malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

സ്ത്രീ

ഡോ. റോസി തമ്പി
രണ്ടുഗര്‍ഭിണികളുടെ അത്യപൂര്‍വമായ സംഗമമാണ് എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച. മറിയം വിവാഹനിശ്ചയം കഴിഞ്ഞ് ഭഭര്‍ത്താവിനെ കാത്തിരിക്കുന്ന കന്യക. എലിസബത്ത് വയോധികയായ വന്ധ്യ. ഇവര്‍ രണ്ടുപേരും ഗര്‍ഭിണികളാകുന്നു. നിലവിലുള്ള യഹൂദസമുദായത്തില്‍ ഏറ്റവും പരിഹാസ്യവും നിന്ദാകരവുമാകേണ്ട രണ്ടു ഗര്‍ഭങ്ങള്‍ . എന്നാല്‍ ഈ രണ്ടു സംഭവങ്ങളിലൂടെ ദൈവം സ്ത്രീകളുടെ അന്തസ്സിനെ ലോകത്തിനുമുന്നില്‍ ഏറ്റവും മഹത്തരമാക്കുന്നു. ദൈവദൂതന്‍ അടുത്തുവന്ന് മറിയത്തോടു പറയുന്നു ഭദൈവകൃപ നിറഞ്ഞവളേ സ്വസ്തി; കര്‍ത്താവ് നിന്നോടുകൂടെ. ഒരു ദൂതനും ഒരു സ്ത്രീയോടും അതുവരെ പറയാതിരുന്ന വാക്കുകള്‍ .

ശപിക്കപ്പെട്ടവളാണ് സ്ത്രീ - ആദിപാപം മുതല്‍ . ആ സ്ത്രീയോടാണ് ദൈവദൂതന്‍ പറയുന്നത് ഭനീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും അവന്‍ അത്യുന്നതന്റെ പുത്രന്‍ എന്നുവിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും.&ൃെൂൗീ; ദൈവപുത്രനു ജനിക്കാന്‍ ദൈവം ഒരു സ്ത്രീയോട് സമ്മതം ചോദിക്കുന്നു. അബ്രാഹത്തോടും മോശയോടുമെല്ലാം ദൈവം കല്‍പ്പിക്കുകയാണ്. എന്നാല്‍ , ഒരു സ്ത്രീയോട് അവളുടെ സമ്മതം ചോദിക്കുന്നു. അതും തന്റെ സൃഷ്ടികര്‍മത്തില്‍ പങ്കുചേരാന്‍ . പുരുഷനാണ് ദൈവത്തിന്റെ ഭഭൂമിയിലെ പ്രതിരൂപം എന്നു വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിലാണ് ദൈവം സ്ത്രീയെ ഇത്രമാത്രം ഉന്നതമായി കരുതുന്നത്. ദൂതന്‍ മറിയത്തോട് ഇതുംകൂടി പറഞ്ഞു. ഇതാ, നിന്റെ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. അവള്‍ക്കിത് ആറാംമാസമാണ്. മറിയത്തിന്റെ പരിപൂര്‍ണമായ സമ്മതം ലഭിച്ചതിനുശേഷം ദൂതന്‍ അവളുടെ മുന്നില്‍നിന്നു മറഞ്ഞു. ആ ദിവസങ്ങളില്‍ മറിയം യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേയ്ക്ക് തിടുക്കത്തില്‍ യാത്രപുറപ്പെട്ടു. വാര്‍ധക്യത്തില്‍ ഗര്‍ഭിണിയായ ഇളയമ്മയെ കാണാന്‍ . ആ രണ്ടുഗര്‍ഭിണികളുടെ സംഗമംപോലെ ജീവസ്പര്‍ശിയായ ഒരു രംഗം വേറെയില്ല.

രണ്ടുസ്ത്രീകള്‍ , പരസ്പരം ഏറ്റവും ബഹുമാനത്തോടും ആദരവോടും ആനന്ദത്തോടും സ്വാതന്ത്ര്യത്തോടും പരസ്പരം അംഗീകരിച്ചുകൊണ്ടു സംസാരിക്കുന്നു. എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അരികില്‍ വരാനുള്ള ഭഭാഗ്യം എനിക്ക് എവിടെനിന്ന് എന്നാണ് ഇളയമ്മയായ ഏലിശ്വയുടെ ആനന്ദപ്രകടനം. മറിയം ഏലിശ്വയെ അഭിവാദ്യം ചെയ്യുമ്പോള്‍ അവളുടെ ഉദരത്തിലെ ശിശു കുതിച്ചുചാടി എന്നാണ് സുവിശേഷകര്‍ പറയുന്നത്. ജീവന്റെയും ആനന്ദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പരിപൂര്‍ണതയാണ് ഈ സ്ത്രീകളുടെ സംഗമം. ആ സ്ത്രീകള്‍ പാട്ടുപാടി നൃത്തംചെയ്യുന്നു. ദൈവത്തോടാണവര്‍ സംസാരിക്കുന്നത്. തങ്ങള്‍ക്ക് ഇടപഴകാന്‍ പാകത്തില്‍ ദൈവം മാത്രമേയുള്ളൂ എന്നു തിരിച്ചറിഞ്ഞവരാണവര്‍ . അവരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും സ്വതന്ത്രരാക്കുകയും ചെയ്ത ദൈവത്തിനുമുന്നില്‍ അവര്‍ പാട്ടുപാടി നൃത്തം ചെയ്യുന്നു. ഗര്‍ഭകാലത്തിന്റെ ഉത്തമഗീതമാണത്. അതുവരെ പാടപ്പെടാത്ത ഗാനം. സോളമനുപോലും പാടാന്‍ കഴിയാതെ പോയത്. മറിയത്തിന്റെ ഗാനം ഇങ്ങനെയായിരുന്നു. എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു എന്റെ ചിത്തം രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു അവിടന്ന് എന്നെ കടാക്ഷിച്ചു ഇനി സകലതലമുറകളും എന്നെ ഭഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും

----------------------------------------

അവിടന്ന് തന്റെ ഭഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു ഹൃദയ വിചാരങ്ങളില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു ശക്തരെ സിംഹാസനത്തില്‍നിന്ന് മറിച്ചിട്ടു എളിയവരെ ഉയര്‍ത്തി വിശക്കുന്നവരെ വിശിഷ്ട വിഭവങ്ങള്‍ക്കൊണ്ട് തൃപ്തരാക്കി സമ്പന്നരെ വെറും കൈയോടെ പറഞ്ഞയച്ചു. ഇതാണ് സ്ത്രീയുടെ മാഗ്നകാര്‍ട്ട. സ്ത്രീയുടെ ദൈവം ഇങ്ങനെയാണ്. സ്ത്രീയെ ബഹുമാനത്തോടെ പരിഗണിക്കുന്ന ഒരു ദൈവത്തെ മുന്‍നിര്‍ത്തിക്കൊണ്ടാണ് മറിയത്തിന്റെ മാഗ്നാകാര്‍ട്ട. ഇത് സ്ത്രീകളുടെ മുഴുവനും എല്ലാ കാലത്തേയും പ്രകടനപത്രികയാണ്. സ്ത്രീ അതിന് രൂപം നല്‍കുന്നത് അവളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തത്തിലാണ്. രണ്ടുസ്ത്രീകള്‍ രണ്ടു ജീവനെ ഉള്ളില്‍ വഹിക്കുന്ന കാലം. ആ ജീവനോടുള്ള കരുതലാണ് അവരുടെ പ്രകടനപത്രിക. അതുകൊണ്ടാണ് അതിലെ ആശയങ്ങള്‍ക്ക് ഇത്രമാത്രം സൗന്ദര്യമുണ്ടായത്. പാട്ടുപാടി നൃത്തം ചെയ്തുകൊണ്ട് സ്ത്രീകള്‍ അവരുടെ പ്രകടനപത്രിക ലോകത്തിനു മുന്നില്‍ വയ്ക്കുന്നു.

ആനന്ദമാണ് അവരുടെ ലോകനീതി. ഏറ്റവും നിസ്സാരരോടും അവഗണിക്കപ്പെട്ടവരോടുമുള്ള പക്ഷം ചേരലാണത്. എവിടെനിന്നാണ് ഈ സ്ത്രീകള്‍ വരുന്നത് എന്നുകൂടി നാം അറിയണം. അവര്‍ ജീവിക്കുന്ന സമൂഹം സ്ത്രീയെ എങ്ങനെ കണ്ടിരുന്നു എന്നറിയണമെങ്കില്‍ സംഖ്യയുടെ പുസ്തകം വായിക്കണം. എല്ലാക്കാലത്തും എല്ലാ സ്ഥലത്തും സ്ത്രീയ്ക്കെതിരെയുള്ള ആരോപണം അവളുടെ ലൈംഗികതയാണ്. പുരുഷന് അവളെ അടിമയാക്കിവയ്ക്കാനും എത്ര അടിമപ്പെടുത്തിയാലും പിന്നെയും അവന് ഭഭയമായി നില്‍ക്കുന്നത് അവളുടെ നേരെയുള്ള സംശയവും പാതിവൃത്യശങ്കയും ആണ്. ഇതാണ് സ്ത്രീയുടെ മേല്‍ ആരോപിക്കപ്പെടുന്ന ഏക്കാലത്തെയും കുറ്റം. ഇതിന്റെ പേരിലാണ് എപ്പോഴും സമൂഹത്തില്‍നിന്നും പൊതുസ്ഥലങ്ങളില്‍നിന്നും സ്വന്തം ഭവനത്തില്‍ നിന്നും അവള്‍ ആട്ടിയോടിക്കപ്പെടുന്നത്.

പുരുഷന് അവനെത്തന്നെയാണ് ഭയം. അവന് സ്വയം വിശ്വസിക്കാന്‍ കഴിയുന്നില്ല, മറ്റുള്ളവരേയും. അതിന്റെ അതികഠിനമായ ശിക്ഷയേല്‍ക്കേണ്ടിവരുന്നത് സ്ത്രീകളും. കേരളത്തില്‍ സൂര്യനെല്ലി മുതല്‍ സൗമ്യവരെയുള്ള സ്ത്രീപീഡനങ്ങളില്‍ സൗമ്യയുടെ ഘാതകനെ മാത്രമാണ് വധശിക്ഷയ്ക്ക് അര്‍ഹമാണെന്ന് വിധിവന്നത്. അപ്പോഴേയ്ക്കും നമുക്കത് മനുഷ്യാവകാശപ്രശ്നമായി മാറി. യഹൂദജനതയുടെ നിയമാവലിയായ സംഖ്യ പുസ്തകത്തിലും ഭഭര്‍ത്താവ് ഭഭാര്യയെ സംശയിച്ചാല്‍ എന്തുചെയ്യണം എന്നു വിശദീകരിക്കുന്നുണ്ട് : &ഹറൂൗീ;കര്‍ത്താവ് മോശയോട് അരുള്‍ ചെയ്തു: ഇസ്രായേല്‍ക്കാരോടു പറയുക: ഒരാളുടെ ഭാര്യ പിഴച്ച് അവിശ്വസ്ത ആകുന്നു എന്നു കരുതുക. പരപുരുഷന്‍ അവളുടെ കൂടെ ശയിക്കുന്നു എങ്കിലും അത് ഭര്‍ത്താവിന്റെ കണ്ണില്‍പ്പെടുന്നില്ല, കളങ്കപങ്കിലയായ അവള്‍ പിടിക്കപ്പെടുന്നില്ല. കുറ്റകൃത്യത്തിനിടയില്‍ പിടിക്കപ്പെടായ്കയാല്‍ അവള്‍ക്ക് വിരോധമായി സാക്ഷികളില്ല എന്നു വയ്ക്കുക. സംശയബുദ്ധി ഉദിച്ച് കളങ്കിതയായ ആ ഭാര്യയെ ശങ്കിക്കുന്ന ഭര്‍ത്താവും സംശയബുദ്ധി ഉദിച്ച് അകളങ്കിതയായ ഭാര്യയെ ശങ്കിക്കുന്ന ഭര്‍ത്താവും ഭാര്യയെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരണം. അവള്‍ക്കുവേണ്ടി വഴിപാടായി ഒരിടങ്ങഴി യവമാവു കൊണ്ടുചെല്ലണം; അതില്‍ എണ്ണ ഒഴിക്കരുത്; കുന്തിരിക്കം ഇടുകയും അരുത്; ഇത് ജാരശങ്കയ്ക്കുള്ള ധാന്യബലിയാണല്ലോ; അപരാധസ്മാരകമായ ധാന്യബലി. പുരോഹിതന്‍ അവളരെ സമീപത്തു കൊണ്ടുവന്ന് കര്‍ത്താവിന്റെ സന്നിധിയില്‍ നിര്‍ത്തണം. പുരോഹിതന്‍ ഒരു മണ്‍പാത്രത്തില്‍ വിശുദ്ധജലം എടുക്കുക. അനന്തരം വിശുദ്ധകൂടാരത്തിന്റെ തറയില്‍നിന്നു ലേശം പൊടിവാരി എടുത്തു ജലത്തില്‍ ഇടണം. പുരോഹിതന്‍ സ്ത്രീയെ കര്‍ത്താവിന്റെ സന്നിധിയില്‍ നിര്‍ത്തി, അവളുടെ തലമുടി അഴിച്ചിട്ടശേഷം സ്മാരകധാന്യബലി, അതായത് ജാരശങ്കയ്ക്കുള്ള ധാന്യബലി അവളുടെ കൈയില്‍ കൊടുക്കണം. പുരോഹിതന്റെ കൈയില്‍ ശാപവാഹിയായ കയ്പുവെള്ളം ഉണ്ടായിരിക്കണം. പുരോഹിതന്‍ ഇങ്ങനെ പറഞ്ഞ്, അവളെക്കൊണ്ടു സത്യം ചെയ്യിക്കുക: നീ ഭര്‍ത്താവിന്റെ വരുതിയിലായിരിക്കെ, നിന്നോടുകൂടെ പരപുരുഷന്‍ ശയിച്ചിട്ടില്ലെങ്കില്‍ , നീ അശുദ്ധിയിലേയ്ക്കു വഴുതി വീണിട്ടില്ലെങ്കില്‍ ശാപവാഹിയായ ഈ കയ്പുവെള്ളത്തില്‍ നിന്നു നീ മുക്തയാകട്ടെ. എന്നാല്‍ ഭര്‍ത്താവിന്റെ വരുതിയിലായിരുന്നിട്ടും, നീ വഴിപിഴച്ചുപോയിട്ടുണ്ടെങ്കില്‍ , നീ സ്വയം കളങ്കിതയായിട്ടുണ്ടെങ്കില്‍ , ഭര്‍ത്താവല്ലാതെ മറ്റൊരുവന്‍ നിന്റെ കൂടെ ശയിച്ചിട്ടുണ്ടെങ്കില്‍ , (പുരോഹിതന്‍ സ്ത്രീയെക്കൊണ്ടു ശാപസത്യം ചെയ്യിപ്പിച്ച് ഇങ്ങനെ പറയണം) കര്‍ത്താവ് നിന്റെ തുട ക്ഷയിപ്പിക്കുകയും ശരീരം വീര്‍പ്പിക്കുകയും ചെയ്ത്, ജനത്തിന്റെ ഇടയില്‍ നിന്നെ ശാപപാത്രവും നിന്ദാപാത്രവും ആക്കട്ടെ. ഈ ശാപവാഹിയായ ജലം നിന്റെ ഉദരത്തില്‍ പ്രവേശിച്ച് നിന്റെ ശരീരം വീര്‍പ്പിക്കുകയും നിന്റെ തുട ക്ഷയിപ്പിക്കുകയും ചെയ്യട്ടെ. അപ്പോള്‍ ആ സ്ത്രീ ആമേന്‍ , ആമേന്‍ എന്നുപറയണം. പിന്നീടു പുരോഹിതന്‍ ഈ ശാപങ്ങള്‍ ഒരു പുസ്തകത്തില്‍ കുറിച്ച് കയ്പുവെള്ളത്തില്‍ അത് കഴുകണം. ശാപവാഹിയായ ആ കയ്പുവെള്ളം അയാള്‍ അവളെ കുടിപ്പിക്കണം. ശാപവാഹിയായ ജലം അവളുടെ ഉള്ളില്‍ പ്രവേശിച്ചു, കടുത്ത വേദന ഉളവാക്കും; പുരോഹിതന്‍ പിന്നീടു സ്ത്രീയുടെ കൈയില്‍നിന്നു ജാരശങ്കയ്ക്കുള്ള ധാന്യബലി വാങ്ങി കര്‍ത്താവിന്റെ മുമ്പില്‍ നീരാജനം ചെയ്തശേഷം ബലിപീഠത്തിന്മേല്‍ വയ്ക്കണം. പുരോഹിതന്‍ ധാന്യബലിയില്‍ നിന്നു സ്മാരകഭാഗമായി ഒരുപിടി എടുത്ത് ബലിപീഠത്തില്‍ ദഹിപ്പിക്കണം; അതിനുശേഷം സ്ത്രീയെ ആ ജലം കുടിപ്പിക്കാം.

അവള്‍ കളങ്കിതയും ഭര്‍ത്താവിനോട് അവിശ്വസ്തത കാട്ടിയിട്ടുള്ളവളും ആണെങ്കില്‍ പുരോഹിതന്‍ ആ ജലം കുടിപ്പിച്ചു കഴിയുമ്പോള്‍ ശാപവാഹിയായ ജലം അവളുടെ ഉള്ളില്‍ പ്രവേശിച്ചു കടുത്ത വേദന ഉളവാക്കും; അവളുടെ ഉടല്‍ വീര്‍ക്കും; തുട ക്ഷയിക്കും. വന്ധ്യയായിത്തീര്‍ന്ന് അവള്‍ സ്വജനങ്ങളുടെ ഇടയില്‍ ഒരു ശാപമായിത്തീരുകയും ചെയ്യും. എന്നാല്‍ അകളങ്കിതയും നിര്‍മലയുമാണ് ആ സ്ത്രീ എങ്കില്‍ അവളുടെ നിരപരാധിത്വം തെളിയും; അവള്‍ക്ക് സന്താനഭാഗ്യം ഉണ്ടാകുകയും ചെയ്യും. ഇതാണ് ജാരശങ്ക സംബന്ധിച്ച നിയമം. ഭര്‍ത്താവിന്റെ വരുതിയിലുള്ള ഭാര്യ പിഴച്ചു കളങ്കിതയായാലോ ഭര്‍ത്താവു സംശയബുദ്ധി ഉദിച്ച് ഭാര്യയെ ശങ്കിച്ചാലോ, ഭര്‍ത്താവു ഭാര്യയെ കര്‍ത്താവിന്റെ സന്നിധിയില്‍ നിര്‍ത്തണം. പുരോഹിതന്‍ ഈ നിയമങ്ങളെല്ലാം അവളെ പരീക്ഷിക്കണം. പുരുഷന്‍ ദോഷവിമുക്തനാകും; സ്ത്രീയാകട്ടെ, തന്റെ കുറ്റം പേറണം.

യഹൂദനിയമപ്രകാരം ഇതാണ് ഒരു സ്ത്രീയെ അവളുടെ ഭഭര്‍ത്താവ് ചാരിത്ര്യത്തില്‍ സംശയിച്ചാലുള്ള ശിക്ഷ. പണ്ട് നമ്മുടെ നാട്ടില്‍ നിലനിന്നിരുന്ന ഒരു ശിക്ഷാരീതിയുണ്ടല്ലോ ഒരു അടിമ എന്തെങ്കിലും വസ്തു മോഷ്ടിച്ചു എന്നാരോപിക്കപ്പെട്ടാല്‍ അതു തെളിയിച്ചിരുന്നത് തിളപ്പിച്ച എണ്ണയില്‍ ഒരു നാണയം ഇട്ട് അത് കൈകൊണ്ട് എടുപ്പിക്കലാണ്. അങ്ങനെ തിളച്ച എണ്ണയില്‍ കൈ മുക്കുമ്പോള്‍ കൈ പൊള്ളിയില്ലെങ്കില്‍ അയാള്‍ മോഷ്ടിച്ചിട്ടില്ല. ഈ ന്യായം തന്നെയായിരുന്നു സ്ത്രീയുടെ ചാരിത്ര്യത്തിലുള്ള പുരുഷന്റെ ശങ്കയ്ക്ക് സ്ത്രീ അനുഭവിക്കേണ്ടിവന്ന ശിക്ഷയുടെ സ്വഭാവവും. ആ ശിക്ഷയുടെ ലക്ഷ്യമാണ് പ്രധാനം. അതികഠിനമായ വയറുവേദന, അതിന്റെ ഫലമായി അവളുടെ അര ശോഷിച്ച് അവള്‍ മഹോദരം വന്ന് ചത്തുപോകും. അഥവാ ചത്തില്ലെങ്കിലും അവള്‍ വന്ധ്യയായി പോകും. സ്ത്രീയുടെ സ്ത്രീത്വത്തിനോട് പുരുഷന് ഭഭയം. അത് നശിപ്പിക്കുകയാണ് അവളെ നശിപ്പിക്കാനുള്ള വഴി.

യഹൂദ സമൂഹത്തില്‍ മാറ്റാന്‍ കഴിയാത്തവിധം യഹോവയുടെ നിയമമായി മോശയുടെ പ്രമാണങ്ങള്‍ നിലനില്‍ക്കുന്നത് അറിയാമായിരുന്ന ജോസഫ്, തന്റെ പ്രതിശ്രുതവധു തങ്ങള്‍ ഒന്നിച്ചു ജീവിക്കുന്നതിനുമുമ്പേ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ അവളെ ഉപേക്ഷിച്ചു നാടുവിട്ടുപോകാന്‍ തീരുമാനിച്ചതിന് കാരണം അയാള്‍ നീതിമാനായിരുന്നതാണ്. ബൈബിള്‍ ഒരാളെ മാത്രമേ നീതിമാന്‍ എന്നു വിളിക്കുന്നുള്ളൂ. അത് മറിയത്തിന്റെ ഭഭര്‍ത്താവായ ജോസഫിനെയാണ്. വിവാഹത്തിനുമുമ്പ് ഒരു കന്യക ഗര്‍ഭിണിയാണെന്ന് സമൂഹമറിഞ്ഞാല്‍ അവള്‍ക്കുണ്ടാകുന്ന ശിക്ഷയില്‍നിന്ന് അവളെ രക്ഷിക്കാന്‍ അയാള്‍ക്കു കഴിയുന്ന ഏകമാര്‍ഗം അതുമാത്രമായിരുന്നു. പക്ഷേ ദൈവദൂതന്‍ ജോസഫിനെ തിരിച്ചുകൊണ്ടുവരുന്നു ഭഭയപ്പെടേണ്ട എന്നു പറഞ്ഞുകൊണ്ട്. ദൈവദൂതന്റെ ആ വാക്കുകള്‍ മറിയത്തോടും സകലസ്ത്രീകളോടും നീതിമാന്മാരായ എല്ലാ മനുഷ്യരോടുമുള്ള ദൈവത്തിന്റെ വാക്കാണ്. അതാണ് ക്രിസ്തു പറയുന്നത് മനുഷ്യന്‍ നിയമത്തിനുവേണ്ടിയല്ല, നിയമം മനുഷ്യനുവേണ്ടിയാണ് എന്ന്. ഓരോ മനുഷ്യവ്യക്തിയുടെയും സ്വാതന്ത്ര്യത്തോടെയും ഉത്തരവാദിത്തത്തോടെയുള്ള ജീവിതത്തെയാണ് ഭമംഗളവാര്‍ത്ത; ഓര്‍മിപ്പിക്കുന്നത്. ആ സ്വാതന്ത്ര്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും ആനന്ദമാണ്. മറിയവും ഏലീശ്വയും കണ്ടുമുട്ടുമ്പോള്‍ സംഭവിക്കുന്ന സ്തോത്രാലാപനം. അതുകൊണ്ട് ക്രിസ്മസ് മറ്റുപലതിനുമൊപ്പം സ്ത്രീയുടെ സ്വാതന്ത്ര്യത്തെ സ്ത്രീത്വത്തെ ദൈവം മനുഷ്യര്‍ക്കു മുമ്പില്‍ മഹത്വപ്പെടുത്തുന്ന അതിമനോഹരമായൊരു ചരിത്രസംഭവമാണ്.

ഒരു ജനത രണ്ടായിരം വര്‍ഷം കാത്തിരുന്ന രക്ഷകന്റെ ജനനത്തിന് ഒരു സ്ത്രീയുടെ സ്വതന്ത്രമായ തീരുമാനത്തിനുവേണ്ടി ദൈവംപോലും അവള്‍ക്കു മുന്നില്‍ കാത്തുനില്ക്കുന്നു. അത്രമാത്രം ബഹുമാനിക്കപ്പെടേണ്ടതാണ് സ്ത്രീ എന്ന് പുരുഷകേന്ദ്രിതമായ ലോകത്തിനു ദൈവം നല്‍കിയ സന്ദേശമാണ് ക്രിസ്മസ്. അങ്ങനെ ഒരു ക്രിസ്മസ് ആഘോഷിക്കാന്‍ കഴിയുമ്പോഴേ ദൈവം ഭഭൂമിയില്‍ മനുഷ്യര്‍ക്കിടയില്‍ ജനിക്കുകയുള്ളൂ. ഓരോ സ്ത്രീയും ഓരോ പുല്‍ക്കൂടാണ്. ദൈവത്തെ ഗര്‍ഭം ധരിക്കുന്ന പുല്‍ക്കൂട്. സ്ത്രീയുടെ ശരീരത്തെയും സ്വത്വത്തെയും ഏറ്റവും ക്രൂരവും കഠിനവുമായി കീറിമുറിച്ച് അപമാനിക്കപ്പെടുന്ന നമ്മുടെ കാലത്ത് ഈ ക്രിസ്മസ് സ്ത്രീയെ ആദരിക്കാനും ബഹുമാനിക്കാനും അവളുടെ സ്വാതന്ത്ര്യത്തെ മനസ്സ് തുറന്ന് അംഗീകരിക്കാനും നമ്മെ കഴിവുള്ളതാക്കിത്തീര്‍ക്കട്ടെ. ഒരു പെണ്‍കുട്ടിയോട്, ഒരു സ്ത്രീയോട്, ക്രിസ്മസ് മംഗളങ്ങള്‍ പറയുമ്പോള്‍ അവളിലൊരു ദൈവശിശു ജനിക്കാനിരിക്കുന്നു എന്നുകൂടി ഓര്‍മിക്കേണ്ടതുണ്ട്. റെയില്‍പ്പാളത്തിലും മരപ്പൊത്തിലും കൊഴിഞ്ഞുവീണ പെണ്‍കുഞ്ഞുങ്ങളെ ഓര്‍ത്തു കരയുന്ന, ഇനിയും കണ്ണീരുവറ്റിപ്പോകാത്ത നമ്മുടെ ഹൃദയത്തിന് ഈ ക്രിസ്മസ് തരുന്ന പ്രത്യാശയും ഇതുതന്നെയാണ്. സ്ത്രീയോട് പുരുഷന്‍ എപ്രകാരം പെരുമാറണം എന്ന് ചരിത്രത്തിലൂടെ ദൈവം നല്‍കിയ പാഠമാണ് ക്രിസ്മസ്.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം