malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

ബി.ജെ.പി.യില്‍ അടി തുടങ്ങുന്നു

ഇന്ദ്രജിത്ത്‌
കേരളത്തിലെ ബി.ജെ.പി.യില്‍ ഇനി അടി തുടങ്ങാന്‍ പോകുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം തുടങ്ങിയിട്ട് കുറച്ചുകാലമായി. അതിനെ തടുത്തുനിര്‍ത്താനുള്ള പതിനെട്ടടവും മുരളീധരനും പയറ്റുന്നുണ്ട്. മുന്‍ ബി.ജെ.പി. നേതാക്കളായ പി.പി.മുകുന്ദനെയും കെ. രാമന്‍പിള്ളയെയും ആക്ഷേപിച്ചു സംസാരിച്ചത് അതിന്റെ ഭാഗമായിട്ടാണ്. ആര്‍.എസ്.എസ്. ആണ് സംസ്ഥാനത്തെ ബി.ജെ.പി.യില്‍ ഇപ്പോള്‍ പിടിമുറുക്കാന്‍ ആലോചിക്കുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കാത്ത നേട്ടമുണ്ടായതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമാക്കി ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത് കേരളത്തിലെത്തുന്നുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. 18, 19 തീയതികളില്‍ കണ്ണൂരില്‍ ആര്‍.എസ്.എസ്. നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഹൈന്ദവഏകീകരണമാണ് ആര്‍.എസ്.എസ്. ഇവിടെ ലക്ഷ്യമിടുന്നത്. 23 മുതല്‍ ഡിസംബര്‍ 5 വരെ എസ്.എന്‍.ഡി.പിയോഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമത്വമുന്നേറ്റയാത്ര വിജയിപ്പിക്കാന്‍ സംഘപരിവാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങാനും പദ്ധതിയുണ്ട്. ചുരുക്കത്തില്‍ ആര്‍.എസ്.എസ്. കേരളത്തിലെ ബി.ജെ.പി.യെ റാഞ്ചിയെടുക്കാന്‍ തന്നെയാണ് തയ്യാറെടുക്കുന്നത്. ആര്‍.എസ്.എസ്. ബി.ജെ.പി.യെ കസ്റ്റഡിലാക്കിയാല്‍ പിന്നെ വി. മുരളീധരന് തന്റെ സ്ഥാനം നഷ്ടമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ആര്‍.എസ്.എസ്സിന്റെ ദക്ഷിണമേഖലാ ഓര്‍ഗനൈസറും ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന പി.പി.മുകുന്ദന്‍ സ്വാഭാവികമായും ആര്‍.എസ്.എസ്. അഖിലേന്ത്യാനേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെ നിര്‍ണായകനേതൃസ്ഥാനത്ത് എത്തുമെന്നുറപ്പാണ്. അങ്ങനെ ഇന്നത്തെ സംസ്ഥാനനേതൃത്വത്തിന്റെ സങ്കുചിതതാല്‍പര്യങ്ങള്‍ പാര്‍ട്ടിയെ വളര്‍ത്തുകയില്ലെന്ന തിരിച്ചറിവോടെ ആര്‍.എസ്.എസ്. നീങ്ങുമ്പോള്‍ മുരളീധരനും കൈയും കെട്ടി ഇരിക്കുന്നില്ല. ഡിസംബറില്‍ നടക്കുന്ന സംസ്ഥാന നേതൃപുനഃസംഘടനയില്‍ തന്റെ നില ഭദ്രമാക്കാന്‍വേണ്ടി ജില്ലകളിലൊക്കെ തന്റെ പക്ഷക്കാരായ വരണാധികാരികളെയാണ് മുരളീധരന്‍ നിശ്ചയിച്ചിട്ടുള്ളത്. അതുവഴി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് നീക്കം. അങ്ങനെ, ആര്‍.എസ്.എസ്. കൃഷ്ണദാസ് പക്ഷവും മുരളീധരപക്ഷവും തമ്മിലുള്ള യുദ്ധം മുറുകുകയാണ്. **** "ഞാനും മുതലയമ്മാച്ചനുംകൂടി" ജയിച്ചു എന്ന മട്ടിലായിരുന്നു കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുമുമ്പുവരെ സി.പി.എമ്മിന്റെ സ്ഥിരം നിലപാട്. ഓരോ സംസ്ഥാനത്തും പ്രധാന പ്രാദേശികകക്ഷികളോടൊട്ടിനിന്ന് തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നേടിയെടുക്കുക എന്നതായിരുന്നു സി.പി.എമ്മിന്റെ തന്ത്രം. എന്നാല്‍, ഈ തന്ത്രം കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിലപ്പോയില്ല. ജയലളിത, മുലായംസിങ്, നിതീഷ് കുമാര്‍ തുടങ്ങിയവരൊന്നും സി.പി.എമ്മിനെ അമ്പിനും വില്ലിനും അടുപ്പിച്ചില്ല. ഒടുവില്‍, അവരൊക്കെ സീറ്റുകള്‍ തൂത്തുവാരിയിട്ടും സി.പി.എം. പരാജയത്തിന്റെ പടുകുഴിയിലേക്കു പതിച്ചു. ബിഹാറില്‍ ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പിലും സംഭവിച്ചത് അതാണ്. നിതീഷ്-ലാലു-കോണ്‍ഗ്രസ് വിശാലസഖ്യത്തിലോ ബി.ജെ.പി. സഖ്യത്തിലോ സി.പി.എം. ചേര്‍ന്നില്ല. വര്‍ഗ്ഗീയതയ്‌ക്കെതിരെ ശക്തമായി പോരാടുമെന്ന് പണ്ടുമിന്നും വീമ്പിളക്കുന്ന സി.പി.എം. മതേതരചേരിയില്‍ നിലയുറപ്പിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍, അതുണ്ടായില്ല. നരേന്ദ്രമോദി-അമിത് ഷാ കൂട്ടുകെട്ട് കെട്ടിയ മനക്കോട്ടകള്‍ ബിഹാറിന്റെ കാര്യത്തില്‍ അമ്പേ തകര്‍ന്നിരിക്കയാണ്. മോദിതരംഗം ബി.ജെ.പി.ക്ക് ഒരിക്കല്‍ വിജയം നേടിക്കൊടുത്തെങ്കില്‍ ആ അബദ്ധം വിണ്ടും വീണ്ടും സംഭവിക്കുമെന്ന അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റുന്ന കാഴ്ചയാണ് മുമ്പ് ഡെല്‍ഹിയിലും ഇപ്പോള്‍ ബിഹാറിലും നാം കണ്ടത്. വര്‍ഗ്ഗീയതയും അസഹിഷ്ണുതയും വളര്‍ത്തി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള സംഘപരിവാറിന്റെ ശ്രമവും അതിനെ മൗനമായി ആശീര്‍വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപനവും രാജ്യമെങ്ങും പ്രതിഷേധമുയര്‍ത്തിയിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ നരേന്ദ്രമോദിയുടെയും ബി.ജെ.പി.യുടെയും സംഘപരിവാറിന്റെയും അധഃപതനത്തിന്റെ ആരംഭം കുറിച്ചുകഴിഞ്ഞിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ് ഡെല്‍ഹിയിലും ബിഹാറിലും മറ നീക്കി പുറത്തുവന്നത്. മതേതരശക്തികള്‍ ഭിന്നിക്കാതെ ഒറ്റക്കെട്ടായി നിന്നാല്‍, ബി.ജെ.പി.മുക്തഭാരതം വളരെ പെട്ടെന്ന് സാക്ഷാല്‍കൃതമാകും എന്ന സൂചന ഇതില്‍നിന്നും നമുക്കു ലഭിക്കുന്നുണ്ട്. **** ഒരുപാടു കാലമായി തെരുവുനായ് പ്രശ്‌നം കേരളത്തിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയിരിക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ ചുമതലപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഭരണാധികാരികളാകട്ടെ, അതിനു പുല്ലുവിലപോലും കല്പിച്ചില്ല. പൊതുജനമെന്ന കഴുത എന്തായാലും വോട്ടു ചെയ്യുമെന്ന വിശ്വാസമാണ് അതിനു കാരണം. ഏതായാലും, ഹൈക്കോടതി അക്കാര്യത്തില്‍ ഔചിത്യപൂര്‍വ്വം ഒരു തീരുമാനമെടുത്തതു അങ്ങേയറ്റം അഭിനന്ദനമര്‍ഹിക്കുന്നു. എന്നാല്‍, ഹൈക്കോടതിയുടെ ഇടപെടലോ, ജനങ്ങളുടെ ഭാഗത്തുനിന്നുമുള്ള പ്രതിഷേധങ്ങളോ ഉണ്ടാകാതെ പരിഹരിക്കേണ്ട പ്രശ്‌നങ്ങളായിരുന്നു തെരുവുനായ് ശല്യവും മാലിന്യനിര്‍മ്മാര്‍ജനവും. ഇതു രണ്ടും ചെയ്യാന്‍ കഴിയാത്ത തദ്ദേശസ്വയംഭരണ സ്ഥാപനഭരണാധികാരികളെ ഇറക്കിവിടാന്‍ ജനങ്ങള്‍ സംഘടിക്കാത്തതാണ് കഷ്ടം. ഇതിനിടെ ഇക്കാര്യത്തില്‍ ധാരാളം അഭിപ്രായപ്രകടനങ്ങളുണ്ടായി. തെരുവുപട്ടികളെ കൊന്നാല്‍ പൊലീസ് പിടിക്കും എന്ന് കേരള ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ ഭീഷണിപ്പെടുത്തി. ഡോഗ്‌സ് കംപ്ലെയിന്റ് അതോറിറ്റി പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാനായ ജസ്റ്റിസ് കെ. നാരായണക്കുറുപ്പും തെരുവുപട്ടികള്‍ക്കുവേണ്ടി ചാടിവീണു. ഇവര്‍ രണ്ടുപേരെയും തെരുവുപട്ടിപ്രേമി പുരസ്‌കാരം നല്‍കി ആദരിക്കാന്‍ ചില സംഘടനകള്‍ ആലോചിച്ചു വരുന്നതിനിടയിലാണ് നമ്മുടെ ചിറ്റിലപ്പിള്ളി നിരാഹാരം കിടന്നത്. തെരുവുപട്ടികളെ കൊണ്ടുനടക്കാന്‍ നാരായണക്കുറുപ്പിന് അഞ്ചുലക്ഷം രൂപ കൊടുക്കാമെന്ന് ചിറ്റിലപ്പിള്ളി വാഗ്ദാനം ചെയ്തു. ഡി.ജി.പി.ക്കും ചില്ലറ കൊടുക്കാമായിരുന്നു. കാര്യങ്ങള്‍ ഇപ്രകാരം പുരോഗമിക്കവേയാണ് ഹൈക്കോടതി, തെരുവുനായ് ശല്യം തീര്‍ത്തേപറ്റൂ എന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചത്. ഹൈക്കോടതിയുടെ ഈ നടപടി തെരുവുനായ് പ്രശ്‌നം ഇല്ലാതാക്കാന്‍ ഉപകരിക്കുമെന്നു നമുക്കു കരുതാം. അനുബന്ധം ശിഷ്യന്‍ : ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന ജേക്കബ് തോമസ് അനുമതി നല്‍കാതിരുന്നതിനാല്‍ സെക്രട്ടേറിയറ്റ് അനക്‌സിന്റെ ഉദ്ഘാടനം മാറ്റിവച്ചല്ലോ ഗുരോ. ഗുരു : അസ്ഥാനത്ത് ഉറുമ്പു കടിച്ചാല്‍ ആനയും വീഴും ശിഷ്യാ. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം