malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

റഷ്യയും ടര്‍ക്കിയും ആകെ കണ്‍ഫ്യൂഷനില്‍

പ്രൊഫ. ജോണ്‍ സിറിയക്
മിത്രങ്ങള്‍ ശത്രുക്കളാകുമ്പോഴാണ് വൈരം രൂക്ഷമാകുന്നത്. കണക്കു കൂട്ടലുകള്‍ തെറ്റിയെന്നോ, വഞ്ചിക്കപ്പെട്ടുവെന്നോ ഉള്ള തോന്നല്‍ ശക്തമാകുന്നു. അത് പിന്നെ പ്രതികാരത്തിലെത്തിച്ചേരുന്നു. അതാണിപ്പോള്‍ റഷ്യക്കും ടര്‍ക്കിക്കും ഇടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ടര്‍ക്കിയുടെ പിന്തുണ പ്രതീക്ഷിച്ചുകൊണ്ടാണ് വ്‌ളാഡിമര്‍ പുട്ടിന്‍ സിറിയയില്‍ കഴിഞ്ഞ സെപ്തംബറില്‍ ബോംബാക്രമണം തുടങ്ങിയത്. റഷ്യയുടെ ആകാശാവതാരത്തോടെ സിറിയന്‍ യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്നും അദ്ദേഹം കരുതി. പക്ഷെ യുദ്ധം അവസാനിക്കുന്നുമില്ലാ, അപ്രതീക്ഷിത തിരിച്ചടികള്‍ സംഭവിക്കുകയും ചെയ്യുന്നു. അതിലൊന്നാണ് നവംബര്‍ മാസത്തില്‍ ഒരു റഷ്യന്‍ വിമാനം സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ടര്‍ക്കി വെടിവെച്ചിട്ടത്. അത് പുട്ടിന്റെ അഹന്തക്കുമേല്‍ പതിച്ച അടിയായിത്തീര്‍ന്നു. ഭീകരരുടെ കൂട്ടാളികള്‍ പിന്നില്‍ നിന്നു കുത്തി എന്നാണ് പുട്ടിന്‍ സംഭവത്തെ വിശേഷിപ്പിച്ചത്. അതായത് ഇസ്ലാമിക് ഭീകരതക്ക് ചൂട്ടുപിടിക്കുന്നത് ടര്‍ക്കിയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്ന ഊഷ്മളബന്ധത്തിന്റെ തകര്‍ച്ചക്കിടയാക്കി ഈ സംഭവം. തുര്‍ക്കിക്കെതിരെയുള്ള വേറെ ചില രാജ്യങ്ങളുടെ ആരോപണം റഷ്യയും ആവര്‍ത്തിച്ചു. ഇസ്ലാമിക് സ്റ്റേറ്റുമായി നടത്തുന്ന ഓയില്‍ കച്ചവടത്തിന്റെ ലാഭത്തിലാണ് തുര്‍ക്കിയുടെ കണ്ണ്. അതായത് പരസ്യമായി തീവ്രവാദത്തെ തള്ളിപ്പറയുമ്പോഴും ടര്‍ക്കിക്കൊരു രഹസ്യ അജണ്ടയുണ്ടെന്ന് വാഗ്വാദം വെല്ലുവിളിയോളമെത്തി. അത് രണ്ട് അഹങ്കാരികള്‍ തമ്മിലുള്ള പോര്‍വിളിയായി വളര്‍ന്നു. റഷ്യയുടെ വ്‌ളാഡിമര്‍ പുട്ടിനും ടര്‍ക്കിയുടെ റിസെപ് എര്‍ഡൊഗാനും തമ്മിലുള്ള വെല്ലുവിളി. വിമാനം വീഴ്ത്തിയ സംഭവത്തിനു തൊട്ടുമുമ്പുവരെ അവര്‍ മിത്രങ്ങളായിരുന്നു. തന്ത്രപരമായ ബന്ധത്തിന്റെ പ്രാധാന്യത്തില്‍ ഇരുവരും വിശ്വസിച്ചിരുന്നു. യൂറോപ്യന്‍ സമൂഹത്തില്‍ നിന്നൊരു രാജ്യവുമായുള്ള ബന്ധം റഷ്യക്ക് വലിയ നേട്ടമാകുമെന്ന് പുട്ടിന് അറിയാമായിരുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കച്ചവടം പൊടിപൊടിച്ചിരുന്നു. സാധാരണക്കാരായ റഷ്യക്കാര്‍ക്ക് ചെറിയ ചിലവില്‍ വെക്കേഷന്‍ ചിലവഴിക്കാന്‍ കഴിയുന്നതായിരുന്നു ടര്‍ക്കിയുടെ മെഡിറ്ററേനിയന്‍ ബീച്ചുകള്‍. പുട്ടിന്റെ ഉക്രെയിന്‍ അഡ്‌വെഞ്ചറിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ രോഷം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന് ആശ്രയിക്കാനുണ്ടായിരുന്ന യൂറോപ്യന്‍ രാജ്യം ടര്‍ക്കിയാണ്. അതുകൊണ്ടാണ് എര്‍ഡൊഗാനെ അദ്ദേഹം പലവട്ടം കരുത്തന്‍ എന്നു വിശേഷിപ്പിച്ചത്. ആ കരുത്ത് തനിക്കെതിരെ തിരിയാന്‍ കാരണമായെന്ന് പുട്ടിന്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ടാവും. ടര്‍ക്കി പറയുന്നത് വേറൊരു കഥയാണ്. റഷ്യന്‍ യുദ്ധവിമാനം പലതവണ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചു. പത്തുതവണ റഷ്യക്ക് മുന്നറിയിപ്പ് നല്‍കി. ലംഘനം പിന്നെയും തുടര്‍ന്നപ്പോഴാണ് വെടിവെച്ചിട്ടത്. സംഭവത്തില്‍ ഒരു പൈലറ്റും ഒരു പട്ടാളക്കാരനും കൊല്ലപ്പെട്ടു. പിന്നെ സംഭവിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോരും വായാടിത്വവുമാണ്. അതിന് തൊലിപ്പുറത്തിനപ്പുറത്തുള്ള കാരണങ്ങളുമുണ്ടായിരുന്നു. അതിങ്ങനെ വിശദീകരിക്കാം: രണ്ടു രാജ്യങ്ങളും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ യുദ്ധം ചെയ്യുകയായിരുന്നു. പക്ഷെ യുദ്ധതന്ത്രങ്ങളില്‍ വ്യത്യസ്തതയുണ്ടായിരുന്നു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദിനെ തകര്‍ക്കുക എന്നതായിരുന്നു ടര്‍ക്കിയുടെ ലക്ഷ്യം; അതോടൊപ്പം സിറിയന്‍ കുര്‍ദുകള്‍ സിറിയയില്‍ താവളമുറപ്പിക്കുന്നത് തടയുകയും വേണം. റഷ്യക്കാരുടെ ദീര്‍ഘകാല സുഹൃത്തായ സിറിയന്‍ പ്രസിഡന്റിനെ സംരക്ഷിക്കുകയും കുര്‍ദുകളുമായി സൗഹൃദം പുലര്‍ത്തുകയും വേണം. റഷ്യയുദ്ധരംഗത്തെത്തിയതോടെ ടര്‍ക്കിയുടെ ഉന്നംതെറ്റി. അവര്‍ക്ക് കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും കഴിയാതായി.നാറ്റോയില്‍ അംഗമായ ടര്‍ക്കിക്കാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്തുണ നല്‍കിയത്. പുട്ടിന്റെ അധീശത്വത്തിന് ഒരടികൊടുക്കാന്‍ യൂറോപ്പിനു കിട്ടിയ നല്ല അവസരം സ്വാഭാവികമായും അവര്‍ മുതലാക്കുകയായിരുന്നു. ഈ സംഭവത്തില്‍ നാണം കെട്ടുപോയ പുട്ടിന്‍ ടര്‍ക്കിയെ പാഠം പഠിപ്പിക്കുമെന്ന് ഉറപ്പാണ്. അത് വ്യാപാരബന്ധങ്ങളെ ബാധിക്കും. റഷ്യയില്‍ നിന്നുള്ള ടര്‍ക്കിഷ് സ്ട്രീം പൈപ്പ് ലൈനിനെയും ബാധിക്കും. ടര്‍ക്കി ഉപയോഗത്തിന്റെ ഇരുപതു ശതമാനം ഇന്ധനവും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. മുപ്പത്തഞ്ച് ലക്ഷത്തോളം റഷ്യന്‍ ടൂറിസ്റ്റുകളാണ് വര്‍ഷംതോറും ടര്‍ക്കി സന്ദര്‍ശിക്കുന്നത്. എണ്ണം കുറയുന്നതോടെ അതും ടര്‍ക്കിയുടെ സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കും. അതിനു പുറമെ ടര്‍ക്കിഷ് അതിര്‍ത്തിയോട് ചേര്‍ന്ന് സിറിയയില്‍ ജീവിക്കുന്ന ടര്‍ക്കോമാന്‍ വംശജര്‍ക്കെതിരെ റഷ്യ ബോംബ് എറിയുന്നതും ടര്‍ക്കിയെ വേദനിപ്പിക്കും; കാരണം അവര്‍ ടര്‍ക്കിഷ് വംശജരാണ്. ഇതൊക്കെ കണക്കിലെടുത്തുകൊണ്ടാണ് പ്രസിഡന്റ് എര്‍ഡോഗന്‍ വാക്കുകള്‍ മയപ്പെടുത്തിയതും സമീപനം മൃദുവാക്കിയതും. ഇതിന്റെയെല്ലാം ഭാരം ഇപ്പോള്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടിന്റെ തലയിലാണ്. 130 പേരെ ഐഎസ് ഭീകരര്‍ പാരീസില്‍ വധിച്ചതിനെത്തുടര്‍ന്ന് അതിനെ നശിപ്പിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തോടെ അദ്ദേഹം ലോകരാഷ്ട്രങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്. ഈ നിര്‍ണ്ണായക ഘട്ടത്തില്‍ റഷ്യയുടെ പിന്തുണ അദ്ദേഹത്തിന് അത്യാവശ്യമാണ്. അതിന് ടര്‍ക്കിയും റഷ്യയും തമ്മിലുള്ള ശീതസമരത്തിന് അദ്ദേഹം മധ്യസ്ഥനാകേണ്ടി വന്നേക്കാം. നാറ്റോയിലെ ചില അംഗങ്ങള്‍ക്കെങ്കിലും വേറൊരു വ്യാഖ്യാനമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ലോകം മുഴുവന്‍ ഒന്നിക്കുമ്പോള്‍ അവരെ ഗൂഢമായി സഹായിക്കുക എന്നത് ടര്‍ക്കിയുടെ ലക്ഷ്യമാണോ?അതുപോലെ യൂറോപ്പ് സംശയിക്കുന്നത് റഷ്യയെ വിശ്വസിക്കാമോ എന്ന കാര്യമാണ്. സിറിയന്‍ പ്രസിഡന്റ് ആസാദിനെ രക്ഷിക്കാനും റഷ്യക്കു കഴിഞ്ഞേക്കില്ല. കൈനിറയെ ചോരയുമായി വിറങ്ങലിച്ചു നില്‍ക്കുന്ന ആസാദിനെ രക്ഷിക്കാന്‍ ഇനിയും ശ്രമിക്കുന്നത് ഭോഷത്വമാണെന്ന് ഇപ്പോള്‍ റഷ്യ തിരിച്ചറിയുന്നു. വല്ലാത്തൊരവസ്ഥയിലാണ് മധ്യപൂര്‍വ്വദേശം. കണ്ടവരൊക്കെ കയറി യുദ്ധം ചെയ്യുന്ന അവസ്ഥയാണ് സിറിയയിലേത്. പലരുടേയും താല്പര്യം സിറിയന്‍ പ്രശ്‌നം പരിഹരിക്കുന്നതിനേക്കാള്‍ കുടിപ്പക തീര്‍ക്കലാണ്. ഈ സങ്കീര്‍ണ്ണമായ യുദ്ധം യഥാര്‍ത്ഥപ്രശ്‌നത്തില്‍ നിന്ന് ലോകശ്രദ്ധ ചിതറിക്കാനേ ഉപകരിക്കൂ. യഥാര്‍ത്ഥ പ്രശ്‌നമാകട്ടെ മേലുകീഴ് നോക്കാത്ത ഇസ്ലാമിക് സ്റ്റേറ്റിന്റെ രക്തദാഹമാണ്. ബന്ധപ്പെട്ടവര്‍ താല്ക്കാലത്തേക്കെങ്കിലും അത് മറക്കുന്നു. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം