malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

മോദി ഭരിക്കുന്ന ഇന്ത്യയില്‍ ഭീതി പൂണ്ടു ജീവിക്കുന്നവര്‍

അസീസ് മാസ്റ്റര്‍
ആറെസ്സസ് നേതാവ് ഭാഗവതിന്റെ വിജയദശമി പ്രഭാഷണം കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള ദൂര്‍ദര്‍ശന്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. ഭാരതത്തിന്റെ യശസ്സുയര്‍ത്തുകയും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ രാഷ്ട്രത്തിന് അഭിമാനവും അന്തസ്സും ഉണ്ടാക്കുകയും ചെയ്തു നരേന്ദ്രമോദിയുടെ ഭരണം എന്നാണ് ആറെസ്സസ് നേതാവ് പ്രസംഗത്തില്‍ പറഞ്ഞത്. നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷമാണ് ആറെസ്സസ് നേതാവിന്റെ പ്രസംഗം ദേശീയ വാര്‍ത്താവിതരണ ശൃംഖലയിലൂടെ പ്രക്ഷേപണം ചെയ്യാന്‍ തുടങ്ങിയത്. 1925 - ല്‍ വിജയദശമി ദിനത്തില്‍ സ്ഥാപിതമായ ആറെസ്സസിനെ സംബന്ധിച്ച് ഇത് തൊണ്ണൂറാമത്തെ വാര്‍ഷിക ദിനമാണ് കഴിഞ്ഞു പോയത്. ഒന്‍പതു പതിറ്റാണ്ടു കാത്തിരിക്കേണ്ടി വന്നു ആറെസ്സസിന്റെ വാര്‍ഷികാചരണത്തിന് കേന്ദ്ര ഭരണകൂട നിയന്ത്രണത്തിലുള്ള വാര്‍ത്തവിതരണ സംവിധാനത്തിലൂടെ അതിന്റെ ശബ്ദം ഭാരത ജനതയെ കേള്‍പ്പിക്കുവാന്‍. ഭാരതത്തിലെ ജനതയെ ഒത്തെരുമിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നതിനായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് ആറെസ്സസ് എന്നാണ് മോഹന്‍ ഭാഗവത് തന്റെ വിജയദശമി പ്രഭാഷണത്തില്‍ പറഞ്ഞത്. ഭാരതത്തിന്റെ യശസ്സുയര്‍ത്തിയ ഒരു പ്രധാനമന്ത്രിയെ രൂപപ്പെടുത്തുവാന്‍ ജനതയെ ഒന്നിപ്പിക്കാനായി പ്രയത്‌നിക്കുന്ന ഒരു പ്രസ്ഥാനത്തിന് ഒമ്പതു പതിറ്റാണ്ടു കാത്തിരിക്കേണ്ടി വന്നുവോ എന്ന ചോദ്യത്തോടൊപ്പം മോദിയുടെ ഭരണകാലം ഇന്ത്യക്ക് സമ്മാനിച്ചത് ജനങ്ങളുടെ ഒരുമയുടെയും സഹവര്‍ത്തനത്തിന്റെയും അന്തരീക്ഷമാണോ എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. നരേന്ദ്രമോദിയെ സാധ്യമാക്കിയ പ്രത്യയശാസ്ത്രം ആറെസ്സസിന്റെതു തന്നെയാണ്. ആ നിലക്ക് അദ്ദേഹം ആറെസ്സസിന്റെ പ്രധാനമന്ത്രിയുമാണ്. ഒമ്പതു പതിറ്റാണ്ട് അകറ്റി നിര്‍ത്തപ്പെട്ട ഒരു പ്രസ്ഥാനത്തിന് ഇന്ത്യയില്‍ അധികാരത്തിലെത്താന്‍ സാധിച്ചത് ജനങ്ങള്‍ ഒന്നിച്ച് ആ രാഷ്ട്രീയത്തെ ഏറ്റെടുത്തതുകൊണ്ടാല്ല. ഇന്ത്യന്‍ ജനതക്ക് സംഭവിച്ച ഒരബദ്ധം പോലെ മാത്രം കാണേണ്ടതാണ് ആ അധികാരപ്രാപ്തിയെ. ജനതയില്‍ മുപ്പത്തിമൂന്നു ശതമാനത്തിന്റെ മാത്രം ബോധപൂര്‍വ്വമോ അബദ്ധവശാലോ ഉള്ള പിന്തുണമാത്രമാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് ഉള്ളത്. ബാക്കി അറുപത്തിയേഴു ശതമാനവും എതിര്‍വശത്താണ് രാഷ്ട്രീയമായി നിലകൊള്ളുന്നത്. വലിയ വാഗ്ദാനങ്ങളും പ്രതീക്ഷകളും വാരിവിതറി അധികാരത്തിലെത്തിയ നരേന്ദ്രമോദി ഒരുവര്‍ഷം തികയ്ക്കും മുമ്പുതന്നെ ഇന്ത്യയിലെ വലിയവിഭാഗം ജനങ്ങള്‍ അദ്ദേഹത്തിന്റെ ഭരണം മടുത്തു കഴിഞ്ഞു എന്നതാണ് നേരനുഭവം. മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ നാം കാണുന്നത് മറ്റൊരിന്ത്യയെയാണ്. മാസത്തില്‍ ഇരുപത്തിയാറു ദിവസവും വിദേശയാത്ര നടത്തുകയും വിദേശരാഷ്ട്രങ്ങളില്‍ച്ചെന്ന് ഇന്ത്യയെക്കുറിച്ച് ആദര്‍ശ ശില്‍പങ്ങള്‍ മെനഞ്ഞവതിരിപ്പിക്കയും ചെയ്യുന്ന മോദി ഈ കാലയളവില്‍ ഇന്ത്യയിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്മരണീയമായ ഒരു ഭരണനേട്ടവും കാഴ്ചവെക്കുകയുണ്ടായില്ല. ആറെസ്സസ്സിനും അതിന്റെ പ്രതിനിധിയായ തനിക്കും വിദേശരാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന നിറംമങ്ങിയ സ്വീകാര്യതയെ തെളിയിച്ചെടുക്കാനാണ് എന്‍. ആര്‍. ഐ. പ്രധാനമന്ത്രിയായ മോഡി ശ്രമിച്ചത്. ഈ രാഷ്ട്രത്തിന്റെ അകത്തളങ്ങളില്‍ എന്തു നടക്കുന്നു എന്ന് വിദേശരാഷ്ട്രങ്ങളില്‍ ചെന്ന് തുറന്നു പറയുവാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. മോദി നേരിട്ടു പറഞ്ഞില്ലെങ്കിലും ഇന്ത്യയില്‍ യഥാര്‍ത്ഥത്തില്‍ എന്താണു നടക്കുന്നത് എന്നു് ലോകം മുഴുവന്‍ ശ്രദ്ധിക്കുകയും അറിയുകയും ചെയ്യുന്നുണ്ടായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായി പന്ത്രണ്ടു വര്‍ഷക്കാലം ഭരണം നടത്തിയ കാലത്ത് തന്നെ മോദിയെ ആഗോള മാധ്യമങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയതാണ്. ഇതിനു കാരണം സംഘപരിവാര്‍ വക്താക്കള്‍ അവകാശപ്പെടുന്നതുപോലെ മോദിയുടെ ഭരണ മികവായിരുന്നില്ല. 2002 -ലെ ഗുജറാത്ത് വംശഹത്യയായിരുന്നു ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ആ സംഭവത്തോടെ മോദിയെ മാധ്യമങ്ങള്‍ - ആഗോള മാധ്യമങ്ങള്‍ - ശ്രദ്ധിക്കാന്‍ തുടങ്ങി. ഒരു ഭരണാധികാരി എന്ന നിലയില്‍ മോദിയില്‍ നിന്ന് ഇന്ത്യക്കാര്‍ പ്രതീക്ഷിക്കുന്ന ഉത്തരവാദിത്ത നിര്‍വഹണം ഗുജറാത്ത് വംശഹത്യയുടെ കാര്യത്തില്‍ ഉണ്ടായില്ല. കോര്‍പറേറ്റുകള്‍ക്കും കുത്തകകള്‍ക്കുമെല്ലാം ചുവപ്പു പരവതാനി വിരിച്ച് ഗുജറാത്തിലേക്ക് സ്വാഗതഗാനം പാടുകയായിരുന്നു ആ സംസ്ഥാനം കത്തിയെരിയുമ്പോള്‍ മോഡി ചെയ്തത്. അതേ സ്വഭാവവും സമീപനവും തന്നെയാണ് പ്രധാനമന്ത്രിയായ ശേഷവും മോദിയില്‍ നിന്നു പ്രകടമായത്. രണ്ടാം യു.പി.എ. ഗവണ്‍മെന്റ് കൊണ്ടുവന്ന ഭരണ പരിഷ്‌കരണ നയങ്ങളെയും വികസന പദ്ധതികളെയും തകിടം മറിച്ചുകൊണ്ട് ദരിദ്രനാരായണന്‍മാരുടെ ഈ മഹാരാഷ്ട്രത്തെ ആഗോള കുത്തകകള്‍ക്കു തകര്‍ത്താടുവാനുള്ള പരുവപ്പെട്ട വേദിയാക്കിമാറ്റുന്നതിനായി ലോകമെങ്ങും സഞ്ചരിക്കുന്ന മോദി ഇന്ത്യക്കകത്ത് ഉരുണ്ടു കൂടുന്ന സംഘര്‍ഷങ്ങള്‍ കണ്ടില്ലെന്നു നടിച്ചു. മതഭ്രാന്തിന്റെയും വംശീയതയുടെയും വര്‍ഗീയതയുടെയും വിഷ സര്‍പ്പങ്ങള്‍ പത്തിവിടര്‍ത്തി വിഷം ചീറ്റി ഇന്ത്യന്‍ ജനതക്കുനേരെ പാഞ്ഞടുക്കുന്നത് കണ്ടില്ലെന്നു നടിച്ചുകൊണ്ട് വിദേശ വിമാനത്താവളങ്ങളില്‍ പളപളാ മിന്നുന്ന വസ്ത്രങ്ങളില്‍ കൈകൂപ്പി നിന്നു നമ്മുടെ ഈ പ്രധാനമന്ത്രി.ഗുജറാത്ത് ഭരിച്ച മോദിയും ഇന്ത്യ ഭരിച്ച മോദിയും ഒരാള്‍ തന്നെയായിരിക്കയാല്‍ മോദിക്കാലത്തെ ഗുജറാത്തിന്റെ അനുഭവം മൊത്തം ഇന്ത്യയ്ക്കും അനുഭവമായി മാറിക്കഴിഞ്ഞു. ഗുജറാത്തില്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെട്ടപ്പോള്‍ നിശ്ശബദത പാലിച്ച മോദി തന്റെ ഭരണകാലത്ത് ഇന്ത്യയില്‍ വ്യാപകമായി പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കാലുഷ്യങ്ങളെ അവഗണിച്ചു. അന്തര്‍ദ്ദേശീയ തലത്തില്‍ തന്റെ പ്രധാനമന്ത്രിപ്രതിഛ്ചായ്ക്കും ആറെസ്സസിന്റെ രാഷ്ട്രിയ പ്രതിഛ്ചായയും മെച്ചപ്പെടുത്താന്‍ രാഷ്ട്രത്തിലെ പൗരന്‍മാരുടെ വിയര്‍പ്പിന്റെയും കണ്ണീരിന്റെയും പശിമയുള്ള നികുതിപ്പണവുമായി കസര്‍ത്തുകള്‍ നടത്തുമ്പോള്‍ രാജ്യത്തു വര്‍ധിച്ചു വരുന്ന അസമത്വങ്ങള്‍ക്കും അനീതികള്‍ക്കും എതിരെ തിരിഞ്ഞു നോക്കുവാന്‍ പ്രധാനമന്ത്രിക്ക് സമയമുണ്ടായില്ല. മോദി എന്ന പേരിനെ മോടിയാക്കി മാറ്റിയ പ്രധാനമന്ത്രി ദിവസത്തില്‍ ആറുതവണ വേഷം മാറുകയും, ദരിദ്ര നാരായണന്‍മാരുടെ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാണു താന്‍ എന്ന വസ്തുത മറന്നുകൊണ്ട് വിദേശരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ വേഷത്തിന്റെ പ്രഛ്ചന്ന അവതരിപ്പിക്കയും ചെയ്തുകൊണ്ടിരുന്നു. വൈയ്കതികങ്ങളായ ഇത്തരം ഘടകങ്ങളെ മാറ്റി നിര്‍ത്തിക്കൊണ്ട് ചിന്തിക്കുകയാണെങ്കില്‍ തന്നെ ഒരു ഭരണാധികാരി എന്ന നിലയില്‍ തന്റെ കഴിഞ്ഞ നാളുകളുടെ നേട്ടമെന്തായിരുന്നു എന്നു പരിശോധിക്കയാണെങ്കില്‍ ഞെട്ടിക്കുന്ന തിക്താനുഭവങ്ങളാണ് ഒരിന്ത്യന്‍ പൗരന്റെ കണ്‍വെട്ടത്തിലേക്കു നീങ്ങിനില്‍ക്കുന്നത്. ഒരു സമൂഹം അപ്പാടെ ശിഥിലമാവുകയും രാജ്യം ഇന്ന് വലിയ ഭീഷണികള്‍ നേരിടുകയും ചെയതുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ആറുപതിറ്റാണ്ടുകൊണ്ട് പണിതുയര്‍ത്തപ്പെട്ട ഒരു രാഷ്ട്രം അതിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടേണ്ട അവസ്ഥയിലേക്കു ചെന്നെത്തി നില്‍ക്കുകയാണീ വര്‍ത്തമാന കാലത്ത് എന്നത് ലജ്ജവും നടുക്കവും ഉണ്ടാക്കുന്ന യാഥാര്‍ത്ഥ്യമാണ്. മോദി ഭരണത്തെ അതിന്റെ ഒന്നാമതു നാള്‍ മുതല്‍ ഇന്നുവരെ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ കണ്ടെത്താന്‍ കഴിയുന്ന അനുഭവ യാഥാര്‍ത്ഥ്യങ്ങളെ ഇപ്രകാരം അക്കമിട്ടു പറയാന്‍ കഴിയും (1) രാജ്യത്ത് പട്ടിണിയും തൊഴിലില്ലായ്മയും തിരിച്ചു വരവ് അറിയിച്ചു തുടങ്ങി (2) തൊഴില്‍, വ്യവസായ മേഖലകളില്‍ കോര്‍പറേറ്റുകള്‍ക്കും കുത്തകകള്‍ക്കും വേണ്ടിയുള്ള നയപരവും നിയമപരവുമായ അഴിച്ചുപണികള്‍ നടത്തുകയും തദ്ദേശിയ തൊഴില്‍ - വ്യവസായിക സംസ്‌കാരം തുടച്ചു നീക്കുകയും ചെയ്തു. (3) ഗ്രാമങ്ങളിലെ സാമൂഹ്യ വ്യവസ്ഥിതിയില്‍ പുരോഗമനാത്മകമായ മുന്നേറ്റങ്ങള്‍ അവസാനിക്കുകയും ജാതിഭ്രാന്തും ചേരിതിരിവുകളും തിരിച്ചെത്തുകയും ചെയ്തു (4) മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള വകതിരിവുകള്‍ ശക്തിപ്രാപിക്കയും ജനങ്ങള്‍ പരസ്പരം അകലുകയും ചെയ്തു തുടങ്ങി (5) ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ ഉന്‍മൂലന ഭീഷണികള്‍ വര്‍ധിക്കുകയും ആരാധനാലയങ്ങളും ന്യൂനപക്ഷത്തിന്റെ മതപരമായ സ്വത്വചിഹ്‌നങ്ങളും തകര്‍ക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടായി (6) ദളിതുകള്‍, പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കെതിരായ ആക്രമണങ്ങള്‍ പെരുകി (7) ബഹുസ്വര ജീവിതശീലങ്ങള്‍ക്കും സംസ്‌കാരത്തിനും എതിരായ ഫാസിസ്റ്റ് കടന്നാക്രമണങ്ങള്‍ വര്‍ധിക്കുകയും ആറെസ്സസ് വിഭാവനം ചെയ്ത ഏകശിലാത്മക രാഷ്ട്രവാദത്തിനായുള്ള ഹിംസാത്മക പ്രവണതകള്‍ പെരുകുകയും ചെയ്തു. (8) വര്‍ഗീയ ഭ്രാന്തിന്റെ കൊടും ചുഴലിക്കാറ്റ് ആഞ്ഞു വീശിത്തുടങ്ങുകയും അതില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന അവസ്ഥയുണ്ടാകയും ചെയ്തു. (9) ആവിശ്കാരം , ചിന്ത, ആശയ പ്രകടനം എന്നിവക്കുള്ള പൗരന്റെ സ്വാതന്ത്രം വെല്ലുവിളി നേരിടുകയും സ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് ജീവഹാനി ഉറപ്പാകയും ചെയ്തു. (10) പൗരസമൂഹത്തിന്റെ മനസ്സിലേക്ക് ഭയാശങ്കകള്‍ കനത്ത തോതില്‍ ചേക്കേറിത്തുടങ്ങി. മോദി ഭരിക്കുന്ന ഇന്ത്യയില്‍ പട്ടിണിയും ദാരിദ്രവുമോ? എന്ന ചോദ്യം സ്വാഭാവികമായും ഉന്നയിക്കുവാന്‍ സംഘപരിവാര്‍ രാഷ്ട്രീയത്തോടു ചായ്‌വുള്ളവര്‍ തയ്യാറായേക്കും. എന്നാല്‍ യാഥാര്‍ത്ഥ്യം അതാണ്. വന്‍കിടകള്‍ക്കായി പരവതാനി വിരിക്കുന്ന മോദി പ്രഖ്യാപിക്കുന്ന പദ്ധതികളില്‍ പലതും അടിത്തട്ടിലെ ജനങ്ങളിലേക്ക് എത്താത്തവയും ഫലം കാണാത്തവയുമായ കടലാസ് പദ്ധതികളാണ്. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് പ്രഖ്യാപിക്കപ്പെട്ടവയും സംഘപരിവാര്‍ നേതാക്കളുടെയും ഹൈന്ദവ ദൈവങ്ങളുടെയും പേരുള്ളവയുമായ പദ്ധതികള്‍ നോക്കുക. ഇവകൊണ്ടുള്ള പ്രയോജനങ്ങള്‍ ഇന്ത്യയിലെ എത്ര ജനങ്ങള്‍ക്കു ലഭ്യമായി എന്നതിനെക്കുറിച്ചൊരു പഠനവും അതോടൊപ്പം നടത്തി നോക്കുക. ഫലം വട്ടപ്പൂജ്യമെന്നു കാണാം. മാധ്യമങ്ങളില്‍ ചിത്രവും വാര്‍ത്തയും വന്നതോടെ പല പദ്ധതികളുടെയും ആയുസ്സ് ചുരുണ്ടു തീര്‍ന്നുവെന്നാണ് ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മോദിയുടെ ജനകീയ മുഖംമൂടിയുള്ള വികസന പദ്ധതികളെക്കുറിച്ചു പറഞ്ഞത്. വികസനത്തെക്കുറിച്ചും അഭിവൃദ്ധിയെക്കുറിച്ചുമുള്ള പ്രതീതികള്‍ രൂപപ്പെടുത്തുകയും വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതില്‍ ഒതുങ്ങുന്നു പദ്ധതികള്‍. കഴിഞ്ഞകാലങ്ങളിലെ ഇന്ത്യന്‍ ഭരണവര്‍ഗ്ഗ സമീപനങ്ങളില്‍ നിന്നും മാറിസ്സഞ്ചരിക്കുന്ന ഒരു ഭരണാധികാരിയായി മാറുന്ന മോദിയുടെയും സഹഭരണാധികാരികളുടെയും കൈമുതല്‍ ഇത്തരം വ്യാജപ്രതീതികളില്‍ ഒതുങ്ങുന്നു. തിളങ്ങുന്ന ഇന്ത്യയെക്കുറിച്ചു പ്രചാരണം നടത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ മറ്റൊരു ബാലിശമായ തന്ത്രമാണ് വിവിധ സംസ്ഥാനങ്ങളിലെ അതാതു സര്‍ക്കാരുകളുടെ നേട്ടങ്ങളെ മോദിയുടെ കണക്കില്‍ ചേര്‍ക്കുക എന്നത്. കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാരിന്റെ പല നേട്ടങ്ങളെയും ഇത്തരത്തില്‍ ഹൈജാക്ക് ചെയ്തു പ്രചരിപ്പിക്കുന്നത് തദ്ദേക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബി.ജെ.പി വായ്ത്താരികളില്‍ കാണാം. തൊഴില്‍ മേഖലയില്‍ കുത്തകകളെ സഹായിക്കാനായി കൊണ്ടുവന്ന പരിഷ്‌കരണങ്ങള്‍ രാജ്യത്തെ മുഴുവന്‍ തൊഴിലാളി പ്രസ്ഥാനങ്ങളുടെയും എതിര്‍പ്പുനേരിടുകയുണ്ടായി. തൊഴിലാളികള്‍ക്ക് തൊഴിലും ചെറുകിട - ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് മുന്നോട്ടു പോക്കും അസാധ്യമാക്കുന്ന വിധത്തില്‍ കിരാതവും ഉപദ്രവകരവുമാണ് മോദി സര്‍ക്കരിന്റെ പല പരിഷ്‌കരണങ്ങളും. രാജ്യം ഇന്നു നേരിടുന്ന വലിയ സാമ്പത്തിക പ്രതിസന്ധികളുടെ കാരണങ്ങളില്‍ ഒന്ന് തൊഴില്‍ - വ്യവസായ മേഖലകളില്‍ മോദിക്കാലത്തു വന്നു ചേര്‍ന്ന അനിശ്ചിതത്വങ്ങളാണ്. " മേയ്ക്ക് ഇന്‍ ഇന്ത്യ" തുടങ്ങിയ മോദിയുടെ ആശയങ്ങള്‍ ലക്ഷ്യമാക്കുന്നത് വന്‍കിട കുത്തകളുടെ തള്ളിക്കയറ്റത്തെയാണ്. ആ ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള ഉദാരതകള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുമ്പോള്‍ സംഭവിച്ചത് നിലവിലുള്ള തൊഴില്‍ വ്യവസായ സാഹചര്യങ്ങള്‍ അവഗണിക്കപ്പെട്ടു എന്നതാണ്. കോണ്‍ഗ്രസ്സ് ഭരണ കാലത്തെ അപേക്ഷിച്ച് ഇന്ന് തൊഴിലാളി വര്‍ഗ്ഗത്തിനിടയില്‍ നിലനില്‍ക്കുകയും അനുദിനം പെരുകിക്കൊണ്ടിരിക്കയും ചെയ്യുന്ന ആശങ്കകള്‍ എണ്ണമറ്റവയാണ്. രാജ്യത്തെ തൊഴിലിടങ്ങളും തൊഴിലവസരങ്ങളും ഉപജീവന ഉപാധികളും ആസോള ഭീമന്‍മാര്‍ ഒന്നായി വിഴുങ്ങാന്‍ പോകുന്നുവോ എന്ന ആശങ്കകളാല്‍ അധ്വാന വര്‍ഗത്തിന്റെ ചിന്തകളെ ഭീതിതമാക്കാന്‍ മോദിയുടെ ഭരണത്തിന് കഴിഞ്ഞിട്ടുണ്ട്. തൊഴിലിനെ ഉജ്ജ്വലമാക്കുന്ന അധ്വാനത്തിന്റെ ആവേത്തെ കെടുത്തിക്കളയുവാന്‍ മോദിയുടെ തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട് എന്ന് സമീപ കാലത്തായി പല മാധ്യമരാഷ്ട്രീയ വിപക്ഷണരും ചൂണ്ടിക്കാണിക്കുകയുണ്ടായതു ശ്രദ്ധേയമാണ്. (തുടരും) *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം