malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

യാത്രയിലെ സ്ത്രീ

അഷ്റഫ് കാവില്‍
വീടുകള്‍ , തൊഴിലിടങ്ങള്‍ , പൊതുസ്ഥലങ്ങള്‍ എന്നിവപോലെ പൊതുയാത്രാ സൗകര്യങ്ങളും സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാതായെന്ന വാര്‍ത്തകള്‍ അനുദിനം പുറത്തുവരുന്നു. ബസില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ഒറ്റപ്പെട്ടതോ നിസ്സാരമോ ആയിക്കണ്ട് സമൂഹവും അധികൃതരും അവഗണിക്കുന്നു. എന്നാല്‍ ബസില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ ഒറ്റപ്പെട്ടതല്ല. അനുഭവസ്ഥര്‍ പലരും പീഡനങ്ങള്‍ പുറത്തുപറയുന്നില്ലെന്ന് മാത്രം. കോഴിക്കോട് "ഇംഹാന്‍സ്", സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വെ കാണിക്കുന്നത്, ബസ് യാത്രക്കിടയില്‍ 33 ശതമാനം പെണ്‍കുട്ടികള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുവെന്നാണ്.

ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായ "യൂണിഫെം", ഡല്‍ഹിയിലെ സ്ത്രീപഠനകേന്ദ്രമായ "ജഗോരി" എന്നിവയുടെ സഹായത്തോടെ, കേരളത്തിലെ നഗരങ്ങളിലെ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് തിരുവനന്തപുരം "സഖി" സ്ത്രീപഠനകേന്ദ്രവും, കോഴിക്കോട് "അന്വേഷി" വിമെന്‍സ് കൗണ്‍സലിങ് സെന്ററും നടത്തിയ "സുരക്ഷിത നഗരം" പഠനത്തില്‍ , ബസ്, ബസ്സ്റ്റാന്‍ഡുകള്‍ , ബസ്സ്റ്റോപ്പുകള്‍ എന്നിവയാണ് ഏറ്റവുമധികം സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് വിധേയമാകുന്ന ഇടമായി കണ്ടെത്തിയിരിക്കുന്നത്. നഗരങ്ങള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്തതിന്റെ മുഖ്യകാരണം തിരക്കേറിയ ബസുകളും ബസ്സ്റ്റോപ്പുകളുമാണെന്ന് 55 ശതമാനം സ്ത്രീകള്‍ അഭിപ്രായപ്പെട്ടു. ബസ്സ്റ്റാന്‍ഡുകളിലും സ്റ്റോപ്പുകളിലും സ്ത്രീ ഒറ്റയ്ക്ക് പത്ത് മിനിറ്റിലധികം നിന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ശല്യം ഉറപ്പാണ്. പുരുഷന്‍മാരുടെ തുറിച്ചുനോട്ടം, അടുത്തുവന്ന് ചേര്‍ന്നുനില്‍ക്കല്‍ , അശ്ലീലച്ചുവയുള്ള കമന്റടി, കൂടെ ചെല്ലാന്‍ വിളിക്കല്‍ എന്നിവയാണ് ഇതില്‍ മുഖ്യം. ബസ്, ബസ് സ്റ്റോപ്പുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ 80 ശതമാനവും നോട്ടംകൊണ്ടും വാക്കുകള്‍കൊണ്ടുമുള്ളതാണ്. സീറ്റില്‍ ഇരിക്കുന്ന സ്ത്രീകളുടെ മുതുകില്‍ ചാരി നില്‍ക്കല്‍ , ദേഹത്ത് മുട്ടിയുരുമ്മി നില്‍ക്കല്‍ , കൈകൊണ്ടും കാലുകൊണ്ടുമുള്ള സ്പര്‍ശനം, അശ്ലീലം പറയല്‍ തുടങ്ങിയവയാണ് സാധാരണയായി സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്ന അതിക്രമങ്ങള്‍ . പ്രൈവറ്റ് ബസില്‍ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോഴുള്ള "കിളി"യുടെ "തൊട്ടുതലോടലും" ഉണ്ടാവും.

നിര്‍ത്തിയിട്ടിരിക്കുന്ന ബസില്‍ പ്രവേശിക്കാന്‍ കണ്ടക്ടറുടെ അനുവാദത്തിന് കാത്ത്, പൊരിവെയിലത്തും മഴയത്തും നില്‍ക്കുന്ന വിദ്യാര്‍ഥിനികളുടെ നീണ്ടനിര പ്രൈവറ്റ് ബസ്സ്റ്റാന്‍ഡുകളിലെ നിത്യകാഴ്ചയാണ്. ബസില്‍ കയറാന്‍ ക്യൂ നില്‍ക്കുന്ന ഈ പെണ്‍കുട്ടികള്‍ , ചുറ്റുമുള്ള ചില പുരുഷന്മാരുടെ തുറിച്ചുനോട്ടവും കമന്റടിയും വേറെയും അനുഭവിക്കുന്നു. സര്‍ക്കാര്‍ ബസുകളുടെ മുന്‍വാതില്‍ സ്ത്രീകള്‍ക്ക് മാത്രമായി സൗകര്യപ്പെടുത്തണമെന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറുടെ ഉത്തരവ് നേരത്തെയുള്ളതാണ്. ഇതു കൂടാതെ, കെഎസ്ആര്‍ടിസി ബസുകളുടെ മുന്‍വശത്തെ വാതില്‍ സ്ത്രീകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന്, ഒരു പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിച്ചുകൊണ്ട് പെര്‍മനന്റ് ലോക് അദാലത്തും ഉത്തരവിട്ടുണ്ട്. എന്നിട്ടും, മുന്‍വാതിലിലൂടെ തിക്കിത്തിരക്കി കയറിസ്ത്രീകളെ പീഡിപ്പിക്കാന്‍ പുരുഷന്മാര്‍ക്ക് മടിയില്ല. ഈ നിയമലംഘനത്തിനെതിരെ അധികൃതര്‍ ഉചിതമായ നടപടി സ്വീകരിക്കാത്തത്, കുറ്റവാളികള്‍ക്ക് പ്രോത്സാഹനമാകുന്നു. ബസിലെ സീറ്റുകള്‍ 25 ശതമാനം സ്ത്രീകള്‍ക്കുള്ളതാണ്. ഈ സീറ്റുകളില്‍ പുരുഷന്മാര്‍ ഇരിക്കുന്നത് ശിക്ഷാര്‍ഹമാണ്. എങ്കിലും, സ്ത്രീകള്‍ നിന്നു യാത്ര ചെയ്യുമ്പോള്‍ പോലും, സ്ത്രീസംവരണ സീറ്റുകളില്‍ പുരുഷന്മാര്‍ ഇരിക്കുന്ന കാഴ്ച സാധാരണമാണ്.

ബസ് യാത്രക്കിടയില്‍ തങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ സ്ത്രീകള്‍ നിസ്സാരമാക്കുകയോ, പുറത്തുപറയാന്‍ മടിക്കുകയോ ചെയ്യുന്നു എന്നതാണ് സത്യം. പ്രതികരിക്കുന്നവര്‍ പലപ്പോഴും ഒറ്റപ്പെടും. സഹയാത്രക്കാരില്‍നിന്ന് പിന്തുണയും കിട്ടാറില്ല. "അതവളുടെ കൈയിലിരിപ്പുകൊണ്ടാണ്", "പെണ്ണ് സഹകരിച്ചിട്ടാണ്" എന്നതുപോലുള്ള കുറ്റപ്പെടുത്തലുകളും പതിവാണ്. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് സാക്ഷികളാകുന്നവരില്‍ 30 ശതമാനം മാത്രമെ പ്രതികരിക്കുന്നുള്ളുവെന്ന് "സഖി"യുടെ പഠനം പറയുന്നു. ഈ പഠനമനുസരിച്ച്, 64 ശതമാനം സ്ത്രീകള്‍ ലൈംഗിക പീഡനങ്ങളെക്കുറിച്ച് വീട്ടുകാരോട് പറയുന്നുണ്ട്. എന്നാല്‍ ബന്ധുക്കളുടെ പിന്തുണ വേണ്ടത്ര കിട്ടുന്നുണ്ടോ എന്നത് സംശയമാണ്. തങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പേടിച്ച് 36 ശതമാനം സ്ത്രീകള്‍ , പീഡനങ്ങളെക്കുറിച്ച് വീട്ടില്‍ പറയുന്നുമില്ല. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അനുഭവസ്ഥരും സാക്ഷികളും പ്രതികരിക്കാത്തത്, കുറ്റം പെരുകുന്നതിന് കാരണമാകുന്നു.

സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശമാണ് സഞ്ചാരസ്വാതന്ത്ര്യം. അന്തസ്സിനും അഭിമാനത്തിനും മുറിവേല്‍ക്കാതെ സുരക്ഷിതമായി യാത്ര ചെയ്യാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ട്. അതിനാല്‍ , ബസിലെ പീഡനങ്ങള്‍ സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനെതിരെയുള്ള ഭീഷണിയാണ്. ഇങ്ങനെ യാത്രാ സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തുക വഴി, സമൂഹത്തില്‍ സ്വതന്ത്രമായി ഇടപഴകാനും, തൊഴില്‍ തേടാനുമുള്ള അവസരം കൂടിയാണ് സ്ത്രീക്ക് നിഷേധിക്കുന്നത്. സ്ത്രീയുടെ മാന്യതയ്ക്കും മനസ്സിനും ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന ബസിലെ പീഡനങ്ങള്‍ നിസാരമായി കാണാനാവില്ല. അവകാശബോധവും പ്രതികരണശേഷിയും സ്ത്രീകള്‍ക്കുണ്ടാവണം. ദേഹത്ത് മുട്ടിനില്‍ക്കുന്ന പുരുഷന്മാരോട് മാറിനില്‍ക്കാന്‍ പറയാനുള്ള ധൈര്യം സ്ത്രീകള്‍ കാണിക്കണം. പ്രതികരിക്കുന്ന സത്രീകളെ ഒറ്റപ്പെടുത്തുകയോ കുറ്റപ്പെടുത്തുകയോ ചെയ്യാതെ, അവര്‍ക്ക് പിന്തുണ നല്‍കാന്‍ സഹയാത്രക്കാര്‍ തയ്യാറാകണം.

എല്ലാ പുരുഷന്മാരും അക്രമികളോ പീഡകരോ അല്ല. അപക്വവും വികലവുമായ ലൈംഗിക ധാരണകള്‍ വെച്ചുപുലര്‍ത്തുന്ന "മാനസിക രോഗികളാ"യ ഒരു ന്യൂനപക്ഷം പുരുഷന്മാര്‍ക്ക് നാണക്കേടുണ്ടാക്കുകയാണ്. അതുകൊണ്ടുതന്നെ ബസില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ക്രിമിനലുകളെ "കൈയോടെ പിടിച്ച്" പൊലീസില്‍ ഏല്‍പ്പിക്കാന്‍ സ്ത്രീകളോടൊപ്പം പുരുഷന്മാരും മുന്നോട്ടുവരണം. സ്ത്രീയുടെ മാന്യതയ്ക്ക് കോട്ടം തട്ടുന്ന രീതിയില്‍ സംസാരിക്കുകയോ ആംഗ്യം കാണിക്കുകയോ സ്ത്രീയെ അപമാനിക്കുന്നതിനായി എന്തെങ്കിലും പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം 509-ാം വകുപ്പ് പ്രകാരം ഒരു വര്‍ഷംവരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സ്ത്രീയെ ശരീരത്തില്‍ തൊട്ട് അധിക്ഷേപിക്കുന്നത്, ഐപിസി 354 പ്രകാരം രണ്ടുവര്‍ഷം തടവും പിഴയും രണ്ടും കൂടിയോ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.

താന്‍ അപമാനിക്കപ്പെട്ടതായി സ്ത്രീക്ക് തോന്നിയാല്‍ ഈ വകുപ്പ് അനുസരിച്ച് അതിന് കാരണക്കാരായവരെ ശിക്ഷിക്കാം എന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. പൊതുസ്ഥലത്ത്വച്ച് അശ്ലീലകൃത്യം ചെയ്യുന്നതും അശ്ലീലവാക്കുകള്‍ പറയുന്നതും മൂന്നുമാസം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പീഡനങ്ങള്‍ ഉണ്ടാകുമ്പോള്‍ ബന്ധപ്പെടേണ്ട കേന്ദ്രങ്ങളെക്കുറിച്ച് സ്ത്രീകള്‍ക്ക് അവബോധമുണ്ടാകണം. പൊലീസ് വനിതാ ഹെല്‍പ്പ് ലൈന്‍ സംവിധാനത്തെക്കുറിച്ച് 28 ശതമാനം സ്ത്രീകള്‍ക്കും, ജാഗ്രതാ സമിതികളെക്കുറിച്ച് 34 ശതമാനം പേര്‍ക്കും മാത്രമേ അറിവുള്ളൂ എന്ന "സഖി" പഠന റിപ്പോര്‍ട്ട് കണ്ടെത്തി. പൊതുയാത്രാ സൗകര്യങ്ങള്‍പോലും സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്നുവരുന്ന സ്ഥിതിവിശേഷം സാംസ്കാരിക കേരളത്തിന് അപമാനമാണ്. അതുകൊണ്ടുതന്നെ, സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ തടഞ്ഞ് അവരുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നതിനുള്ള സുരക്ഷിതമായ സാഹചര്യം സൃഷ്ടിക്കേണ്ടത് സ്ത്രീകളുടെ മാത്രമല്ല, സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും കടമയാണ്.

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം