malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

ഒരു "സോറി"കൊണ്ട് എന്തും മറയ്ക്കാമോ?

ആര്‍.കെ. രവിവര്‍മ്മ
കല്‍ബുര്‍ഗി വധവും ദാദ്രി കൊലപാതകവും അടക്കമുള്ള സംഭവങ്ങളെ അപലപിച്ചുകൊണ്ട് കേന്ദ്രസാഹിത്യ അക്കാദമി പ്രമേയം പാസ്സാക്കിയെന്ന വാര്‍ത്ത സന്തോഷകരം തന്നെ. അക്ഷരവൈരികളുടെ അഴിഞ്ഞാട്ടം അതിരുകടന്നിട്ടും നിഷ്‌ക്രിയത്വവും നിസ്സംഗതയും സാധാരണക്കാരുടെ ഇടയില്‍പോലും ചിന്താവിഷയമാക്കി ഈ സംഭവത്തെ ലഘൂകരിക്കാന്‍ എവിടെ ആരൊക്കെയോ ശ്രമിച്ചുവെന്ന ആവലാതിക്ക് അറുതിവന്നിരിക്കയാണ്. ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങള്‍പോലും നിഷേധിക്കുമ്പോള്‍ ഒരു പരിഷ്‌കൃത സമൂഹത്തിലെ മനുഷ്യസ്‌നേഹികള്‍ പ്രതികരിക്കാതിരിക്കില്ല. സാഹിത്യ അക്കാദമി നല്‍കിയ അവാര്‍ഡുകള്‍ വരെ തിരിച്ചുകൊടുക്കാന്‍ ചിലര്‍ തയ്യാറായി. മാധ്യമങ്ങളില്‍ ഇതേ ചൊല്ലി ചര്‍ച്ചകള്‍ വന്നു. ചാനല്‍ വാര്‍ത്തകളും വാര്‍ത്താ അവതാരകരുടെ വിശകലനങ്ങളും പെരുമഴ സൃഷ്ടിച്ചു. സമ്പൂര്‍ണ്ണ സാക്ഷരതയും പുരോഗമന ചിന്താഗതിയും വളര്‍ന്ന കേരളത്തില്‍ പ്രതിഷേധം മാതൃകാപരമായി പ്രകടമാവുകയുണ്ടായി. പരസ്യമായി ദുഃഖം പ്രകടിപ്പിച്ച അക്കാദമിയെ അഭിനന്ദിക്കുമ്പോള്‍ ചില വസ്തുതകള്‍ ഇതോടപ്പം പറയാതെ വയ്യ. സൂര്യനു ചുവട്ടിലുള്ള എന്തിനെക്കുറിച്ചും ഫെയ്‌സ്ബുക്കിലും മറ്റും ആര്‍ക്കും എഴുതാം എന്നുവെച്ച് വിവരക്കേടും അഹന്തയുമായി വരുന്നവരെ സൂക്ഷിക്കണമെന്ന് പറയട്ടെ. ചില ആഭാസങ്ങള്‍ കയ്യടികിട്ടാന്‍ പറയുന്നതും എഴുതുന്നതും പരസ്യപ്പെടുത്താന്‍ ചാനലുകളും മാധ്യമങ്ങളും തയ്യാറാവരുത്. സ്വയം ഒരു സെന്‍സര്‍ഷിപ്പ് ഉണ്ടാവണം എന്നത് സൂചിപ്പിക്കുകയാണ്. ചാനലുകള്‍ ഏത് ചെകുത്താനും ഉറഞ്ഞുതുള്ളാനുള്ളതല്ല. രാഷ്ട്രീയ നേതാക്കളേയും സഹപ്രവര്‍ത്തകരേയും സന്തോഷിപ്പിക്കാനും കയ്യടി നേടാനും ചിലര്‍ ശ്രമിക്കുമ്പോള്‍ സാമാന്യബോധമുള്ള ചാനല്‍ നടത്തിപ്പുകാരും മറ്റു മാധ്യമങ്ങളും അവയൊക്കെ അവഗണിക്കുന്നതാണ് നല്ലത്. "വായില്‍ തോന്നിയത് കോതക്ക് പാട്ട്" എന്നൊരു ചൊല്ലുണ്ട്. "കോതക്ക് അതാവാം, അത് ക്ഷമിക്കാം. കാരണം കോതക്കു വിദ്യാഭ്യാസവും അറിവും ഒന്നുമില്ല. ഏതെങ്കിലും "കോത"യല്ലാത്ത ഒരാള്‍ ഫെയ്‌സ്ബുക്കില്‍ ബോധപൂര്‍വ്വം ശുദ്ധ അസംബന്ധവും തെമ്മാടിത്തവും എഴുതിയതില്‍ സഹൃദയരുടെ അമര്‍ഷം വരുമ്പോള്‍ ഖേദം പ്രകടിപ്പിക്കുക. ക്ഷമാപണം നടത്തുക. എന്നൊക്കെ പറഞ്ഞാല്‍ അതീസംസ്‌ക്കാര സമ്പന്നമായ നാട്ടില്‍ അതിന് "പൊട്ടന്‍കളി" എന്നാണ് പറയുക. എന്ത് തോന്ന്യാസവും തെമ്മാടിത്തരവും ഉറക്കെ വിളിച്ചു പറഞ്ഞ് പരസിരമലിനീകരണം നടത്തിയവരുടെ ഖേദം വെറും ജാഡയാണ്. അവര്‍ക്ക് മാപ്പുകൊടുക്കാന്‍ കാലത്തിനും ചരിത്രത്തിനും സമൂഹത്തിനും ഒരുകാലത്തും കഴിയില്ല. അതുകൊണ്ട് അത്തരം പരിസരബോധമില്ലാത്ത മനോരോഗികളെ തമസ്‌കരിക്കുക എന്നത് മാത്രമാണ് കരണീയം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സിരാകേന്ദ്രത്തില്‍ നടന്ന നീചവും നിന്ദ്യവും ക്രൂരവുമായ ഒരു പരാമര്‍ശം, മനുഷ്യസ്‌നേഹികളെ ഞെട്ടിക്കുന്നതായിരുന്നു. സ്ത്രീത്വത്തെ ഭാരതീയരും പാശ്ചാത്യരും മാതൃഭാവത്തോടെ നോക്കിക്കാണുമ്പോള്‍ സ്ത്രീശാക്തീകരണത്തിന് കളമൊരുക്കുന്ന നാട് കണ്ടതും കേട്ടതും തികഞ്ഞ ധാര്‍ഷ്ട്യത്തിന്റെ ശബ്ദമാണ്. ഫരീദബാദില്‍ ദളിത് കുടുംബത്തിലെ രണ്ടുപിഞ്ചുകുഞ്ഞുങ്ങളടക്കം നാലുപേരെ ചുട്ടുകൊന്ന സംഭവത്തെക്കുറിച്ച് കേന്ദ്രമന്ത്രി വി.കെ. സിംഗിന്റെ നടപടി ഭരണഘടനാവിരുദ്ധം മാത്രമല്ല, ക്രൂരവും മനുഷ്യത്വരഹിതവുമാണ്. മനുഷ്യക്കുഞ്ഞുങ്ങളെ പട്ടികളെന്ന് വിശേഷിപ്പിച്ച മന്ത്രി, ജനങ്ങളുടെ ശമ്പളം വാങ്ങി നാടു ഭരിക്കുന്ന മനുഷ്യനാണ്. ആദിവാസികളും പിന്നോക്ക വിഭാഗക്കാരും പട്ടിക്ക് സമാനമായി കാണേണ്ടവരല്ല. വി.കെ. സിംഗിന് ഹിന്ദുപുരാണത്തിലെ ധര്‍മ്മപുത്രരെ അറിയാമോ? അന്ത്യയാത്രക്ക് പോകവെ പാണ്ഡവരെല്ലാം ഓരോരുത്തരായി വീണു. അവസാനം ധര്‍മ്മപുത്രരെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കാന്‍ വന്നപ്പോള്‍ തന്റെ കൂടെയുള്ള നായക്കും സ്വര്‍ഗ്ഗത്തില്‍ പ്രവേശനം തരണമെന്ന് പറഞ്ഞ ആ നായും നായതന്നെയല്ലേ? തന്റെ മക്കളെ ദ്രോഹിച്ചവരെപ്പറ്റി ദേവന്മാരോട് ആവലാതി പറഞ്ഞ വേറൊരു പട്ടിയുണ്ട് പുരാണത്തില്‍. കുറ്റാന്വേഷണത്തിന് സിബിഐക്കുപോലും മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്ന പട്ടികളെ പാവപ്പെട്ട സാധാരണക്കാര്‍ക്കും എല്ലാ ജാതിയില്‍ പിറന്നവര്‍ക്കും അറിയാം. ആ പട്ടികളുടെ അന്വേഷണബുദ്ധിയും കര്‍മ്മകുശലതയും ഇത്തരം ഭരണരംഗത്തുള്ളവര്‍ക്കും ഉണ്ടായാല്‍ എത്ര നന്നായിരുന്നു? പട്ടികളായി നിസ്സാരവത്ക്കരിച്ചവര്‍ക്ക് ജനാധിപത്യത്തില്‍ രാജാവിനേക്കാളും അധികാരമുള്ള ഒരു ഭരണഘടനയുണ്ടിവിടെ. വോട്ടവകാശം ജന്മദത്തമായി കിട്ടിയ അവകാശമൊന്നുമല്ല. ഇത് ഒരു ജനതയുടെ കര്‍മ്മപഥങ്ങള്‍ നേടിയതാണ്. തറവാട്ട് വകയല്ല. ഈ വ്യവസ്ഥിതിക്ക് ജനാധിപത്യ സംവിധാനം എന്നാണ് പേര്. പഴയ ഭൂപ്രഭുക്കളുടെയും സമ്പന്നരുടെയും ഏകാധിപത്യ ഭരണമല്ല- ബാലറ്റു പേപ്പറിന്റെ നിശ്ശബ്ദവിപ്ലവമാണത്. ഭരിക്കുന്നവര്‍ അന്ധബധിരമൂകതയുടെ വേഷംകെട്ടി നാണംകെട്ട് പരിഹാസ്യരായി മാറരുത്. ബഹുസ്വരതയും ബഹുവര്‍ഗ്ഗസമൂഹവുമുള്ള നാടിന്റെ പൈതൃകം ഇല്ലാതാക്കാന്‍ ആരും ശ്രമിക്കരുത്. കല്‍ബുര്‍ഗിയും മുഹമ്മദ് അഖ്‌ലാവും ഗുലാം അലിയും ഈ പിഞ്ചുകുഞ്ഞുങ്ങളും വരാനിരിക്കുന്ന ഒരു ഘോരാന്ധകാരത്തിന്റെ ദുരന്ത ദുസ്സൂചനകളാണെന്ന് പറയാതെ വയ്യ. സഹിഷ്ണുതയുടെയും പ്രതിരോധത്തിന്റെയും സൗഹാര്‍ദത്തിന്റേയും പ്രതിരോധമാണിവിടെ നടത്തേണ്ടത്. കലാപകലുഷിതമായ ഒരവസ്ഥയില്‍ മറ്റാരേക്കാളും സംയമനവും നിയന്ത്രണവും ഭരണകര്‍ത്താക്കള്‍ നിലനിര്‍ത്തണം. ജനാധിപത്യസംവിധാനത്തില്‍ കക്ഷികളോ കക്ഷിയോ അധികാരത്തില്‍ വന്നു കഴിഞ്ഞാല്‍ വോട്ടു ചെയ്യുന്നവരേയും ചെയ്യാത്തവരെയും ഒരേ രീതിയില്‍ കാണാതെ മുന്നോട്ടു പോകാനാവില്ല. തങ്ങള്‍ക്ക് വോട്ട് ചെയ്യാത്തവരെ ശത്രുക്കളായി കണ്ടുകൊണ്ട് ഒരു ഭരണത്തിനും നിലനില്‍ക്കാനാവില്ല. മാത്രമല്ല വോട്ട് ചെയ്യാത്തവരുടെ ഒരു ഒത്തുചേരല്‍ പെട്ടെന്നുണ്ടാവാം. ഒരു ഭൂരിപക്ഷ അഹന്തക്കും അത് തടയാനാവില്ല. ഇവിടെയാണ് സംയമനം വേണ്ടത്. സ്വയം ഇനിയും ഇതറിയാത്തവര്‍ കരബലംകൊണ്ടും സംഘശക്തികൊണ്ടും എല്ലാം തകര്‍ക്കാമെന്ന അഹന്ത സര്‍വ്വനാശത്തിലേക്കാണെത്തിക്കുക. മനുഷ്യസ്‌നേഹികള്‍ മറ്റെല്ലാം മറന്ന് ഏത് അതിക്രമങ്ങളേയും ഒന്നിച്ച് നിന്ന് എതിര്‍ക്കുക തന്നെ വേണം. അവിടെ കക്ഷിരാഷ്ട്രീയവും ജാതിമതഭാഷാ ചിന്തകളേ ഇല്ലാതെ "മനുഷ്യവേട്ട"ക്കെതിരായി ഒന്നിച്ച് അണിനിരക്കുക. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം