malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

ബ്രിട്ടണ്‍: ഒരു സോഷ്യലിസ്റ്റ് പരീക്ഷണം

പ്രൊഫ. ജോണ്‍ സിറിയക്
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ജെറെമി കോര്‍ബിന്‍പോലും അത്ഭുതപ്പെട്ടുപോയി. അത്രയൊന്നും അറിയപ്പെടാത്തൊരു പാര്‍ലമെന്റ് അംഗത്തെ ഇത്ര വമ്പന്‍ ഭൂരിപക്ഷത്തോടെ ലേബര്‍ പാര്‍ട്ടിയുടെ ലീഡര്‍ ആയി തെരഞ്ഞെടുക്കുമെന്ന് ആരും തന്നെ കരുതിയില്ല. അതാണ് സംഭവിച്ചത്. ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയുടെ തലവനായി സൗമ്യനായ ജെറെമി കോര്‍ബിന്‍ ജയിച്ചു. അത് ബ്രിട്ടന്റെ തന്നെ ഭാവി തിരുത്തിക്കുറിക്കുമെന്നു വരെ നിനക്കുന്നവരുണ്ട്. "വരട്ടെ അപ്പോള്‍ കാണാം" എന്ന് ആശ്വസിക്കുന്നവരുമുണ്ട്. ഏതായാലും ഒരു രാഷ്ട്രീയ നേതൃത്വമാറ്റം ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുന്നത് ബ്രിട്ടനില്‍ അപൂര്‍വ്വമാണ്. അപൂര്‍വ്വമായതാണല്ലോ സംഭവിച്ചത്. മുപ്പത്തിരണ്ടുവര്‍ഷമായി ജെറെമി കോര്‍ബിന്‍ തുടര്‍ച്ചയായി ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമാണ്. അധികം ഒച്ചപ്പാടൊന്നുമില്ലാതെ പിന്‍നിരയില്‍ ഒതുങ്ങി കഴിഞ്ഞുകൂടി. ലേബര്‍ പാര്‍ട്ടി അദ്ദേഹത്തെ മന്ത്രിയാക്കാന്‍ ആലോചിച്ചിട്ടുപോലുമില്ല. ഒരുപക്ഷെ ഇടക്ക് ചാടിയെഴുന്നേറ്റ് ശരി എന്നു തോന്നുന്നത് വിളിച്ചുപറയും. അന്നേരം അദ്ദേഹം പാര്‍ട്ടി ലൈനോ പാര്‍ട്ടി അച്ചടക്കമോ നോക്കാറില്ല. കാഴ്ചപ്പാടുകളില്‍ സോഷ്യലിസ്റ്റ്. പൂര്‍ണ്ണ വെജിറ്റേറിയന്‍. മദ്യം കഴിക്കാറേയില്ല. കണ്ടാലും സാത്വികന്‍. അറുപത്താറു വയസ്സുള്ള കോര്‍ബിന്‍ വളരെപ്പെട്ടെന്നാണ് ഇതുപോലെ ജനപിന്തുണ ആര്‍ജിച്ച്, മൂന്നുമാസം കൊണ്ട് രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടി അംഗങ്ങളില്‍ അഞ്ചില്‍ മൂന്നുഭാഗം വോട്ടും അദ്ദേഹം നേടി.മെയ് മാസത്തില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ തകര്‍ച്ചക്ക് ഉത്തരവാദിത്വം ഏറ്റെടുത്ത് ലീഡര്‍ സ്ഥാനത്തുനിന്ന് എഡ് മിലിബാന്റ് രാജിവെച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജയിക്കാനിടയായത് ലേബറിന്റെ ദുര്‍ബല നേതൃത്വം മൂലമായിരുന്നു എന്നായിരുന്നു ആക്ഷേപം. അപ്പോഴാണ് കോര്‍ബിന്‍ രംഗത്തെത്തുന്നത്. അദ്ദേഹം രാജ്യം മുഴുക്കെ സഞ്ചരിച്ച്, റാലികള്‍ സംഘടിപ്പിച്ച്, ജനങ്ങളിലേക്കിറങ്ങിച്ചെന്നു. മുതലാളിത്ത വ്യവസ്ഥിതി നിലനില്‍ക്കുന്ന ബ്രിട്ടനില്‍ സോഷ്യലിസത്തിനും ഇടമുണ്ടെന്നും അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി. സ്വന്തം നേതാവായിരുന്ന മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ 2003 ല്‍ ഇറാക്ക് ആക്രമണത്തിന് അമേരിക്കയോടൊപ്പം എടുത്തു ചാടിയത് അദ്ദേഹം എതിര്‍ത്തു. പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ സാമ്പത്തീക അച്ചടക്ക പരിപാടികളെയും ജെറെമി എതിര്‍ത്തു. ബ്രിട്ടന്‍ അണ്വായുധ പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന് അദ്ദേഹം സിദ്ധാന്തിക്കുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും നാറ്റോ സഖ്യത്തില്‍ നിന്നും ബ്രിട്ടന്‍ പിന്‍മാറണമെന്നും അദ്ദേഹം വാദിക്കുന്നു. ടോണി ബ്ലെയര്‍ ഉടനടി പ്രതികരിച്ചു. "ഈ പോക്ക് ബ്രിട്ടനെ അപകടത്തില്‍ കൊണ്ടെത്തിക്കും", അതോടൊപ്പം തീവ്ര ഇടതു ചായ്‌വുള്ള നേതൃത്വം ലേബര്‍ പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റുമെന്ന് മാധ്യമങ്ങള്‍ മുന്നറിയിപ്പു നല്കിക്കഴിഞ്ഞു. അടുത്ത രണ്ടു തെരഞ്ഞെടുപ്പുകളിലെങ്കിലും ലേബര്‍ പാര്‍ട്ടി പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന് പ്രവചിച്ചവരും ഉണ്ട്. പാര്‍ട്ടിയിലെ താക്കോല്‍ സ്ഥാനങ്ങളിലിരുന്ന ഏഴുപേര്‍ രാജിവെച്ചു. മാത്രമല്ല, 232 ലേബര്‍ എംപിമാരില്‍ കോര്‍ബിന് വോട്ടു ചെയ്തത് കേവലം 20 പേരാണ്. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റ് പാര്‍ട്ടിയെ നയിക്കാന്‍ അദ്ദേഹത്തിന് എങ്ങിനെ കഴിയും എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. മുപ്പത്തിരണ്ടുവര്‍ഷത്തെ പാര്‍ലമെന്റേറിയന്‍ കാലഘട്ടത്തില്‍ അഞ്ഞൂറു പ്രാവശ്യമെങ്കിലും പാര്‍ട്ടി നയങ്ങള്‍ക്കെതിരെ വോട്ടു ചെയ്ത ആള്‍ക്ക് പാര്‍ട്ടിയെ ഒന്നിപ്പിച്ചുകൊണ്ടുപോകാന്‍ കഴിയുമോ എന്നാണ് മുന്‍ പ്രധാനമന്ത്രിമാരായ ബ്ലെയറും ഗോര്‍ഡന്‍ ബ്രൗണും ആശങ്കിക്കുന്നത്. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ (കണ്‍സര്‍വെറ്റീവ് പാര്‍ട്ടി) പുതിയ പ്രതിപകഷ നേതാവിനെ വിശേഷിപ്പിച്ചത് "ദേശീയ സുരക്ഷിതത്വത്തിന് ഭീഷണി" എന്നാണ്. "ബ്രിട്ടന്റെ ദേശീയ സുരക്ഷിതത്വത്തിനും, സാമ്പത്തീക ഭദ്രതക്കും കുടുംബങ്ങളുടെ സുരക്ഷിതത്വത്തിനും തന്നെയും ഇദ്ദേഹം ഭീഷണിയാവും" എന്ന കാമറൂണ്‍ വെട്ടിത്തുറന്നു പറഞ്ഞു. മാധ്യമങ്ങളും മുന്നറിയിപ്പുമായി മുന്നിട്ടിറങ്ങി. "ലേബര്‍ പാര്‍ട്ടിയുടെ ചരമദിനം" "കോര്‍ബിന്റെ നേതൃത്വം മഹാദുരന്തം- ലേബര്‍ പാര്‍ട്ടിക്കും, ബ്രിട്ടീഷ് രാഷ്ട്രീയ സംവിധാനത്തിനും" "ജനാധിപത്യത്തിന്റെ പരീക്ഷണഘട്ടം" തുടങ്ങിയ കടുത്ത മാധ്യമനിരീക്ഷണങ്ങള്‍. ഏതായാലും ബ്രിട്ടനില്‍ വ്യാപകമായ ആശങ്കക്ക് ജെറെമിന്‍ കോര്‍ബിന്റെ തെരഞ്ഞെടുപ്പ് വഴിവെച്ചിരിക്കുകയാണ്. പ്രശസ്തനായ ഒരു ബ്രിട്ടീഷ് രാഷ്ട്രീയ നിരീക്ഷകന്‍ ഇങ്ങനെ വിലയിരുത്തി: "യൂറോപ്പ് വിരുദ്ധ, സ്‌കോട്ടീഷ് ദേശീയതയ്ക്ക് ഉത്തേജനമേകുന്ന, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കരുത്തു പകരുന്ന വിജയം..." അശുഭകരമായ നിരീക്ഷണങ്ങള്‍ക്കിടയിലും ധാരാളം ശുഭപ്രതീക്ഷകളും ബ്രിട്ടനില്‍ ഉയരുന്നുണ്ട്. ലോകത്തിനു മാതൃകയായ വെസ്റ്റ് മിനിസ്റ്റര്‍ മോഡല്‍ ജനാധിപത്യത്തിന് ഇത്തരം അപകടങ്ങളെ അതിജീവിക്കാനുള്ള കഴിവുണ്ട് എന്ന് അവര്‍ വിശ്വസിക്കുന്നു. ഇപ്പോഴത്തെ ഇടത് ചായ്‌വ് വ്യക്തി അധിഷ്ഠിതമാണ് അറുപത്തിയാറു വയസുള്ള ഒരു വ്യക്തിയില്‍ അധിഷ്ഠിതമായ പൊളിറ്റിക്കല്‍ ഫിലോസഫി. അതിന് പല പരിമിതികളുമുണ്ട്. യൂറോപ്യന്‍ മൂല്യങ്ങള്‍ക്കും വ്യവസ്ഥിതികള്‍ക്കും അത് ഭീഷണിയാവുന്നു എന്ന ബോധ്യം വരുമ്പോള്‍ അതിനെ തൂത്തെറിയാനും ബ്രിട്ടീഷുകാര്‍ക്കറിയാം എന്ന് അവര്‍ ആശ്വസിക്കുന്നു. ആകര്‍ഷകമായ നേതൃത്വ പാടവംകൊണ്ട് അനുഗൃഹീതനൊന്നുമല്ല ഈ നേതാവ്. വെറും ഒരു സാധാരണക്കാരന്‍. പക്ഷെ പറയുന്ന കാര്യങ്ങളിലെ ആത്മാര്‍ത്ഥത ശ്രോതാക്കളെ ആകര്‍ഷിക്കാന്‍ പോന്നതാണ്. അതിലുപരിയാണ് അദ്ദേഹത്തിന്റെ സത്യസന്ധതയും വിനയവും. ഈ രണ്ടു ഗുണങ്ങളാണ് ഏറ്റവും ഉന്നതമായ നേതൃത്വവിശേഷം എന്നാണ് ആധുനീക കാലഘട്ടത്തിന്റെ വിശ്വാസം. ലോകം മുഴുവന്‍ ഏകാധിപതികളെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തകര്‍ത്തെറിഞ്ഞത് അഴിമതിയും അഹന്തയും മൂലമാണെന്നത് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. കോര്‍ബിന്റെ സത്യസന്ധതയും വിനയവും അദ്ദേഹത്തിന്റെ വിജയമുദ്രയായിത്തീര്‍ന്നിരിക്കാം. ഇതൊക്കെയാണ് ചരിത്രപശ്ചാത്തലമെങ്കിലും ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി ഇനി എങ്ങോട്ട് എന്ന ചോദ്യം ബാക്കി നില്ക്കുന്നു. ഒന്നാമത്തെ പ്രശ്‌നം ജെറെമി കോര്‍ബിന് പാര്‍ട്ടിയില്‍ പിന്തുണ നേടാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ പത്തിലൊന്ന് എംപിമാരാണ് അദ്ദേഹത്തെ പിന്തുണച്ചത്. ബ്രിട്ടീഷ് സംവിധാനത്തിലെ ഷാഡോ ക്യാബിനറ്റിലേക്ക് തങ്ങള്‍ ഇല്ല എന്ന് വലിയൊരു ഭാഗം എംപിമാരും അറിയിച്ചു കഴിഞ്ഞു. (ഭരണകക്ഷിയുടെ ചെയ്തികളെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ബദല്‍ സംവിധാനമാണ് ഷാഡോ കാബിനറ്റ്). ഏതായാലും ലേബര്‍ എംപിമാരുടെ പിന്തുണ നേടാന്‍ അദ്ദേഹം ശ്രമം ആരംഭിച്ചിട്ടുണ്ട്. കോര്‍ബിനെ ബ്രിട്ടനിലെ അലെക്‌സിസ് ഡിപ്രാസ് എന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. ഗ്രീസിലെ ഇടതുപക്ഷ സിറിസ് പാര്‍ട്ടിയുടെ നേതാവാണ് സിപ്രാസ്. സാമ്പത്തീകത്തകര്‍ച്ചക്കിടെ സിപ്രാസ് എന്ന സോഷ്യലിസ്റ്റിന് നിലപാടുകള്‍ മാറ്റേണ്ടി വന്ന കാര്യം പലരും ചൂണ്ടിക്കാണിക്കുന്നു. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം