malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

ഗൗരിയമ്മയെ പുറത്താക്കലും ഇഎംഎസിന്റെ വിശദീകരണങ്ങളും

കെ. എം. ചുമ്മാര്‍
ഇ.എം.എസിന്റെ സമ്പൂര്‍ണ്ണ കൃതികളുടെ 53-ാം സഞ്ചികയിലാണ് കെ. ആര്‍. ഗൗരിയമ്മയെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയതിനെ പറ്റിയുള്ള ചോദ്യങ്ങളും അവയ്ക്ക് അദ്ദേഹം നല്‍കിയ മറുപടികളും പുനഃപ്രസിദ്ധീകരിച്ചിട്ടുള്ളത്. 1993 - 94 കാലഘട്ടത്തിലെ ചോദ്യങ്ങളും അവയ്ക്ക് നമ്പൂതിരിപ്പാടു നല്‍കിയ മറുപടികളും, ഇരുപതു കൊല്ലങ്ങള്‍ക്കു ശേഷം ഗൗരിയമ്മ സിപിഎമ്മിലേക്ക് മടങ്ങിപ്പോകുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ വായിച്ചു നോക്കുന്നത് കൗതുകകരമായിരിക്കും. ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതിന് ഇ. എം. എസ് നല്‍കിയ ന്യായീകരണങ്ങള്‍ അംഗീകരിച്ചുകൊണ്ടും അന്നത്തെ തെറ്റുകള്‍ സ്വയം ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ചുകൊണ്ടുമാണോ ഗൗരിയമ്മ തിരികെ ചെല്ലുന്നത്? ഈ ചോദ്യത്തിനു മറുപടി പറയാന്‍ ഗൗരിയമ്മ ബാധ്യസ്ഥയാണ്. ഇരുപതുകൊല്ലം മുമ്പ് ഗൗരിയമ്മയെ സിപിഎമ്മില്‍ നിന്നും പുറന്തള്ളിയതിന് ഇ. എം. എസ് പറഞ്ഞ ന്യായങ്ങള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. നമ്പൂതിരിപ്പാടു ചൂണ്ടിക്കാണിക്കുന്ന തെറ്റുകള്‍ ഗൗരിയമ്മ ചെയ്തുവെങ്കില്‍ അവരെ പാര്‍ട്ടിയിലേക്കു തിരിച്ചു വിളിക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളത്? ഗൗരിയമ്മ തെറ്റുകളൊന്നും ചെയ്തിരുന്നില്ലെങ്കില്‍ അവരെ പുറന്തള്ളിയ ഇ. എം. എസും അച്യുതാനന്ദനും മറ്റും ചെയ്തത് തെറ്റല്ലേ? ഈ ചോദ്യങ്ങള്‍ക്ക് കൊടിയേരിക്ക് എന്ത് മറുപടിയാണ് പറയാനുള്ളത്? ചിന്ത വാരികയില്‍ ചിലര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇ.എം.എസ്. നല്‍കിയ മറുപടിയില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ താഴെ പകര്‍ത്തുന്നു. 1. സമാന്തര യൂണിയന്‍ സംഘടിപ്പിക്കുകയും അങ്ങനെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഐക്യം തകര്‍ക്കുകയും ചെയ്യുക എന്ന പിശക് പാര്‍ട്ടിയ്ക്കു പൊറുക്കാനാവുന്നതിലും അപ്പുറമാണ്.... വ്യക്തി ഘടകത്തിനും, കീഴ് ഘടകം മേല്‍ ഘടകങ്ങള്‍ക്കും ഒരു ഘടകത്തിലെ ന്യൂനപക്ഷം ഭൂരിപക്ഷത്തിനും കീഴ്‌പ്പെടണമെന്ന പാര്‍ട്ടി സംഘടനയുടെ മൂന്നു മൂലതത്വങ്ങളില്‍ ആദ്യത്തേതിനെ ഗൗരിയമ്മ ലംഘിച്ചിരിക്കുന്നു. തന്നെ പാര്‍ട്ടിയ്ക്കതീതയായി സ്വയം കല്‍പ്പിച്ചിരിക്കുന്നു. ആര്‍ എസ് എസ് നേതാവ് പങ്കെടുക്കുന്ന സ്വീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ തയ്യാറായതു ശരിയായോ.... എത്ര വലിയ ത്യാഗിയാണെങ്കിലും ഒരു പാര്‍ട്ടി മെമ്പര്‍ പാര്‍ട്ടിയ്ക്കതീതനോ അതീതയോ അല്ല. 01.01.1993 ലെ ചിന്തയില്‍ ഒരു ചോദ്യത്തിന് ഇ. എം. എസ് നല്‍കിയ മറുപടിയിലാണ് ഗൗരിയമ്മയ്‌ക്കെതിരായുള്ള ഈ ആരോപണങ്ങള്‍. 2. എം. വി. രാഘവന്റെയും ഗൗരിയമ്മയുടെയും അധികാരക്കൊതിയെ സംബന്ധിച്ച് ചോദ്യ കര്‍ത്താവു നല്‍കുന്ന സൂചന ശരിയാണ്. 1987 ലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രിയാവാമെന്ന ദുര്‍മ്മോഹം പൊലിഞ്ഞു പോയപ്പോഴാണ് ഗൗരിയമ്മ പാര്‍ട്ടിയ്‌ക്കെതിരായി തിരിഞ്ഞത്. ആദ്യം രഹസ്യമായും പിന്നീട് പരസ്യമായി തന്നെയും പാര്‍ട്ടിയ്‌ക്കെതിരെ അഴിമതിയുടേതടക്കം ഒട്ടേറെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ അതു ചെന്നെത്തി. ഇതു രണ്ടും ബൂര്‍ഷ്വാ പാര്‍ലമെന്ററി വ്യതിയാനത്തിന്റെ നഗ്നമായ ഉദാഹരണങ്ങളാണ്. (ചിന്ത. 14.01.1994) 3. കേരളത്തില്‍ ഇ. എം. എസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനഹൃദയങ്ങളില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന നേതാക്കളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനിയാണ് ഗൗരിയമ്മ എന്നാരംഭിക്കുന്ന ഒരു ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ട് 04.02.1994 ലെ ചിന്തയില്‍ ഇ. എം. എസ്. എഴുതുന്നു. ഗൗരിയമ്മയ്ക്ക് പാര്‍ട്ടിയില്‍ സമുന്നതമായ സ്ഥാനമുണ്ടായിരുന്നില്ല. കേരളത്തില്‍ നിന്ന് ഒരു ഡസനോളം മെമ്പര്‍മാരുള്ള സെന്‍ട്രല്‍ കമ്മിറ്റിയില്‍ അവര്‍ ഒരിക്കലും മെമ്പറായിട്ടില്ല. സെക്രട്ടറിയേറ്റില്‍ പോലും 1988 ല്‍ ആണ് അവര്‍ വന്നത്. ആശയപരവും രാഷ്ട്രീയപരവും സംഘടനാപരവുമായ കാര്യങ്ങളില്‍ അവര്‍ വളരെ പുറകോട്ടായിരുന്നു. അത്തരമൊരാളെ നിയമസഭാ പ്രവര്‍ത്തനത്തിന്റെയും മന്ത്രി സ്ഥാനത്തിന്റെയും പേരില്‍ സമുന്നത നേതാവായി കണക്കാക്കുന്ന രീതി ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കേ ചേരൂ. ഇ. എം. എസിന്റെ കുറ്റപത്രം ഇങ്ങനെ തുടരുന്നു. തനിക്കു സാധാരണ മന്ത്രിയായാല്‍ പോരാ, മുഖ്യമന്ത്രി തന്നെയാവണം എന്ന അവരുടെ ആഗ്രഹവും അതു നടക്കാതെ വന്നപ്പോള്‍ അവരില്‍ മുളപൊട്ടിയ വൈരാഗ്യവും അവരെ പാര്‍ട്ടിയ്‌ക്കെതിരായി തിരിച്ചു. പോരെങ്കില്‍ തോട്ടണ്ടി ഇറക്കുമതി സംബന്ധിച്ച അഴിമതിയുടെ കഥ പുറത്തു വന്നതോടെ മന്ത്രിയെന്ന നിലയ്ക്ക് അവരുടെ സ്ഥാനവും ചോദ്യം ചെയ്യപ്പെടേണ്ടതായി വന്നു. ഇതോടെ അവര്‍ മുഖ്യമന്ത്രി കരുണാകരനും സഹകരണ മന്ത്രി എം. വി. രാഘവനുമായി അടുക്കാന്‍ തുടങ്ങി. 4. ഗൗരിയമ്മ പ്രശ്‌നം ആളിക്കത്തിക്കുന്നതില്‍ ബൂര്‍ഷ്വാ പത്രങ്ങളും മാധ്യമങ്ങളും കാണിക്കുന്ന ഉത്സാഹത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ട് 25.02.1994 ലെ ചിന്തയില്‍ ഇ. എം. എസ്. എഴുതി. ഗൗരിയമ്മയുടെ വ്യക്തിത്വത്തില്‍ മുമ്പും ചില ദൗര്‍ബല്യങ്ങളുണ്ടായിരുന്നെങ്കിലും അവ കൂടുതല്‍ അപകടകരമായ നിലയിലേക്ക് ഉയര്‍ന്നത് അവര്‍ വ്യവസായ മന്ത്രിയായപ്പോഴാണ്.... ഇത് നഗ്നമായ രൂപത്തിലെത്തിയത് അവരുടെ ഭരണത്തിലിരിക്കുന്ന കശുവണ്ടി വ്യവസായത്തിന്റെ കാര്യത്തിലാണ്. തോട്ടണ്ടി ഇറക്കുമതി സംബന്ധിച്ച് ഭയങ്കരമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വ്യക്തമായതിനാല്‍ വകുപ്പു ഭരിക്കുന്ന മന്ത്രിയെന്ന നിലയ്ക്ക് അവര്‍ക്കുണ്ടായിരുന്ന ധാര്‍മ്മികമായ ഉത്തരവാദിത്വം കണക്കിലെടുത്ത് ലഘുവായ ശിക്ഷ പാര്‍ട്ടി അവര്‍ക്കു നല്‍കി. പടിപടിയായി പാര്‍ട്ടി വിരുദ്ധ നിലപാടിലേയ്ക്ക് ഗൗരിയമ്മ നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ജില്ലാ കമ്മിറ്റിക്കും സ്റ്റേറ്റ് കമ്മിറ്റിക്കും ബോധ്യപ്പെട്ടു. അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിന് പരമാവധി ശ്രമിച്ചു. അതെല്ലാം നിഷ്ഫലമായപ്പോഴാണ് അവരെ ആദ്യം സെക്രട്ടറിയേറ്റില്‍ നിന്നും പിന്നെ സ്റ്റേറ്റ് കമ്മിറ്റിയില്‍ നിന്നും അവസാനം പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കിയത്. കശുവണ്ടി കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറുടെ ഒരു കുറിപ്പു കൂടി പരാമര്‍ശിച്ചുകൊണ്ടാണ് ഇ. എം. എസ് തന്റെ മറുപടി താഴെക്കാണുന്ന വിധം അവസാനിപ്പിച്ചിട്ടുള്ളത്. ഗൗരിയമ്മയുടെ വസതിയില്‍ വച്ച് ചില കശുവണ്ടി മുതലാളിമാര്‍ കൂടി പങ്കെടുത്തു നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് വിവാദ വിഷയമായ ഇറക്കുമതി സംബന്ധിച്ച് തീരുമാനമെടുത്തത്. തോട്ടണ്ടി ഇറക്കുമതി സംബന്ധിച്ച അഴിമതിക്ക് ധാര്‍മ്മികത്തേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വം ഗൗരിയമ്മയ്ക്കുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന ഈ കുറിപ്പ് അവരെ സംബന്ധിച്ച ആരോപണത്തിനു ശക്തി കൂട്ടുന്നു. ജാതിയും വര്‍ഗ്ഗ സമരവും - താത്വികവും ചരിത്രപരവുമായ ഒരന്വേഷണം എന്ന പേരില്‍ ഇ. എം. എസിന്റെ ഒരു ലഘുലേഖ 1994 മാര്‍ച്ചില്‍ പുറത്തു വന്നു. അതിലെ ഒന്നാം ഭാഗത്തിന്റെ തലക്കെട്ട് ഗൗരിയമ്മ ഊരാക്കുടുക്കില്‍ എന്നാണ്. അതില്‍ നിന്ന് പ്രസക്തമായ ഏതാനും ഭാഗങ്ങള്‍ താഴെ പകര്‍ത്തുന്നു. വിവാദ വിഷയമായ തോട്ടണ്ടി ഇറക്കുമതിയ്ക്കുള്ള തീരുമാനമെടുത്തത് ഗൗരിയമ്മയുടെ ഔദ്യോഗിക വസതിയില്‍ വച്ചാണെന്ന് അന്ന് കശുവണ്ടി കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായിരുന്ന അമിതാഭ് ഭട്ടാചാര്യ ഒരു കുറിപ്പെഴുതിയിട്ടുണ്ട്... അവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയെടുക്കാന്‍ പോകുന്നുവെന്ന് മാതൃഭൂമിയില്‍ റിപ്പോര്‍ട്ടു വന്നതില്‍ പിന്നീട് കരുണാകര മന്ത്രിസഭയ്‌ക്കെതിരായി ഒരക്ഷരം പോലും ഗൗരിയമ്മ ഉച്ചരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്... തോട്ടണ്ടി ഇറക്കുമതി സംബന്ധിച്ച ആരോപണത്തില്‍ നിന്ന് സ്വയം രക്ഷപ്പെടുകയാണ് അവരുടെ പ്രധാന ലക്ഷ്യം. അതിനുവേണ്ടി ഭട്ടാചാര്യയെ രക്ഷപ്പെടുത്താന്‍ അവര്‍ തയ്യാറാണ്. കരുണാകര പ്രഭൃതികളേയും അഴിമതി ആരോപണത്തില്‍ നിന്ന് വിമുക്തരാക്കാന്‍ അഴിമതി സമരത്തിലെ ഈ വീരനായിക തയ്യാറാണ്. ലഘുലേഖ ഇങ്ങനെ സമാപിക്കുന്നു. കേന്ദ്രത്തില്‍ നരസിംഹ റാവു ഗവണ്‍മെന്റിനെയും കേരളത്തില്‍ കരുണാകര ഗവണ്‍മെന്റിനെയും രക്ഷിക്കാനാണ് പിന്നോക്ക ജാതിക്കാരുടെ അപ്പസ്‌തോലന്മാരായി രംഗത്തു വന്നിട്ടള്ള രാഘവ - രാഹുലന്മാര്‍, വേണു - അജിതമാര്‍, മുന്‍ സിപിഐ (എം) നേതാവ് ഗൗരിയമ്മ മുതലായവര്‍ ശ്രമിക്കുന്നത്. 22.04.1994 ലെ ചിന്തയില്‍ ഇ. എം. എസ്. എഴുതി വര്‍ഗ്ഗ സമരത്തെ ആസ്പദമാക്കി കെട്ടിപ്പടുത്ത പാര്‍ട്ടിക്കകത്ത് ജാതിചിന്തയും ജാതി രാഷ്ട്രീയവും കൊണ്ടു വരാനുള്ള ശ്രമവും ഉണ്ടായിരുന്നു. സംഘടനാ പരമായാകട്ടെ, പാര്‍ട്ടിയ്ക്കതീതയാണ് താനെന്ന തന്‍ പ്രമാണിത്ത ചിന്താഗതി ഗൗരിയമ്മയ്ക്കുണ്ടായിരുന്നു. ഇതെല്ലാം ചേര്‍ന്നാണ് ഗൗരിയമ്മ പ്രശ്‌നം പൊന്തിവന്നത്. ഗൗരിയമ്മയെ സിപിഎമ്മില്‍ നിന്നു പുറന്തള്ളാനുള്ള കാരണങ്ങളായി ഇ. എം. എസ് ചൂണ്ടിക്കാണിച്ച ഈ പാളിച്ചകളെല്ലാം ശരിയായിരുന്നുവെന്ന് അക്കാലത്തൊന്നും ഗൗരിയമ്മ സമ്മതിച്ചിരുന്നില്ല. ഇരുപതു കൊല്ലങ്ങള്‍ക്കു ശേഷം തെറ്റ് ഏറ്റുപറഞ്ഞുകൊണ്ടാണോ ഗൗരിയമ്മ പാര്‍ട്ടിയിലേക്ക് തിരിച്ചു ചെല്ലുന്ന്ത? അത്തരം ഒരു തെറ്റു തിരുത്തല്‍ കൂടാതെ ഗൗരിയമ്മയുടെ സര്‍വ്വ പാപങ്ങളും ക്ഷമിച്ചുകൊണ്ട് അവരെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാന്‍ തോമസ് ഐസക്കിനോ കോടിയേരി ബാലകൃഷ്ണനോ അധികാരമുണ്ടോ? മരിച്ച ഇ. എം. എസിനേക്കാള്‍ ജീവിച്ചിരിക്കുന്ന ഗൗരിയമ്മയ്ക്ക് അവര്‍ പ്രാധാന്യം നല്‍കുന്നു എന്നല്ലേ ഇതിനര്‍ത്ഥം? *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം