malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

രാഹു ഇരുട്ടു പരത്തുന്ന ഗ്രഹണകാലം

പ്രൊഫ. എ.കെ.സി. പണിക്കര്‍
കേരളത്തിലെ സാമുദായിക മൈത്രി കാത്തുസൂക്ഷിക്കുന്നതില്‍ നാം ഇതുവരെ വിജയിച്ചിട്ടുണ്ട്. ജനസംഖ്യയുടെ 25 ശതമാനം മുസ്ലിങ്ങള്‍ ആണെങ്കിലും അവര്‍ വലിയൊരു സാമ്പത്തിക ശക്തിയാണെന്നത് മറ്റു വിഭാഗങ്ങള്‍ക്ക് ഒരു പ്രശ്‌നമായിട്ടില്ല. ക്രിസ്ത്യാനികള്‍ എണ്ണത്തില്‍ കുറവാണെങ്കിലും വിദ്യാഭ്യാസരംഗത്ത് അവര്‍ക്കുള്ള പ്രാധാന്യം അനിഷേധ്യമാണ്. ഭരണത്തിന്റെ എല്ലാ തലങ്ങളിലും എല്ലാ വിഭാഗങ്ങള്‍ക്കും ഏതാണ്ട് തുല്യമായ പ്രാധാന്യം ലഭിക്കുന്നു. അന്യരുടെ ജാതിമത വിശ്വാസങ്ങളിലും ആചാരങ്ങളിലും മറ്റുള്ളവര്‍ ഇടപെടുന്നില്ല. മാവേലിയുടെ കാലത്തെ പറ്റി പറയുമ്പോലെ മാനുഷരെല്ലാരും ഒന്നുപോലെ കഴിയുന്നു. അതതുകാലത്ത് ആവശ്യമെന്നു തോന്നിയതനുസരിച്ച് പ്രബലമായ ജാതിസംഘടനകള്‍ ഇവിടെ വളര്‍ന്നുവെങ്കിലും അടുത്തകാലം വരെ ജാതിസംഘടനകളും രാഷ്ട്രീയസംഘടനകളും പരസ്പരം കെട്ടുപിണയാതെ കഴിഞ്ഞു. അതായത് എസ്എന്‍ഡിപിയിലും എന്‍എസ്എസിലും എല്ലാ രാഷ്ട്രീയക്കാരുമുണ്ടായിരുന്നു. ജാതി വേറെ, രാഷ്ട്രീയം വേറെ, മതം വേറെ, പാര്‍ട്ടി വേറെ എന്ന ആരോഗ്യകരമായ ഒരു സമീപനമാണ് നാം പാലിച്ചുപോന്നത്. പക്ഷെ ഇന്നിവിടെ ഒരു സൂര്യഗ്രഹണകാലമാണ്. ബിജെപി എന്ന രാഹു ഇവിടെ ഇരുട്ട് പരത്തുകയാണ്. എന്തു തന്ത്രമുപയോഗിച്ചും തങ്ങളുടെ പാര്‍ട്ടി വളര്‍ത്തുകയാണ് അവരുടെ ലക്ഷ്യം. പാര്‍ട്ടി മാറ്റം നാട്ടില്‍ പുത്തരിയല്ല. പക്ഷെ പാര്‍ട്ടിയും മതവും കൂട്ടിക്കുഴച്ച് പല അനാചാരങ്ങളും പൊടിതട്ടിയെടുത്ത് എങ്ങനെയെങ്കിലും തങ്ങള്‍ക്കൊരു ചവിട്ടുപടിയുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. ലോകത്തിലെ പല രാജ്യങ്ങളിലും മഹാത്മഗാന്ധിക്ക് പ്രതിമകളും ആരാധനാലയങ്ങളും ഉണ്ടാക്കുമ്പോള്‍ 2014 ല്‍ ബിജെപി. അധികാരത്തില്‍ വന്നതോടെ നാഥൂറാം ഗോഡ്‌സേക്ക് വടക്കെ ഇന്ത്യയില്‍ പ്രതിമകളും ക്ഷേത്രങ്ങളും ഉയരുകയാണ്. അതേസമയം താണ ജാതിയിലുള്ള ഹിന്ദുക്കള്‍ പുറത്തുപോവുന്ന സംഭവവുമുണ്ടായി. യുപിയിലെ വാത്മീകി ജാതിയില്‍പെട്ട ചിലര്‍ തങ്ങള്‍ക്ക് അവിടുത്തെ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിനാല്‍ മറ്റുമതത്തിലേക്ക് മാറിയത് അടുത്തകാലത്താണ്. സത്യം പറഞ്ഞാല്‍ ജാതി വ്യവസ്ഥയാണ് ഇന്ത്യയുടെ അധോഗതിക്കു കാരണം. ഉയര്‍ന്ന ജാതിയില്‍പെട്ടവര്‍ താഴ്ന്ന ജാതിയില്‍പെട്ടവര്‍ക്ക് വിദ്യാഭ്യാസം, സ്വത്ത്, ഏതെങ്കിലും വിധത്തിലുള്ള അധികാരം ഇവ നിഷേധിച്ചതിനാലാണ് ഒരുകാലത്ത് വന്‍ സമ്പത്തിന്റെ ഉടമയായ നമ്മുടെ രാജ്യം പല വിദേശ ആക്രമണങ്ങള്‍ക്കും ഇരയായത്. സ്വന്തമായി ഒന്നുമില്ലാത്ത, ഒന്നും നഷ്ടപ്പെടാനില്ലാത്ത കീഴാളര്‍ക്ക് വിദേശ ശത്രുക്കളെ എതിര്‍ക്കുവാനോ തങ്ങളെ ആരുഭരിക്കുന്നുവെന്ന് നോക്കുവാനോ താല്പര്യമില്ലെങ്കില്‍ അത്ഭുതപ്പെടാനില്ല. താണ ജാതിയില്‍പ്പെട്ടവരെയും സമൂഹത്തില്‍ സ്വാധീനം കുറഞ്ഞവരെയും ഭീഷണിപ്പെടുത്തുവാനും അവരുടെ സ്വത്ത് തട്ടിയെടുക്കുവാനും ആര്‍എസ്എസ്‌കാര്‍ക്ക് മടിയില്ല. കേരളത്തില്‍ ബിജെപിക്ക് കാര്യമായ സ്വാധീനം ലഭിച്ചിട്ടില്ലെങ്കിലും ഏറ്റവും അധികം ആര്‍എസ്എസ് ശാഖകളുള്ള സംസ്ഥാനമാണിത്. 2014 ല്‍ ബിജെപി അധികാരത്തില്‍ വരുന്നത് വരെ അവര്‍ പരസ്യമായി രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടില്ലെങ്കിലും പലയിടത്തും ജനജീവിതം ദുസ്സഹമാക്കുന്ന പല പ്രവര്‍ത്തനങ്ങളും അവര്‍ നടത്തിയിട്ടുണ്ട്. ഉദാഹരണമായി എന്നെയും എന്റെ കുടുംബത്തെയും കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി അവര്‍ നിരന്തരം പീഡിപ്പിക്കുകയാണ്. എന്റെ ഭാര്യക്ക് കോഴിക്കോട് ജില്ലയില്‍ കുറ്റ്യാടി വില്ലേജില്‍ കുടുംബസ്വത്തായി കിട്ടിയ ഒന്നര ഏക്കറില്‍ പകുതി സ്ഥലം കയ്യേറി അവിടെ ഉണ്ടായിരുന്ന തെങ്ങ്, കവുങ്ങ്, തേക്ക് മുതലായ മരങ്ങളെല്ലാം മുറിച്ച് അവിടെ ഒരമ്പലത്തിന്റെ പണി തുടങ്ങി. ഏഴുവര്‍ഷം കേസ് നടത്തിയതിന്റെ ഫലമായി അവരവിടെ ഉണ്ടാക്കിയ കെട്ടിടങ്ങളെല്ലാം പൊളിച്ച് സ്ഥലം ഞങ്ങള്‍ക്ക് തിരിച്ചു തരണമെന്ന് വിധി ഉണ്ടായി. അപ്പോള്‍ അവര്‍ ഒത്തുതീര്‍പ്പിനു വന്നു. ബാക്കിയുള്ള 70 സെന്റ് സ്ഥലമെങ്കിലും സ്വതന്ത്രമായി ഉപയോഗിക്കാമെന്ന് കരുതിയും പ്രാണഭയം കൊണ്ടും 80 സെന്റ് ഓളം സ്ഥലം തുച്ഛമായ വിലക്ക് അവര്‍ക്കു കൊടുത്തു. പക്ഷെ എല്ലാ ഒത്തുതീര്‍പ്പും കാറ്റില്‍ പറത്തി ബാക്കിയുള്ള സ്ഥലം അവര്‍ കൈക്കലാക്കി വച്ചിരിക്കുകയാണ്. കണ്ണൂരില്‍ ജോലി ചെയ്തു പിരിഞ്ഞു വയോവൃദ്ധരായി കഴിയുന്ന ഞങ്ങളുടെ മനോവിഷമവും നിസ്സഹായതയും അവര്‍ക്ക് പ്രശ്‌നമല്ല. എനിക്ക് 77 ഉം ഭാര്യക്ക് 70 ഉം വയസായി. ഞങ്ങളുടെ വാര്‍ദ്ധക്യം ഇങ്ങനെ നശിപ്പിക്കുന്നത് അവര്‍ക്കൊരു രസം മാത്രം. ക്ഷേത്രം പൂര്‍ത്തീകരിക്കുന്നതില്‍ അവര്‍ക്കു വലിയൊരു താല്പര്യമൊന്നും ഉള്ളതായി കാണുന്നില്ല. കേരളത്തില്‍ പലയിടത്തും ആര്‍എസ്എസിന്റെ ഇത്തരം കയ്യേറ്റങ്ങള്‍ നടക്കുന്നുണ്ട്. തലസ്ഥാനമായ തിരുവനന്തപുരത്ത് പോലും ഒറ്റപ്പെട്ട റിട്ടയേഡ് ഉദ്യോഗസ്ഥരുടെയും മറ്റു നിസ്സഹായരുടേയും സ്ഥലങ്ങള്‍ ഇങ്ങനെ കയ്യേറിയിട്ടുണ്ട് എന്നാണ് വിശ്വസനീയമായി അറിയാന്‍ കഴിഞ്ഞത്. തിരഞ്ഞെടുപ്പ് സമയത്ത് മോദി വാഗ്ദാനം ചെയ്ത "അച്ഛേദിന്‍" ഇതൊക്കെ തന്നെ നിത്യോപയോഗ സാധനങ്ങളുടെ വില ദിനം പ്രതി കൂടുന്നു. തൊഴിലവസരം കൂടുന്നില്ല. വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് വരുന്നില്ലെന്ന് മാത്രമല്ല കഴിവുള്ള വ്യവസായികള്‍ വിദേശത്ത് നിക്ഷേപിക്കുവാനാണിഷ്ടപ്പെടുന്നത്. മുന്‍ ഗവണ്‍മെന്റിന്റെ അഴിമതി പറഞ്ഞ് അധികാരത്തിലെത്തിയവര്‍ ചുരുങ്ങിയ സമയംകൊണ്ട് തന്നെ അഴിമതിയുടെ എല്ലാ അതിരുകളും കടന്നുകഴിഞ്ഞു. ഇന്ത്യയിലും പുറത്തും ഒരുപോലെ സ്വീകാര്യയാവേണ്ട വിദേശകാര്യമന്ത്രി സ്വന്തം തൊലികട്ടികൊണ്ട് മാത്രമാണ് നിലനിന്നു പോരുന്നത്. രാജസ്ഥാന്‍, മദ്ധ്യപ്രദേശ് മുഖ്യമന്ത്രിമാരുടേയും രാജി ആവശ്യപ്പെട്ടു കഴിഞ്ഞു. മദ്ധ്യപ്രദേശിലെ വ്യാപം കേസില്‍ 45 ലധികം പേരുടെ നിഗൂഡമായ മരണം ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ഇന്ത്യയുടെ ചരിത്രം തിരുത്തി എഴുതുകയെന്നതാണ് ഇവരുടെ അജണ്ടയിലെ ഒരിനം. ആധുനിക ഇന്ത്യയിലെ ഏറ്റവും വലിയ മഹാന്മാര്‍ മഹാത്മാഗാന്ധിയും ദീനദയാല്‍ ഉപാദ്ധ്യയുമാണെന്നാണ് അവരുടെ വാദം.രാഷ്ട്രശില്പിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് നമ്മുടെ പ്രധാനമന്ത്രി ഉച്ചരിക്കാറില്ല. നെഹ്‌റുവിന്റെ പ്രാധാന്യം അറിയാത്തതുകൊണ്ടല്ല കോണ്‍ഗ്രസുകാരനായിരുന്ന അദ്ദേഹത്തിന്റെ പിന്‍ഗാമികളോ അനുയായികളോ ആയിരുന്നു പിന്നീടുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍. അതുകൊണ്ട് അദ്ദേഹത്തെ തമസ്‌കരിക്കുക തന്നെ. ഡല്‍ഹിയിലെ പ്രസിദ്ധമായ നെഹ്‌റു മ്യൂസിയം തന്നെ മാറ്റിമറിച്ച് വരുതിയിലാക്കുവാനാണിപ്പോള്‍ ശ്രമം. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സ്റ്റാമ്പുകള്‍ നിര്‍ത്തലാക്കുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളായ പണ്ഡിതന്മാര്‍ക്കും ബുദ്ധിജീവികള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാനുതകുന്ന പ്ലാനിങ് കമ്മീഷന്‍, ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ സൊസൈറ്റി, ഐഐടി, ഐഐഎം പൂനയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ആര്‍എസ്എസുകാരുടെ വരുതിയിലാക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. എനിക്കോര്‍മ്മ വരുന്നത് ഞാന്‍ ചെറുതായപ്പോള്‍ അടുത്ത വീട്ടിലുണ്ടായിരുന്ന ഒരു വായോവൃദ്ധനെയാണ്. സൂര്യഗ്രഹണം നടക്കുമ്പോള്‍ രാഹു സൂര്യനെ വിഴുങ്ങാതിരിക്കാന്‍ അദ്ദേഹം ആകാശം മുട്ടുമാറുച്ചത്തില്‍ പ്രാര്‍ത്ഥിക്കുമായിരുന്നു: ഗോയിന്ദ ഗോയിന്ദ ഗോയിന്ദാ. ഇപ്പോള്‍ എന്റെ പ്രാര്‍ത്ഥനയും അത് തന്നെയാണ്. ഗോയിന്ദ ഗോയിന്ദ ഗോയിന്ദാ. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം