malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

അയ്യോ അമ്മേ പോവല്ലേ

ഇന്ദ്രജിത്ത്
ജെ.എസ്.എസ്. എന്ന ജനാധിപത്യസംരക്ഷണസമിതിയുടെ എല്ലാമെല്ലാമായ ഗൗരിയമ്മ തങ്ങളെ ഉപേക്ഷിച്ചുപോകുന്നതില്‍ ജെ.എസ്.എസ്സിലെ പലര്‍ക്കും പെരുത്ത ദുഃഖമുണ്ട്. അച്യുതാനന്ദനെ തട്ടുമ്പോള്‍ പകരം ഒരു ഈഴവനേതാവു വേണമെന്ന അടിയന്തരാവശ്യത്തിന്റെ പേരിലാണ് ഉടനടി ഗൗരിയമ്മയെ ദത്തെടുക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിനേതൃത്വം തീരുമാനമെടുത്തത്. ഇതിനെ നഖശിഖാന്തം എതിര്‍ക്കുന്ന ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നിലപാടിനെ അവഗണിച്ചുകൊണ്ട് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഡോ. തോമസ് ഐസക്കും എം.ഏ. ബേബിയുമൊക്കെ ദീര്‍ഘനാളുകളായി നടത്തിയ ശ്രമത്തിനൊടുവിലാണ് ലയനത്തിന് ഇരുവിഭാഗത്തുനിന്നും പച്ചക്കൊടിയായത്. 1994 ല്‍ പുരയ്ക്കു മുകളില്‍ വളര്‍ന്നെന്നു തോന്നിയപ്പോള്‍ താന്‍പോരിമയുടെ പേരുപറഞ്ഞ് ഈ.എം.എസ്സും കൂട്ടരും ചേര്‍ന്നാണ് ഗൗരിയമ്മയെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. അഴിമതി ആരോപണവും ഒപ്പം ചാര്‍ത്തിക്കൊടുത്തു. പിന്നീട് യു.ഡി.എഫിന്റെ സംരക്ഷണത്തിലായി രാഷ്ട്രീയജീവിതം. രാഷ്ട്രീയത്തില്‍ സ്ഥിരം മിത്രവും ശത്രുവുമില്ലെന്നാണ് ചൊല്ല്. അതുകൊണ്ട് ഈ മന്ത്രിസഭയുടെ അവസാനത്തില്‍ പ്രതിപക്ഷത്തേക്കു പോയാല്‍ അടുത്ത മന്ത്രിസഭയിലും കയറാം. ഗൗരിയമ്മയെ ലയിപ്പിക്കാനുള്ള സമ്മേളനം പി. കൃഷ്ണപിള്ള ദിനമായ ആഗസ്റ്റ് 19 ന് ആലപ്പുഴ ടൗണ്‍ഹാളില്‍ നടത്താനും ഇരുപതിനായിരം പ്രവര്‍ത്തകരെ അണിനിരത്താനുമുള്ള എല്ലാ മുന്നൊരുക്കങ്ങളും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചെയ്തതാണ്. എന്നാല്‍, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഗൂഢമായ മനസ്സിലിരിപ്പ് ഗൗരിയമ്മ മുന്‍കൂട്ടി കണ്ടില്ല. ഗൗരിയമ്മയെ സംസ്ഥാനക്കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമോ ക്ഷണിതാവാക്കുമോ, സഹോദരീപുത്രിക്കു അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ ഒരു സീറ്റു കൊടുക്കുമോ, മറ്റു ചില ശിങ്കിടികള്‍ക്ക് സ്ഥാനം നല്‍കുമോ എന്നൊക്കെയുള്ള കാര്യങ്ങളില്‍ മാര്‍ക്‌സിസ്റ്റ് നേതൃത്വം മനസ്സു തുറന്നിട്ടില്ല. ""ഇപ്പം ശര്യാക്കിത്തരാം, ആദ്യം ഗൗരിയമ്മ ഇങ്ങു പോരെ"" എന്നാണ് അവര്‍ പറഞ്ഞത്. മാത്രമല്ല, പാര്‍ട്ടിയുടെ പേരിലുള്ള സ്വത്തുക്കള്‍ കൈവിട്ടുപോകുമോ എന്ന ചിന്തയാല്‍ അടിവയറ്റില്‍നിന്നു കയറിയ ആധിയും ഗൗരിയമ്മയെ പിന്നോട്ടടിച്ചു എന്നാണ് കേള്‍വി. ഇപ്പോള്‍ ""ഇല്ലത്തുനിന്നും പുറപ്പെടുകയും ചെയ്തു അമ്മാത്തൊട്ടെത്തിയതുമില്ല"" എന്ന സ്ഥിതിയിലായി പാവം ഗൗരിയമ്മ. ഗൗരിയമ്മയുടെ ഇപ്പോഴത്തെ സ്ഥിതിക്കാണ് ത്രിശങ്കുസ്വര്‍ഗ്ഗം എന്നു പറയുന്നത്. എന്താണ് ത്രിശങ്കുസ്വര്‍ഗ്ഗം? പുരാണിക് എന്‍സൈക്ലോപീഡിയയില്‍ പറയുന്നത് നോക്കുക: ""ത്രിശങ്കുവിനെ ഉടലോടെ സ്വര്‍ഗ്ഗത്തില്‍ അയയ്ക്കാമെന്ന് വിശ്വാമിത്രന്‍ കയ്യേറ്റു. അതിനുവേണ്ട യാഗാനുഷ്ഠാനങ്ങളും ആരംഭിച്ചു. വിശ്വാമിത്രന്റെ യാഗം ശക്തിപ്പെട്ടതോടുകൂടി ത്രിശങ്കു ഉടലോടുകൂടി മന്ദം മന്ദം സ്വര്‍ഗ്ഗത്തിലേയ്ക്കു ഉയര്‍ന്നു. ഒരു ചണ്ഡാലന്‍ സ്വര്‍ഗ്ഗവാതുക്കല്‍ വന്നു നില്ക്കുന്നതു കണ്ട് ദേവന്മാര്‍ ഓടിച്ചെന്ന് ഇന്ദ്രനെ വിവരം അറിയിച്ചു. കുപിതനായ ഇന്ദ്രന്‍ ഓടിവന്ന് ത്രിശങ്കുവിനെ പിടിച്ചുതള്ളി തല കീഴായി കീഴ്‌പ്പോട്ടയച്ചു. അങ്ങനെ ത്രിശങ്കു മേല്‌പ്പോട്ടുപോയതിലും വേഗത്തില്‍ തല കീഴായി കീഴ്‌പ്പോട്ടു യാത്രയാരംഭിച്ചു. ത്രിശങ്കു വിശ്വാമിത്രനെ വിളിച്ച് ഉറക്കെ നിലവിളിച്ചു. ഈ നിലവിളി കേട്ടു വിശ്വാമിത്രന്‍ മേല്‌പ്പോട്ടു നോക്കിയപ്പോള്‍ കണ്ടത് തല കീഴായി കീഴ്‌പ്പോട്ടു വരുന്ന ത്രിശങ്കുവിനെയാണ്. അതുകണ്ടപ്പോള്‍ വിശ്വാമിത്രന് കോപം പൂര്‍വ്വാധികം ഉജ്ജ്വലിച്ചു. "ത്രിശങ്കു അവിടെത്തന്നെ നില്ക്കട്ടെ" എന്ന് വിശ്വാമിത്രന്‍ അട്ടഹസിച്ചു. ത്രിശങ്കു ആകാശത്തില്‍ അവിടെത്തന്നെ നിന്നു. മേല്‌പ്പോട്ടു ചെല്ലുവാന്‍ ഇന്ദ്രനും താഴോട്ടിറങ്ങുവാന്‍ വിശ്വാമിത്രനും അനുവദിച്ചില്ല."" ഒടുവില്‍ ത്രിശങ്കുവിനുവേണ്ടി സ്വര്‍ഗ്ഗത്തിനും ഭൂമിക്കും ഇടയിലായി ഒരു ചെറിയ സ്വര്‍ഗ്ഗം പണിതു. അതാണ് ത്രിശങ്കുസ്വര്‍ഗ്ഗം. ഗൗരിയമ്മയുടെ കാര്യത്തില്‍ അതിനി ഉണ്ടാകേണ്ടതായിട്ടാണിരിക്കുന്നത്. വയസ്സുകാലത്ത് ഭാണ്ഡക്കെട്ടും കെട്ടി വീടുവിട്ടുപോകാനൊരുങ്ങിയെങ്കിലും വഞ്ചിക്കപ്പെട്ട ഗൗരിയമ്മയെ കണ്ട് നാലു കഷണങ്ങളായ ജെ.എസ്.എസ്സില്‍ ഔദ്യോഗികവിഭാഗത്തിന്റെ നേതാക്കളായ എ.എന്‍. രാജന്‍ബാബുവും കെ.കെ. ഷാജുവും ""അയ്യോ അമ്മേ പോവല്ലേ"" എന്നു നിലവിളിച്ച് അപേക്ഷിക്കുന്നുണ്ട്. ""എന്തെന്തു മോഹങ്ങളായിരുന്നു"" എന്നു പാട്ടുംപാടി ഇരിക്കുകയാണിപ്പോള്‍ ഗൗരിയമ്മ. കേരളത്തില്‍ അരലക്ഷം മുഴുവന്‍സമയ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനുള്ള ഒരു പദ്ധതി ബി.ജെ.പി. ആവിഷ്‌കരിച്ചിരിക്കുന്നു. ഓരോ ബൂത്തു കമ്മിറ്റിയില്‍നിന്നും രണ്ടുപേരെ വീതം തെരഞ്ഞെടുത്താണ് പരിശീലനം നല്‍കുക. സംസ്ഥാനത്ത് 22,000 ബൂത്തു കമ്മിറ്റികള്‍ ബി.ജെ.പി.ക്ക് ഉണ്ടെന്നാണ് കണക്ക്. ഇപ്രകാരം പരിശീലനം ലഭിക്കുന്നവര്‍ പാര്‍ട്ടിയില്‍ പുതുതായെത്തിയ 23 ലക്ഷം പേരെ പാര്‍ട്ടിയുടെ ചരിത്രവും പരിപാടിയും പഠിപ്പിക്കുമത്രേ. നല്ല കാര്യം. ബി.ജെ.പി. എന്താണെന്നും അവരുടെ പരിപാടി എന്താണെന്നും അവരുടെ ചരിത്രം എന്താണെന്നും ബി.ജെ.പി.യില്‍ ചേര്‍ന്നവര്‍ക്കൊന്നും ലവലേശം അറിയില്ല. വര്‍ഗ്ഗീയത വളര്‍ത്തുന്ന, മലബാറില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമൊത്ത് കൊലപാതകരാഷ്ട്രീയം കളിക്കുന്ന ഒരു പാര്‍ട്ടി എന്നേ ആളുകള്‍ക്ക് ബി.ജെ.പി.യെപ്പറ്റി ആകെ അറിയാവൂ. എന്നാല്‍, ചരിത്രവും പരിപാടിയും വേറെ ഉണ്ടെന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. പരിശീലകരായി ആര്‍.എസ്.എസ്സിന്റെ നേതാക്കള്‍ എത്തുമെന്ന് വാര്‍ത്തകളില്‍ കാണുന്നു. അപ്പോള്‍ കായികപരിശീലനം തീര്‍ച്ചയായും ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഇത്തരം പരിശീലനം നല്‍കി സേനകള്‍ രൂപികരിക്കുന്ന തിരക്കിലാണ്. രണ്ടു പാര്‍ട്ടികളുംകൂടി കേരളമാകെ പരിശീലനം നല്‍കിക്കഴിയുമ്പോള്‍ യുദ്ധം ആരംഭിക്കുമായിരിക്കും. പിന്നെ ചോരക്കളം സൃഷ്ടിക്കുക എന്ന പരിപാടിയാവും വ്യപകമായി നടപ്പാക്കപ്പെടുക എന്നു പ്രതീക്ഷിക്കാം. എന്തായാലും, ബി.ജെ.പി.യ്ക്ക് ഇത്രയധികം അംഗങ്ങള്‍ ഉണ്ടെന്നറിയുന്നത് ആദ്യമാണ്. ഇവരൊക്കെ കഴിഞ്ഞ കാലങ്ങളില്‍ എവിടെ പോയി ഒളിച്ചിരുന്നു എന്നറിയില്ല. അല്ലെങ്കില്‍, അതെല്ലാം വോട്ടായി ബി.ജെ.പി.യുടെ പെട്ടിയില്‍ വീഴുമായിരുന്നല്ലോ. ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനായി കേരളത്തില്‍ തമ്പടിക്കാന്‍ പരിപാടി ഇട്ടിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് യു.പി.യില്‍ തമ്പടിച്ച് മുസാഫര്‍ നഗര്‍ കലാപമുള്‍പ്പെടെ അനേകം വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ രണ്ടാക്കിയാണ് ബി.ജെ.പി. വോട്ടു പിടിച്ചത്. അതേ നയമായിരിക്കും കേരളത്തിലും നടപ്പാക്കുക.എന്നാല്‍, അതിന് പറ്റിയ വേരോട്ടം കിട്ടുന്ന മണ്ണല്ല കേരളത്തിലേത് എന്ന് താമസിയാതെ അമിത് ഷായ്ക്കു ബോദ്ധ്യമാകും. **** വീട്ടുജോലിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ നയത്തിനു രൂപം നല്‍കുന്നത്രെ. മുഴുവന്‍ സമയവീട്ടുജോലിക്കാരുടെ കുറഞ്ഞ മാസശമ്പളം 9000 രൂപ ഉറപ്പാക്കുന്നതാണ് നയത്തിലെ പ്രധാനവ്യവസ്ഥകളിലൊന്ന്. വര്‍ഷത്തില്‍ 15 ദിവസത്തെ അവധിക്കു അര്‍ഹതയുണ്ടായിരിക്കും. വീട്ടുജോലിക്കാര്‍ക്ക് വിദ്യാഭ്യാസം നേടുന്നതിനും അവകാശമുണ്ട്. എന്തൊക്കെ വീട്ടുജോലികള്‍ ചെയ്യണം, എന്തൊക്കെ സുഖസൗകര്യങ്ങള്‍ നല്‍കണം. എന്നൊക്കെയുള്ള വിശദാംശങ്ങള്‍ വരാനിരിക്കുന്നതേയുള്ളു. ബോണസ്, പ്രസവാവധി ചികിത്സാവധി, മാറ്റാനുകൂല്യങ്ങള്‍ എന്നിവയൊക്കെ തീര്‍ച്ചയായും ഉണ്ടാകാതിരിക്കില്ല. ഉറങ്ങാന്‍ ഏ.സി.മുറി, ടി.വി., കുളിമുറിയില്‍ വാട്ടര്‍ ഹീറ്റര്‍, പ്രത്യേക വിശ്രമസമയങ്ങള്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യം, അതിഥികളെ സ്വീകരിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഉറപ്പായും നല്‍കേണ്ടിവരും. വിദ്യാഭ്യാസം നേടുന്നതിന് അവകാശമുള്ളതിനാല്‍ കാലത്ത് എട്ടുമണിമുതല്‍ വൈകിട്ടു നാലുമണിവരെ ജോലി ചെയ്യേണ്ട കാര്യമില്ല. വിദ്യാഭ്യാസം കഴിഞ്ഞുവരുമ്പോള്‍ എന്തെങ്കിലും പണി ബാക്കിയുണ്ടെങ്കില്‍ അതു ചെയ്താല്‍ മതിയാകും. 9000 രൂപ എന്നത് മിനിമം വേതനമാണ്. തൊഴില്‍ വൈദഗ്ധ്യം കൂടുന്നതനുസരിച്ച് വേതനവും കൂടും. ചുരുക്കിപ്പറഞ്ഞാല്‍, ഇനി ഫാന്‍സികടകളിലും ചെറിയ തുണിക്കടകളിലുമൊക്കെ ആയിരം മുതല്‍ മേലോട്ടുള്ള ശമ്പളത്തിനു രാവിലെ എട്ടുമുതല്‍ രാത്രി ഒമ്പതുവരെ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെല്ലാം വീട്ടുജോലിക്കാരായി മാറും. താഴ്ന്ന സര്‍ക്കാര്‍ ജോലികള്‍ക്കു പോകാനുദ്ദേശിക്കുന്നവരും ഈ ജോലിയിലാവും ഇനി താല്പര്യം പ്രകടിപ്പിക്കുക. വീട്ടുജോലിക്കാര്‍ സിന്ദാബാദ്! *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം