malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

പഞ്ചായത്തുവകുപ്പും ഹൈടെക് യുഗത്തിലേക്ക് മാറണം

എം.എസ്. മൂസ്സത്, പെരുമണ്ണ
പഞ്ചായത്ത് വകുപ്പിലെ ഏതെല്ലാം മേഖലകളില്‍ ഏതെല്ലാം രീതിയിലുള്ള മാറ്റം വരുത്തണം എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കപ്പലണ്ടി വില്‍ക്കുന്നവര്‍ മുതല്‍ കപ്പല്‍ വില്‍ക്കുന്നവര്‍ വരെയുള്ളവരും കുടില്‍തൊട്ട് കൊട്ടാരം വരെയുള്ളവരും ഉള്‍പ്പെട്ട സമൂഹത്തിലെ എല്ലാവര്‍ക്കും ഒരവസരത്തിലല്ലെങ്കില്‍ മറ്റൊരവസരത്തില്‍ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടേണ്ടതായിട്ടുണ്ട്. അതുപോലെ അംഗനവാടി കുഞ്ഞുങ്ങള്‍ മുതല്‍ വാര്‍ദ്ധക്യത്തിന്റെ അവസാന നാളുകള്‍ തള്ളി നീക്കുന്നവര്‍ വരെയുള്ളവര്‍ ഏതെങ്കിലും ഒരു കാര്യത്തിനെങ്കിലും ആശ്രയിക്കുന്ന ഓഫീസ് പഞ്ചായത്താഫീസ് മാത്രമാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളും സ്പര്‍ശിച്ചുകൊണ്ട് ജനങ്ങളോടൊപ്പം, ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ നിലകൊള്ളുന്ന സിവില്‍ സര്‍വ്വീസിലെ ഏറ്റവും കൂടുതല്‍ അധികാരങ്ങളുള്ള, ഗ്രാമപഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ആധുനിക ഹൈടെക് യുഗത്തിനോടൊപ്പം കുതിച്ചു നീങ്ങിയില്ലെങ്കില്‍ ഫലം ഏറെ പരിതാപകരമായിരിക്കും. വളരെ വേഗത്തില്‍ ജനങ്ങള്‍ക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട സേവനം കൃത്യമായി ലഭ്യമാകണമെങ്കില്‍ നാം അതിവേഗ പാതയിലൂടെ സഞ്ചരിക്കേണ്ടതായിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന വകുപ്പുകള്‍ക്ക് കീഴിലുള്ള ഒട്ടനവധി സ്ഥാപനങ്ങളും ഓഫീസുകളും ആധുനിക ഹൈടെക് യുഗത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. പല സ്ഥാപനങ്ങളിലെയും സേവനങ്ങള്‍ ഓണ്‍ലൈനായി വളരെ വേഗത്തില്‍ ലഭിച്ചുവരുമ്പോള്‍ ഇപ്പോഴും പല ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും ജീവനക്കാര്‍ പൊതുജനങ്ങളെ മുന്‍നിര്‍ത്തി വാട്ടര്‍സ്‌പോഞ്ചും തലോടി രജിസ്റ്ററുകളുടെ പേജുകള്‍ മറിച്ചുകൊണ്ടേയിരിക്കുകയാണ്. ഇതിനൊരു സമഗ്രമാറ്റം വന്നേ മതിയാവൂ. എന്നാലേ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലെ ഇപ്പോഴത്തെ വമ്പിച്ച തിരക്ക് അവസാനിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ സംസ്ഥാനത്തെ കെട്ടിട നമ്പര്‍ സംവിധാനം തന്നെ പരിശോധിക്കാം. 1995 ല്‍ കെട്ടിടങ്ങള്‍ക്ക് വാര്‍ഡ് തിരിച്ച് നമ്പര്‍ അനുവദിക്കുകയും, അതുപ്രകാരം പഞ്ചായത്ത് ഓഫീസുകളില്‍ വിവിധ രീതിയിലുള്ള രജിസ്റ്ററുകള്‍ നിലവില്‍ വരികയും ചെയ്തു. അതിനുശേഷം 2000 ത്തില്‍ വീണ്ടും വാര്‍ഡ് വിഭജനം നടക്കുകയും, 2003- 2004 ല്‍ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ പതിക്കുകയും ചെയ്തു. വീണ്ടും 2005-ല്‍ വാര്‍ഡ് വിഭജിക്കുകയും തുടര്‍ന്ന് 2008-2009 ല്‍ അതുപ്രകാരം നമ്പര്‍ പതിക്കുകയും ചെയ്തു. പിന്നെ 2010 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും വാര്‍ഡ് വിഭജനം നടന്നു. എങ്കിലും അതുപ്രകാരമുള്ള നമ്പര്‍ പതിക്കലുമായി വളരെ തിരക്കുപിടിച്ച നടപടിക്രമങ്ങളിലേക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ ഇപ്പോള്‍ പ്രവേശിച്ചുകഴിഞ്ഞതേയുള്ളൂ. ഇപ്പോള്‍ പതിക്കാന്‍ പോകുന്ന കെട്ടിട നമ്പര്‍ പ്രകാരമുള്ള രജിസ്റ്ററുകളും മറ്റും നിലവില്‍ വന്നു കഴിഞ്ഞാല്‍ തന്നെ നാലു കൊല്ലത്തിനുശേഷം (പഞ്ചായത്തുകള്‍ പലതും വിഭജിക്കപ്പെടുകയോ നഗരസഭകളായി ഉയര്‍ത്തുകയോ അതുമല്ലെങ്കില്‍ കോര്‍പ്പറേഷന്‍/ നഗരസഭകളുമായി കൂട്ടിച്ചേര്‍ക്കുകയോ ചെയ്യേണ്ടിവരും എന്ന വസ്തുതയും നമ്മുടെ മുമ്പില്‍ ഉണ്ട്) 2015 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2014-15 ല്‍ വീണ്ടും വാര്‍ഡ് വിഭജനം നടത്തുകയും 2015നുശേഷം വീണ്ടും പുതിയ നമ്പര്‍ പതിക്കേണ്ടി വരികയും ചെയ്യും. അപ്പോള്‍ ജനങ്ങള്‍ 2010-ലെ വാര്‍ഡ് നമ്പറും, 2008-09 ലെ കെട്ടിട നമ്പറും കൊണ്ടുവരുന്നു. എന്നാല്‍ പഞ്ചായത്തിലെ കെട്ടിട നമ്പര്‍ അനുസരിച്ചുള്ള എല്ലാ രേഖകളും 1995 ലെ വാര്‍ഡ് വിഭജന പ്രകാരമുള്ളതാണ്. അതുകൊണ്ട് തന്നെ കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇപ്പോഴത്തെ വാര്‍ഡ് നമ്പറും, 2008-09 ലെ കെട്ടിട നമ്പറും കൊണ്ടുവന്നാല്‍ അവര്‍ക്ക് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതും അവരോട് കെട്ടിട നികുതി സ്വീകരിക്കുന്നതും 1997-1998, 2001-2002 ലെ രജിസ്റ്റര്‍ പ്രകാരമാണ്. ഈ ഗുരുതരമായ പ്രശ്‌നം വിവിധ ആവശ്യങ്ങള്‍ക്കും മറ്റുമായി ഓഫീസുകളില്‍ വരുന്ന പൊതുജനങ്ങളേയും, ഭരണ സാരഥികളെയും, വാര്‍ഡ് മെമ്പര്‍മാരെയും, പാര്‍ട് ടൈം സ്വീപ്പര്‍ മുതല്‍ സെക്രട്ടറി വരെയുള്ളവരെയും തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഒട്ടുമിക്ക കുടുംബത്തിന്റെയും റേഷന്‍കാര്‍ഡില്‍ രേഖപ്പെടുത്തിയ കെട്ടിട നമ്പറായിരിക്കില്ല ആ കുടുംബം താമസിക്കുന്ന കെട്ടിടത്തില്‍ പതിപ്പിച്ചിരിക്കുന്നത്. ഈ നമ്പറുകളല്ലാതെ വേറൊരു നമ്പറിലാണ് പ്രസ്തുത കുടുംബത്തിന്റെ കെട്ടിട നികുതി സ്വീകരിക്കുന്നത്. 2010 ലെ വാര്‍ഡ് നമ്പറുമായി ബന്ധപ്പെട്ട് പരിശോധിച്ചാല്‍ പ്രസ്തുത കെട്ടിടത്തിന് മുകളില്‍ സൂചിപ്പിച്ച മൂന്ന് നമ്പറുകളുമായിട്ടുള്ള ബന്ധം മനസ്സിലാക്കുവാന്‍ വളരെ പ്രയാസമാണെന്ന വസ്തുത സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ഖേദകരമാണ്. കെട്ടിടങ്ങളില്‍ വെച്ച് നടക്കുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് പൊലീസ് തയ്യാറാക്കുന്ന രേഖകളില്‍ കെട്ടിടങ്ങളില്‍ പതിച്ചിരിക്കുന്ന നമ്പറുകളാണ് എഴുതുന്നത്. എന്നാല്‍ പഞ്ചായത്ത് രേഖകളില്‍ കാണുന്നത് പ്രസ്തുത കെട്ടിടങ്ങള്‍ക്ക് മറ്റൊരു നമ്പറാണ്. ഈ പ്രശ്‌നം പരിഹരിക്കുവാന്‍ പോലീസ് ഉദ്യോഗസ്ഥന്മാര്‍ നിരന്തരമായി പഞ്ചായത്ത് ഓഫീസുകളില്‍ കയറിയിറങ്ങി ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്തുവരുന്നു. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരികയും അതുപ്രകാരം കെട്ടിട നമ്പറുകള്‍ക്കായി കേന്ദ്രീകൃത കമ്പ്യൂട്ടര്‍ സംവിധാനം നിലവില്‍ വരികയും വേണം. ഒരു കെട്ടിടത്തിന് നമ്പര്‍ അനുവദിച്ചാല്‍ ആ കെട്ടിടം നിലവിലുള്ളിടത്തോളം കാലം ആ ഒരേ ഒരു നമ്പര്‍ മാത്രമായിരിക്കണം ആ കെട്ടിടത്തിന്. വാര്‍ഡ് അടിസ്ഥാനത്തില്‍ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിക്കുന്നത് ഒഴിവാക്കി അത് പഞ്ചായത്ത് അടിസ്ഥാനത്തിലായിരക്കണം. കെട്ടിട നമ്പറുകള്‍ സംസ്ഥാന അടിസ്ഥാനത്തില്‍ കേന്ദ്രീകൃത കമ്പ്യൂട്ടര്‍ സംവിധാനത്തിലേക്ക് മാറ്റിയാല്‍ ഏതു പഞ്ചായത്തിലെയും കെട്ടി നികുതി ഏത് പഞ്ചായത്ത് ഓഫീസുകളിലും ഈ സംവിധാനത്തിലൂടെ സ്വീകരിക്കാവുന്നതാണ്. ഈ രീതിയിലുള്ള സംവിധാനം വഴിയാണ് ബാങ്ക്, എല്‍ഐസി തുടങ്ങിയ മേഖലകളില്‍ നിന്നുള്ള സേവനം പൊതുജനങ്ങള്‍ക്ക് വളരെ വേഗത്തില്‍ ലഭ്യമായി കൊണ്ടിരിക്കുന്നത്. വളരെ തിരക്കുപിടിച്ച ഗ്രാമപഞ്ചായത്ത് ഓഫീസുകളിലെങ്കിലും കെട്ടിട നികുതിയും സാധാരണ രീതിയിലുള്ള അപേക്ഷകളും സ്വീകരിക്കുന്ന സമയം കാലത്ത് 8 മണി മുതല്‍ വൈകിട്ട് 6 മണിവരെയായി പുനഃക്രമീകരിക്കേണ്ടതാണ്. കെഎസ്ഇബി ഓഫീസുകളില്‍ ഇലക്ട്രിസിറ്റി ചാര്‍ജ്ജ് സ്വീകരിക്കുന്നത് മേല്‍പറഞ്ഞ സമയങ്ങളിലാണ്. കാലത്ത് ഓഫീസുകളിലും ജോലിക്കും പോകേണ്ടവര്‍ക്ക് ഈ സമയക്രമം ഏറെ ഉപകാരപ്രദമായിരിക്കും എന്ന് മാത്രമല്ല സാധാരണ പ്രവൃത്തിസമയങ്ങളിലെ ജനത്തിരക്ക് കുറയ്ക്കുവാനും സഹായിക്കും. നികുതി പിരിവ് വരവ് വെയ്ക്കുന്ന ഹാന്‍ഡ് ബുക്ക് പേജുകള്‍ തിരിച്ചും മറിച്ചും നോക്കി. നികുതികളും ഫീസുകളും വാങ്ങുന്നത് ഈ ആധുനിക കാലഘട്ടത്തിന് തീരെ യോജിക്കാത്തതാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. ഗ്രാമപ്രദേശങ്ങളിലെ മുക്കിലും മൂലയിലും പ്രവര്‍ത്തിക്കുന്ന വളരെ ചെറിയ സഹകരണ ബാങ്കുകളും സൊസൈറ്റികളും മറ്റു ധനകാര്യ സ്ഥാപനങ്ങളും പണം പിരിക്കുന്നതുപോലും കമ്പ്യൂട്ടര്‍ ബില്ലിംഗ് സിസ്റ്റത്തിലൂടെയാണ്. ഇവിടെയാണ് പഞ്ചായത്തിലെ നികുതി പിരിവ് ഉദ്യോഗസ്ഥന്മാര്‍ക്കും നികുതി ദായകര്‍ക്കും ഏറെ ഗുണപ്രദമാകേണ്ട ലാപ്‌ടോപ്, കമ്പ്യൂട്ടര്‍ ബില്ലിംഗ് സിസ്റ്റത്തിന്റെ ആവശ്യകതയെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടത്. കെട്ടിടനികുതി, ലൈസന്‍സ് ഫീ, തൊഴില്‍ നികുതി എന്നിവ വളരെ വേഗത്തില്‍ കൃത്യമായും സമയബന്ധിതമായും പിരിച്ചെടുക്കേണ്ട ആവശ്യത്തിലേക്ക് നികുതി പിരിവ് ഉദ്യോഗസ്ഥന്മാര്‍ക്കും ലാപ്‌ടോപ്പും കമ്പ്യൂട്ടര്‍ ബില്ലിംഗ് സിസ്റ്റവും നല്‍കേണ്ടതാണ്. ആര്‍ക്കും ഒന്നിനും സമയമില്ല എന്ന് പറഞ്ഞ് ഓടിനടക്കുന്ന വര്‍ത്തമാനകാലത്ത് ഗ്രാമത്തിലെ ഓരോ പൗരനും, ഓരോ കുടുംബത്തിനും ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ നിന്നും തങ്ങള്‍ക്കര്‍ഹമായ മെച്ചപ്പെട്ട സേവനം സമയബന്ധിതമായി കൃത്യമായും, വ്യക്തമായും, മിന്നല്‍ വേഗത്തില്‍ ലഭിക്കേണ്ട ആവശ്യത്തിലേക്കായി പഞ്ചായത്ത് സംവിധാനം ആധുനിക ഹൈടെക് രീതിയിലേക്ക് മാറ്റേണ്ടത് ആധുനിക കാലഘട്ടത്തിന്റെ ആവശ്യമാണ്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം