തേണ്ടതും ആവശ്യമാണ്. അതോടൊപ്പംതന്നെ ഇതിന്റെ സമൂഹിക ഘടകം എന്താണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അതുകണ്ടുപിടിച്ചാല്‍ പ്രശ്നം പരിഹരിക്കാന്‍ എളുപ്പമായിരിക്കും. സ്ത്രീകളെ പൊതുവേ ഇരകളായി മാത്രമാണ് പുരുഷമേധാവിത്തസമൂഹം കണക്കാക്കുന്നത്. ഈ ധാരണ മാറേണ്ടതുണ്ട്. പീഡനങ്ങളും മറ്റും നടക്കുമ്പോള്‍ പ്രതികരിക്കുക എന്നത് ശീലമാക്കണം. പ്രതികരിക്കാത്ത സമൂഹത്തില്‍ പലപ്പോഴും പീഡനങ്ങളില്‍ വര്‍ധന അനുഭവപ്പെടും. സ്ത്രീകളെ ശല്യം ചെയ്യുക എന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്ന് മനസ്സിലാക്കണം.

വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം ഭരണഘടനപ്രകാരം ശിക്ഷാര്‍ഹമാണ്. പലപ്പോഴും പീഡനങ്ങള്‍ കാണുമ്പോള്‍ പ്രതികരിക്കുന്നവര്‍ത്തന്നെ വേട്ടയാടപ്പെടാറുണ്ട്. കോഴിക്കോട്ടെ ഹോട്ടലില്‍ ഒളി ക്യാമറവച്ച സംഭവത്തിലും മറ്റും ഇത് നമ്മള്‍ കണ്ടതാണ്. ഇത്തരം പീഡനങ്ങള്‍ ആവര്‍ത്തിക്കാതിക്കാന്‍ സ്ത്രീകള്‍ പ്രതികരണശേഷി വളര്‍ത്തേണ്ടതുണ്ട്. അതോടൊപ്പംതന്നെ പൊലീസില്‍ പരാതി നല്‍കാനും തയ്യാറാകണം. വനിതാ സെല്‍ തുടങ്ങി അടിയന്തരസഹായം ലഭ്യമാകുന്ന ഫോണ്‍ നമ്പറുകള്‍ എപ്പോഴും കൈവശം സൂക്ഷിക്കണം. യാത്രകളില്‍ അല്‍പ്പം ജാഗ്രത പുലര്‍ത്തണം. ഞാന്‍ സ്ത്രീയാണ്, അബലയാണ്, ശക്തിയില്ലാത്തവളാണ് തുടങ്ങിയ നിലവിളികള്‍ മതിയാക്കി പ്രതികരിക്കാന്‍ തന്റേടം കാണിക്കേണ്ടതുണ്ട്. പെണ്‍മക്കളെ വളര്‍ത്തുമ്പോള്‍ അത്തരത്തില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം