malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

അങ്ങാടിയില്‍ തോറ്റാല്‍ ഇങ്ങനെയുമാകാമോ

ടി.വി. പുരം രാജു
കഴിഞ്ഞ രണ്ട് രാപകലുകളില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കനത്ത മഞ്ഞിനെ വകവയ്ക്കാതെ കേരളത്തിന്റെ മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും എംപിമാരും പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും ഓഫീസുകളും വീടുകളും കയറിയിറങ്ങുകയായിരുന്നു. ഇടതുമുന്നണിക്കാരുടെ പതിവുശൈലിപോലെ കേന്ദ്രസര്‍ക്കാരിനെതിരെ മുഷ്ടി ചുരുട്ടാനോ മുദ്രാവാക്യം മുഴക്കാനോ ആയിരുന്നില്ല മുഖ്യമന്ത്രിയുടെയും മറ്റും ഡല്‍ഹിയാത്ര. കേരള സംസ്ഥാനത്തിന്റെ വികസനപ്രശ്‌നങ്ങളിലും കഴിഞ്ഞയാഴ്ച മദ്ധ്യകേരളത്തിന്റെ ശ്വാസംമുട്ടിച്ച മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിനും സാധ്യത തേടി കേന്ദ്രത്തെ സമീപിക്കുകയായിരുന്നു മുഖ്യമന്ത്രിയും കൂട്ടരും. കേരളത്തിലെ ജനങ്ങളോട് ഒട്ടിനിന്നിട്ടുള്ള ആളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് വിമാനം കയറിയതിന് പിന്നാലെ കേരളത്തിലെ ചാനല്‍ വിശാരദന്മാര്‍ നടക്കാന്‍പോകുന്ന ഒരു മഹാത്ഭുതത്തിന്റെ ബ്രേക്കിംഗ് ന്യൂസ് പുറത്തുവിട്ടു തുടങ്ങിയിരുന്നു. സോളാര്‍ അന്വേഷണ കമ്മീഷണനു മുന്നില്‍ മൊഴികൊടുക്കാനെത്തിയ കൊലക്കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ പുറത്തുവിട്ട "സിഡി കഥ"യിലെ സസ്‌പെന്‍സ് ഭാഗങ്ങളുടെ അവസാന രംഗം ചിത്രീകരിക്കാന്‍ ഒബി വാനുകളുടെ നിരയൊരുക്കാനും കമന്റേറ്റര്‍മാരെ കൊച്ചി-കോയമ്പത്തൂര്‍ റൂട്ടില്‍ മയില്‍ക്കുറ്റിപോലെ അണിനിരത്താനും ചാനലുകാര്‍ മത്സരിക്കുകയായിരുന്നു. കൊച്ചിയിലെ സോളാര്‍ കമ്മീഷന്‍ ഓഫീസില്‍ നിന്നും കല്‍പാത്തി രഥോത്സവത്തിന്റെ യാത്രകണക്കെ രാധാകൃഷ്ണനും സംഘവും തേങ്ങയുടച്ച് യാത്രതുടങ്ങുന്നതു മുതല്‍ കോയമ്പത്തൂരില്‍ സെല്‍വിപുരത്ത് ബിജു സഹോദരി സെല്‍വിയുടെ ഗൃഹപ്രവേശം വരെ ലൈവ് കാണിച്ചവര്‍ക്ക് രാത്രി ഒമ്പതരയോടെ "പട്ടി ചന്തയ്ക്ക് പോയ" സ്ഥിതി ഉണ്ടായി. സോളാര്‍ കേസിലൂടെ വിവാദനായികയായി മാറിയ സരിതയെ കൂട്ടിച്ചേര്‍ത്ത് മാസങ്ങളായി സിപിഎം സ്‌പോണ്‍സര്‍ഷിപ്പില്‍ പല കഥകളും പുറത്തുവന്നിട്ടുണ്ട്. മന്ത്രിമാര്‍ മുതല്‍ പഞ്ചായത്ത് അംഗങ്ങളെവരെ അപകീര്‍ത്തിപ്പെടുത്താന്‍ കാലാകാലങ്ങളില്‍ സരിതയെ അവതരിപ്പിക്കുകയായിരുന്നു സിപിഎം. സ്വന്തം ഭാര്യയെ മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന ബിജു രാധാകൃഷ്ണന്‍ എന്ന സമനില തെറ്റിയ ഒരുത്തന്‍ മാറിമാറി പറയുന്ന മൊഴികളെ വിഴുങ്ങി അതിനൊപ്പിച്ച് താളംതുള്ളുന്ന കുരങ്ങന്റെ അവസ്ഥയിലെത്തിയിരിക്കുകയാണ് കേരളത്തിലെ സിപിഎമ്മും ഇടതുമുന്നണിയും. കേരളത്തിലെ ജനങ്ങളുടെ സമകാലീന പ്രശ്‌നങ്ങളില്‍ കേന്ദ്രത്തെ ഇടപെടുത്താനും വികസന പദ്ധതികള്‍ക്ക് അനുമതി വാങ്ങാനും മുഖ്യമന്ത്രിയും കൂട്ടരും ഡല്‍ഹിയില്‍ അത്യദ്ധ്വാനം ചെയ്യുമ്പോള്‍ കേരളത്തില്‍ അതേസമയത്ത് സിപിഎമ്മും ഇടതുമുന്നണിയും സെക്രട്ടറിയേറ്റ് മാര്‍ച്ചും ജില്ലാ കളക്ടറേറ്റ് മാര്‍ച്ചുകളും നടത്തുകയായിരുന്നു. ഈ മാര്‍ച്ചില്‍ സിപിഎം നേതാക്കളായ വി.എസ് അച്യുതാനന്ദനും പിണറായി വിജയനും കൊടിയേരി ബാലകൃഷ്ണനുമൊക്കെയാണ് മുന്നില്‍ നിന്നത്. ഈ മൂവരും ആവര്‍ത്തിച്ച് ഇന്നലെയും ആവശ്യപ്പെട്ടത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ്. രണ്ടുദിവസം മുമ്പുവരെ സിപിഎം നേതാക്കള്‍ നിരന്തരം പ്രവചിച്ചിരുന്നത് ബിജു രാധാകൃഷ്ണന്റെ പോക്കറ്റിലുള്ള അശ്ലീല സിഡിയെക്കുറിച്ചായിരുന്നു. ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനു മുമ്പാകെ സിഡി ഹാജരാക്കുന്നതും അതിലെ ദൃശ്യങ്ങള്‍ പുറത്തുവരുന്നതും മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ പണിയും നിര്‍ത്തി കാശിക്കുപോകുന്നതും സ്വപ്‌നംകണ്ട് ഉറങ്ങുകയായിരുന്നു കോടിയേരി കൂട്ടര്‍. ബിജു രാധാകൃഷ്ണന്‍ സിഡിക്ക് പകരം കായസഞ്ചിയുമായി മടക്കയാത്ര നടത്തിയപ്പോള്‍ തകര്‍ന്ന് വീണത് വിഎസും പിണറായിയും കോടിയേരിയും കണ്ട സ്വപ്‌നങ്ങളായിരുന്നു. സോളാര്‍, ബാര്‍ എന്നൊക്കെ ലക്ഷാര്‍ച്ചന നടത്താന്‍ സിപിഎം നേതാക്കള്‍ ശീലിച്ചിരിക്കുന്നു. കാളപെറ്റു എന്നു കേട്ടാല്‍ കയറെടുക്കുന്ന മഹാനാണ് സാക്ഷാല്‍ വിഎസ് സഖാവ്. എന്ത് കണ്ടാലും എന്ത് കേട്ടാലും ആദര്‍ശക്കാരനായ അച്യുതാനന്ദന്‍ മുഷ്ടി ചുരുട്ടി നീട്ടിയും കുറുക്കിയും പ്രസംഗം തുടങ്ങും. സഖാവിന്റെ മുഖം വക്രീകരിച്ചുകൊണ്ടുള്ള ഭാഷാപ്രയോഗവും ആംഗ്യം കാണിക്കലും മലയാളികള്‍ക്ക് അല്പം ക്ഷമാശീലമുള്ളതുകൊണ്ട് സഹിച്ചുപോകുകയാണ്. (പ്രായാധിക്യവും ഒരു ആനുകൂല്യമാണല്ലോ) ബിജു രാധാകൃഷ്ണന്റെ മൊഴി വന്നതോടെ പിണറായിക്കും കോടിയേരിക്കും ഒരു വെളിപാടുണ്ടായി. അച്യുതാനന്ദന് വേലിക്ക് പുറത്താക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഇരുവരും അല്പകാലത്തേക്ക് വിഎസ് വിരോധത്തിന് സ്റ്റേ നല്‍കി. സിപിഎമ്മും ഇടതുമുന്നണിയും പ്രഖ്യാപിക്കുകയും നടത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളെ കേരളീയര്‍ ഗൗരവമായി കാണാതായിട്ട് കാലമേറെയായി. അടിക്കടി സര്‍ക്കാര്‍വിരുദ്ധ സമരം പ്രഖ്യാപിക്കുകയും അതേ വേഗതയില്‍ സമരം അവസാനിപ്പിക്കുകയോ ആളില്ലായ്മകൊണ്ട് പൊളിയുകയോ ചെയ്യുന്ന സ്ഥിതിയാണ് കുറെക്കാലമായി കാണുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റശേഷം കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി ഒരു സമരം പ്രഖ്യാപിക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടില്ല. സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ആള്‍ക്കാരെ വ്യക്തിഹത്യ നടത്താനും യാതൊരു അടിസ്ഥാനവുമില്ലാതെ അവര്‍ക്കെതിരെ ആരോപണം ഉന്നയിക്കാനും അതിന്റെയൊക്കെ പേരില്‍ സമരം പ്രഖ്യാപിക്കാനുമാണ് ഇടതുമുന്നണി ശ്രമിച്ചിട്ടുള്ളത്. സോളാറിലെ ബിജു രാധാകൃഷ്ണനും ബാറിലെ ബിജു രമേശുമാണ് ഇടതു മുന്നണിയുടെ ഇപ്പോഴത്തെ കാണപ്പെട്ട ദൈവങ്ങള്‍. കാലക്കേട് കണ്ടുപിടിക്കാന്‍ പാഴൂര്‍പ്പടിയില്‍ പോകുന്ന പണ്ടുള്ളവരുടെ പതിവുപോലെ സോളാര്‍-ബാര്‍ ബിജുമാരുടെ മുന്നില്‍ ദണ്ഡനമസ്‌കാരത്തിന് തയ്യാറെടുത്തു നില്‍ക്കുകയാണ് സിപിഎം നേതാക്കള്‍. യാതൊരു പുതുമയും അനുഭവപ്പെടാത്ത, ജനമനസ്സില്‍ ഒരു ചലനവും സൃഷ്ടിക്കപ്പെടാത്ത സമരങ്ങളുമായി നീങ്ങുന്ന ഇടതുമുന്നണിയെ അവഗണിച്ചുകൊണ്ട് സ്വന്തം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ മുന്നോട്ടു നീങ്ങുന്ന സര്‍ക്കാരിന്റെ നടപടികള്‍ക്ക് ജനം ന്യായം കാണുന്നുണ്ട്. തെരുവിലിറങ്ങി ഇടതുമുന്നണി സമരാഭാസം നടത്തുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അദ്ദേഹത്തിനോടൊപ്പമുള്ള മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, പി.ജെ. ജോസഫ്, കെ.സി. ജോസഫ്, വിഎസ്. ശിവകുമാര്‍, കെ. ബാബു, അനൂപ് ജേക്കബ് എന്നിവരുമൊക്കെ കേന്ദ്രമന്ത്രിമാരെ കണ്ട് ഇവിടത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള അഭ്യര്‍ത്ഥന നടത്തുകയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ ഡല്‍ഹി യാത്രയിലൂടെ 2580 കോടിയുടെ വികസനത്തിനാണ് കേരളത്തില്‍ വഴി തെളിഞ്ഞിട്ടുള്ളത്. സംസ്ഥാനം നടപ്പിലാക്കുന്ന പാര്‍പ്പിട പദ്ധതിക്ക് 1000 കോടിയും പ്രതിസന്ധിയിലായ കൊച്ചിയിലെ എഫ്എസിടിക്ക് 1000 കോടിയും സംസ്ഥാനത്തെ നഗരവികസനത്തിന് 580 കോടിയും നേടിയെടുക്കാന്‍ ഈ യാത്രയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഏറെക്കാലമായി ഫലവത്താകാതെ നില്‍ക്കുന്ന ശബരി റയില്‍പ്പാത കേന്ദ്രപദ്ധതിയാക്കുന്നതിനും സാധിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, അനന്ദ്കുമാര്‍, സുരേഷ് പ്രഭു തുടങ്ങിയവരെ കൂടാതെ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി കാണുകയുണ്ടായി. കഴിഞ്ഞ നാലരക്കൊല്ലത്തിനിടയില്‍ ഒരു നിമിഷംപോലും പാഴാക്കാതെ കേരള വികസനത്തിനായി പ്രയത്‌നിക്കുന്ന ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രിയെ അഴിമതിയുടെയും അവിഹിതത്തിന്റെയും അടിസ്ഥാനമില്ലാത്ത കഥകള്‍ നിരത്തി ഒതുക്കാം എന്ന് ഇടതുമുന്നണിയും സിപിഎം നേതാക്കളും വൃഥാ മോഹിക്കുകയാണ്. പ്രതിപക്ഷത്തിരിക്കുന്ന ഇടതുമുന്നണിയുടെ നേതാക്കള്‍ നിത്യേന പുറത്തുവിടുന്ന ജല്പനങ്ങള്‍ അളന്ന് തൂക്കി അതിനൊപ്പിച്ച് പ്രവര്‍ത്തിക്കുന്ന ശീലക്കാരനല്ല ഉമ്മന്‍ ചാണ്ടി. ആറുപതിറ്റാണ്ട് നീണ്ട പൊതുജീവിതത്തിന്റെ കരുത്തുറ്റ അടിത്തറയില്‍ വിറയ്ക്കാത്ത കാല്‍ചുവട് ഉറപ്പിച്ചാണ് ഉമ്മന്‍ ചാണ്ടിയെന്ന ജനകീയ നേതാവ് നില്‍ക്കുന്നത്. ആ ചുവട് ഇളക്കിമാറ്റാനോ ഇടര്‍ച്ചയിലാക്കാനോ എകെജി സെന്ററില്‍ മെനയുന്ന കുതന്ത്രങ്ങള്‍ക്ക് കരുത്തുണ്ടാകില്ല. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം