malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

ബിജെപിയുടെ മതരാഷ്ട്രീയം ഹിന്ദുമതദര്‍ശനങ്ങള്‍ക്ക് വിരുദ്ധം

എം. ജനാര്‍ദ്ദനന്‍
ഏതൊരു മതദര്‍ശനത്തേയും, അതിന്റെ അധികാര രാഷ്ട്രീയത്തേയും തമ്മില്‍ തുലനം ചെയ്താല്‍, അവ തമ്മിലുള്ള പാരസ്പര്യമില്ലായ്മ അഥവാ ഘടകവിരുദ്ധമായ വൈരുദ്ധ്യം സ്പഷ്ടമാകുന്നതാണ്. പരസ്പരബന്ധവും സമന്വയവുമില്ലാത്ത ഇരുധ്രുവങ്ങളിലായിരിക്കും മതദര്‍ശനനവും, മതം ഭരിക്കുന്ന അധികാരക്കസേരയും തമ്മിലൂള്ള ദൂരം. മതത്തിന്റെ ദര്‍ശനങ്ങളില്‍ നന്മകള്‍ കണ്ടെത്താന്‍ കഴിയും. സത്തകള്‍ മാത്രം തേടി മതഗ്രന്ഥങ്ങളെ സമീപിക്കുന്നവര്‍ക്ക് അത് ലഭിക്കുകയും ചെയ്യും. അധികാരമാകട്ടെ മതത്തെ ബാഹ്യാചാരങ്ങളുടെ മാത്രം ഉപകരണവും, ആയുധവുമാക്കികൊണ്ട് അതിന്റെ നന്മകളേക്കാള്‍ തിന്മകള്‍ നിറഞ്ഞ ദോഷവശം മാത്രം നടപ്പാക്കുന്ന കാര്യത്തിലാവും വ്യഗ്രത കാട്ടുക. തത്വങ്ങള്‍ വായിച്ചറിയാതെ, വായിച്ചാല്‍ത്തന്നെ ഉള്‍ക്കൊള്ളാതെ, ജീവിതത്തിന്റെ താളക്രമവുമായി, ബന്ധിപ്പിച്ച്, നടപ്പാക്കാതെ ദര്‍ശനപരമായ ആന്ധ്യം-അഥവാ അജ്ഞതയുടെ തിമിരം ബാധിച്ചവരാകും അത്തരക്കാര്‍. ആനുകാലിക ഇന്ത്യയെ ഭരിക്കുന്ന ബിജെപിക്കാരുടെ അണികള്‍ മേല്‍ചൊന്നവരുടെ ഗണത്തില്‍ പെടുന്നു. തന്മൂലം മതത്തിന്റെ പൊരുളുകളെക്കുറിച്ചോ, വസ്തുനിഷ്ഠമായ അറിവുകളെക്കുറിച്ചോ അവബോധമില്ലായ്കയാല്‍ അവരുടെ മേല്‍ക്കോയ്മകള്‍ ഭരിക്കുന്ന ഇന്ത്യയുടെ ഭാവി ഇരുളടഞ്ഞതും, മുമ്പില്ലാത്തവിധം ജനജീവിതത്തെ ദുരിതത്തിലേക്കു തള്ളിവിടുന്നതുമായിരിക്കും. ഒപ്പം വിനാശകരവുമായിരിക്കും അതിന്റെ ഭാവിഫലം. ആദര്‍ശമതികള്‍ക്കു മതത്തിലെ നന്മകളെ കണ്ടെത്താമെന്നിരിക്കിലും, അതിലെ വെറും ആചാരക്കാരുടെയും അനുഷ്ഠാനക്കാരുടേയും തിന്മകള്‍ക്ക് അതിരില്ലാത്തതായിരിക്കും. ആ ഭരണമാണ് ബിജെപിയുടെ മോദിയുടെ നേതൃത്വത്തിലുള്ള ജനഹിതങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും നേരെ കണ്ണടച്ചുകൊണ്ടുള്ള, ബുദ്ധിശൂന്യന്മാരുടെ ഭരണം. സ്വാതന്ത്ര്യസമരത്തിനുമുമ്പും ശേഷവും ഇന്ത്യയുടെ മതസ്വഭാവങ്ങള്‍ക്കു മതേതരത്വഭാവമാണുണ്ടായിരുന്നതെങ്കില്‍, ഗുണമേന്മയുടേതായ ആ രാഷ്ട്രഭാവത്തെ ബിജെപി സര്‍ക്കാര്‍ മാറ്റിമറിച്ച് വികൃതമാക്കാനാണ് ശ്രമിക്കുന്നത്. മറ്റ് ഇന്ത്യന്‍ മതങ്ങളില്‍ നിന്നും വ്യത്യസ്തമല്ലാത്തവിധം കൂടുതല്‍, കൂടുതല്‍ ബിജെപി, ആര്‍എസ്എസ് കൂട്ടുകെട്ടുകള്‍ മതഭ്രാന്തന്മാരുടേതായി മാറിക്കൊണ്ടിരിക്കുകയാണ്. നെഹ്രുവും ശാസ്ത്രിയും ഇന്ദിരാഗാന്ധിയും ഇതരപ്രധാനമന്ത്രിമാരും രാഷ്ട്രത്തെ മതേതര സിദ്ധാന്തത്തിന്റെ ശാന്തിവഴികളിലൂടെയാണു നയിച്ചിരുന്നതെങ്കില്‍ ബിജെപി പ്രധാനമന്ത്രി മോദിയുടെ ഇന്ത്യയില്‍ എതിര്‍ദിശകളിലൂടെയാണു സഞ്ചരിക്കുന്നത്. ഇന്ത്യയുടെ "നാളെ" കളിലേക്ക് സമാധാനത്തിനുപകരം അശാന്തികളെയാകും ആ നയവൈകല്യം ക്ഷണിച്ചുവരുത്തുക. സ്വാതന്ത്ര്യസമരത്തെ നയിച്ച സാരഥികളില്‍ ഗാന്ധിജിയേയും നെഹ്‌റുവിനേയും രണ്ടുതരത്തില്‍ വിലയിരുത്തേണ്ടിവരും. രാമന്റെയും കൃഷ്ണന്റെയും ഒക്കെ വേദാന്തപ്പൊരുളുകളെ സ്വജീവിതത്തിലേക്ക് പകര്‍ത്തുകയാല്‍ ഗാന്ധിജി തികഞ്ഞ ഹിന്ദുവിശ്വാസിയും, നന്മകളാലും സത്യത്താലും സ്‌നേഹത്താലും സ്വന്തം ഹൃദയത്തെ അലങ്കരിച്ചവരും അതിന്റെ കണ്ണാടിയിലൂടെ വിവിധമതസ്ഥരെ ഒരേ കണ്ണാടിയിലെ പ്രതിഫലനമായി ഒരേപോലെ കണ്ട മഹാനുമായിരുന്നു. ഇന്ത്യയിലെ ദരിദ്രകോടികള്‍ക്കു ഭക്ഷണവും കുടിനീരും ഒക്കെയാണ് ആദ്യം ലഭ്യമാക്കേണ്ടതെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നതിനാലാണ് ആ ലക്ഷ്യം ആദ്യം നേടിയെടുക്കാന്‍ അദ്ദേഹം പട്ടണവികസനത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് ഗ്രാമസ്വരാജ് വിഭാവനം ചെയ്തത്. പക്ഷെ ആര്‍എസ്എസ് പ്രവര്‍ത്തകനായ നഥുറാം ഗോഡ്‌സെയുടെ തോക്കിനിരയായി ഇരുപതാം നൂറ്റാണ്ടിലെ ലോകം കണ്ട ഏറ്റവും വലിയ മഹാനായ ഗാന്ധിജിക്കു ജീവന്‍ വെടിയേണ്ടിവന്നതിനാല്‍ ഗാന്ധിജിയുടെ ഗ്രാമസ്വരാജ് എന്ന സ്വപ്‌നം നടപ്പായില്ല. നെഹ്‌റു, ശാസ്ത്രി, ഇന്ദിര, രാജീവ് ആരുംതന്നെ രാജ്യത്തിന്റെ സെക്കുലര്‍ സ്വഭാവം ഖണ്ഡിക്കാതെ കാത്തുസൂക്ഷിച്ചവരത്രെ. ഈ വിഷയത്തില്‍ ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോദി ക്രൂരസ്വഭാവക്കാരനാണ്. പ്രധാനമന്ത്രിപദ മേറ്റാല്‍ ഇന്ത്യയുടെ അപരിഷ്‌കൃത ഗ്രാമാന്തരങ്ങളില്‍ അന്നത്തിനും, കുടിനീരിനും, വസ്ത്രത്തിനും ഉറങ്ങാന്‍ മേല്‍ക്കൂരകള്‍ക്കും വേണ്ടി യാതന അനുഭവിക്കുന്നവരെ മോദിയുടെ ബിജെപി സര്‍ക്കാര്‍ സഹായിക്കുമെന്നാണ് ഭൂരിപക്ഷം ഇന്ത്യക്കാരും ധരിച്ചത്. അവര്‍ക്കു തെറ്റി. പാചകഗ്യാസ് സബ്‌സിഡികള്‍ ബാങ്ക് വഴിയാക്കല്‍, ഭൂമി ഏറ്റെടുക്കല്‍, ട്രയിന്‍ യാത്രക്കാരുടെ സൗജന്യ കുടിനീര്‍ നിര്‍ത്തലാക്കി ഒരു ഗ്ലാസ് വെള്ളത്തിന് ഒരുരൂപ ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള അവകാശം റെയില്‍വെ കുടിനീര്‍ സപ്ലെ കമ്പനിക്കു നല്‍കല്‍ സര്‍വ്വോപരി സകല ഒത്താശകള്‍ക്കും യോഗ്യരായി ഇന്ത്യയിലെ കോടിശ്വരന്മാരായ, കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയുള്ള പാദസേവാ വികസനപരിപാടികള്‍ ഇതൊക്കെ കണ്ട് ജനം ഞെട്ടി മൂക്കത്ത് വിരലമര്‍ത്തി നില്‍ക്കുകയാണ്. ഭരണത്തില്‍ ശരികേടുകള്‍ കണ്ടാല്‍ എതിരായി വോട്ടു ചെയ്യും എന്ന കര്‍ത്തവ്യമല്ലാതെ ഒരിക്കലും പ്രകോപിതരായി ചോദ്യം ചെയ്യാനിറങ്ങാത്തവരത്രെ ഇന്ത്യയിലെ വോട്ടര്‍മാര്‍. അടിമത്വങ്ങളെ സ്വയം തോളിലേറ്റി മറ്റുള്ളവരുടെ, ജന്മി ചൂഷണങ്ങളെ ദൈവവിധിയായി കരുതി സഹനത്തിന്റെ പരകോടിയില്‍ ജീവിക്കുന്നവരാണ് ഭാരതത്തിലെ ദരിദ്രകോടികളായ ജനം. ചിന്താപരമായ ഇത്തരം അറിവിന്റെ ശൂന്യതകളെ- അഥവാ അഭാവത്തെ ബിജെപി ചൂഷണം ചെയ്യുകയാണ്. ഹിന്ദുതത്വങ്ങളിലൊന്നും പണമില്ലാത്തവന്‍ "പിണ" മാണെന്ന് എഴുതിവച്ചിട്ടില്ല. പതിനെട്ടു പുരാണങ്ങളിലും ആറു ശാസ്ത്രങ്ങളിലും ചതുര്‍വേദങ്ങളിലും അങ്ങിനെ ഭാവനകളില്ല. പണത്തിന്റെ വികസനം- അത് കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ അടിയറവച്ചുകൊണ്ട് നേടിക്കൊടുക്കാന്‍ ഒരു ഭഗവത് വചനത്തിലും പറഞ്ഞിട്ടില്ല. രാമായണ-ഭാഗവത-ഭഗവത്ഗീഥയുടെ ഉത്കൃഷ്ഠമായ ദര്‍ശനങ്ങളുടെ തായ്‌വേരിനു തന്നെ കത്തിവയ്ക്കുന്ന നയമാണ് മോദിയുടേത്. ഒരു ദരിദ്രപൗരന് മരിച്ചാല്‍ മാത്രം കിട്ടാവുന്ന ലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സില്‍ ബാങ്കു വഴി ആളെ ചേര്‍ക്കുന്ന പദ്ധതിയും തട്ടിപ്പാണ്. ആരും അങ്ങിനെ മരിക്കുന്നില്ലെന്നിരിക്കെ കോടികളാണ് ഈയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്കു മുതല്‍കൂട്ടാക്കുന്നത്. ഇതിലെവിടെയാണു മോദിയുടെ പൗരസേവനം കുടികൊള്ളുന്നത്? ലോട്ടറി വില്പന വലിയ ജനചൂഷണമാണെന്നിരിക്കെ ഈ 12 രൂപയുടെ ബിജെപി സര്‍ക്കാറിന്റെ ഇന്‍ഷ്വറന്‍സ് പദ്ധതി അതിനേക്കാള്‍ ചൂഷണമാണ്. ജനഹിതം നോക്കി ഭരിക്കും എന്നു പറഞ്ഞ് വികാരഭരിതനായി പാര്‍ലിമെന്റ് തറയെ ചുംബിച്ച് കണ്ണീരില്‍ കുളിച്ച് പ്രധാനമന്ത്രിപദമേറിയ മോദി-ഒബാമയെ സ്വീകരിക്കാന്‍ 10 ലക്ഷത്തിന്റെ കോട്ടു ധരിച്ച് അപഹാസ്യനായി ലോകര്‍ക്കു മുന്നില്‍ നിന്നപ്പോള്‍ ജനസമൂഹത്തെ ഒന്നടങ്കം അപഹാസ്യരാക്കിത്തീര്‍ക്കുകയായിരുന്നു. ഇന്ത്യ ഭരിച്ചിരുന്ന ഇന്ദിരാഗാന്ധിയുള്‍പ്പെടെയുള്ള പ്രധാനമന്ത്രിമാരെ അപേക്ഷിച്ച് ബുദ്ധിശൂന്യനായ-കോടാനുകോടി ജനങ്ങളുടെ മൂലധന ലാഭം കോര്‍പ്പറേറ്റുകള്‍ക്ക് നേടി കൊടുക്കാന്‍ പാടുപെടുന്ന നരേന്ദ്ര മോദി കോര്‍പ്പറേറ്റുകളുടെ വളര്‍ത്തുപൂച്ച മാത്രമാണ്. മുമ്പു ഭരിച്ച പ്രധാനമന്ത്രിമാര്‍ക്കെല്ലാം അപമാനമാണ് ഇദ്ദേഹം. ജനം തിരഞ്ഞെടുപ്പില്‍ തോല്പിച്ച വ്യക്തിയെ ക്യാബിനറ്റ് മന്ത്രിയാക്കിയ ആളാണ്. ഭീകരവാദികളായി ചിത്രീകരിച്ച് ഇസ്രത് ജഹാനെന്ന പെണ്‍കുട്ടിയേയും കൊല്ലംകാരനായ മലയാളി കാമുകനേയും മറ്റൊരാളേയും വ്യാജ ഏറ്റുമുട്ടലില്‍ തെരുവില്‍ വെടിവച്ചു കൊലചെയ്യപ്പെട്ടപ്പോള്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷായ്‌ക്കെതിരെ നടപടിയെടുക്കാത്തവനാണ്. ഗുജറാത്ത് കലാപത്തില്‍ ആയിരക്കണക്കായ ജനങ്ങള്‍ കൊലചെയ്യപ്പെടുന്നന്ന നേരത്ത് മുഖ്യമന്ത്രിയായിരുന്ന ആളാണ്. അതേ അമിത്ഷായെ ദേശീയ ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് അവരോധിച്ച് ക്ഷണിച്ചിരുത്താന്‍ മനസുകാട്ടിയ നേതാവാണ് ഇദ്ദേഹം. അദ്ദേഹം ഒരു നല്ല പ്രധാനമന്ത്രിയാണെന്ന് ഇന്ത്യയാകമാനമുള്ള ബിജെപിക്കാര്‍ക്കു എങ്ങിനെ അഭിമാനിക്കാന്‍ പറ്റും. ഹൈന്ദവ ദര്‍ശനങ്ങളെ കാറ്റില്‍പറത്തി "രാഖി" കെട്ടിയും കൈയില്‍ മഞ്ഞച്ചരട് ബന്ധിച്ചും "ഘര്‍വാപ്പസി"- അഥവാ വീടുവിട്ടുപോയവരെ മതത്തിലേക്കു തിരിച്ചു കൊണ്ടുവരാന്‍ നടത്തിയും കൃഷിക്കാരുടെ ഭൂമിപരിധിയില്ലാതെ നിയമമുണ്ടാക്കി പിടിച്ചെടുത്ത് കോര്‍പ്പറേറ്റുകള്‍ക്കും ഫാക്ടറിക്കും വ്യവസായത്തിനും മറ്റുമായി നല്കാനുള്ള നിയമവ്യവസ്ഥയുണ്ടാക്കിയും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു നീങ്ങുകയാണ്. ലോകം ദര്‍ശിച്ച ഏറ്റവും ധീരയായ പ്രധാനമന്ത്രിയായിരുന്നു ഇന്ദിര. ഇന്ത്യയെ കടന്നുകയറി ആക്രമിക്കുന്ന പാക്കിസ്ഥാനെ രണ്ടുകുറി യുദ്ധത്തില്‍ തറപറ്റിക്കാന്‍ ഇന്ദിര നേതൃത്വം നല്കി. ബാങ്കുകള്‍ ദേശസാത്ക്കരിച്ചു. പ്രീവിപേഴ്‌സ് നിര്‍ത്തലാക്കി. ബ്ലു സ്റ്റാര്‍ ഓപ്പറേഷനിലൂടെ ഖാലിസ്ഥാന്‍ വിഘടനവാദത്തിന്റെ തായ് വേരറുത്തുകളഞ്ഞു അതിന്റെ പേരില്‍ ധീരരക്തസാക്ഷിത്വംവരിച്ച ഭാരതരത്‌നമാണ് ഇന്ദിര. നിരവധി മതങ്ങള്‍ തങ്ങളുടെ മതത്തെ പ്രതിഷ്ഠിക്കാന്‍ ഭീകരവാദം നടപ്പാക്കുന്നുണ്ട്. കൂട്ടായ ലോകമാനുഷികതക്കും, വിശാലമായ മാനവസാമൂഹ്യ നിലനില്പിനും എതിര്‍പക്ഷം പിടിക്കുന്ന ഏതുമതമായാലും അത് മതവിഷം വമിപ്പിക്കാനും സമാധാനം കെടുത്താനും പാടുപെടുന്ന സാമൂഹ്യശത്രുക്കളാണ്. ആര്‍ക്കും തനിക്കിഷ്ടമുള്ള മതത്തോട് ഒത്തുപോകാവുന്നതാണ്. ആരേയും അടിച്ചേല്‍പിച്ച് ആധിപത്യം ഉറപ്പിക്കാന്‍ കൊലക്കത്തി കൈയേന്തുന്ന പ്രവൃത്തി പാപമാണ്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം