malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

ജനശ്രദ്ധയ്‌ക്കൊരു പുകമറ

ആര്‍.കെ. രവിവര്‍മ്മ
കേരള സംസ്ഥാനത്തില്‍ ഒരുവര്‍ഷത്തിനിടയില്‍ നടക്കാന്‍ പോവുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒരു ചാനല്‍ സര്‍വ്വെ നടത്തിയതായി കണ്ടു. ആദ്യമായി സര്‍വ്വെയുടെ പൊതുവായ അഭിപ്രായം അനുകൂലമായാലും പ്രതികൂലമായാലും പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി പറഞ്ഞതുപോലെ അഭിപ്രായം ഒരു ഇരുമ്പുലക്കയല്ല എന്ന സത്യം സൂചിപ്പിക്കുകയാണ്. പൊതുജനവും കക്ഷികളും കാലത്തിന് അനുസരിച്ച് പ്രതികരിക്കുന്ന കാലമാണിത്. ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരം, വാര്‍ത്താമാധ്യമങ്ങളില്‍ വന്ന ശാസ്ത്രപുരോഗതി, തുടങ്ങിയ വിവരങ്ങള്‍ പുസ്തകം വായിക്കാതെ റേഡിയോ കേള്‍ക്കാതെ തത്സമയം അറിയുന്നു, പൊതുരംഗത്തെ നല്ലതും ചീത്തയുമെല്ലാം ദൈനംദിനം സ്ഥലകാലഭേദമില്ലാതെ നേരിട്ട് കാണുന്നു, കേള്‍ക്കുന്നു. ആ വിവരങ്ങള്‍ ഒരാളുടെ ചിന്തയിലും അഭിപ്രായത്തിലും വരുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കും വാര്‍ത്തകളുടെ ആവര്‍ത്തനത്തിന് ശ്രമിക്കുന്നവര്‍ക്കും നിക്ഷിപ്ത താല്‍പര്യം കാണും. അതിന്റെ ഏറ്റവും വലിയ തെളിവാണ് കേരളത്തിലെ അഴിമതിയെക്കുറിച്ചുള്ള പ്രചരണം. നുണകള്‍ നൂറ്റൊന്നല്ല, ആയിരത്തി ഒന്നാക്കിയാലും അത് സത്യമാവില്ല എന്ന് പമ്പരവിഡ്ഡികള്‍ അറിയുന്നില്ല. കേരളത്തില്‍ മദ്യത്തിന്റെ പ്രവാഹം കുറഞ്ഞതില്‍ ദുഃഖിക്കുന്നത് മദ്യപാനികളോ അവരുടെ കുടുംബങ്ങളോ അല്ല. മദ്യംവില്‍ക്കുന്ന സാധാരണക്കാരുമല്ല.. നാട്ടിലെ പൊതുവായ പ്രയോഗം തന്നെയാണ് അതിന് പറ്റിയത്. മദ്യലോബി എന്നും മദ്യരാജാക്കന്മാര്‍ എന്നും ജനങ്ങള്‍ നല്കിയ ബഹുമതിയാണത്. അവര്‍ ഇടത്തരക്കാരോ സാധാരണക്കാരോ അല്ല. അവര്‍ ലക്ഷപ്രഭുക്കളും കോടീശ്വരന്മാരുമാണ്. സ്വന്തമായി വലിയ മുതല്‍ മുടക്കില്ലാത്ത ലളിതമായ അധ്വാനം കുറഞ്ഞ ജോലിയാണത്. കേരളത്തില്‍ നൂറുകണക്കിന് മദ്യഷാപ്പുകള്‍ ഈ ഗവണ്‍മെന്റിന്റെ കാലത്ത് പൂട്ടേണ്ടിവന്നു. ഫലം അവരുടെ വരുമാന സ്രോതസ്സിന് കനത്ത ആഘാതമുണ്ടായി. അത്തരക്കാരുടെ ആസൂത്രിതമായ നീക്കം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുക എന്നതായിരുന്നു. അവരുണ്ടാക്കിയ കോടതികളിലേയും മാധ്യമങ്ങളിലെയും അഴിമതിക്കഥകള്‍ കൂറ്റന്‍ തലക്കെട്ടുകളിലും ചാനല്‍ക്കൂട്ടങ്ങളിലൂടെയും മാസങ്ങളായി ചര്‍വ്വിതചര്‍വ്വണം നടത്തുകയാണ്. ഒരു മന്ത്രിയേയും മന്ത്രിമാരേയും അക്ഷരാര്‍ത്ഥത്തില്‍ വേട്ടയാടുകയായിരുന്നു ലക്ഷ്യം. "ചാനല്‍" "കോമഡി" എന്ന പേരില്‍ നടത്തുന്ന വിവരദോഷത്തിന്റെ ട്രാജഡികളില്‍ പരസ്യമായി ഭരണകൂടത്തേയും മന്ത്രിമാരേയും പരിഹസിക്കുന്നത് ഒരു വിനോദമെന്ന നിലക്കല്ല. ശരിയായ ഒരു അജണ്ടയുടെ തലച്ചോറാണ് ഇതൊക്കെ പ്രോത്സാഹിപ്പിക്കുന്നത്. കുട്ടികളുടെ ഒരു പ്രകടനം കണ്ടു. പുസ്തകമില്ലാത്തതാണ് വിഷയം. വിദ്യാഭ്യാസ മന്ത്രിയുടെ പേരടക്കം ചോദ്യോത്തരങ്ങളില്‍ കേട്ടു. ഒരു തവണയല്ല, പലതവണ അഴിമതിക്കഥകള്‍ പുട്ടിന് തേങ്ങയിടുന്നതുപോലെ ചാനല്‍ ജഡ്ഡിമാരുടെ കയ്യടിയോടെ നടത്തുന്നത് കാണാം. വിദ്യാഭ്യാസമന്ത്രി കുട്ടികള്‍ക്ക് പുസ്തകം കൊടുക്കാതെ ബോധപൂര്‍വ്വം താമസിപ്പിച്ചതാണോ? അച്ചടിക്കുന്നവര്‍ കള്ളക്കളി കളിച്ചതാണോ? ലക്ഷക്കണക്കിന് പുസ്തകം അച്ചടിക്കുമ്പോള്‍ അല്പം കാലതാമസം വരാന്‍ പാടില്ല എന്നത് ശരിതന്നെ. പക്ഷെ അതിന്റെ കുറ്റവും കുറവും ഭരണക്കാരുടെ തലയില്‍ മാത്രം വെച്ചു കെട്ടുന്നത് ശരിയാണോ? മഴ തീര്‍ന്നാലും മരം പെയ്യുന്നു എന്ന് പറഞ്ഞതുപോലെ പുസ്തകമൊക്കെ കുട്ടികള്‍ക്ക് കിട്ടിക്കഴിഞ്ഞിട്ടും ഈ എഴുന്നള്ളത്തും കമന്റും രംഗാവിഷ്‌കരണവും മാന്യതക്കും അന്തസ്സിനും ചേര്‍ന്നതായിരുന്നില്ല. താന്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടുന്ന ചില പ്രത്യേകതക്കാരെ കാണാം. മന്ത്രിമാരോടും മുന്നണിയോടും കടുത്ത വിരോധം മാത്രമാണ് ചിലരുടെ കഴിവിന്റെ മാനദണ്ഡം. നേരെമറിച്ച് വിമര്‍ശിക്കാനും കുറ്റം ചൂണ്ടിക്കാട്ടാനും ശ്രമിക്കുന്നതിന് പകരം ഒരു വൈരനിര്യാതന ബുദ്ധിയോടെയാണ് ചിലരുടെ കമന്റുകള്‍. കേരളത്തിലെ വിദ്യാലയങ്ങളുടെയും കലാലയങ്ങളുടെയും കാമ്പസിനെ ലഹരി മുക്തമാക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ ഗവണ്‍മെന്റും ആഭ്യന്തരമന്ത്രിയും പൊലീസ് ഉദ്യോഗസ്ഥന്മാരും നടത്തിയ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഇവരൊന്നും കാണാറില്ലേ? ഇന്ത്യക്ക് തന്നെ മഹത്തായ ഒരു മാതൃകയാണിത്. അക്ഷരലോകത്തെ ചെകുത്താന്റെ വിളയാട്ടങ്ങളെ തന്റേടത്തോടെ നേരിട്ടത് ലഹരിവില്പനക്കാര്‍ക്ക് സഹിക്കുമോ? ഇതും ഈ സര്‍ക്കാരിന്റെ അഴിമതിയായിട്ടെന്തേ കണക്കാക്കിയില്ല? കേരളീയ ഗ്രാമങ്ങളില്‍ ഇടത്തരക്കാരും സാധാരണക്കാരും കൊള്ളപ്പലിശക്കാരുടെയും ബ്ലെയ്ഡ് മാഫിയകളുടെയും അഴിഞ്ഞാട്ടത്തിന്റെ ഫലമായി തകര്‍ന്ന കുടുംബങ്ങളുടെ കണ്ണീരിന്റെ കഥ മറക്കാനാവുമോ. ഈ മാഫിയാസംഘത്തെ തന്റേടത്തോടെ ഒതുക്കുന്ന കേരളത്തിലെ ആഭ്യന്തരവകുപ്പിനെ അഭിനന്ദിക്കാന്‍ എന്താണിത്ര മടി? സര്‍വ്വെ നടത്തുമ്പോള്‍ ഇക്കാര്യങ്ങളും അറിയേണ്ടതല്ലേ? ഇവയൊക്കെ അഴിമതിയില്‍പ്പെടുന്നതാണോ എന്ന് ജനത്തിനറിയാം. ഐക്യരാഷ്ട്രസഭ, പൊതുപ്രവര്‍ത്തനത്തിന്റെ ശ്ലാഘനീയതയ്ക്ക് അംഗീകാരം നേടിയ ഉമ്മന്‍ ചാണ്ടി ലോകത്തിന് തന്നെ മാതൃക കാട്ടിയത് എഴുതിതള്ളാനും കാണാതെ പോവുന്നത് ഖേദകരം തന്നെയാണ്. അഴിമതി മുദ്രകുത്തി ഒരു ഭരണകൂടത്തെ ചെറുതാക്കാന്‍ ശ്രമിച്ചവര്‍ ഭരണരംഗത്ത് വന്ന ശ്രദ്ധേയമായ നേട്ടങ്ങളെ തമസ്‌കരിക്കുന്നത് പറയാതെ വയ്യ. മദ്യമാഫിയകള്‍ കൂട്ടായി ശ്രമിച്ചാലും ഈ അഴിമതിക്കഥ ജനം വിശ്വസിക്കില്ല. അഞ്ചുവര്‍ഷത്തെ നേട്ടങ്ങളില്‍ ഒന്നെത്തിനോക്കുക; ഐ.ടി. മേഖല ഉയരങ്ങളിലെത്തുകയാണ് എല്ലാവര്‍ക്കും ഭൂമി എന്നത് നിസ്സാരമാണോ? കേരളത്തിന് ഒന്‍പത് മെഡിക്കല്‍ കോളേജുകള്‍, അടിസ്ഥാന സൗകര്യവികസനം, ഒട്ടേറെ ക്ഷേമപദ്ധതികള്‍, ദേശിയഗയിംസ് ഏഴ് ജില്ലകളിലായി സംഘടിപ്പിച്ചു. 9 സ്റ്റേഡിയങ്ങള്‍ വികസിപ്പിച്ചു. 17 എണ്ണം നവീകരിച്ചു. സംസ്ഥാനം 54 സ്വര്‍ണ്ണമടക്കം 162 മെഡലുകള്‍ നേടി. കേരളം മുന്നേറിയ റണ്‍കേരളയിലെ ജനപങ്കാളിത്തവും മഹനീയമായ മാതൃകയല്ലേ? 2015 മാര്‍ച്ച് വരെ 1,22391 പേര്‍ക്കുള്ള നിയമനം പിഎസ്‌സി നടത്തി, ശബരിമല മാസ്റ്റര്‍ പ്ലാന്‍, ജനസമ്പര്‍ക്കമെന്ന ലോകോത്തരമായ കര്‍മ്മപരിപാടിയുടെ മഹത്വം കേരളീയ സമൂഹത്തിന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. ഭരണം ഇതില്‍പരം സുതാര്യവും മാതൃകാപരവുമാണെന്ന് കേരളീയര്‍ക്കറിയാം. ഇക്കാര്യങ്ങളില്‍ ആരും സര്‍വ്വെ നടത്തിയിട്ടില്ല. പകല്‍വെളിച്ചംപോലെ ജനം അനുഭവിച്ചതാണിവ. കാരുണ്യയുടെ കാരുണ്യം ഇതുവരെ 82000 പേര്‍ക്ക് ലഭിച്ചു. ഇതേപോലെ ഓരോ വകുപ്പിന്റേയും പ്രവര്‍ത്തനങ്ങള്‍ എഴുതിതീര്‍ക്കാനാവാത്തതാണ്. ഇതൊക്കെ അനുഭവിച്ച കേരളീയരോട് ഒരു സര്‍വ്വെക്കാര്‍ക്കും ഇതൊക്കെ മാറ്റിനിര്‍ത്താനാവില്ല. യുഡിഎഫ് സംവിധാനത്തില്‍ ചെയ്ത കാര്യങ്ങള്‍ ഫലപ്രദമായി ജനങ്ങളിലെത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇനി ചര്‍ച്ച ചെയ്യേണ്ടത്. വ്യക്തിവൈരാഗ്യത്തിന്റെ കൊലകളും കൊള്ളിവെപ്പുകളും ആരുടെ ഭാഗത്ത് നിന്നായാലും അത് ഭൂഷണമല്ല. യുഡിഎഫ് സര്‍ക്കാരിന്റെ ജനോപകാര പദ്ധതികളെ അറിയാനും അറിയക്കാനും സമയം വൈകുന്നതുകൊണ്ടാണ് അഴിമതിക്കഥയും പാടി വിദൂഷകവൃന്ദം അങ്ങുമിങ്ങും അലോസരങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. കേരളം കണ്ട ഒരു യഥാര്‍ത്ഥ ജനകീയ ഗവണ്‍മെന്റിനെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അവര്‍ വളര്‍ന്നിരിക്കുന്നു. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം