malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

മൂലധനം സര്‍വധനാല്‍ പ്രധാനം

ജെ.അജിത് കുമാര്‍
നമ്മുടെ ആകാശഗംഗയിലെ മൂലം നക്ഷത്രമോ, ഇങ്ങ് തിരുവനന്തപുരത്തുകാര്‍ വിവക്ഷിക്കുന്ന ഒരു മനുഷ്യ ശരീരഭാഗമോ അല്ല ഇവിടെ പരാമര്‍ശ വിഷയമാകുന്ന മൂലം; അത് മൂലധനം തന്നെയാണ്. ആഗോള കമ്മ്യൂണിസ്റ്റ് ആചാര്യന്‍ സാക്ഷാല്‍ കാള്‍ മാര്‍ക്‌സ് ലോകത്തിനുമുന്നില്‍ കാട്ടിത്തന്ന മൂലധനം ആണത്. "ദസ് കാപ്പിറ്റല്‍" എന്ന് അദ്ദേഹത്തിന്റെ മാതൃഭാഷയായ ജര്‍മനിലും, "ദി ക്യാപിറ്റല്‍" എന്ന് ആംഗലേയത്തിലും പറയപ്പെടുന്ന, അറിയപ്പെടുന്ന മൂലധനം തന്നെയാണ് വിഷയം. കാള്‍ മാര്‍ക്‌സിന്റെ നാമധേയത്തില്‍ ഇന്ത്യയില്‍ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകമായിരിക്കണം ഈ സംസ്ഥാനത്ത് ഏറ്റവുമധികം മൂലധനം അവകാശപ്പെടാവുന്ന രാഷ്ട്രീയ പ്രസ്ഥാനം. നാടുനീളെ മൂലധനനിക്ഷേപം നടത്തിയിട്ടുണ്ട്, കാള്‍ മാക്‌സിന്റെ പാര്‍ട്ടി. പാവങ്ങളുടെയും, സാധാരണക്കാരുടെയും, അദ്ധ്വാനവര്‍ഗത്തിന്റെയും, ആശയും ആവേശവും ആശ്രയവുമെന്ന് സ്വയം അവകാശപ്പെടുന്ന സി.പി.എം ആണ് ഇന്ന് കേരളത്തിലെ ഏറ്റവും ധനാഢ്യനായ മുതലാളി. ഈ സി.പി.എമ്മിന്റെ കേരളത്തിലെ നേതാക്കളില്‍ എത്രപേര്‍ ആ മാര്‍ക്‌സിന്റെ "മൂലധനം" കണ്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട്, പഠിച്ചിട്ടുണ്ട്? ഒരു ഐസക്കോ, ഒരു ബേബിയോ, ഒരു------ ആര്? മറ്റാരുമുണ്ടാകാന്‍ സാദ്ധ്യതയില്ല. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ബൈബിളും, ഖുറാനും, ഗീതയും, ഗുരു ഗ്രന്ഥസാഹിബും മറ്റെന്തെക്കെയുമാണ് കാര്‍ മാര്‍ക്‌സിന്റെ ദസ് കാപിറ്റല്‍. അത് സമ്പൂര്‍ണമായി വായിച്ചിട്ടുണ്ടെന്ന് അഭിമാനപൂര്‍വം അവകാശപ്പെട്ടിരുന്ന ഒരു സിനിമ നടനുമുണ്ടായിരുന്നു, മലയാളത്തില്‍- നമ്മുടെ പ്രിയങ്കരനായ സുകുമാരന്‍ എന്ന എടപ്പാള്‍ സ്വദേശി പി.സുകുമാരന്‍. മൂലധന കര്‍ത്താവായ കാള്‍ മാക്‌സിനേക്കാള്‍ മികച്ച കമ്മ്യൂണിസ്റ്റുകാര്‍ ആയിരുന്ന ഏതാനുംപേര്‍ നമ്മുടെ കൊച്ചു കേരളത്തിലും പിന്നീടുണ്ടായിട്ടുണ്ട്. അവരുടെയിടയില്‍ സ്ത്രീപക്ഷത്തുനിന്നും ആദ്യകാലത്ത് ഉയര്‍ന്നുവന്ന ഒരു വ്യക്തിയേയുള്ളു, ഒരു നാമമേയുള്ളു- അതാണ് കെ.ആര്‍.ഗൗരി. ആ മഹതി ഇപ്പോള്‍ ഗൗരിയമ്മ എന്ന നാമധാരിയായി, തന്റെ തൊണ്ണൂറ്റിയാറാം വയസിലും മലയാളി മനസിന്റെ മിച്ചഭൂമിയില്‍ കുടിയേറി താമസമുറപ്പിച്ചിരിക്കുന്നു. എന്നാല്‍ അവര്‍ ഇപ്പോള്‍ വിരാജിക്കുന്നിടം വെറുമൊരു കുടിലല്ല, കൊട്ടാരമാണ്. കൊട്ടാരസദൃശമായ സമ്പല്‍സമൃദ്ധിയുടെ നടുവിലാണ് ആദ്യകാല സഖാവ് കെ.ആര്‍.ഗൗരി എന്ന ഗൗരിയമ്മയും അവര്‍ നയിക്കുന്ന പ്രസ്ഥാനവും ഇന്ന്. ആ മഹതിയെ നമിക്കുന്നു, ആ അമ്മയെ വന്ദിക്കുന്നു, സ്‌നേഹിക്കുന്നു, ബഹുമാനിക്കുന്നു. എങ്കിലും കാള്‍ മാര്‍ക്‌സ് വിഭാവനം ചെയ്തതിനപ്പുറം, ഒരു ആജീവാനന്ത കമ്മ്യൂണിസ്റ്റായ സഖാവ് ഗൗരിയമ്മയ്ക്ക് മൂലധനത്തോടുള്ള ആര്‍ത്തിയും ആസക്തിയും ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് തലമുറയ്ക്കുപോലും അംഗീകരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഒരു കമ്മ്യൂണിസ്റ്റുകാരിയായി ജീവിച്ച താന്‍, ഒരു കമ്മ്യൂണിസ്റ്റുകാരിയായിത്തന്നെ മരിക്കണമെന്നുള്ള ആയമ്മയുടെ അഭിലാഷത്തെ മാനിക്കുകതന്നെ വേണം. ആ വികാരതീവ്രതയുടെ പരമകാഷ്ഠയിലായിരിക്കുമല്ലോ താന്‍ മാറോട് ചേര്‍ത്ത പ്രസ്ഥാനത്തിലേക്ക് രണ്ട് ദശാബ്ദങ്ങള്‍ക്കിപ്പുറം, മടങ്ങിപ്പോകണമെന്ന് അവര്‍ ആഗ്രഹിച്ചത്. ഗൗരിയമ്മയ്‌ക്കോ, അവര്‍ നേതൃത്വം കൊടുത്തിരുന്ന സി.പി.എമ്മിനോ ഇപ്പോഴും നിശ്ചയമില്ലാത്ത, ബോദ്ധ്യം വന്നിട്ടില്ലാത്ത കാരണങ്ങളാലാണ് 1994ല്‍ അവര്‍ പാര്‍ട്ടിയില്‍നിന്ന് നിഷ്‌കരുണം പുറത്താക്കപ്പെട്ടത്. അതിനുള്ള ഉത്തരം കേരള സമൂഹത്തിന് നല്‍കാന്‍ പ്രാപ്തനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവും ഇന്നില്ലതന്നെ. അതിനുമപ്പുറം, അവര്‍ എങ്ങനെയാണ്, എന്തുകൊണ്ടാണ് കേവലമൊരു സാമുദായികാടിസ്ഥാനത്തിലുള്ള രാഷ്ട്രീയകക്ഷി രൂപീകരിച്ചതെന്നും, അതിന്റെ നേതൃസ്ഥാനത്തു വന്ന് പിന്നീട് ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ മന്ത്രിസഭയില്‍ അംഗമായതെന്നും കമ്മ്യൂണിസ്റ്റല്ലാത്ത മലയാളിക്കുപോലും ഇപ്പോഴും ആശ്ചര്യമാണ്. കേരളപ്പിറവിക്ക് ശേഷം ആദ്യമായി ഈ സംസ്ഥാനത്ത് അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഏക വനിതാംഗമായിരുന്ന്, അനവധിയായ വിപ്ലവകരമായ തീരുമാനങ്ങള്‍ സധൈര്യം നടപ്പിലാക്കിയ കെ.ആര്‍.ഗൗരി എന്ന പഴയകാലത്തെ കറതീര്‍ന്ന കമ്മ്യൂണിസ്റ്റ് ആദര്‍ശവാദി, കാലാന്തരത്തില്‍ കേവലം ഒരു സമുദായ നേതാവായി മാറിയ കാഴ്ച ഏറെ ദുഃഖത്തോടെയാണ് കേരള സമൂഹം കണ്ടത്. ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരില്‍ അവര്‍ രൂപീകരിച്ച, ഇന്ന് ചുരുക്കപ്പേരില്‍ ജെ.എസ്.എസ് എന്ന് അറിയപ്പെടുന്ന സംഘടന, (അതോ രാഷ്ട്രീയകക്ഷിയോ?) ഒരു സാമുദായിക കൂട്ടായ്മയ്ക്കപ്പുറം മറ്റെന്തായിരുന്നു. എങ്കിലും ആ ജെ.എസ്.എസ് പോലും ഗൗരിയമ്മയുടെ പേരില്‍ കേരളത്തില്‍ മൂലധനം ഒരുപാട് ആര്‍ജ്ജിച്ചു. ഇപ്പോള്‍ ആ മഹതി അഭിലഷിക്കുന്നത് ഒന്നുമാത്രം- തന്റെ സ്വകാര്യ ജീവിതം പോലും തൃണവല്‍ഗണിച്ച്, താന്‍ കൂടി രക്തവും വിയര്‍പ്പും ചിന്തി കെട്ടിപ്പടുത്ത ഇടതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന സി.പി.എമ്മിലേക്ക് അവസാനമായി ഒരു മടങ്ങിപ്പോക്ക്. പക്ഷേ, അതിനുപോലും തടസം നില്‍ക്കുന്നത് മൂലധനമാണ്. ജെ.എസ്.എസ് എന്ന പാര്‍ട്ടിയുടെ ജീവാത്മാവും പരമാത്മാവുമാണ് കെ.ആര്‍.ഗൗരിയമ്മ എന്നത് ഒരു പച്ചയായ പരമാര്‍ത്ഥം. അങ്ങനെയുള്ള ജെ.എസ്.എസിനെ വെറുമൊരു ജഡമായി നിഷ്‌കരുണം തള്ളിക്കളഞ്ഞുകൊണ്ട്, തന്റെ സ്വപ്‌നസാഫല്യത്തിനായി സി.പി.എമ്മിന്റെ കൂടാരത്തിലേക്ക് ചേക്കേറാം എന്ന അവരുടെ ആഗ്രഹത്തിന് വിഘാതമായി നില്‍കുന്നത്, ഇക്കഴിഞ്ഞ രണ്ടുദശാബ്ദത്തിനുള്ളില്‍ അവരുടെ പ്രസ്ഥാനം സ്വരൂപിച്ച മൂലധനം തന്നെയാണ്. ഒന്നുകൂടി പച്ചയ്ക്കു പറഞ്ഞാല്‍ സ്വത്ത് തര്‍ക്കം തന്നെയാണ് അവരുടെ സി.പി.എമ്മിലേക്കുള്ള മടങ്ങിപ്പോക്കിന് തടസമായിരിക്കുന്നത്. കെ.ആര്‍.ഗൗരി എന്ന മലയാളികളുടെ മാതൃസ്ഥാനീയ, ഒരു കൃഷ്ണ ഭക്തയാണ്. അത് അവര്‍തന്നെ എത്രയോ തവണ തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. ആ കൃഷ്ണന്‍ ഈ വൈകിയ വേളയിലെങ്കിലും ആയമ്മയെ തുണയ്ക്കട്ടെ. എന്നാല്‍ ഗൗരിയമ്മയുടെ കൃഷ്ണനേക്കാള്‍ നമ്മുടെ മനസില്‍ വരുന്നത് ഗൗരീനാഥനായ പരമശിവനാണ്. ""ശിവനേ, മര്‍ത്ത്യന് തൃഷ്ണ തീരലുണ്ടോ"" എന്ന ആ പരമസത്യം ദ്യോതിപ്പിക്കുന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു. ഈ സന്നിഗ്ധ ഘട്ടത്തില്‍ ഗൗരിയമ്മയെ രക്ഷിക്കാന്‍ കൃഷ്ണനോ, ശിവനോ ഉണ്ടാകട്ടെ എന്ന്, കാള്‍ മാര്‍ക്‌സിനെ സ്മരിച്ചുകൊണ്ട്, മൂലധനം എന്ന ആ മഹദ് ഗ്രന്ഥം നെഞ്ചോട് ചേര്‍ത്ത് പ്രാര്‍ത്ഥിക്കുന്നു. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം