malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

സ്‌ത്രീപക്ഷ രാഷ്‌ട്രീയത്തിലെ സ്‌ത്രീ

മിനി സുകുമാര്‍
കഴിഞ്ഞ വര്‍ഷം സ്‌ത്രീകളുടെ സാമൂഹ്യാവസ്ഥയില്‍ എന്തെല്ലാം ചലനങ്ങള്‍ സൃഷ്‌ടിച്ചുവെന്നാലോചിക്കുമ്പോള്‍ സന്തോഷവും പ്രത്യാശയുമാണ് മുന്നില്‍ നില്‍ക്കുന്നത്. കാലങ്ങളായി സ്‌ത്രീകള്‍ അനുഭവിക്കുന്ന സാമൂഹ്യാസമത്വത്തിന്റെ കാലം അവസാനിച്ചെന്നോ അക്രമങ്ങളുടെ പരമ്പര അവസാനിച്ചെന്നോ സമത്വത്തിന്റെ പുതുലോകം വന്നുകഴിഞ്ഞെന്നോ ഇതിനര്‍ഥമില്ല. പലയിടങ്ങളിലും സാമൂഹ്യാസമത്വത്തിന്റെ പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. എന്നാല്‍ സ്‌ത്രീപ്രസ്ഥാനങ്ങള്‍ ദീര്‍ഘമായി സമരം ചെയ്‌തുകൊണ്ടിരിക്കുന്ന പല രാഷ്‌ട്രീയപ്രശ്‌നങ്ങള്‍ക്കും കൂടുതല്‍ സാമൂഹ്യ രാഷ്‌ട്രീയ ഭരണകൂടശ്രദ്ധയും അംഗീകാരവും ലഭിച്ചതിന്റെ നല്ല ലക്ഷണങ്ങള്‍ ഈ വര്‍ഷത്തില്‍ നമുക്ക് കാണാന്‍ കഴിഞ്ഞു. സമൂഹത്തിലെ പൊതുരാഷ്‌ട്രീയസാംസ്‌കാരിക ഇടങ്ങളില്‍ സ്‌ത്രീകളുടെ സജീവപങ്കാളിത്തവും മുന്‍കൈയും കൂടുതലായി.

സ്‌ത്രീപക്ഷ രാഷ്‌ട്രീയം പഴയ രീതികളില്‍ നിന്ന് മാറി കൂടുതല്‍ വൈവിധ്യവും സങ്കീര്‍ണതയും ആര്‍ജിക്കുന്നതിന്റെ മാറ്റങ്ങളും പ്രകടമാണ്. എല്ലാ മേഖലകളും പരാമര്‍ശിക്കുന്ന ഒരു ചര്‍ച്ച വിശദമായ പഠനം ആവശ്യപ്പെടുന്നു. അതിനാല്‍ സ്‌ത്രീപക്ഷത്തുനിന്നു നോക്കുമ്പോള്‍ 2010 ന്റെ ഏറ്റവും പ്രധാന സൂചികയായി സ്‌ത്രീകളുടെ രാഷ്‌ട്രീയപങ്കാളിത്തത്തെ പരിഗണിച്ചുകൊണ്ടുള്ള ഒരു അവലോകനത്തിനാണ് ഞാന്‍ ശ്രമിക്കുന്നത്.

രാഷ്‌ട്രീയ നേതൃത്വത്തിലും ഭരണനേതൃത്വത്തിലും സ്‌ത്രീകളുടെ സാന്നിധ്യം ശ്രദ്ധിച്ച വര്‍ഷമായിരുന്നു പിന്നിട്ടത്. ലോകമാകെ നോക്കിയാല്‍ 18 രാജ്യങ്ങളില്‍ സ്‌ത്രീകള്‍ പ്രസിഡന്റ് അല്ലെങ്കില്‍ പ്രധാനമന്ത്രി പദവിയിലുണ്ട്. മുന്‍കാലങ്ങളില്‍ പിതാവിന്റേയോ ഭര്‍ത്താവിന്റേയോ കുടുംബവാഴ്‌ചയുടേയോ തുടര്‍ച്ചയായാണ് സ്‌ത്രീകള്‍ക്ക് രാഷ്‌ട്രീയാധികാരം ലഭിച്ചിരുന്നത്. എന്നാല്‍ മുമ്പ് സൂചിപ്പിച്ച 18 രാജ്യങ്ങളില്‍ ഭൂരിപക്ഷവും രാഷ്‌ട്രീയപ്രവര്‍ത്തനത്തിലൂടെ അല്ലെങ്കില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തിയവരാണെന്നത് ശ്രദ്ധേയമായ വസ്‌തുതയാണ്. രാഷ്‌ട്രീയ പ്രസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ആണ്‍കോയ്‌മയെ മറികടന്നുകൊണ്ടാണ് ഈ സ്‌ത്രീസാന്നിധ്യം എന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. വ്യത്യസ്‌തമായ രാഷ്‌ട്രീയധാരകളെ പ്രതിനിധീകരിക്കുന്നവരാണെങ്കിലും ദീര്‍ഘമായ രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്റെ ചരിത്രമുള്ളവരാണ് പല രാജ്യങ്ങളിലേയും ഇപ്പോഴത്തെ സ്‌ത്രീനേതാക്കള്‍. ജര്‍മനിയുടെ ചാന്‍സലറായ ഏഞ്ചലാ മെര്‍ക്കലയും അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്തിലാദ്യമായി സ്പീക്കര്‍ പദവിയില്‍ എത്തിയ നാന്‍സി പെലോസിയും ദീര്‍ഘമായ രാഷ്‌ട്രീയപ്രവര്‍ത്തന ചരിത്രം ഉള്ളവരാണ്. അടുത്തിടെ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിലൂടെ ബ്രസീലില്‍ അധികാരത്തിലെത്തിയ വര്‍ക്കേഴ്‌സ് പാര്‍ടിയുടെ നേതാവും ഇപ്പോഴത്തെ ബ്രസീല്‍ പ്രസിഡന്റുമായ ദില്‍മാ റൂസഫ് ഇടതുപക്ഷ ഒളിപ്പോര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. സജീവമായ മുഴുവന്‍ സമയരാഷ്‌ട്രീയപ്രവര്‍ത്തനം, അതും സ്‌ത്രീകളുടെ മാത്രം വേദികളിലല്ലാതെ പൊതുരാഷ്‌ട്രീയത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനം സ്‌ത്രീയുടെ മേഖലയല്ലെന്ന പരമ്പരാഗത വിശ്വാസം തിരുത്തുന്നുണ്ട് ഈ മാറ്റം.

നിയമനിര്‍മാണ സഭകളില്‍ സ്‌ത്രീകള്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്യണമെന്ന ഇന്ത്യയിലെ സ്‌ത്രീകളുടെ ദീര്‍ഘകാല ആവശ്യത്തിന് ഭാഗികമായ ഉറപ്പ് നല്‍കുന്ന വനിതാസംവരണബില്‍ രാജ്യസഭ പാസാക്കിയത് സ്‌ത്രീകളുടെ രാഷ്‌ട്രീയ സ്വയം നിര്‍ണയാവകാശത്തിനുള്ള സമരങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കും. കേരളസര്‍ക്കാര്‍ നടപ്പാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അമ്പത് ശതമാനം സംവരണം പ്രാദേശിക രാഷ്‌ട്രീയത്തിലെ സ്‌ത്രീ പങ്കാളിത്തത്തിലും നേതൃത്വത്തിലും വലിയ സാധ്യതകളാണ് തുറന്നിരിക്കുന്നത്. പുതുമയുള്ള പല രാഷ്‌ട്രീയ നീക്കുപോക്കുകള്‍ക്കും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അതു കാരണമായിട്ടുണ്ട്. അതു പ്രത്യേകം പഠനാര്‍ഹമായ ഒന്നാണ്.

രാഷ്‌ട്രീയമണ്ഡലത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സ്‌ത്രീകളെ വ്യത്യസ്‌തമായ രാഷ്‌ട്രീയപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുകയും സ്‌ത്രീപ്രശ്‌നങ്ങള്‍ക്കും പൊതുരാഷ്‌ട്രീയപ്രശ്‌നങ്ങള്‍ക്കും വ്യത്യസ്‌തമായ സമീപനങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നു. പല രീതിയില്‍ സ്‌ത്രീകളെ നിയന്ത്രിച്ച് രാഷ്‌ട്രീയത്തിന്റെ ഭാഗമാക്കാന്‍ രാഷ്‌ട്രീയ മത സാമുദായിക നേതൃത്വങ്ങള്‍ ഊര്‍ജിതമായ ശ്രമം തുടങ്ങിയിരിക്കുന്നുവെന്നതാണ് മറ്റൊരു വശം. പാരമ്പര്യത്തിന്റെ ചട്ടക്കൂടുകളാല്‍ വളര്‍ത്തപ്പെട്ട സ്‌ത്രീകളെ യാഥാസ്ഥിതികമായ രാഷ്‌ട്രീയദര്‍ശനങ്ങള്‍ക്ക് എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്നു. വിവിധ ജാതി മത വര്‍ഗ ശ്രേണികളുടെ സ്വാധീനത്താല്‍ സങ്കീര്‍ണമായ അവസ്ഥയിലുള്ള ഇന്ത്യയിലെ സ്‌ത്രീകളില്‍ ഏതു വിഭാഗത്തിന് ഈ മാറ്റങ്ങളുടെ പ്രയോജനം ലഭിക്കും, ഏതു വിഭാഗങ്ങളുടെ ദുരിത ജീവിതം പുതിയ തരം അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാകും എന്ന ചോദ്യം ഈ അവസരത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. അതുകൊണ്ടുതന്നെ പുരോഗമനപരമായ സ്‌ത്രീപക്ഷ രാഷ്‌ട്രീയം കൂടുതല്‍ പ്രസക്തവുമാകുന്നു.

ആഗോളതലത്തില്‍ തന്നെ ഈയൊരു വസ്‌തുത പ്രധാനപ്പെട്ടതാണ്. സ്‌ത്രീശാക്തീകരണം കൃത്യമായ രാഷ്‌ട്രീയ ദൌത്യങ്ങള്‍ ഉള്ളതാണ്. അരാഷ്‌ട്രീയതയും വലതുപക്ഷ തീവ്രതയും പറയുന്നവരും ഇന്ന് സ്‌ത്രീകളുടെ രാഷ്‌ട്രീയമായ ശാക്തീകരണത്തെ പിന്തുണയ്‌ക്കുന്നു. ഒപ്പം സ്‌ത്രീകളെ രാഷ്‌ട്രീയവല്‍ക്കരിക്കാനും സജീവപ്രവര്‍ത്തകരാക്കാനും ശ്രമിക്കുന്നു. ഗുജറാത്തിലെ വര്‍ഗീയകലാപത്തിനു നേതൃത്വം നല്‍കാനും മാറാട് സാമുദായിക സംഘര്‍ഷം നിലനിര്‍ത്താന്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിക്കാനും സ്‌ത്രീകള്‍ ഉണ്ടായിരുന്നു. അവരും സജീവ രാഷ്‌ട്രീയപ്രവര്‍ത്തകരായിരുന്നു. സ്‌ത്രീപ്രശ്‌നവും സ്‌ത്രീപക്ഷ രാഷ്‌ട്രീയവും സങ്കീര്‍ണമാകുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇത് ഗൌരവമായ രാഷ്‌ട്രീയ ചര്‍ച്ച ആവശ്യപ്പെടുന്നതാണ്. ഉപരിപ്ളവമായ പ്രചാരണപരിപാടികളല്ല സ്‌ത്രീകള്‍ക്ക് ആവശ്യം, രാഷ്‌ട്രീയ നയപരിപാടികളാണ്. വോട്ടുചെയ്യുക മാത്രം ചെയ്യുന്ന പരിമിത രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും രാഷ്‌ട്രീയപങ്കാളിത്തത്തിലേക്ക് സ്‌ത്രീകള്‍ എത്തിയിരിക്കുന്നു. ഈ സമകാലീനതയെ മനസ്സിലാക്കുക എന്നതാണ് 2010 ലെ സ്‌ത്രീ നല്‍കുന്ന സന്ദേശം.

*വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം