malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍

ടി.വി. പുരം രാജു
കേരള രാഷ്ട്രീയത്തിന്റെ വഴിയോര മതിലുകളില്‍ കൂടി പേരും പെരുമയും നേടിയെടുക്കാന്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ താങ്ങും തണലും പറ്റിയ ഒരാള്‍ കുറേക്കാലം മുമ്പ് കൂടാരം മാറി കണിയാന്‍മാരെ കണ്ട് കവടി നിരത്തിച്ച് കാലവും കാലക്കേടും തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പ് കളരിയില്‍ മാറിയും മറിഞ്ഞും പതിനെട്ടടവും പയറ്റിയിട്ടും പച്ചതൊടാതായപ്പോള്‍ അവശകാമുകന്റെ നിരാശ താടി മാത്രമല്ല മനസും മുരടിച്ച് പേയിളകിയ നായയെപ്പോലെ ഓടുകയാണ്. തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതെ വന്നപ്പോള്‍ എ. കെ. ആന്റണി വഞ്ചിച്ചു എന്ന് പറഞ്ഞ് പലഭ്യം ചൊല്ലിയായിരുന്നു കമ്മ്യൂണിസത്തിലേക്ക് കാലെടുത്ത് വച്ചത്. അതേ ആന്റണിയുടെ പേരും പെരുമയും പാടിപ്പുകഴ്ത്തി പാണനെപ്പോലെ നടന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കോട്ടക്കൊത്തളങ്ങളില്‍ വിരാജിച്ച മഹാനാണ് ചെറിയാന്‍ ഫിലിപ്പ്. നിന്ദയുടേയും നിഷേധത്തിന്റെയും നെറികേടിന്റെയും നന്ദിയില്ലായ്മയുടെയും പര്യായമായി കേരള രാഷ്ട്രീയം പേരു നിരത്തിയാല്‍ ഒന്നാമതെത്തുക ഈ കേമനായിരിക്കും. കോണ്‍ഗ്രസിന്റെ കൂടാരം വിട്ട് ചെന്നാല്‍ കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്തിന്റെ കിരീടാവകാശിയാകാമെന്ന ബൗദ്ധിക ചിന്തയും അഹന്തയുമായിരുന്നു പാര്‍ട്ടി മാറ്റത്തിന് പ്രേരകം. കോണ്‍ഗ്രസില്‍ നിന്നപ്പോള്‍ എ. കെ. ആന്റണി ലോകാരാധ്യനും ആദര്‍ശത്തിന്റെ ആള്‍രൂപവുമൊക്കെയായിരുന്നു. പറയുക മാത്രമല്ല കാല്‍ നൂറ്റാണ്ടിന്റെ കേരള ചരിത്രം എഴുതിക്കൂട്ടി പുസ്തകമിറക്കിയപ്പോള്‍ അതില്‍ ചെറിയാന്‍ ഫിലിപ്പ് തന്നെ രേഖപ്പെടുത്തിയതാണിത്. സ്ഥാനമാനങ്ങളില്‍ മോഹമില്ലാത്ത മഹാത്യാഗിയുടെ പരിവേഷവും ചാര്‍ത്തി പൊതുജീവിതത്തില്‍ പുത്തന്‍ കത്തനാരായി വേഷമിട്ട ചെറിയാച്ചന് പെട്ടെന്നൊരു പൂതി കയറി. നിയമസഭ കാണണം. കോണ്‍ഗ്രസ്സല്ലേ, പറഞ്ഞ പാടേ സീറ്റു കൊടുക്കാന്‍ കഴിയാതെ വന്നു. ""ഞാനാരാ മോന്‍"" എന്ന മിമിക്രി ഡയലോഗ് തലക്കുപിടിച്ച ചെറിയാച്ചന്‍ തിന്ന ചോറും നിന്ന മണ്ണും വന്ന വഴിയും മറന്ന് വിപ്ലവ പാര്‍ട്ടിയുടെ മൂത്ത കാരണവര്‍ക്കു മുന്നിലെത്തി കൈമുത്തി കുമ്പസാരവും നടത്തി പുണ്യാഹം തളിച്ച് വിശുദ്ധ ഇടയനായി. ഇതൊക്കെ കഴിഞ്ഞിട്ട് കാലം കുറെയായി. കാലാകാലങ്ങളില്‍ കമ്മ്യൂണിസ്റ്റുകാര്‍ ചെറിയാന്‍ ഫിലിപ്പിനെ വിളിച്ച് സീറ്റ് കൊടുക്കും. കാറല്‍ മാര്‍ക്‌സോ, എ.കെ. ഗോപാലനോ വന്നു നിന്നാല്‍പ്പോലും ജയിക്കാത്ത കമ്മ്യൂണിസം കേറാ മൂലയിലായിരിക്കും സീറ്റെന്നു മാത്രം. ഇപ്പോള്‍ എന്തായി അവസ്ഥ. ഇല്ലത്ത് നിന്ന് ഇറങ്ങുകേം ചെയ്തു അമ്മാത്ത് ഒട്ട് എത്തീമില്ല എന്ന ഗതികിട്ടാ നമ്പൂതിരിയുടെ ഗതിയായി. അനന്തപത്മനാഭന്റെ എഴുന്നള്ളത്തിന് മുന്നില്‍ നിര്‍ത്തുന്ന ആറാട്ടുമുണ്ടന്റെ നിലയിലേ കമ്മ്യൂണിസ്റ്റുകാര്‍ ചെറിയാന്‍ ഫിലിപ്പിനെ കണ്ടിട്ടുള്ളൂ. അദ്ദേഹം മനസ്സില്‍ കാണുന്നത് ഇമ്മിണി ബല്യ ചെറിയാന്‍ ഫിലിപ്പിനെയായിരിക്കും. അത് ജനം കാണുന്നുണ്ടോ എന്നതാണ് പ്രശ്‌നം. രാഷ്ട്രീയ മോഹങ്ങള്‍ സഫലീകരിക്കാതെ ആശാഭംഗങ്ങളുടെ വാല്‍മീകം മൂടിയ ചെറിയാന് കാണുന്നതിനോടെല്ലാം വിരക്തിയോ, പകയോ ഉണ്ടാവുക സ്വാഭാവികം. കൈരളി ടിവിയുടെ സ്റ്റുഡിയോയില്‍ ആഴ്ചയിലൊരിക്കലിരുന്ന് തട്ടിവിടുന്ന നമ്പ്യാര്‍ സൂക്തങ്ങളാണ് കേരള സമൂഹത്തെ നയിക്കുന്നതെന്ന് ചെറിയാന്‍ ഫിലിപ്പ് ധരിച്ചുവശായിട്ടുണ്ടെന്നു തോന്നുന്നു. അതല്ലെങ്കില്‍ അമ്മപെങ്ങമ്മാരെപ്പോലും തിരിച്ചറിയാതെ അങ്ങാടി നിരങ്ങുന്നവന്റെ ഭാഷയില്‍ സ്ത്രീ സമൂഹത്തെ അപമാനിക്കുമോ? സ്വന്തം മാതാവ് വിവസ്ത്രയായപ്പോഴാണ് ചെറിയാന്‍ ഫിലിപ്പിന് ജന്മമുണ്ടായതെന്ന പ്രകൃതി സത്യം പോലും ചെറിയാച്ചന്‍ കോപാവേശത്താല്‍ മറന്നു പോയി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പറ്റി ചെറിയാന്‍ ഫിലിപ്പ് തട്ടിവിടുന്ന അഭിപ്രായങ്ങള്‍ കേട്ടാല്‍ ഗാന്ധിജിയോ - നെഹ്‌റുവോ ഒന്നുമല്ല ഇദ്ദേഹമാണ് ഇന്ത്യയില്‍ ഈ പാര്‍ട്ടിയുണ്ടാക്കിയതും വളര്‍ത്തി വലുതാക്കി എ. കെ. ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും വയലാര്‍ രവിക്കുമൊക്കെ കൈമാറിയതെന്നും തോന്നിപ്പോകും. പതിറ്റാണ്ടുകളുടെ പാതിവ്രത്യം പൊതിഞ്ഞുവച്ച് നൈരാശ്യത്തിന്റെ താടിയടയാളവുമായി അനന്തപുരിയിലെയും അക്ഷര നഗരയിലെയുമൊക്കെ ലേഡീസ് ഹോസ്റ്റല്‍ വഴികളില്‍ ശയനപ്രദക്ഷിണം നടത്തിയിട്ടും ഒരുത്തിയും തിരിഞ്ഞു നോക്കാതിരുന്നത് എന്താണെന്ന് ആത്മപരിശോധന നടത്തുക. കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലുമൊക്കെയുള്ള സ്ത്രീകള്‍ സ്ഥാനമാനങ്ങള്‍ക്കും കാര്യസാധ്യത്തിനും ശരീരം വില്‍ക്കുന്നവരാണെന്നു പറയാന്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഒരു രാഷ്ട്രീയ ശത്രുവും നാവുയര്‍ത്തിയിട്ടില്ല. മോഹഭംഗം വന്ന മൃഗീയ സംസ്‌ക്കാരത്തിന്റെ മ്ലേഛഭാഷയിലും പദാവലിയിലുമേ ഇത്തരം പ്രയോഗങ്ങള്‍ ഉണ്ടാകുകയുള്ളൂ. ചെറിയാന്‍ ഫിലിപ്പ് എന്ന വ്യക്തിയുടെ വളര്‍ച്ചയില്‍ എന്തെങ്കിലും ഉയര്‍ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് കോണ്‍ഗ്രസില്‍ നിന്നപ്പോഴുണ്ടായതു മാത്രമാണെന്ന സത്യം ചരിത്രം രേഖപ്പെടുത്തിയതാണ്. കോണ്‍ഗ്രസ് വിട്ടതോടെ മണ്ഡരി ബാധിച്ച കേരവൃക്ഷം കണക്കേ തലയുണങ്ങി നില്‍ക്കുകയാണ് ചെറിയാന്‍ ഫിലിപ്പ്. ഒരുപാട് മോഹവും ദാഹവുമുള്ള ആളായിരുന്നു ചെറിയാന്‍. അതൊക്കെയും അകാലത്തില്‍ കൊഴിയുന്ന സ്ഥിതിയുണ്ടായി. ആരും വരുത്തിവെച്ചതല്ല. സ്വയം വരുത്തിയതാണ്. തലസ്ഥാനത്തെ ഭരണകൂടത്തിന്റെ മോന്തായത്തില്‍ കയറിക്കൂടി തന്റെ രാജ്യതന്ത്രജ്ഞതയുടെ പള്ളിവാളുയര്‍ത്തി ക്ഷേമരാജ്യം സ്ഥാപിക്കാന്‍ അര്‍ഹതയുള്ളയാളെന്ന് സ്വയം പ്രഖ്യാപിക്കുന്നവന്റെ മാനസിക രോഗത്തിന്റെ ഏറ്റക്കുറച്ചില്‍ മാത്രമേ തിരിച്ചറിയേണ്ടതുള്ളൂ. ഒന്നേകാല്‍ നൂറ്റാണ്ടു പിന്നിട്ട ഒരു പ്രസ്ഥാനത്തിന്റെ മഹാപ്രയാണത്തില്‍ അണിചേര്‍ന്നവരുടെ അവസാന കണ്ണികളാണ് ഇന്നും കോണ്‍ഗ്രസിലുള്ള ചെറുപ്പക്കാരും ചെറുപ്പക്കാരികളും. കുശുമ്പും കുന്നായ്മകളും കരളിലൊളിപ്പിച്ച് വെളുക്കെച്ചിരിച്ച് ആളെ മയക്കുന്ന കപടരാഷ്ട്രീയത്തിന്റെ ഉറവിടമായിരുന്നു ചെറിയാന്‍ ഫിലിപ്പ്. ചെറുപ്പത്തിന്റെ ചുറുചുറുക്കില്‍ നിന്നപ്പോഴും നിങ്ങള്‍ക്ക് ഒരു സ്ഥാനലബ്ധിക്കായി ഊരിക്കാണിക്കാന്‍ ഉടുപ്പുപോലുമില്ലായിരുന്നു. അണിഞ്ഞിരുന്നതൊക്കെയും കപടവേഷമായിരുന്നു എന്ന് കോണ്‍ഗ്രസ്സുകാര്‍ തിരിച്ചറിഞ്ഞത് ശത്രുപക്ഷത്തിന്റെ ഊട്ടുപുരയില്‍ അന്നം വിളമ്പുന്ന ഇലയ്ക്കരികില്‍ കാവലിരിക്കുന്നതു കണ്ടപ്പോഴായിരുന്നു. തിന്ന ചോറിന്റെ നന്ദി കാണിക്കാന്‍ വിറകുവെട്ടാനും വിഴുപ്പലക്കാനും ധൃതികാണിച്ച ചെറിയാനെയും ജനം കണ്ടു. ഇത്രയും വലിയ നെറികേടിന്റെയും നാണക്കേടിന്റെയും പാപം ചുമന്നവര്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ അങ്ങുപോയ ശേഷം ഉണ്ടായിട്ടില്ലെന്നാണ് വിശ്വാസം. വിവാഹത്തിലൂടെ ഒരു ഭാര്യയെ സ്വന്തമാക്കാനോ, അതുവഴി സ്വന്തം പെണ്‍കുഞ്ഞിന്റെ പിതൃആദരം അനുഭവിക്കാനോ കഴിയാതെപോയ ഷണ്ഡ ജന്മത്തിന്റെ മലിനകുലീനതയേ ചെറിയാന്‍ ഫിലിപ്പെന്ന മനുഷ്യന്റെ മനസ്സില്‍ വിളയുകയുള്ളൂ. ആ അകക്കണ്ണും സ്ത്രീ വിരോധ തിമിര ബാധയുള്ള പുറം കണ്ണും ചേര്‍ത്ത് സ്ത്രീയെ നോക്കിക്കണ്ടതാണ് അദ്ദേഹത്തിന്റെ കുറ്റം. കാലം നമിക്കുന്ന മഹത്തായ ഒരു സംസ്‌ക്കാരത്തെ ഇന്നും പൂജിക്കുന്നവരാണ് ഭാരതീയര്‍. ഭൂമിയെപ്പോലും ദേവിയായി കാണുന്ന ആദരശീലമാണത്. മനസ്സിലെ വിഷപ്പുണ്ണിന്റെ വികൃത ചിന്തകള്‍ക്കേ ഇവിടുത്തെ സ്ത്രീകളെ ഇത്തരത്തില്‍ അപകീര്‍ത്തിപ്പെടുത്താനാകൂ. ഒന്നുറപ്പാണ് ഈ ചെറിയാന്‍ ചിന്തക്ക് മറുപടിയുമായി ഉയരുന്ന നാവുകളില്‍ രാഷ്ട്രീയമോ - മതമോ, ജാതിയോ ഉണ്ടാകില്ല. ഈ സ്ത്രീ നിന്ദയ്‌ക്കെതിരെ ഉയരുക ഏക സ്വരത്തിലുള്ള ശബ്ദമായിരിക്കും. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം