malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

പുതിയ ക്യൂബന്‍ വിപ്ലവം ഇവിടെ

പ്രൊഫ. ജോണ്‍ സിറിയക്
അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ല എന്ന് പറയാറുണ്ട്. അടുത്തയിടെ അമേരിക്കയിലുണ്ടായ രണ്ട് അത്ഭുതങ്ങളിലൊന്നാണ് ഇറാനുമായുള്ള ആണവായുധ കരാര്‍. ഏറ്റവും പുതിയ അത്ഭുതം ക്യൂബയുമായി ഉണ്ടാക്കിയ ഉടമ്പടിയാണ്. ഈ രണ്ടു രാജ്യങ്ങളും അമേരിക്കയുടെ ബദ്ധശത്രുക്കളായിരുന്നു. പരസ്പരം നശിപ്പിക്കാന്‍ അമേരിക്കയും ഇറാനും കിണഞ്ഞു ശ്രമിച്ചു. അതുപോലെ തന്നെ അമേരിക്കയും ക്യൂബയും. ഇപ്പോള്‍ ആരു ജയിച്ചു എന്ന ചോദ്യത്തിന് മനുഷ്യരാശി എന്ന ഉത്തരമായിരിക്കും കൂടുതല്‍ ശരിയെന്നു തോന്നുന്നു. ക്യൂബന്‍ മിസൈല്‍ സംഘര്‍ഷം എന്നൊരു അധ്യായമായി ലോകചരിത്രത്തില്‍ എഴുതപ്പെട്ട ശീതസമരം കനത്ത കാലത്ത് അമേരിക്കന്‍ പ്രസിഡണ്ട് ജോണ്‍ കെന്നഡിയും റഷ്യന്‍ പ്രസിഡന്റ് നികിതാ ക്രൂഷ്‌ചേവും ചേര്‍ന്ന് ലോകത്തെ മൂന്നാം ലോകയുദ്ധത്തിന്റെ വക്കോളമെത്തിയതിനു പിന്നില്‍ ക്യൂബയുമുണ്ടായിരുന്നു. സോവിയറ്റ് യൂണിയന്‍ ക്യൂബയിലേക്കയച്ച മിസൈല്‍വാഹിനികള കടലില്‍ ഉപരോധിച്ച അമേരിക്കന്‍ നടപടി 1962 ല്‍ സംഭവിച്ചതാണ്. ലോകം മുടിയാതെ രക്ഷപ്പെട്ടത് ക്രൂഷ്‌ചേവിന്റെ വിട്ടുവീഴ്ച മനോഭാവം മൂലമായിരുന്നു. ആ ക്യൂബയുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ചിരിക്കുകയാണ് ജൂലൈ 20ന് അമേരിക്ക. കഴിഞ്ഞ ഡിസംബര്‍ 17ന് ബന്ധം മെച്ചപ്പെടുത്താന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചപ്പോള്‍ അരനൂറ്റാണ്ടിലേറെക്കാലം നിലനിന്നിരുന്ന ശത്രുതയ്ക്കാണ് അയവുവന്നത്. തിങ്കളാഴ്ച വാഷിംഗ്ടണിലെ പഴയ എംബസി മന്ദിരത്തില്‍ ക്യൂബയുടെ പതാക പാറി. അമേരിക്കന്‍ പതാക ഹവാനയിലുയരുന്നത് ആഗസ്റ്റ് 14നായിരിക്കും. ആ നിമിഷത്തിനുവേണ്ടി അനേകായിരം ക്യൂബക്കാര്‍ കാത്തിരിക്കുകയാണ്. അവര്‍ക്ക് അമേരിക്കയിലേക്കു പോകണം. വര്‍ഷങ്ങള്‍ക്കു മുമ്പേ വേര്‍പ്പെട്ടുപോയ ബന്ധുക്കളെ, മാതാപിതാക്കളെ, ഭാര്യമാരെ, ഭര്‍ത്താക്കന്മാരെ കാണണം. അമ്പത്തിനാലുവര്‍ഷത്തെ കാത്തിരിപ്പിന്റെ സാഫല്യം കയ്യെത്തിപ്പിടിക്കാറായിരിക്കുന്നു. അതിശയകരമായ ഈ സംഭവവികാസങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും, ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും, റോമിലെ ഫ്രാന്‍സിസ് മാര്‍പാപ്പയുമാണ്. അവര്‍ക്കു മുമ്പില്‍ ലോകം പ്രണമിക്കുമെന്നുറപ്പാണ്. വിനാശകരമായ രാഷ്ട്രീയാവസ്ഥയെ വിജയകരമായ സമവായത്തിലെത്തിച്ചത് അവരാണ്. ക്യൂബയുമായുള്ള ഉടമ്പടിക്ക് അമേരിക്കയില്‍ ധാരാളം എതിര്‍പ്പുകളുണ്ടായിരുന്നു. അതിനെ അതിജീവിക്കാന്‍ ഒബാമയ്ക്ക് കഴിഞ്ഞു. ഒരുപക്ഷെ ജോണ്‍ കെന്നഡിക്കുശേഷം ലോകം കണ്ട ഏറ്റവും ശക്തനായ പ്രസിഡന്റ് ബറാക് ഒബാമയാണെന്ന് നേരത്തെ പറഞ്ഞ രണ്ട് ഉടമ്പടികളുടെയും പശ്ചാത്തലത്തില്‍ ചരിത്രം രേഖപ്പെടുത്തും. മറക്കാനാവാത്ത ഒരുപാട് ക്യൂബന്‍ അനുഭവങ്ങള്‍ അമേരിക്കയുടെ മനസ്സിലുണ്ട്. അതുപോലെ ക്യൂബയുടെ മനസ്സിലും. അത് പൊറുക്കാന്‍ കഴിയുന്ന മനസ്സുണ്ടാവുന്നത് സംസ്‌കാര സമ്പന്നതയുടെ ഭാഗമാണ്. നാല് അമേരിക്കന്‍ പ്രസിഡന്റുമാര്‍ ക്യൂബയെ വിലക്കുവാങ്ങുവാന്‍ ആഗ്രഹിച്ച ഒരു കാലമുണ്ടായിരുന്നു. അതു നടന്നില്ലെങ്കിലും ക്യൂബയുമായി സഹവര്‍ത്തിത്വത്തില്‍ കഴിയാന്‍ ഒബാമയുടെ ധീരമായ കാല്‍വെപ്പ് ഇടയാക്കി. ഏകാധിപത്യത്തിലും കൊളോണിയല്‍ വാഴ്ചയിലും പെട്ട ക്യൂബ കുറച്ചുകാലം അമേരിക്കന്‍ ആധിപത്യത്തിലായിരുന്നു. അതില്‍ നിന്ന് സ്വാതന്ത്ര്യം നേടിയത് 1902 ലാണ്. അന്നത്തെ കരാര്‍പ്രകാരം പ്ലാറ്റ് ഭേദഗതി ക്യൂബയുടെ സാമ്പത്തിക- വിദേശകാര്യങ്ങളില്‍ ഇടപെടാന്‍ അമേരിക്കക്ക് അനുമതിയുണ്ടായിരുന്നു, അതുപോലെ ക്യൂബന്‍ കടലിടുക്കായ ഗൊണ്ടനാമോ അമേരിക്കന്‍ നാവികതാളത്തിന് പാട്ടത്തിനു നല്കാനും. കുപ്രസിദ്ധമായ അമേരിക്കയുടെ ഗൊണ്ടനാമോ ജയില്‍ സമുച്ചയം ഇപ്പോഴും അവിടെയുണ്ട്. 1956 ലാണ് ഫിഡല്‍ കാസ്‌ട്രോ, ചെഗുവരെ എന്നീ വിപ്ലവകാരികള്‍ ക്യൂബയില്‍ ഒരു ചെറുബോട്ടില്‍ വന്നിറങ്ങിയത്. 59 ജൂണ്‍ 8ന് കാസ്‌ട്രോയുടെ വിപ്ലവകാരികള്‍ ഹവാനയിലെത്തി. ആജാനുബാഹുവായ കാസ്‌ട്രോ അമേരിക്കയുടെ പ്രതാപത്തെ പുച്ഛിച്ചു തള്ളി. കമ്യൂണിസ്റ്റ് ഭരണത്തിനു തുടക്കം കുറിച്ചു. 1960 ല്‍ സോവിയറ്റ് യൂണിയന്‍ ക്യൂബയ്ക്ക് ശക്തമായ പിന്തുണയും പ്രഖ്യാപിച്ചു. അന്നു തുടങ്ങിയതാണ് അമേരിക്കയുടെ തലവേദന. ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും കാല്‍ക്കീഴിലൊതുക്കിക്കൊണ്ടുള്ള ഫിഡലിന്റെ ഭരണം. തുടക്കത്തില്‍ കുറെ നന്മകള്‍ ചെയ്തു. എന്നാല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ക്യൂബയുടെ തകര്‍ച്ചയും ആരംഭിച്ചു. വികസനം വിറങ്ങലിച്ചു നിന്നു. ജീവിതം പൊറുതിമുട്ടി. അതിനിടെ അമേരിക്കന്‍ രാജ്യങ്ങള്‍ ക്യൂബയ്‌ക്കെതിരെ പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം ക്യൂബയെ കടുത്ത പ്രതിസന്ധിയിലെത്തിച്ചു. ലക്ഷക്കണക്കിനു പേര്‍ അഭയാര്‍ത്ഥികളായി അമേരിക്കയില്‍ കടന്നുകൂടി. അവരുടെ ബന്ധുക്കളാണ് ബന്ധം മെച്ചപ്പെട്ടതോടെ പ്രതീക്ഷയോടെ അമേരിക്കയിലേക്കു പുറപ്പെടാന്‍ കാത്തിരിക്കുന്നത് ഫിഡല്‍ കാസ്‌ട്രോ 2008 ല്‍ രാജിവെച്ചു. അദ്ദേഹത്തിന്റെ സഹോദരന്‍ റൗള്‍ കസ്‌ട്രോ ബഹുമാനപൂര്‍വ്വം സഹോദരന്റെ പാതയില്‍ നിന്ന് വ്യതിചലിച്ച് ഉദാരവല്‍ക്കരണത്തിനു തുടക്കം കുറിച്ചു. അത് പതുക്കെ അദ്ദേഹം ക്യൂബയെ വിളിച്ചുണര്‍ത്താന്‍ തുടങ്ങി. ഒബാമയുമായുള്ള ചര്‍ച്ചക്ക് മുന്‍കൈ എടുത്തത് അദ്ദേഹമാണ്. 2018 ല്‍ സ്ഥാനമൊഴിയാന്‍ റൗള്‍ കാസ്‌ട്രോയും കാത്തിരിക്കുന്നു. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിന് തുടക്കം കുറിച്ചത് ഒരു മാര്‍പ്പാപ്പയായിരുന്നു. പോളണ്ടുകാരനായ ജോണ്‍ പോള്‍ രണ്ടാമന്‍. സ്വാതന്ത്ര്യത്തിന്റെ വസന്തത്തിലേക്ക് കമ്യൂണിസത്തിന്റെ ഇരുമ്പ് ജനാലകള്‍ തുറക്കാന്‍ ഗൊര്‍ബച്ചോവിന് ശക്തിപകര്‍ന്നത് ആ മാര്‍പ്പാപ്പയായിരുന്നു. ഇന്ന് ലാറ്റിന്‍ അമേരിക്കക്കാരനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ലോകത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് കൊത്തളമായ ക്യൂബയിലേക്ക് സ്വാതന്ത്ര്യത്തിന്റെ ഇളംകാറ്റ് വീശാന്‍ കാരണമായി എന്നത് ചരിത്രത്തിന്റെ നിയോഗം. യുദ്ധമില്ലാത്തൊരു ലോകവും, പട്ടിണിയില്ലാത്ത ജനപദവും ഇനിയും ചൂഷണം ചെയ്യാത്ത പരിസ്ഥിതിയും സ്വപ്‌നം കാണുന്ന അദ്ദേഹം ക്യൂബയുടെ പട്ടിണിമാറ്റാന്‍ അമേരിക്കയുടെ ശത്രുത അകറ്റേണ്ടതാവശ്യമാണെന്ന് തിരിച്ചറിഞ്ഞു. കാസ്‌ട്രോയുടെ കമ്യൂണിസ്റ്റാധിപത്യത്തിനും ഇവിടെ അന്ത്യമാവുകയാണ്. ഫിഡല്‍ കാസ്‌ട്രോയുടെ ക്യൂബ നവീകരണത്തിന് മുഖം തിരിച്ചു നിന്നു. സ്വകാര്യ സ്വത്തവകാശമില്ലാതിരുന്നതുകൊണ്ട് ക്യൂബയ്ക്കാര്‍ അലസരായിത്തീര്‍ന്നു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളില്‍ വരുമാനം മുഴുവന്‍ മുടക്കി രാജ്യം പാപ്പരാവുകയായിരുന്നു. റൗള്‍ കാസ്‌ട്രോ അധികാരത്തിന്റെ ആദ്യനാളുകളില്‍ സ്വന്തം ജനതയെ വിശേഷിപ്പിച്ചത് "ഒരു പണിയും ചെയ്യാത്ത ലോകത്തിലെ ഏകജനത" എന്നാണ്. വ്യക്തി സ്വാതന്ത്ര്യം ഉറപ്പാക്കുകയും പരിമിതമായ ഉദാരവല്‍ക്കരണം നടപ്പാക്കുകയും ചെയ്യുന്നതോടെ ക്യൂബ വികസനത്തിന്റെ പാതയിലൂടെ ചരിക്കാനും ചലിക്കാനും തുടങ്ങും. മനോഹരവും ചരിത്രപ്രസിദ്ധവുമായ ക്യൂബയിലേക്ക് ടൂറിസ്റ്റ് പ്രവാഹമുണ്ടാകും. അഭയാര്‍ത്ഥികളില്‍ കുറെയേറെപ്പേര്‍ വ്യവസായ താല്പര്യങ്ങളുമായി സ്വന്തം നാട്ടിലേക്ക് മടങ്ങും. ആഗോള വ്യവസായ സ്ഥാപനങ്ങള്‍ ക്യൂബയില്‍ ഇടമന്വേഷിക്കും. മൂലധനപ്രവാഹമുണ്ടാവുന്നതോടെ ക്യൂബ ഐശ്വര്യത്തിലേക്ക് നടക്കും. അവിടെ വികസനം ഉണ്ടാകും. അതൊരു പുതിയ ക്യൂബയുടെ പിറവിയായിരിക്കും.അല്ലെങ്കില്‍ കരീബിയനിലെ ഗ്രീസ് ആയിത്തീര്‍ന്നേക്കാം ക്യൂബ. രണ്ടു രാജ്യങ്ങളിലേയും ജനസംഖ്യ ഏതാണ്ട് തുല്യമാണ്. 110 ലക്ഷം വീതം. സോഷ്യല്‍ സെക്യൂരിറ്റി എന്ന സര്‍ക്കാര്‍ സംരക്ഷണമാണ് രണ്ടുരാജ്യങ്ങളേയും പാപ്പരമാക്കിയത്. ഗ്രീസിനെ മൂന്നാംവട്ടം യൂറോപ്യന്‍ യൂണിയന്‍ മോചിപ്പിക്കാന്‍ തീരുമാനിച്ചു. അമേരിക്ക ക്യൂബയെ "മോചിപ്പിക്കുമ്പോള്‍" അധ്വാനിക്കാന്‍ തയ്യാറായാല്‍ ക്യൂബ രക്ഷപ്പെടും. അല്ലെങ്കില്‍ അത് മറ്റൊരു ഗ്രീസ്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം