malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
സ്ത്രീപക്ഷം

ടാഗോര്‍ കൃതികള്‍ക്ക് അപര്‍ണയുടെ നൃത്തഭാഷ്യം

രാജേഷ് കെ. എരുമേലി
എപ്പോഴുമെപ്പോഴും ഞാനെന്റെ ഗാനങ്ങളില്‍ അങ്ങയെ അന്വേഷിച്ചു. അവരെന്നെ ഓരോ വാതില്‍ക്കലേക്ക് നയിച്ചു. അവരോടൊപ്പം ഞാനെന്റെ ലോകം സ്പര്‍ശിച്ചറിഞ്ഞു. ഞാന്‍ പഠിച്ച പാഠങ്ങളൊക്കെയും എെന്‍റ ഗാനങ്ങളാണ് എന്നെ പഠിപ്പിച്ചത്. അവയെനിക്ക് രഹസ്യപഥങ്ങള്‍ കാണിച്ചുതന്നു. അവയെന്റെ ഹൃദയാകാശത്തില്‍ അനേകമനേകം നക്ഷത്രങ്ങളെ കണ്‍മുന്നിലെത്തിച്ചു തന്നു. (ടാഗോര്‍ - ഗീതാഞ്ജലി) സത്യമാണ് ഈശ്വരന്‍ എന്ന് പ്രഖ്യാപിക്കുന്ന ടാഗോറിന്റെ വരികള്‍ക്ക് നൃത്തഭാഷ്യം ഒരുങ്ങിയപ്പോള്‍ കാഴ്ചക്കാര്‍ക്ക് നവ്യാനുഭവം. ബ്രാഹ്മണന്‍ എന്ന മനോഹരവും സാമൂഹിക കാഴ്ചപ്പാടും നിഴലിക്കുന്ന കവിതക്ക് നര്‍ത്തകി അപര്‍ണ ബി മാരാരാണ് നൃത്തഭാഷ്യം ചമച്ചത്. മറ്റ് ടാഗോര്‍ കൃതികളും മോഹിനിയാട്ട നൃത്താവിഷ്കാരമായി അപര്‍ണ അവതരിപ്പിച്ചു. കലാഭാരതിയും കേരള സംഗീത നാടക അക്കാദമിയും സംയുക്തമായി കോട്ടയം സി എം എസ് കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ടാഗോര്‍ ജയന്തി ആഘോഷത്തിന്റെ ഭാഗമായാണ് സി എം എസ് കോളേജ് ഗ്രേറ്റ് ഹാളില്‍ കോഴിക്കോട് സര്‍വകലാശാല മുന്‍ കലാതിലകവും മോഹിനിയാട്ടത്തില്‍ സംഗീതനാടക അക്കാദമിയിലെ യുവപ്രതിഭയുമായ അപര്‍ണ ടാഗോര്‍ കൃതികള്‍ക്ക് നൃത്തഭാഷ്യം ഒരുക്കിയത്.

@Photo
ടാഗോര്‍ ജയന്തിയും കൃതികളുടെ പാരായണങ്ങളും രംഗാവിഷ്കാരങ്ങളും ഗീതാഞ്ജലിയുടെ വാര്‍ഷികവും കൊണ്ടാടുന്ന വേളയിലാണ് അദ്ദേഹത്തിന്റെ കൃതികള്‍ക്ക് നൃത്തച്ചുവടുകളൊരുക്കി അപര്‍ണ രംഗത്തു വന്നത്. ഉച്ചഭാഷിണിയിലൂടെ ഒഴുകിയെത്തിയ ടാഗോറിന്റെ വരികള്‍ക്ക് നൃത്തമൊരുങ്ങിയപ്പോള്‍ മിന്നിമറയുന്ന ലൈറ്റുകള്‍ക്ക് താഴെ അപര്‍ണയുടെ പാദങ്ങള്‍ ബ്രാഹ്മണനിലൂടെയും ഗീതാഞ്ജലിയിലൂടെയും പതുക്കെ ചുവടുവച്ചു. വിശ്വപ്രശസ്തനായ കവി ടാഗോറിന്റെ കൃതികള്‍ പഠിച്ച് നൃത്താവിഷ്കാരമായി ആവിഷ്കരിക്കുകയെന്നത് ഏറെ ശ്രമകരമായ ദൗത്യമായിരുന്നെന്ന് അപര്‍ണ പറയുന്നു. സത്യമാണ് ഈശ്വരന്‍ എന്ന് പ്രഖ്യാപിക്കുന്ന ടാഗോറിന്റെ മനോഹരമായ കവിതയാണ് ബ്രാഹ്മണന്‍ , ഏത് കുലത്തില്‍ ജനിച്ചു എന്നതിനേക്കാള്‍ സത്യനിഷ്ഠനാവുന്ന ഏതൊരു മനുഷ്യനെയും ബ്രാഹ്മണന്‍ എന്ന് വിശേഷിപ്പിക്കാം എന്ന് ടാഗോര്‍ പറയുന്നു. ഇതിന്റെ അര്‍ഥവും വ്യാപ്തിയും കാഴ്ചപ്പാടുകളും തനിമ ചോരാതെ അവതരിപ്പിക്കാന്‍ അപര്‍ണക്ക് കഴിഞ്ഞു. ജാതി ചിന്തയ്ക്കും അയിത്തത്തിനുമെതിരെ ശക്തമായ സന്ദേശം നല്‍കുന്ന ടാഗോറിന്റെ കൃതിയാണിത്. കലുഷമാകുന്ന കാലത്ത് സാര്‍വലൗകിക സ്നേഹത്തിന്റെ സന്ദേശമുയര്‍ത്തുന്ന ടാഗോറിന്റെ കൃതികള്‍ തെരഞ്ഞെടുത്തത് ആള്‍ക്കാരില്‍ കുറച്ചെങ്കിലും മാനവസാഹോദര്യത്തിന്റെ സന്ദേശം നല്‍കുന്നതിനാണെന്നാണ് അപര്‍ണയും സംഘവും പറയുന്നത്. സാമവേദത്തിന്റെ അനുബന്ധമായ ഛാന്ദോഗ്യാബ്രാഹ്മണത്തിന്റെ ഭാഗമായ ഛാന്ദോഗ്യോപനിഷത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന കഥയാണ് ഇതിവൃത്തമായി അവതരിച്ചത്. ഉപനിഷത് കഥയില്‍നിന്ന് കുറച്ചൊക്കെ വ്യത്യസ്തമായി, മഹാകവി ജി ശങ്കരക്കുറുപ്പ് രചിച്ച നൂറ്റിയൊന്ന് കിരണങ്ങള്‍ എന്ന ടാഗോര്‍ കൃതികളുടെ മലയാള പരിഭാഷയിലെ തെരഞ്ഞെടുത്ത വരികളാണ്് ഇതിന്റെ പാഠഭാഗം.

ജബാല എന്ന സാധു സ്ത്രീയുടെ മകനായ സത്യകാമന്‍ എന്ന ബാലന്‍ , ബ്രഹ്മജ്ഞാന സിദ്ധിക്കായി വളരെ സ്നേഹത്തോടെയും ആദരവോടെയും ഗൗതമ മഹര്‍ഷിയുടെ അരികിലെത്തുന്നു. ബ്രാഹ്മണര്‍ക്കുമാത്രം അനുവദിച്ചിട്ടുള്ളതാണ് ഈ പഠനമെന്നും അതിനാല്‍ തന്റെ ഗോത്രമേതെന്നും, മാതാപിതാക്കളാരെന്നും വെളിപ്പെടുത്താന്‍ സ്നേഹത്തോടെ ഗുരു അവനോട് ആവശ്യപ്പെടുന്നു. തനിക്കറിയില്ലെന്നും അമ്മയോട് ്ചോദിച്ചറിഞ്ഞ് അടുത്ത ദിവസം വരാമെന്നും പറഞ്ഞ് സത്യകാമന്‍ മടങ്ങുന്നു. പഠനകാര്യം അന്വേഷിക്കാന്‍ പോയ മകന്‍ വരുന്നതുകാത്ത് ആകാംക്ഷയോടെ കാത്തിരുന്ന മകന്‍ തിരിച്ചെത്തിയപ്പോള്‍ സന്തുഷ്ടയായ ജബാല മകന്റെ ചോദ്യംകേട്ട് ആദ്യം ഒന്നു പതറിപ്പോയി. യൗവനത്തില്‍ താന്‍ വിവിധഗൃഹങ്ങള്‍ക്കുളളില്‍ ദാസ്യവൃത്തി അനുഷ്ഠിച്ചിരുന്നപ്പോള്‍ ജനിച്ചവനാണ് അവനെന്നും അവന്റെ ജാതിയോ ഗോത്രമോ തനിക്കറിയില്ലെന്നുമായിരുന്നു അമ്മയുടെ മറുപടി. താന്‍ സത്യകാമനും അമ്മ ജബലയും ആയതുകൊണ്ട് തന്റെ പേര് സത്യകാമജാബാലന്‍ എന്നാണ് ഗുരുവിനോടു പറയാന്‍ അവള്‍ മകനെ ഉപദേശിച്ചത്. ഗുരുവിന്റെയടുത്തു തിരിച്ചെത്തിയ സത്യകാമന്റെ സത്യമായ വാക്കുകള്‍കേട്ട് ഗുരുകുലവാസികള്‍ വളരെയധികം പുഛത്തോടെ ആ ബാലനെ വീക്ഷിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഗുരുവിന്റെ അന്വേഷണത്തിന് അമ്മയുടെ ഉപദേശമനുസരിച്ച് അവന്‍ നേരായ മറുപടി പറഞ്ഞു. ഇത് കേട്ട്, സത്യനിഷ്ഠനായ അവന്‍ ബ്രാഹ്മണനാവാനേ തരമുള്ളൂ എന്ന് വിലയിരുത്തിയ ഗുരു അവനെ ശിഷ്യനായി സ്വീകരിച്ചു.

മനോഹരമായ കാനനപ്രദേശത്തിലൂടെ ശാന്തമായി പ്രവഹിക്കുന്ന സരസ്വതീനദീതീരത്തെത്തുന്ന ഒരു നര്‍ത്തകി, ആശ്രമം കാണുന്നതും പല സംഭവങ്ങള്‍ കണ്ടറിയുന്നതും ആകര്‍ഷണീയമായ രീതിയില്‍ അവതരിപ്പിക്കാന്‍ അപര്‍ണക്ക് കഴിഞ്ഞു. സത്യനിഷ്ഠയാണ് ഈശ്വരസാക്ഷാല്‍ക്കാരത്തിനുള്ള മാര്‍ഗമെന്ന് കവിതയില്‍ പറയുന്ന ആശയത്തെയും തീക്ഷ്ണ ഭാവത്തില്‍ തന്നെയാണ് അപര്‍ണ തന്റെ നൃത്തച്ചുവടുകളിലൂടെ അവതരിപ്പിച്ചത.് ജാതി വ്യവസ്ഥയുടെ ക്രൂരത കണ്ട ടാഗോറിന് അതിന്റെ നിരര്‍ഥകതയെ ചോദ്യം ചെയ്യാതിരിക്കാന്‍ കഴിയുമായിരുന്നില്ല. അധ്വാനിക്കുന്ന ജനങ്ങളെ നോക്കൂ അവരുടെ ഇടയിലാണ് ദൈവത്തെ കണ്ടെത്തേണ്ടത് എന്ന ഗീതാഞ്ജലിയിലെ വരികള്‍ താള-ലയ സമ്മിശ്രമായും ആശയപ്പകര്‍ച്ചയേകിക്കൊണ്ടും അവതരിപ്പിക്കാന്‍ അപര്‍ണക്ക് കഴിഞ്ഞു. മതേതരത്വ ആശയങ്ങളെ ജീവിതത്തിലും കൃതികളിലും ഉയര്‍ത്തിക്കാട്ടുന്ന ടാഗോറിന് പ്രപഞ്ചത്തിലെ ചരാചരങ്ങളോട് തോന്നുന്ന വാത്സല്യത്തിന്റേയും സ്നേഹത്തിന്റേയും ആഴം മനസിലാക്കി നൃത്തത്തിലൂടെ വരച്ചുകാട്ടാന്‍ അപര്‍ണക്ക് കഴിഞ്ഞു. ബ്രാഹ്മണന്‍ , ഗീതാഞ്ജലി എന്നീ ടാഗോറിന്റെ രണ്ട് കവിതകളെ കോര്‍ത്തിണക്കി അവതരിപ്പിക്കുന്നതിലും വരികള്‍ തെരഞ്ഞെടുക്കുന്നതിലും നര്‍ത്തകിയും കൊറിയോഗ്രാഫറുമായ അപര്‍ണയുടെ വൈഭവം എടുത്തു പറയേണ്ടതാണ്. 35 മിനിറ്റു നീണ്ടുനിന്ന മോഹിനിയാട്ട നൃത്താവിഷ്കാരത്തിലൂടെ ടാഗോറിന്റെ കൃതികളിലെ സാമൂഹിക വീക്ഷണത്തെ വികാരാര്‍ദ്രമായി അവതരിപ്പിക്കാന്‍ അപര്‍ണക്ക് കഴിഞ്ഞു. ഏതു കുലത്തില്‍ ജനിക്കുന്നുവെന്നതല്ല സത്യ ധര്‍മങ്ങള്‍ അനുഷ്ഠിക്കുകയെന്നതാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ സവിശേഷതയെന്നതാണ് ടാഗോര്‍ തന്റെ കൃതിയിലൂടെ ഉദ്ഘോഷിച്ചത്. ഈ കാഴ്ചപ്പാട് നാട്യ ഭാഷയിലൂടെ പകര്‍ന്നു നല്‍കാന്‍ നര്‍ത്തകിയായ അപര്‍ണക്ക് കഴിഞ്ഞു. എവിടെയാണ് ശിരസ് നിവര്‍ന്നു നില്‍ക്കുന്നത് അവിടെയാണ് ഈശ്വരന്‍ എന്ന് പറയുന്ന ടാഗോറിന്റെ കാഴ്ചപ്പാടിനെ അതേ അര്‍ഥത്തില്‍ ആവിഷ്കരിക്കാന്‍ അപര്‍ണക്ക് കഴിഞ്ഞു. പ്രശസ്തകലാകാരന്മാരായ കലാമണ്ഡലം ക്ഷേമാവതി നട്ടുവാങ്കം ഒരുക്കിയപ്പോള്‍ ശ്രീകൃഷ്ണപുരം മധു വോക്കലും സൂര്യനാരായണന്‍ പാലക്കാട് പുല്ലാങ്കുഴലും കലാമണ്ഡലം ഷൈജു മൃദംഗവുമായി പക്കമേളമൊരുക്കി.

ഈ സ്തോത്രങ്ങളും സങ്കീര്‍ത്തനങ്ങളും ജപമാലകളുമെല്ലാം ഉപേക്ഷിക്കുക. വാതിലുകളടഞ്ഞ ഈ ദേവാലയത്തിന്റെ ഇരുളടഞ്ഞ ശൂന്യതയില്‍ നീ ആരെയാണ് ആരാധിക്കുന്നത്.? കണ്ണ് തുറക്കുക; നിന്റെ ദൈവം മുന്നിലെന്നറിയുക. കന്നിമണ്ണ് കിളച്ചുമറിക്കുന്നവന്റേയും കരിംപാറ പൊട്ടിച്ച് പാത തീര്‍ക്കുന്നവന്റേയും സമീപത്താണവന്‍ . വെയിലിലും മഴയിലും അവരോടൊപ്പമാണവന്‍ . അവന്റെ മേലങ്കി പൊടിയണിഞ്ഞിരിക്കുന്നു. നിങ്ങളുടെ ആ വിശിഷ്ട വസ്ത്രങ്ങള്‍ ഊരിമാറ്റി അവനെപ്പോലെ ആ പൂഴിമണ്ണിലേക്കിറങ്ങിച്ചെല്ലുക. വിമുക്തിയോ? എവിടെയാണീ വിമുക്തി? നമ്മുടെ നാഥന്‍ തന്നെ സൃഷ്ടിയുടെ ബന്ധനങ്ങള്‍ സ്വയമേറ്റിരിക്കുകയല്ലേ ? അദ്ദേഹം നമ്മളുമായി നിത്യ ബന്ധനത്തിലല്ലേ? ധ്യാനത്തില്‍ നിന്ന് പുറത്തുവരിക, ഈ പൂക്കളും ധൂപവുമെല്ലാം മാറ്റി വയ്ക്കുക. നിങ്ങളുടെ വസ്ത്രങ്ങള്‍ പിഞ്ഞിപ്പോവുകയും മലിനപ്പെടുകയും ചെയ്യുന്നെങ്കിലെന്ത്? അധ്വാനഭാരത്താല്‍ , നെറ്റിത്തടത്തില്‍ പൊടിയുന്ന വിയര്‍പ്പിലൂടെ അവനോടൊപ്പം നിലകൊളളുക. ഇത് ടാഗോറിന്റെ ഗീതാഞ്ജലിയിലെ പ്രസിദ്ധങ്ങളായ വരികളാണ്. ഈ ഭാഗങ്ങള്‍ ഓര്‍ക്കാത്ത ഗീതാഞ്ജലിയുടെ വായന അപൂര്‍ണമാണ്. ഇത്തരത്തില്‍ ഗീതാഞ്ജലിയില്‍ നിന്നുളള പ്രശസ്തമായ ഭാഗങ്ങളാണ് അപര്‍ണ അവതരിപ്പിച്ചത്. പരമ്പരാഗത മോഹിനിയാട്ട കഥകളില്‍നിന്ന് വ്യത്യസ്തമായി ടാഗോര്‍ കൃതികളെ രംഗത്ത് കൊണ്ടുവന്നപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ടാഗോര്‍ ജയന്തിയോടനുബന്ധിച്ച് ടാഗോര്‍ കൃതികളുടെ ചര്‍ച്ചയും നടത്തി.

*

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം