malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

ഇന്ന് സ്ത്രീകളുടെ ദിനം

അഡ്വ. ജയ്ബി കുര്യാക്കോസ്
മാര്‍ച്ച് എട്ട് ലോക വനിതാ ദിനം. ഇത്തവണ അത് ശതാബ്ദി ദിനം കൂടിയാണ്.


സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും, അവരുടെ അന്തസ്സും അഭിമാനവും കാത്ത് സൂക്ഷിക്കപ്പെടേണ്ടതാണെന്നും, എല്ലാവിഭാഗത്തില്‍പ്പെട്ട ജനങ്ങളും അവരെ അംഗീകരിക്കണമെന്നും എല്ലാവരെയും ഓര്‍മ്മിപ്പിക്കുന്ന ദിനം. മനുഷ്യനായി ജനിക്കുന്ന ഏതൊരാള്‍ക്കും അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കുക എന്നത് നിഷേധിക്കാന്‍ കഴിയാത്ത ജന്മാവകാശമാണ്. സ്ത്രീകളെ സംബന്ധിച്ച്, മനുഷ്യാവകാശം എന്നതുകൊണ്ട്, അവള്‍ ജീവിക്കുന്ന പരിതസ്ഥിതിയിലും ചുറ്റുപാടിലും സമൂഹത്തിലും അവളുടെ ജന്മാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും അവള്‍ ബഹുമാനിക്കപ്പെടുകയും സ്വതന്ത്രയാക്കപ്പെടുകയും ചെയ്യുക എന്നതാണ്.

ഹൈന്ദവ പുരാണങ്ങളില്‍ സ്ത്രീ ദേവതയായി കാണപ്പെട്ടിരുന്നു. ആംഗലേയ ഭാഷയില്‍ സ്ത്രീകളെ യലേേലൃ വമഹള ീള ാമി എന്നാണ് പറയുന്നത്. യാതൊരു പ്രതിഫലേച്ഛയുമില്ലാതെ പ്രഭാതം മുതല്‍ പ്രദോഷം വരെ കുടുംബത്തിനുവേണ്ടി പണിയെടുക്കുന്നവളാണ് സ്ത്രീ. എന്നാല്‍ ജനനം മുതല്‍ സ്ത്രീ അവഗണനകള്‍ക്ക് പാത്രമാക്കപ്പെടുന്നു. സ്വന്തം വീടിനകത്തും പുറത്തും സ്ത്രീ ഒരേ പോലെ അതിക്രമങ്ങള്‍ക്കിരയായി തീരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇന്ന് സ്ത്രീകള്‍ സമൂഹത്തില്‍ അരക്ഷിതാവസ്ഥയിലാണ്. അവള്‍ക്കു നേരെയുള്ള കടന്നുകയറ്റം ഭയപ്പെടുത്തുന്ന ഒന്നായി മാറിയിരിക്കുന്നു.

ശാരീരികാവസ്ഥയും ഭൗതിക സാഹചര്യത്തിന്റെ പരിമിതികളും സ്ത്രീകള്‍ക്കെതിരെയുള്ള കയ്യേറ്റങ്ങള്‍ക്ക് ഒരുപരിധി വരെ കാരണമാകുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ മുത്തശ്ശി വരെ വിവിധങ്ങളായ പീഡനങ്ങള്‍ക്കും അപമാനങ്ങള്‍ക്കും വിധേയമായ സംഭവങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. സ്ത്രീകള്‍ ഇന്ന് പുരുഷന്റെ ഇരകളാണ്. സന്ധ്യയ്ക്ക് ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കുപോയ സൗമ്യ എന്ന പെണ്‍കുട്ടിയുടെ ദുരനുഭവം മറക്കാന്‍ കഴിയില്ല.സ്ത്രീകളുടെ സംരക്ഷണത്തിനായി അനേകം നിയമങ്ങള്‍ നിലവിലുണ്ട്. സ്ത്രീകള്‍ അവരുടെ സ്വന്തം വീടുകളില്‍ ചൂഷണത്തിനിരയാകുന്നതില്‍ നിന്നും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ഏറ്റവും ശക്തമായ നിയമമാണ് ഗാര്‍ഹിക പീഡന സംരക്ഷണ നിയമം-2005. ജോലിയില്‍ സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കാന്‍ തുല്യവേതന നിയമം-1976 നിലവിലുണ്ട്.

സ്ത്രീകളുടെ മാന്യതയ്ക്ക് കോട്ടം തട്ടുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയോ, സംസാരിക്കുകയോ ചെയ്യുന്നത് ഇന്‍ഡ്യന്‍ ശിക്ഷാ നിയമ പ്രകാരം കുറ്റകരമാണ്. ഒരു വ്യക്തിയും സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കത്തക്കതരത്തിലുള്ള പരസ്യങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ലഘുലേഖകള്‍, പ്രദര്‍ശനങ്ങള്‍, മുതലായവ നടത്തുവാന്‍ പാടില്ലായെന്ന് സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കല്‍ (നിരോധന) നിയമം വ്യക്തമാക്കുന്നു. നിയമങ്ങള്‍ മാറിമാറി വന്നാലും സ്ത്രീ ശാക്തീകരണവും, സ്ത്രീ സുരക്ഷയും നടപ്പിലാകുകയില്ല. ഇത് അക്രമത്തിന്റെയും സാമൂഹ്യ ഭദ്രതയുടെയും മാത്രമല്ല, സംസ്‌ക്കാരത്തിന്റെയും കൂടി പ്രശ്‌നമാണ്.
മൂല്യച്യുതിയുടെയും ധാര്‍മ്മിക അപചയത്തിന്റെയും ഈ കാലഘട്ടത്തില്‍ സാമൂഹിക പരിഷ്‌ക്കരണമാണ് വേണ്ടത്. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്ക് പ്രധാനകാരണം പുരുഷ മേധാവിത്വവും മേല്‍ക്കോയ്മയും നിലനില്‍ക്കുന്നു എന്നതു തന്നെയാണ്.

മനശ്ശാസ്ത്രപരമായും സാമ്പത്തികമായും, സാമൂഹികമായും പുരുഷനാണ് മേല്‍ക്കോയ്മ. 50 ശതമാനം സംവരണം ത്രിതല ഭരണസംവിധാനത്തില്‍ സ്ത്രീകള്‍ക്കു കൊടുത്തിട്ടും പുരുഷാധിപത്യത്തിന് മാറ്റം വന്നിട്ടില്ല. കാരണം, പല സ്ത്രീകള്‍ക്കും തങ്ങളുടെ കൈകളിലുള്ള അധികാരം ശരിയായി വിനിയോഗിക്കുവാന്‍ പുരുഷ മേധാവിത്വം തടസ്സം നില്‍ക്കുന്നു. ജനാധിപത്യ വിരുദ്ധ, സാമൂഹിക-സാംസ്‌ക്കാരിക മൂലകങ്ങള്‍കൊണ്ട് കാലം വാര്‍ത്തെടുത്ത സ്ത്രീയും പുരുഷനും തമ്മിലുള്ള അധാര്‍മ്മിക വിവേചനത്തെ ഉപേക്ഷിക്കുക പുരുഷന് എളുപ്പമാവില്ല. കാരണം, നിലവിലുള്ള പരമ്പരാഗത സാംസ്‌ക്കാരിക ധാരണകള്‍ അത്രയേറെ ആഴത്തില്‍ വേരൂന്നിയതാണ്. അതിനെ കടപുഴക്കണമെങ്കില്‍ സംഘടിതമായ സാമൂഹിക മുന്നേറ്റവും, രാഷ്ട്രീയ ബോധവും, തിരിച്ചറിവും ഉണ്ടാകണം. അത് തുല്യനീതി ഉറപ്പാക്കാന്‍ മാത്രമാണ്. അല്ലാതെ ഒരു സ്ത്രീ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കാനല്ല.

സ്ത്രീയ്ക്ക് ശരിയായ വിദ്യാഭ്യാസവും അറിവും കൊടുത്താല്‍ കുടുംബത്തില്‍ മുഴുവന്‍ അത് പ്രതിഫലിക്കും. അവള്‍ക്ക് തന്റെ ഭര്‍ത്താവിലും ഭാവി തലമുറയായ തന്റെ കുഞ്ഞുങ്ങളിലും സ്വാധീനം ചെലുത്താനാകും.
കുട്ടികളില്‍ സമത്വത്തിലധിഷ്ഠിതമായ മൂല്യബോധം വളര്‍ത്തിയെടുക്കണം. കുട്ടിക്കാലം മുതല്‍ പരസ്പരം ബഹുമാനിച്ചും സഹായിച്ചും ഭാവിതലമുറയില്‍ പുതിയ മൂല്യസങ്കല്‍പ്പങ്ങള്‍ ഉണ്ടാക്കിയെടുക്കണം. അതിനുവേണ്ട അറിവ് സ്ത്രീകള്‍ ആര്‍ജ്ജിച്ചെടുക്കണമെങ്കില്‍ ശരിയായ വിദ്യാഭ്യാസം സ്ത്രീകള്‍ക്കു നല്‍കണം. എന്നാല്‍ മാത്രമേ ഭാവിയിലെങ്കിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിക്കൂ. നമ്മുടെ പെണ്‍മക്കള്‍ സുരക്ഷിതരായിരിക്കൂ.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം