malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

ഇടതുപക്ഷത്തിന്റെ താത്വിക ജീര്‍ണ്ണത

ഡോ. അജിതന്‍ മേനോത്ത്
"മാഡം പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കണം" ഈ ആവശ്യവുമായിട്ടാണ് 88 വയസു പിന്നിട്ട ആ വയോധികന്‍ ഡല്‍ഹിയിലെ "10-ജന്‍പഥ്" വസതിയുടെ പടവുകള്‍ കയറിയത്. സിപിഎമ്മിന്റെ അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍സിംഗ് സുര്‍ജിത്താണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായ സോണിയാ ഗാന്ധിയുടെ വസതിയിലെത്തിയത്. തന്റെ ആവശ്യം നിരസിച്ചതില്‍ നിരാശനായ സുര്‍ജിത്തിനെ സ്‌നേഹപൂര്‍വ്വം കൈപിടിച്ച് പടികളിറക്കിയതും സോണിയഗാന്ധിയാണ്. ഹൈന്ദവവര്‍ഗീയതയെ ഫലപ്രദമായി പ്രതിരോധിക്കുവാനുള്ള തനത് രാഷ്ട്രീയ പിന്‍ബലം ഇടതുപക്ഷത്തിനില്ലെന്ന് ഒരു ദശകത്തിനുമുമ്പ് തിരിച്ചറിഞ്ഞത് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്താണ്. 2004-ലെ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്കെതിരെ ഏറ്റവും വലിയ ഒറ്റക്കഷിയായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉയര്‍ന്നുവന്നപ്പോള്‍ വിദേശവനിതയെന്ന് ആക്ഷേപിക്കപ്പെട്ടിരുന്ന സോണിയാഗാന്ധി തന്നെ പ്രധാനമന്ത്രിയാകണമെന്ന ശഠിച്ച വ്യക്തിയാണ് അദ്ദേഹം. ഈ രാഷ്ട്രീയനീക്കത്തിനിടയില്‍ രാഷ്ട്രപതി ഭവനില്‍ സോണിയാഗാന്ധിയെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള കത്തുപോലും തയ്യാറാക്കിയെന്ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന എപിജെ അബ്ദുള്‍ കലാം പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. സോണിയഗാന്ധി തനിക്കുപകരം മന്‍മോഹന്‍ സിംഗിനെ നിര്‍ദ്ദേശിച്ചപ്പോള്‍ സിപിഎം പുറത്തുനിന്ന് പിന്തുണ നല്കുകയും ചെയ്തു. കോണ്‍ഗ്രസുമായി സഹകരിക്കാതെ ഹൈന്ദവവര്‍ഗീയതയെ ഫലപ്രദമായി പ്രതിരോധിക്കാനാവില്ലെന്ന് സുര്‍ജിത്ത് തെളിയിച്ചു. എന്നാല്‍ പ്രകാശ് കാരാട്ട് സിപിഎം സെക്രട്ടറി (2008)യായതോടെ കോണ്‍ഗ്രസുമായി പടിപടിയായി അകലുകയാണുണ്ടായത്. ബിജെപിയേക്കാള്‍ വലിയ ശത്രുതയാണ് ഇടതുപക്ഷം കോണ്‍ഗ്രസില്‍ ദര്‍ശിച്ചത്. 2014 വരെ ഈ സമപീനം തുടര്‍ന്നു. അന്ധമായ കോണ്‍ഗ്രസ് വിരോധം നെഞ്ചേറ്റിയ കാരാട്ട് രാഷ്ട്രീയചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് അപ്രത്യക്ഷനായിരിക്കുന്നു. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ പരിശ്രമിച്ച ഇടതുപക്ഷം രാഷ്ട്രീയ ദൗര്‍ബല്യത്തിന്റെ നെല്ലിപ്പടിയിലും എത്തിച്ചേര്‍ന്നിരിക്കുന്നു! കേരളത്തിലും ഈ സമീപനമാണ് ഇടതുപക്ഷം പുലര്‍ത്തുന്നത്. അധികാരാര്‍ത്തിയില്‍ അവര്‍ ജനകീയ പ്രശ്‌നങ്ങള്‍ മറന്നു. ബിജെപിയോടുള്ളതിനേക്കാള്‍ വലിയ രാഷ്ട്രീയ ശത്രുത കോണ്‍ഗ്രസിനോട് പുലര്‍ത്തി. യുഡിഎഫിന്റെ പതനം മാത്രം ദാഹിച്ചു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍പോലും ദോഷം കണ്ടെത്തി. വികസനസമീപനത്തെ എക്കാലത്തെയുംപോലെ അന്ധമായി എതിര്‍ത്തു. സമരങ്ങളുടെ കേന്ദ്രബിന്ദു അധികാരലക്ഷ്യം മാത്രമായതോടെ ഇടതുപക്ഷ സമരങ്ങളില്‍ ജനപങ്കാളിത്തം നഷ്ടമായി. ഇപ്പോള്‍ ഈ സംഗതികള്‍ ഓര്‍ക്കാന്‍ കാരണമുണ്ട്. ഇടതുപക്ഷത്തിന്റെ സമകാല രാഷ്ട്രീയ ദൗര്‍ബല്യം തിരിച്ചറിയപ്പെട്ടതോടെ ചില അടവുകള്‍ സിദ്ധാന്തരൂപത്തില്‍ പുറത്തുചാടിയിരിക്കുന്നു. (അരുവിക്കരയിലെ തെരഞ്ഞെടുപ്പു പരാജയത്തിനുശേഷം). ഹൈന്ദവവര്‍ഗീയതയെ പ്രതിരോധിക്കാന്‍ "വിശാല ഇടതുപക്ഷ"ത്തെ സൃഷ്ടിക്കണമെന്നും ജനാധിപത്യത്തിലും മതേതരത്വത്തിലും സാമൂഹ്യനീതിയിലും അധിഷ്ഠിതമായ "ഇടതുപക്ഷ നൈതികത"യെ തിരിച്ചുകൊണ്ടുവരണമെന്നും ചില ഇടതുപക്ഷ സൈദ്ധാന്തികജീവികള്‍ക്ക് വെളിപാടുണ്ടായിരിക്കുന്നു. അതിന്റെ ലക്ഷണങ്ങള്‍ താഴെ ചേര്‍ക്കുന്നു: "രാഷ്ട്രീയ നേതൃത്വം പറയുന്നത് അതേപടി ഏറ്റുപറയുന്നതാണ് ഇടതുപക്ഷ സാംസ്‌കാരികപ്രവര്‍ത്തനം എന്നുകരുതുകയും അതിനു മുതിരാത്തവരെ രാഷ്ട്രീയ ശത്രുക്കളോടുള്ളതിനേക്കാള്‍ വലിയ ശത്രുതയോടെ നേരിടുകയും ചെയ്യുന്ന പ്രവണത ഇപ്പോഴും ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ അവശേഷിക്കുന്നുണ്ട്. എങ്കിലും ഇടതുപക്ഷ കേരളം എന്നത് കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കപ്പുറം പോകുന്ന ഒരു വിശാലഭൂമിയാണെന്ന വിവേകപൂര്‍ണ്ണമായ നിലപാട് ഇടതുപാര്‍ട്ടികള്‍ ഇപ്പോള്‍ അംഗീകരിച്ചുവരുന്നുണ്ട്. ഇടതുപക്ഷപാര്‍ട്ടികളും പല പാര്‍ട്ടികളിലുമായി ചിതറിക്കിടക്കുന്ന സോഷ്യലിസ്റ്റ് ചിന്താഗതിക്കാരും മതേതര ജനാധിപത്യ വിശ്വാസികളും പരിസ്ഥിതി-ദലിത്-സ്ത്രീ പ്രശ്‌നങ്ങളില്‍ താരതമ്യേന വ്യക്തതയുള്ള കൂട്ടായ്മകളും പ്രസ്ഥാനങ്ങളും യോജിച്ച് പോരാട്ടം സംഘടിപ്പിച്ച് ഒരു ബദല്‍ വളര്‍ത്തിയെടുക്കുകയാണ് വേണ്ടതെന്ന് എം.എ. ബേബി ഇക്കാര്യം കുറെക്കൂടി വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്." (സുനില്‍ പി. ഇളയിടം, "ഇടതുപക്ഷ കേരളത്തിന് എന്തു സംഭവിക്കുന്നു", മാധ്യമം വാരിക, സെപ്തംബര്‍ 14). എന്നാല്‍ കഴിഞ്ഞ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍പോലും പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധത ഇടതുപക്ഷം പാടെ മറന്നുപോയി. ഇടുക്കിയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവരെ പിന്തുണക്കാനാണല്ലോ അവര്‍ തയ്യാറായത്? പ്രത്യയശാസ്ത്രവും പ്രായോഗികതയുമായി പൊരുത്തപ്പെടാന്‍ ഇടതുപക്ഷത്തിന് സാധ്യമല്ലെന്നാണ് ഇത്തരം നിലപാടുകള്‍ വ്യക്തമാക്കുന്നത്. മത-വര്‍ഗരഹിത സമീപനം ഇടതുപക്ഷം കര്‍ക്കശമായി പാലിക്കണമെന്ന വി.എസ്. അച്യുതാനന്ദന്റെ നിലപാടിനെ പരിഹസിച്ചു തള്ളിക്കൊണ്ടാണല്ലോ 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിഡിപിയുമായി ഇടതുപക്ഷം സഖ്യമുണ്ടാക്കിയത്? ആ തെരഞ്ഞെടുപ്പില്‍ സിപിഎം തിരിച്ചടി ഏറ്റുവാങ്ങിയപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന വിഎസില്‍ നിന്നുണ്ടായ വിഖ്യാതമായ ചിരിയെ അപഹസിച്ചവരില്‍ അന്നത്തെ സാംസ്‌കാരിക നായകരും പങ്കുചേര്‍ന്നിരുന്നു! അഴിമതികേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച ബാലകൃഷ്ണപിള്ളയെയും അധികാരമോഹിയായ പി.സി. ജോര്‍ജിനെയും വരെ ഉള്‍ക്കൊണ്ട് വിശാല ഇടതുപക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അധികാരലക്ഷ്യം മാത്രമാണുള്ളതെന്ന് പൊതുജനം ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞു.സ്വന്തം പാര്‍ട്ടിയില്‍പോലും ജനാധിപത്യം നടപ്പാക്കാന്‍ സാധിക്കാത്ത പ്രസ്ഥാനത്തിന് സമൂഹത്തില്‍ ജനാധിപത്യവും സാമൂഹ്യനീതിയും എപ്രകാരം സംരക്ഷിക്കാനാകും? ഇടതുപക്ഷത്തിനുവേണ്ടി വക്കാലത്ത് പിടിക്കുന്ന എസ്. ജഗദീഷ് ബാബു (കലാകൗമുദി, സെപ്തം 15) എഴുതുന്നു: "കേരളം അടുത്തകാലത്തു കണ്ട ഏറ്റവും അപകടകരമായ രാഷ്ട്രീയക്കളിയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ അരുവിക്കരയിലെ പ്രകടനം". എന്തായിരുന്നു ആ കളി? യുഡിഎഫും ബിജെപിയും തമ്മിലാണ് മുഖ്യമത്സരം എന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് ലേഖകനെ ചൊടിപ്പിച്ചത്! അതുകൊണ്ട് ഇടതുപക്ഷത്തിന് വോട്ടു കുറഞ്ഞുപോലും. മതേതരത്വത്തിലൂന്നിയ കോണ്‍ഗ്രസിന്റെ ദേശീയനയമാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. ദേശീയതലത്തില്‍ മാത്രമല്ല സംസ്ഥാനതലത്തിലും ബിജെപിയെ എതിര്‍ക്കണമെന്ന അദ്ദേഹത്തിന്റെ നിലപാടില്‍ ഇടതുപക്ഷത്തിന് ഇന്‍ഫീരിയോരിറ്റി കോംപ്ലെക്‌സ് ഉണ്ടാവേണ്ട കാര്യമെന്ത്? കോണ്‍ഗ്രസിനെ എതിര്‍ത്തുകൊണ്ട് ബിജെപിക്കു ബദലാവാന്‍ ഈ നൂറ്റാണ്ടില്‍ ഇടതുപക്ഷത്തിനു സാധ്യമല്ലെന്നിരിക്കെ ജീര്‍ണ്ണവും കാലോചിതവുമല്ലാത്ത സ്വന്തം സമീപനങ്ങളില്‍ നിന്ന് അവര്‍ പിന്‍വാങ്ങുകയാണു വേണ്ടത്. "തങ്ങളെത്തന്നെ വിചാരണക്കു വിധേയമാക്കി വീണ്ടും വീണ്ടും ഉയര്‍ന്നുപൊങ്ങാനുള്ള അനന്യമായ വൈഭവം തൊഴിലാളി വര്‍ഗ്ഗത്തിന് കൈവരുന്നത് മനുഷ്യവംശത്തിന് അത് അത്രമേല്‍ ആവശ്യമുള്ളതുകൊണ്ടാണ്" എന്ന കാള്‍ മാര്‍ക്‌സിന്റെ സമീപനം പ്രയോഗതലത്തില്‍ ഉള്‍ക്കൊള്ളാന്‍ ഇടതുപക്ഷ നേതൃത്വത്തിനു ഇതുവരെ സാധിച്ചിട്ടില്ല. ആശയപരമായ എതിര്‍പ്പിനെ മസില്‍പവര്‍കൊണ്ട് നേരിടുന്ന പ്രാകൃതസമീപനമാണല്ലോ ടി.പി. ചന്ദ്രശേഖരന്‍ വധം ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ പ്രതിഫലിക്കുന്നത്? ഇടതുപക്ഷം സ്വീകരിക്കുന്ന അവസരവാദപരമായ നിലപാടുകളെ വിസ്മരിച്ചുകൊണ്ടുള്ള താത്വിക നിലപാടുകള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. എങ്കിലും "ഇടതുപക്ഷനൈതികത" പ്രീണിപ്പിക്കപ്പെടേണ്ട സംഹിതയാണെന്ന് ചില മുഖ്യധാരാമാധ്യമങ്ങള്‍ ഇപ്പോഴും കരുതുന്നു. വ്യാജമായ ഈ പരിവേഷത്തെ ഒരലങ്കാരമായി ഇടതുപക്ഷ ബുദ്ധിജീവികള്‍ കൊണ്ടുനടക്കുന്നു. അതുകൊണ്ടുതന്നെ ആശയലോകത്തെ ജീര്‍ണ്ണത ഇടതുപക്ഷത്തിന് വലിയ ബാധ്യതയായിതീര്‍ന്നിരിക്കുന്നു. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം