malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

പാടലീപുത്രയിലെ പടിയിറക്കം

ജെ.അജിത് കുമാര്‍
ഭാരതീയരുടെ മഹാഭാഗ്യമെന്നേ പറയേണ്ടു, ഓരോ ജനവിധിയും രാജ്യത്തിലെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയാണ്. അസഹിഷ്ണുതയും, അടിച്ചേല്‍പ്പിക്കപ്പെടുന്ന ജാതീയമായ ചേരിതിരിവുകളും പരത്തുന്ന അന്ധകാരത്തില്‍, കെടാവിളക്കായി ഭാരതത്തിന്റെ ഭരണഘടന ഉറപ്പാക്കുന്ന മതേതരത്വമെന്ന മഹത്തായ സങ്കല്‍പം സമൂഹത്തില്‍ പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു. നന്ദി പറയണം നമ്മള്‍, നമ്മുടെ പിതാമഹന്മാര്‍ക്കും അവര്‍ എക്കാലത്തും ഉയര്‍ത്തിപ്പിടിച്ച ഉദാത്തമായ രാഷ്ട്രീയ സങ്കല്‍പങ്ങള്‍ക്കും. ജനാധിപത്യം, മതേതരത്വം എന്നീ മഹത്തായ മൂല്യങ്ങളുടെ ശക്തി ഒരിയ്ക്കല്‍ കൂടി തെളിയിക്കുന്നതായി ബിഹാറിലെ ജനവിധി. ഊതി വീര്‍പ്പിച്ച് മഹത്വം ചാര്‍ത്തപ്പെടുന്ന പ്രതീകങ്ങള്‍ക്ക് ആയൂസേറെയില്ല എന്നതിന്റെ മകുടോദാഹരണമാണ് പിന്നാക്ക പ്രദേശമെന്ന് പരിഹസിക്കപ്പെടുന്ന ബിഹാര്‍, രാജ്യത്തിനുമുന്നില്‍ കാട്ടിത്തരുന്നത്. സഹിഷ്ണുതയും, സഹകരണവും, സമാധാനവും, സര്‍വ്വോപരി മതസൗഹാര്‍ദ്ദവുമാണ് ഈ രാജ്യത്തെ സാമാന്യജനം ആഗ്രഹിക്കുന്നതെന്ന സന്ദേശമാണ് ഉത്തരേന്ത്യന്‍ ഹൃദയഭൂമി നല്‍കുന്നത്; മറ്റെല്ലാം വെറും താല്‍ക്കാലിക പ്രതിഭാസങ്ങളാണെന്നും - ഏറെ കൊട്ടിഘോഷിക്കപ്പെട്ട നരേന്ദ്ര മോദി എന്ന പ്രതീകം പോലും. കേവലം ഒന്നരവര്‍ഷം മുമ്പ് ഭാരതത്തേയും ലോകത്തേയും ഞെട്ടിച്ചുകൊണ്ട് ഇന്ദ്രപ്രസ്ഥത്തിലെ പ്രധാനമന്ത്രിക്കസേരയിലേറിയ നരേന്ദ്ര മോദിയുടെ അധികാരപ്രമത്തതയും ഏകാധിപത്യ പ്രവണതയും ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. നേരത്തേതന്നെ അതിനുതുടക്കം കുറിച്ചിരുന്നു- ദല്‍ഹിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ. അടുത്തിടെ, ഉത്തര്‍പ്രദേശില്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും മോദിയുടെ മോടി മങ്ങുന്നതാണ് കണ്ടത്. ലോക്‌സഭയില്‍ നരേന്ദ്ര മോദി പ്രതിനിധീകരിക്കുന്ന വാരാണസി മണ്ഡലത്തിലുള്ള പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുപോലും ജയിച്ചു കയറാന്‍ ബി.ജെ.പിയ്ക്ക് കഴിഞ്ഞില്ല. വാരാണസി എന്ന കാശിയെ തഴുകിയൊഴുകുന്ന ഗംഗാനദിയിലൂടെ മോദിയുടെ പ്രഭാവവും കുത്തിയൊലിച്ചു പോകുന്നത് നാം കണ്ടതാണ്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസം ആര്‍ജിക്കാന്‍ കഴിയാത്ത ഒരു ദേശീയ കക്ഷിക്ക് അധികകാലം അധികാരത്തില്‍ തുടരാന്‍ കഴിയില്ല എന്ന യഥാര്‍ത്ഥ്യം മുമ്പും ബി.ജെ.പി അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ഇക്കഴിഞ്ഞ കാലത്തൊന്നും പാര്‍ട്ടി ഒരു പാഠവും പഠിച്ചില്ല എന്നതിന് ബിഹാര്‍ സാക്ഷ്യം. ഏതെങ്കിലും ഒരു വ്യക്തിയുടെയോ ഏതാനും വ്യക്തികളുടെയോ പ്രതിഛായയെ ആശ്രയിച്ചുമാത്രം എല്ലാ തെരഞ്ഞെടുപ്പുകളിലും ജയിച്ചു കയറാം എന്ന മൗഢ്യവും ആ പാര്‍ട്ടിയ്ക്ക് വിനയായിട്ടുണ്ടാവണം. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയും അതിനോട് പ്രധാനമന്ത്രിപോലും പുലര്‍ത്തുന്ന നിസംഗതയും ജനങ്ങള്‍ അംഗീകരിയ്ക്കില്ല, ഏറെക്കാലം സഹിക്കുകയുമില്ല. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ക്കുള്ളില്‍ തളച്ചിട്ട് തമ്മിലടിപ്പിച്ച് വിഭാഗീയത വളര്‍ത്താനുള്ള കുത്സിതശ്രമങ്ങള്‍ക്ക് വേണ്ടസമയത്ത് അര്‍ഹമായ തിരിച്ചടി കൊടുക്കാനും അവര്‍ക്കറിയാം എന്ന പാഠവും ഇവിടെ പ്രസക്തമാകുന്നു. മോദിയുടെയും സംഘപരിവാറിന്റെയും ധാര്‍ഷ്ട്യത്തിനും, ഒരു വിശാല അജണ്ടയുടെ ഭാഗമായി അവര്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ ധ്രൂവീകരണത്തിനും ഏറ്റ പ്രഹരമാണ് ബിഹാര്‍ ജനവിധി. നരേന്ദ്ര മോദി- അമിത്ഷാ സഖ്യത്തിന്റെ അധീശത്വവും അവരുടെ നേതൃപാടവവും ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. വരുംനാളുകളില്‍ ബി.ജെ.പിക്കുള്ളില്‍ പ്രബലമാകാനിരിക്കുന്ന ഒരു പ്രവണതയിലേയ്ക്കുള്ള സൂചകം കൂടിയാണ് ഈ തെരഞ്ഞെടുപ്പിലേറ്റ പ്രഹരം. ദാദ്രിയിലേതടക്കമുള്ള ഗോമാംസ സംബന്ധിയായ സംഭവങ്ങളും ജാതിയുടെ പേരില്‍ നടന്ന കൊലപാതകങ്ങളും സംവരണത്തെക്കുറിച്ചുളവായ സംശയങ്ങളുമൊക്കെ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയ്ക്ക് വിനയായി. നിതീഷ്‌കുമാര്‍ വീണ്ടും ഒരിയ്ക്കല്‍കൂടി അധികാരത്തിലേയ്ക്ക് തിരിച്ചുവരുന്നതിനോടൊപ്പം ലാലുപ്രസാദ് യാദവ് രാഷ്ട്രീയത്തില്‍ പുനര്‍ജന്മം നേടിയിരിക്കുകയാണ്. എങ്കിലും എടുത്തുപറയേണ്ട വിശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റേതാണ്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് ആഹ്വാനം നടത്തിയ നരേന്ദ്ര മോദിയെ ഞെട്ടിച്ച പ്രകടനമാണ് ബിഹാറില്‍ പാര്‍ട്ടി കാഴ്ചവച്ചത്. മത്സരിച്ച നാല്‍പത്തിയൊന്ന് സീറ്റുകളില്‍ ഇരുപത്തിയേഴെണ്ണം കോണ്‍ഗ്രസ് നേടി. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കോണ്‍ഗ്രസ് നഷ്ടപ്പെട്ട ഭൂമിക തിരിച്ചു പിടിയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു; രാജ്യത്തിന് ശുഭോദര്‍ക്കമായ സംഭവം. അങ്ങനെ, മതനിരപേക്ഷത സംരക്ഷിക്കുന്നതിനായി ദേശീയതലത്തില്‍ ഉരുത്തിരിഞ്ഞു വരാനിരിക്കുന്ന വിശാലമായ മതേതര- ജനാധിപത്യ സഖ്യത്തിന്റെ ശുഭാരംഭം കൂടി ആവുകയാണ് ബിഹാര്‍ വിജയം. ഇത് ദിപാവലി ആഘോഷങ്ങളുടെ ദിനങ്ങളാണ്; ബിഹാര്‍ ഉള്‍പ്പെടുന്ന ഉത്തരേന്ത്യയില്‍ ഏറെ ദിവസങ്ങള്‍ നീളുന്ന ആഘോഷം. ദീപാവലിയെക്കുറിച്ച് വ്യത്യസ്ത ഐതീഹ്യങ്ങള്‍ നിലവിലുണ്ട്. പതിനാല് വര്‍ഷത്തെ വനവാസത്തിനുശേഷം ശ്രീരാമന്‍ അയോദ്ധ്യയില്‍ തിരിച്ചെത്തിയപ്പോള്‍ രാജ്യം മുഴുവന്‍ ദീപങ്ങള്‍ തെളിച്ച് പ്രജകള്‍ അദ്ദേഹത്തെ വരവേറ്റതിന്റെ ഓര്‍മ്മ, എന്നതൊരു ഐതിഹ്യം. തിന്മയുടെ പ്രതീകമായ നരകാസുരനെ വധിച്ച് ശ്രീകൃഷ്ണന്‍ ലോകത്തിന് നന്മയുടെ വെളിച്ചം പകര്‍ന്നതിന്റെ ആഘോഷമെന്ന് മറ്റൊരു ഐതിഹ്യം. ലാലുവിന്റെ രാഷ്ട്രീയ വനവാസത്തില്‍ നിന്നുള്ള തിരിച്ചു വരവായിക്കൂടി ബീഹാര്‍ ഫലങ്ങളെ കാണുന്നു, ഇവിടെ, ഇപ്പോള്‍ ലാലുവും നിതീഷും കലിയുഗത്തിലെ രാമനും കൃഷ്ണനും ആവുകയാണോ? അതെന്തായാലും, തിന്മയുടെ പ്രതീകമായ നരകാസുരന്‍- നരേന്ദ്രമോദി തന്നെ. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം