malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

ഐപിഎസ് കൂത്ത്

എന്‍. ശ്രീകുമാര്‍
വോട്ടെടുപ്പ് വരാന്‍ മാസങ്ങള്‍ മാത്രം. വേഷങ്ങള്‍ ഓരോന്നായി പുറത്ത് വന്നുതുടങ്ങി. ഇത്തരക്കാരുടെ ലക്ഷ്യം അടുത്ത സര്‍ക്കാരാണ്. നിലവിലെ സര്‍ക്കാരിനെതിരെ ആ ക്ഷേപം ഉന്നയിച്ച് എതിര്‍പക്ഷത്തെ ജയിപ്പിച്ചാല്‍ ലഭിക്കുന്ന അപ്പത്തിന്റെ രുചി ഓര്‍ത്താണ് പ്രകടനങ്ങള്‍. കൂത്ത് 41 ദിവസമെന്നപോല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ അരങ്ങില്‍ ആട്ടമുണ്ടാകും. ചാക്യാര്‍ക്ക് ആരേയും പരിഹസിക്കാമല്ലോ .നേര്‍ക്ക് നേര്‍ വന്ന് തല്ലുന്നവനാണ് തന്റേടി. അടിക്കുന്നവന്‍ അടിച്ചാല്‍ വേദനിച്ചാലും അത് മാറും. എന്നാല്‍ ദുര്‍ഗ്ഗന്ധം എറിയുന്നവന് ലക്ഷ്യം വേറെയാണ്. ഡിജിപി റാങ്കിലുള്ള ജേക്കബ്ബ് തോമസും കൊലക്കേസ്സ് പ്രതി ബിജു രാധാകൃഷ്ണനും ഇത് തന്നെയാണ് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ മോശമായ ഭാഷയില്‍ ബിജു പലതും വിളിച്ച് പറഞ്ഞു. ബിജുവിന്റെ ഉന്നം മുഖ്യമന്ത്രിയായിരുന്നു. ഭാര്യയെ കൊന്നതിന് അയാളെ ജയിലില്‍ അടച്ചത് ഉമ്മന്‍ചാണ്ടിയായിരുന്നു. ലക്ഷ്യത്തിലെത്താന്‍ പറ്റാതാകുമ്പോള്‍ പലരും ഇതാണ് ചെയ്യുക. അവരില്‍ കള്ളനുമുണ്ട് പോലീസുമുണ്ട്. അവരെ സംബന്ധിച്ച് മേലും കീഴുമില്ല. ജയിലില്‍ കിടക്കുന്ന ബിജുവിന് അധികശിക്ഷ കൊടുത്താലും ജയില്‍ അല്ലെങ്കിലും ജയില്‍.ചട്ടുകം പഴുപ്പിച്ച് ചന്തിക്ക് വെക്കുന്ന പഴയ ശിക്ഷകിട്ടില്ലെങ്കില്‍ പിന്നെ എന്തുമാകാമല്ലോ. ഡിജിപി ജേക്കബ്ബ് തോമസ് ഇപ്പോള്‍ നടത്തുന്നത് അഭിപ്രായങ്ങളോ കോപ്രായങ്ങളോ. ഇദ്ദേഹത്തെപറ്റി സാമാന്യ ജനം കേട്ട് തുടങ്ങിയത് അടുത്ത കാലത്താണ്. നല്ല ഉദ്യോഗസ്ഥരെ പറ്റി നാട് അറിയാറുണ്ട്. ക്രിമിനലുകളെപറ്റിയും അറിയും. ഇത് രണ്ടിലും പെടാത്ത ചിലരുണ്ട്. അവരെ ആരും മൈന്റ് ചെയ്യാറില്ല. അത്തരക്കാര്‍ പൊതു ശ്രദ്ധ പിടിച്ച് പറ്റാന്‍ നടത്തുന്ന വേലത്തരങ്ങളുണ്ട്. പോലീസില്‍ ധാരളം നല്ല ഉദ്യോഗസ്ഥരുണ്ടായിരുന്നു. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഡിജിപി കെ.ജെ ജോസഫായിരുന്നു. പുലിയെന്നാണ് സഹപ്രവര്‍ത്തകര്‍ വിളിച്ചിരുന്നത്. മികച്ച ഡിജിപിയായി അദ്ദേഹം രംഗം വിട്ടു .മുഖ്യമന്ത്രിയെ പരിഹസിച്ചല്ല മറിച്ച് പണി യെടുത്തിട്ടാണ് ജനങ്ങള്‍ക്കിടയില്‍ മതിപ്പുണ്ടാക്കിയത്. ഐപി എസ് ഉദ്യോഗസ്ഥരായ ജയറാം പടിക്കലും, ലക്ഷ്മണയുമെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. എങ്ങനെയെന്ന് വിവരിക്കുന്നില്ല. ക്രമസമാധാന പാലന രംഗത്ത് വന്നാല്‍ മാത്രമേ ഉയര്‍ന്ന പോലീസു ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കപ്പെടാറുള്ളുവെന്ന ധാരണയുണ്ട്. എന്നാല്‍ അത് തെറ്റാണെന്ന് ഋഷിരാജ് സിങ്ങ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ തെളിയിച്ചിട്ടുണ്ട്. ജേക്കബ്ബ് തോമസ്സിന് അരിശം മൂലമുള്ള അവിവേകമാണ്. വിചാരിച്ചത് നടക്കാതെ വരുമ്പോള്‍ കുട്ടികള്‍ കരഞ്ഞ് ബഹളം കൂട്ടും. പലതും എറിഞ്ഞ് പൊട്ടിക്കും. ഈ കരച്ചിലും തകര്‍ക്കലും ഉത്ക്കണ്ഠാജനകമാംവിധം പ്രശ്‌നം ഉണ്ടാക്കില്ലെങ്കിലും സൈ്വരം കെടുത്താനാകും. ഐഎഎസ്, എപിഎസ് ഉദ്യോഗസ്ഥര്‍ക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. അത്അരിശം തീര്‍ക്കലാകരുത്. രാഷ്ട്രീയപ്രവര്‍ത്തനം ഉദ്യോഗസ്ഥര്‍ക്ക് വിലക്കിയിട്ടുണ്ട്.എന്നാല്‍ അഭിപ്രായം പറയാം.സര്‍വ്വീസ് സംഘടനാ നേതാക്കള്‍ പ്രസംഗിക്കുന്നതെല്ലാം പച്ച രാഷ്ട്രീയമല്ലേ. അതുപോലെയല്ലല്ലോ ഐഎഎസ്,ഐപിഎസ് ഉദ്യോഗസ്ഥരുടെ നയം. ഇവര്‍ക്ക് മേല്‍ ജനം നിക്ഷ്പക്ഷത ചാര്‍ത്തികൊടുക്കാറുണ്ട്. ജനഹിതം അനുസരിച്ച് ഭരിക്കുന്നവരുടെ തീരുമാനം നടപ്പാക്കാനുള്ളവരാണ് ഈഉദ്യോഗസ്ഥര്‍. ജനം തെരഞ്ഞെടുക്കുന്നവരെ ബഹുമാനിച്ചേ പറ്റൂ. അല്ലെങ്കില്‍ രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങി കഴിവ് തെളിയിക്കണം. എസ്.കൃഷ്ണകുമാര്‍ ചെയ്തപോലെ, അല്‍ഫോണ്‍സ് കണ്ണന്താനം ചെയ്തപോലെ. ഉറച്ച രാഷ്ട്രീയ പിന്തുണ ഉണ്ടെങ്കില്‍ രാഷ്ട്രീയനേതാക്കളുടെ ഒപ്പമിരിക്കാം. രാവണന്റെ കോട്ടയില്‍ കയറി രാവണനോളം പോന്ന സിംഹാസനം കിട്ടാതെ വന്നപ്പോള്‍ വാനരനായ ഹനൂമാന്‍ വാല്‍ചുരുട്ടി സിംഹാസനമുണ്ടാക്കി സമാസമം ഇരുന്നപോലെ. ജേക്കബ്ബ് തോമസ് ജനങ്ങള്‍ക്ക് വേണ്ടയെന്ത് ചെയ്തു.ഫയര്‍ ഫോഴ്‌സ് മേധാവിയായിരുന്നു അദ്ദേഹം.നാട്ടിലെ കിണറ്റില്‍ കുട്ടിവീണാലും പശുക്കിടാവ് വീണാലും ഓടിയെത്തുന്നവരാണ് അഗ്നിശമന സേന.അപകടത്തില്‍ പെട്ടവന് ആശ്വാസം എത്തിക്കുന്നവരാണ്. അവര്‍ തീ അണയ്ക്കുന്നവരാണ്. അപകട വേളയില്‍ ഇന്നാട്ടിലെ പാവങ്ങളുടെ മനസ്സില്‍ ഉണ്ടാകുന്ന തീകെടുത്തുന്നവരും അവര്‍ തന്നെ. എന്നാല്‍ അതിനൊന്നും പോകേണ്ടവരല്ല സേനയെന്ന് വിധിച്ചതിനെ മുഖ്യമന്ത്രി തിരുത്തിയതാണല്ലോ അരിശത്തിന് ഒരു ഹേതു. കൊതുകിനെ പോലെ കുത്തുന്നതും അതു കൊണ്ടാകണമല്ലോ. ചോര തന്നെ കൊതുകിന്ന് കൗതുകമെന്നല്ലേ ചൊല്ല്.കൃത്യമായ ചട്ടം നോക്കിയല്ല എല്ലാ സര്‍ക്കാര്‍ സംവിധാനവും പ്രവര്‍ത്തിക്കുന്നത്.ജനങ്ങള്‍ക്ക് വേണ്ടി ചട്ടം മാറ്റാറുണ്ട്. അത്തരത്തിലൊരു മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. ജനസമ്പര്‍ക്കം നടത്തി പരാതി കേള്‍ക്കുന്ന ഉമ്മന്‍ചാണ്ടിയ്ക്ക് ചട്ടപ്രകാരം അത് ചെയ്യേണ്ടതില്ല. പ്യൂണ്‍ ചെയ്യേണ്ട പണി മുഖ്യമന്ത്രി ചെയ്യുന്നതെന്തിനെന്ന് വിവരദോഷികളെപോലെ തിരിച്ച് ചോദിക്കാം. സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്ന കമ്മ്യൂണിസ്റ്റായ പവനന്‍ ഒരിക്കല്‍ പറഞ്ഞു. പ്രവര്‍ത്തിക്കുന്നവന് വിമര്‍ശനം കേള്‍ക്കേണ്ടിവരും. പ്രവര്‍ത്തിക്കാതിരിക്കുന്നവന് എന്തും വിളിച്ച് പറയാമെന്ന്.മുഖ്യമന്ത്രിയുടെ കീഴില്‍ ജോലിചെയ്യുന്നയാള്‍ മുഖ്യമന്ത്രിയെ പരിഹസിച്ചാല്‍ എന്താണ് സംഭവിക്കുകയെന്നതില്‍ ഗവേഷണം നടത്തുകയാണ് ജേക്കബ്ബ് തോമസ്. പോലീസ് ഉദ്യോഗസ്ഥനായഅദ്ദേഹം കുറച്ച് കാലമായി ഭരണ വര്‍ഗ്ഗത്തെ പ്രകോപിപ്പിക്കുകയാണ്. അത് വഴി അദ്ദേഹംഉദ്ദേശിക്കുന്നത് പബ്ലിസിറ്റിയാകാം,തിരിച്ച് കോണ്‍ഗ്രസ്സുകാരുടെ കല്ലേറാണ് ആഗ്രഹമെന്ന് തോന്നുന്നു. ആരും ഗൗനിക്കുന്നില്ല. അതിനാല്‍ വിമര്‍ശനം തുടരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കാറില്ല. സ്ഥാനത്തെയാണ് നാം ബഹുമാനിക്കുന്നത്. അല്ലാതെ വ്യക്തിയെയല്ല.ആരും ചെയ്യാത്തത് ചെയ്യുമ്പോഴാണ് പബ്ലിസിറ്റിവരുക. റോഡിലിറങ്ങി ഉമ്മവെച്ചപ്പോഴല്ലേ ശില്‍പ്പഷെട്ടിക്ക് വന്‍ പബ്ലിസിറ്റി കിട്ടിയത്. കിടപ്പറയില്‍ ചെയ്യേണ്ടത് മറൈന്‍ ഡ്രൈവില്‍ ചെയ്തപ്പോഴല്ലേ ചുംബന സമരക്കാര്‍ക്ക് ടിവിയില്‍ മുഖം കാണിക്കാന്‍ പറ്റിയത്. ഡിജിപി പറയാന്‍ പാടില്ലാത്തത് പറുയുമ്പോഴാണല്ലോ പബ്ലിസിറ്റി. ജേക്കബ്ബ് തോമസ് പറയുന്നതിലൊന്നും പുതുമയില്ല. പകര്‍ച്ചവ്യാധി വരുമ്പോള്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ആരോഗ്യവകുപ്പ് ഓര്‍മ്മിപ്പിക്കുന്നപോലെയേയുള്ളു.മുഖ്യമന്ത്രിയെ കാണുമ്പേള്‍ സല്യൂട്ട് ചെയ്യുന്ന ഒരുത്തന്‍ മുഖ്യമന്ത്രിയെ കൊച്ചാക്കുന്ന വര്‍ത്തമാനം പറയുമ്പോള്‍ അത് വാര്‍ത്തയാകുന്നു. അഴിമതിക്കെതിരെ പറഞ്ഞാല്‍ മനോരോഗിയായി ചിത്രീകരിക്കുമെന്നാണ് ജേക്കബ്ബ് തോമസ് പറയുന്നത്. ഔചിത്യത്തോടെ പെരുമാറണം. മരണ വീട്ടില്‍ ചെന്ന് ആരും പടക്കം പൊട്ടിക്കാറില്ലല്ലോ. വായ ഒട്ടിക്കാന്‍ സെല്ലോ ടേപ്പുമായിട്ടാണ് താന്‍ നടക്കുന്നതെന്ന് ഐപി എസ് മേധാവി അറിയിച്ചാല്‍ ഇയാള്‍ക്കെന്താ വട്ടുണ്ടോ എന്ന് സ്വാഭിവകമായും ചിന്തിക്കും. പ്രകൃതിയെ സംരക്ഷിക്കണമെന്ന് പറയാം. എന്നാല്‍ കൂട്ടത്തില്‍ മുഖ്യമന്ത്രിയാണ് സംരക്ഷിക്കാത്തതെന്ന് പറഞ്ഞാലോ.പറയുന്നവരെക്കുറിച്ച് ജനം ഒരു നിഗമനത്തിലെത്തും. അഴിമതിക്കെതിരെ പ്രതികരിച്ചാല്‍ മെമ്മോ കിട്ടുമെന്നാണ് ജേക്കബ്ബ് തോമസ് പറയുന്നത്..ചീഫ് സെക്രട്ടറിയാകാന്‍ മിനിമം 3 വിജിലന്‍സ് കേസ്സെങ്കിലും വേണമെന്ന് ഐപി എസ് ഉദ്യോഗസ്ഥന്‍ പ്രസംഗിക്കുമ്പോള്‍ ജനം എന്താണ് ധരിക്കേണ്ടത്.ഒപ്പമുള്ളവരെ പരിഹസിക്കുന്നത് വഴി ചിലര്‍ക്ക് ആനന്ദം ലഭിക്കാറുണ്ട്. മന്ത്രിക്കെതിരെ കോടതി വിധിവന്നാല്‍ കയ്യടി നേടാന്‍ മന്ത്രിയോട് രാജിവെക്കാന്‍ പറയുന്ന വിവേകമില്ലാത്ത കീഴുദ്യോഗസ്ഥരെയല്ല ജനാധിപത്യ സംവിധാനത്തിന് ആവശ്യം. ഒരാള്‍ക്ക് എതിരെ വിജിലന്‍സ് കേസ്സ് നിര്‍മ്മിക്കാന്‍ വലിയ പ്രയാസമില്ല.ആര്‍ക്കതിരേയും ഇന്നാട്ടില്‍ പരാതി നല്‍കാം. അതില്‍ പിടിച്ച് അന്വേഷണവും നടത്താം. ഇതൊക്കെ ചെയ്ത് പരിചയമുള്ളവര്‍ ഉദ്യോഗസ്ഥ തലപ്പത്തുമുണ്ടല്ലോ. രാഷ്ട്രീയക്കാരെ ബഹുമാനിക്കാനാകുന്നില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങണം. എന്നിട്ട് മത്സരിക്കണം. ജനം അംഗീകരിച്ചാല്‍ മുഖ്യമന്ത്രിവരെയാകാം. തോറ്റാല്‍ വീട്ടിലിരിക്കാം. പക്ഷേ ഇപ്പോള്‍ കിട്ടുന്ന പബ്ലിസിറ്റി തരാന്‍ ചാനലുകള്‍ അപ്പോള്‍പിന്നാലെ വരില്ല. ഡിജിപി സെന്‍കുമാറിന്റെ പ്രതികരണം വന്ന സ്ഥിതിക്ക് ജേക്കബ്ബ് തോമസ്സിനോട് ഈ സര്‍ക്കാരിന് മമത ഇല്ലാതായിരിക്കുന്നു. വിശ്വസിച്ച് ഒരു ജോലിയും ഏല്‍പ്പിക്കാന്‍ പറ്റില്ലെന്നായിരിക്കുന്നു. ജേക്കബ്ബ് തോമസ്സിനെക്കുറിച്ച് തനിക്ക് പലതും അറിയാമെന്ന് പറഞ്ഞിരിക്കുന്നു. എങ്കില്‍ ഇനി എന്തിന് കാത്തിരിക്കുന്നു. അവധിയെ പുണരുന്നതാണ് നല്ലത്. അല്ലങ്കില്‍ പുറത്ത് വരിക.വി എസ് അച്യുതാനന്ദനെന്ന വെളിച്ചപ്പാടിന്റെ പൂക്കലക്കുറ്റിയായി തുള്ളാം.വെളിച്ചപ്പാടിന് ആവേശം കൊള്ളിക്കാന്‍ എതിര്‍ ദിശയില്‍ തെങ്ങിന്‍ പൂക്കുല പിടിച്ച് തുള്ളന്നയാളാണ് പൂക്കുലക്കുറ്റി. സിപിഎം നേതാവ് ജി സുധാകരന്‍ മന്ത്രിയായിരിക്കുമ്പോള്‍ പറഞ്ഞു, ഏത് പട്ടിയുടെ കഴുത്തിലും കാണും മൂന്ന് അക്ഷരമെന്ന്. വലിയ അര്‍ത്ഥമുണ്ട് സുധാകരന്‍ പറഞ്ഞതിന്.പട്ടികള്‍ക്ക് കുരയ്ക്കാം. മാനത്ത് തിളങ്ങി നില്‍ക്കുന്ന ചന്ദ്രനെ നോക്കിപോലും. തിരിച്ച് നാം കുരയക്കാന്‍ പാടില്ല. കുരച്ചാല്‍ നമ്മളും. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം