malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

സൗന്ദര്യം "കൂട്ടുന്ന" ഉല്‍പ്പന്നവും മരുന്നാകാം

അഡ്വ. കെ ആര്‍ ദീപ
മുഖത്തെ പാടുകള്‍ മായ്ക്കാനും തലയിലെ താരന്‍ മാറ്റാനും മറ്റുമുള്ള ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. ഈ ഉല്‍പ്പന്നങ്ങള്‍ ഏതു വിഭാഗത്തില്‍ വരും? മരുന്നോ? അതോ സൗന്ദര്യവര്‍ധകവസ്തുവോ? ഇതില്‍ ഏതെങ്കിലും ഒന്ന് ഫലം തന്നില്ല എന്ന വാദവുമായി ഉപഭോക്തൃ കോടതി കയറേണ്ടി വന്നാല്‍ ഇവയെ ഏതു വിഭാഗത്തില്‍പ്പെടുത്തും? കോടതികള്‍ക്കു മുമ്പില്‍ പലപ്പോഴായി ഈ ചോദ്യം എത്തിയിട്ടുണ്ട്. 2006ല്‍ ഇത്തരത്തിലൊരു കേസ് സുപ്രീംകോടതിയിലെത്തി. കേന്ദ്ര നികുതിവകുപ്പുമായി ഒരു കമ്പനിക്കുണ്ടായ തര്‍ക്കമാണ് കോടതി കയറിയത്. സെന്‍ട്രല്‍ എക്സൈസ് വകുപ്പിന്റെ അഭിപ്രായത്തില്‍ ഈവക സാധനങ്ങളൊക്കെ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളാണ് (ഇീൊലശേരെ). അതുകൊണ്ട് ഉയര്‍ന്ന തീരുവ നല്‍കണം. ഉല്‍പ്പാദകര്‍ക്ക് ഇവ ഔഷധങ്ങളാണ്. അതുകൊണ്ട് തീരുവ കുറഞ്ഞ വിഭാഗമാണ്. ഈ തര്‍ക്കം സുപ്രീംകോടതി തീര്‍പ്പാക്കി.

തര്‍ക്കത്തിലായ 11 ഉല്‍പ്പന്നത്തില്‍ മുഖത്തെ പാടു മായ്ക്കാനുള്ളതും താരന്‍ മാറ്റാനുള്ളതുമടക്കം എട്ടെണ്ണം മരുന്നുകളുടെ വിഭാഗത്തില്‍ത്തന്നെ പെടുത്തണമെന്ന് സുപ്രിംകോടതി വിധിച്ചു. ജ. അശോക് ഭാനും ജ. അരുണ്‍കുമാറും ഉള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വിധിപറഞ്ഞത്. പ്യൂമ(ജൗാമ) ആയുര്‍വേദിക് ഹെര്‍ബല്‍ (പ്രൈവറ്റ്) ലിമിറ്റഡും നാഗ്പുര്‍ സെന്‍ട്രല്‍ എക്സൈസ് കമീഷണറുമായിരുന്നു കേസിലെ കക്ഷികള്‍ . പ്യൂമ കമ്പനിയുടെ 11 ഉല്‍പ്പന്നത്തിനും സൗന്ദര്യവര്‍ധകവസ്തുക്കള്‍ക്കുള്ള നികുതിയാണ് ചുമത്തിയത്. ഇതിനെയാണ് കമ്പനി ചോദ്യംചെയ്തത്. ഇത്തരം പ്രശ്നത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമായും രണ്ടു കാര്യങ്ങള്‍ പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. സാധാരണ നിലയില്‍ ഉപയോക്താക്കള്‍ ഉല്‍പ്പന്നത്തെ എങ്ങനെയാണ് കാണുന്നതെന്നാണ് ഒരു കാര്യം. അവര്‍ ഇതിനെ മരുന്നായി കാണുന്നോ, സൗന്ദര്യവര്‍ധകവസ്തുവായി കാണുന്നോ? മരുന്നാണെങ്കില്‍ അത് സാധാരണ ഉപയോഗത്തിന് ആരും വാങ്ങുന്നുണ്ടാകില്ല. ത്വക്രോഗത്തിനു പറ്റിയ സോപ്പാണെങ്കില്‍ ആ രോഗം മാറുംവരെയേ ആളുകള്‍ അത് വാങ്ങുകയുള്ളൂ.

അതായത്, പരിശോധിക്കേണ്ടത് ഉല്‍പ്പന്നത്തിന്റെ ചേരുവകള്‍ ആധികാരികമായ ആയുര്‍വേദവിധിപ്രകാരം ഉള്ളവയാണോ എന്നതാണ്. ഇത്തരത്തില്‍ , സാധാരണ നിലയില്‍ മരുന്നായി കരുതപ്പെടുന്നതാണെന്നു തെളിയുകയും ചേരുവകള്‍ ആയുര്‍വേദത്തില്‍നിന്നാണെന്ന് കണ്ടെത്തുകയും ചെയ്താല്‍ ഉല്‍പ്പന്നത്തെ മരുന്നായിത്തന്നെ കരുതണം. അങ്ങനെയല്ലെന്ന് നികുതിവകുപ്പ് വാദിച്ചാല്‍ അത് തെളിയിക്കേണ്ട ബാധ്യത നിയമപ്രകാരം അവര്‍ക്കാണ്; ഉല്‍പ്പാദകര്‍ക്കല്ല -സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഈ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആയുര്‍വേദമരുന്നായി നിര്‍മിക്കാന്‍ ലൈസന്‍സുണ്ട്. അവ കുറിച്ചുകൊടുക്കാറുണ്ടെന്ന് ഡോക്ടര്‍മാര്‍ കത്തു നല്‍കിയിട്ടുണ്ട്. ചേരുവകള്‍ ആയുര്‍വേദത്തില്‍നിന്നാണെന്ന് പരീക്ഷണത്തില്‍നിന്ന് വ്യക്തമായതായി ആയുര്‍വേദഡയറക്ടറുടെ സാക്ഷ്യപത്രമുണ്ട്. ഈ സാഹചര്യത്തില്‍ ഇവയൊക്കെ മരുന്നാണ്.

ആയുര്‍വേദ ചേരുവകള്‍ക്കൊപ്പം ഉല്‍പ്പന്നം കേടുവരാതിരിക്കാന്‍ ചിലത് ചേര്‍ക്കുന്നുണ്ടെങ്കില്‍പോലും അത്തരം ഉല്‍പ്പന്നങ്ങള്‍ മരുന്നുതന്നെയാണെന്നും കോടതി പറഞ്ഞു. അമൃതാഞ്ജന്‍ പെയിന്‍ ബാമിന്റെ കേസില്‍ ഇത് 1995ല്‍ വ്യക്തമാക്കിയിട്ടുണ്ട്. അമൃതാഞ്ജനില്‍ കര്‍പ്പൂരവും മെന്തോളും ടര്‍പ്പന്റൈനും മീതൈല്‍ സാലിസിലേറ്റുമുണ്ട്. ഇവയൊക്കെ ആയുര്‍വേദത്തിലും പടിഞ്ഞാറന്‍ വൈദ്യശാസ്ത്രത്തിലും അറിവുള്ള ചേരുവകളാണ്. അതുകൊണ്ട് അമൃതാഞ്ജനെ മരുന്നായി കരുതാംഎന്ന് കോടതി അന്നു വിധിച്ചു. ചൂടുകുരു തടയാനായി, ഇറങ്ങുന്ന "നൈസില്‍" പൗഡറിെന്‍റ കേസും കോടതിയില്‍ മുമ്പെത്തിയിരുന്നു. അത് സാധാരണ ടാല്‍ക്കം പൗഡറായി കരുതണമെന്ന നികുതിവകുപ്പിന്റെ വാദവും തള്ളപ്പെടുകയായിരുന്നു. മരുന്നായി ഉപയോഗിച്ചുകഴിയുമ്പോള്‍ സൗന്ദര്യം കൂടിയേക്കാം എന്നതുകൊണ്ട് ഒരുല്‍പ്പന്നത്തെ സൗന്ദര്യവര്‍ധകവസ്തുവായി കരുതാനാകില്ലെന്ന് കോടതി പറഞ്ഞു. കഷണ്ടിത്തലയില്‍ മുടിവളരാന്‍ സഹായിക്കുന്ന മരുന്നുപയോഗിച്ച് ഒരാള്‍ക്ക് മുടിവരുമ്പോള്‍ അയാളുടെ സൗന്ദര്യം മെച്ചപ്പെടാം. അതുകൊണ്ട് ആ മരുന്ന് സൗന്ദര്യവര്‍ധകവസ്തുവാകില്ല. ഉല്‍പ്പന്നത്തില്‍ മരുന്നിന്റെ ചേരുവകള്‍ അളവില്‍ കുറവാണെന്നതും പ്രസക്തമായ കാര്യമല്ല. മരുന്ന് കൂടുതല്‍ ഉപയോഗിച്ചാല്‍ ദോഷമാകും എന്നതിനാല്‍ കുറഞ്ഞ അളവില്‍ ഉപയോഗിക്കുന്നതും ആകാം. വിക്സ് വേപ്പറബ് ഉദാഹരണമാണ്. ഇതിന്റെ 98 ശതമാനവും മെഴുകാണ്(പാരഫിന്‍ വാക്സ്). മരുന്നായ മെന്തോള്‍ രണ്ടു ശതമാനമേയുള്ളൂ. അതുകൊണ്ട് അതിനെ മരുന്നായി കരുതാനാകില്ലെന്ന വാദം 1989ല്‍ സുപ്രീംകോടതി തള്ളിയിരുന്നു.

മരുന്നാകാനായി ഒരുല്‍പ്പന്നം ഡോക്ടര്‍മാര്‍ കുറിച്ചുകൊടുക്കുന്നതാകണം എന്ന് നിര്‍ബന്ധം പിടിക്കാനുമാകില്ല. കടകളില്‍ വാങ്ങാന്‍ കിട്ടുന്നുണ്ട് എന്നതും മരുന്നാണോ എന്നു നിശ്ചയിക്കാന്‍ പ്രസക്തമായ കാര്യമല്ല - കോടതി വ്യക്തമാക്കി. തര്‍ക്കവിഷയമായ 12 ഉല്‍പ്പന്നങ്ങളില്‍ രണ്ടുതരം മസാജ് ഓയിലുകളും തലയില്‍ ഉപയോഗിക്കാവുന്ന പൗഡറും മരുന്നായി കരുതാനാകില്ലെന്ന് വിധിയില്‍ പറഞ്ഞു. നീം ഫേഷ്യല്‍ പായ്ക്ക്, ഹെര്‍ബല്‍ ഫേഷ്യല്‍ പായ്ക്ക്, ആന്‍റി പിമ്പിള്‍ പൗഡര്‍ , ഹെയര്‍ടോണിക് പൗഡര്‍ , കുട്ടികള്‍ക്കുള്ള എണ്ണ, താരന്‍ തടയുന്ന പൗഡര്‍ തുടങ്ങിയവയെ ഔഷധങ്ങളുടെ പട്ടികയില്‍ പെടുത്തി. അവയ്ക്ക് ബാധകമായ നികുതിയേ ഈടാക്കാനാവൂ എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. മൂല്യവര്‍ധിതനികുതി നടപ്പാക്കിയപ്പോള്‍ കേരളത്തില്‍ വിക്സ് വേപ്പറബിനെ മരുന്നുകളുടെ വിഭാഗത്തില്‍ പെടുത്താതിരുന്നത് തര്‍ക്കമായിരുന്നു. മരുന്നല്ലാത്ത ഉല്‍പ്പന്നമായി കണക്കാക്കി കൂടുതല്‍ നികുതി ഈടാക്കി എന്നാരോപിച്ച് കമ്പനി കേരള ഹൈക്കോടതിയിലെത്തി. വിക്സ് മരുന്നാണെന്നുതന്നെയായിരുന്നു ജ. പി ആര്‍ രാമന്റെ തീര്‍പ്പ്. 2009 നവംബറിലായിരുന്നു ഈ വിധി. ഇന്ന് വിപണിയില്‍ ഏറെ ലഭ്യമായ വണ്ണം കുറയ്ക്കാനുള്ള തൈലങ്ങളും മറ്റും ഇതുവരെ കോടതി കയറിയിട്ടില്ല. എന്നാല്‍ , ആയുര്‍വേദവിധിപ്രകാരം നിര്‍മിക്കപ്പെടുന്നവയെന്ന് അവകാശപ്പെടുന്ന നിലയ്ക്ക് ഈ സുപ്രീം കോടതി വിധിയനുസരിച്ച് അവയും മരുന്നുതന്നെയെന്ന് കരുതേണ്ടിവരും.

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം