malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

വിഴിഞ്ഞത്തില്‍ ആര്‍ക്കാണ് കണ്ണുകടി

സ്വന്തം ലേഖകൻ
സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കെതിരെയുള്ള അട്ടിമറി നീക്കങ്ങള്‍ അവസാനിക്കുന്നില്ലെന്നതിന്റെ തെളിവുകള്‍ ഓരോന്നായി പുറത്തുവരുകയാണ്. ഏറ്റവുമൊടുവില്‍ അദാനി ഗ്രൂപ്പിന് പദ്ധതി നടത്തിപ്പ് കൈമാറാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം കോണ്‍ഗ്രസ് ഹൈക്കമാന്റ് തടഞ്ഞുവെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. അത്തരമൊരു നിലപാട് തങ്ങള്‍ക്കില്ലെന്ന് പാര്‍ട്ടി വക്താവ് ആര്‍.പി.എന്‍ സിംഗ് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയെങ്കിലും നുണക്കഥകള്‍ക്ക് ഇനിയും പഞ്ഞമുണ്ടാവില്ല. കാരണം, വിഴിഞ്ഞം പദ്ധതിയില്‍ കണ്ണുകടിക്കുന്നവര്‍ ഒരുപാടുണ്ട് കേരളത്തില്‍. അരുവിക്കര തെരഞ്ഞെടുപ്പ് കാലത്ത് വിഴിഞ്ഞം പദ്ധതിയ്‌ക്കെതിരെയായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചരണത്തിന്റെ ഏറിയ പങ്കും. പക്ഷെ, അവിടുത്തെ ജനങ്ങള്‍ അതിന് ബാലറ്റിലൂടെ മറുപടി നല്‍കി. എന്നിട്ടും പഠിക്കാതെ പദ്ധതി അട്ടിമറിക്കാനുള്ള നീക്കങ്ങളുമായി അവര്‍ മുന്നോട്ടു പോവുകയാണെന്ന സംശയം സ്വാഭാവികമായും തോന്നിയേക്കാം. എന്തിനാണ് പ്രതിപക്ഷം വിഴിഞ്ഞത്തെ എതിര്‍ക്കുന്നത്. പദ്ധതിയുടെ മുഴുവന്‍ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന പുസ്തകമായി അവതരിപ്പിച്ച യു.ഡി.എഫ് സര്‍ക്കാരിനെ അഭിനന്ദിക്കുന്നതിന് പകരം അദാനി ഗ്രൂപ്പിന്റെ പേരുപറഞ്ഞ് വികസനം തടഞ്ഞുവെയ്ക്കാനുള്ള നീക്കം ഗുണകരമാണോയെന്ന് വൈകിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. കേരളത്തിന്റെ 25 വര്‍ഷത്തെ പ്രയത്‌നത്തിന് ഒടുവിലാണ് വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തുറമുഖ മന്ത്രി കെ. ബാബുവും പദ്ധതിയെക്കുറിച്ച് പലവട്ടം വിശദീകരണം നല്‍കിക്കഴിഞ്ഞു. ഇപ്പോഴത്തെ ടെണ്ടറില്‍ പാട്ടത്തിന് നല്‍കാനല്ല മറിച്ച് നിര്‍മ്മാണത്തിനും നടത്തിപ്പിനുമുള്ള ലൈസന്‍സ് നല്‍കാനാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. നാല് വര്‍ഷത്തെ നിര്‍മ്മാണ കാലാവധി ഉള്‍പ്പെടെ 40 വര്‍ഷത്തേയ്ക്ക് ലൈസന്‍സ് നല്‍കാനാണ് പുതിയ ടെണ്ടറിലെ വ്യവസ്ഥ. രണ്ടാം ഘട്ടം പൂര്‍ണ്ണമായും സ്വകാര്യപങ്കാളി സ്വന്തം ചെലവില്‍ ചെയ്താല്‍ മാത്രം വീണ്ടും ലൈസന്‍സ് നല്‍കും. ഏഴാം വര്‍ഷം മുതല്‍ കൊമേഴ്‌സ്യല്‍ ഓപ്പറേഷനില്‍ നിന്നും വരുമാന വിഹിതം ലഭിക്കും. 15 വര്‍ഷം പൂര്‍ത്തിയാക്കുന്നത് മുതല്‍ നടത്തിപ്പില്‍ നിന്നും വരുമാന വിഹിതം കിട്ടും. ഇനി മറ്റൊരു കാര്യം കൂട്ടിവായിക്കേണ്ടതുണ്ട്. വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി ഇടതുസര്‍ക്കാര്‍ തയാറാക്കിയ രൂപരേഖ എന്തായിരുന്നു?. നിര്‍മ്മാണത്തിനു ശേഷം സര്‍ക്കാര്‍ ചിലവില്‍ നികത്തിയെടുക്കുന്ന ടെര്‍മിനല്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര തുറമുഖം 30 കൊല്ലത്തേക്ക് സ്വകാര്യ പങ്കാളിക്ക് പാട്ടത്തിന് നല്‍കാനായിരുന്നു അവരുടെ തീരുമാനം. ഈ കാലയളവില്‍ സര്‍ക്കാരിന് ഒരു വരുമാന വിഹിതവും പങ്കാളി നല്‍കേണ്ടതില്ലെന്നായിരുന്നു ധാരണ. ആകെ പിരിച്ച് തരേണ്ടത് പോര്‍ട്ട് ഡ്യൂസ് മാത്രമാണ്. അതായത് ഇപ്പോഴത്തെ നിരക്ക് അനുസരിച്ച് ഒരു ടണ്ണിന് 1.50 രൂപ മാത്രാണ് സര്‍ക്കാരിന് ലഭിക്കുമായിരുന്നത്. ഐ.എഫ്.സിയുടെ കണക്കനുസരിച്ച് ആകെ കിട്ടാവുന്ന വരുമാനം ഈയിനത്തില്‍ 50 കോടി രൂപ മാത്രമായിരുന്നു. ഇതിനു പുറമേ പ്രാദേശിക നികുതികളും മറ്റ് നികുതികളും ഒഴിവാക്കി നല്‍കുന്നതിന് സര്‍ക്കാര്‍ സ്വകാര്യ പങ്കാളിയെ സഹായിക്കുകയും ചെയ്യുമെന്ന് ധാരണയുണ്ടാക്കി. സ്വകാര്യ പങ്കാളി തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് അധിക ഭൂമി ഏറ്റെടുത്ത് പാട്ടത്തിന് നല്‍കാനും അന്ന് വ്യവസ്ഥയുണ്ടായിരുന്നു. അടുത്തഘട്ട വികസനത്തിന് സ്വകാര്യ പങ്കാളിക്ക് തന്നെ ഫസ്റ്റ് റൈറ്റ് ഓഫ് റെഫ്യൂസലും നല്‍കുന്ന വിധമായിരുന്നു അന്നത്തെ ടെണ്ടര്‍ ഘടന. ഇതിന്റെ കാലയളവും വ്യവസ്ഥകളും ആദ്യ ടെണ്ടര്‍ സമയത്ത് നിശ്ചയിച്ചിട്ടില്ലായിരുന്നു. ഭൂരിപക്ഷ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ചെലവിലാണ് നിര്‍മ്മിക്കുന്നത്. 30 കൊല്ലത്തേയ്ക്കാണ് പാട്ടം വ്യവസ്ഥ ചെയ്തിരുന്നത്. ഇത് പ്രകാരം സര്‍ക്കാരിന് യാതൊരു വരുമാനവും ലഭിക്കുമായിരുന്നില്ല. ഇത് മാര്‍ക്കറ്റില്‍ പരീക്ഷിക്കുകയും ചെയ്തതാണ്. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് നടത്തിയ ടെണ്ടര്‍ പ്രകാരം അവസാനമെത്തിയ വെല്‍സ്പണ്‍ കമ്പനി എന്ന ഏക ബിഡര്‍ അവര്‍ ചെലവാക്കുന്ന തുകയുടെ പകുതിയോളം തുക (479.54 കോടി രൂപ) ഗ്രാന്റായി ആവശ്യപ്പെടുകയും ചെയ്തു. ഇത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഭീമമായ ധനനഷ്ടം ഉണ്ടാക്കുമായിരുന്നു. അതേസമയം, തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കരട് കരാറില്‍ പറഞ്ഞിട്ടുള്ള വ്യവസ്ഥകളല്ലാതെ പുതുതായി ഒരു വ്യവസ്ഥയും കൂട്ടിച്ചേര്‍ക്കുകയോ കുറയ്ക്കുകയോ സാധ്യമല്ല. ഈ കരട് കരാര്‍ കേന്ദ്ര ആസൂത്രണ കമ്മിഷന്‍ തയ്യാറാക്കിയിട്ടുളള മോഡല്‍ കണ്‍സഷന്‍ എഗ്രിമെന്റ് (എം.സി.എ) അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ഇത് ഒരു രഹസ്യരേഖയല്ല. കഴിഞ്ഞ ഇടതു ഭരണകാലത്തെ ടെണ്ടറിലേതു പോലെ തന്നെ പ്രീ ബിഡ് മീറ്റിംഗിനു ശേഷമുള്ള കരട് കരാര്‍, ബിഡ് വാങ്ങിയിട്ടുള്ള എല്ലാ കമ്പനികള്‍ക്കും അയച്ചുകൊടുത്തു. സുതാര്യവും മത്സരാധിഷ്ഠിതവുമായ അഗോള ടെണ്ടറിലൂടെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വിജ്ഞാപനങ്ങള്‍ പൂറപ്പെടുവിച്ച് റോഡ്‌ഷോയ്ക്കും നിരവധി പ്രീ ബിഡ് മീറ്റിംഗുകള്‍ക്കും ശേഷം എല്ലാ നിയമ വ്യവസ്ഥകളും പാലിച്ചാണ് യു.ഡി.എഫ് സര്‍ക്കാര്‍ ടെണ്ടര്‍ നല്‍കിയത്. അദാനി പോര്‍ട്‌സിന്റെ ബിഡ് അംഗീകരിക്കാന്‍ ഉന്നതാധികാര സമിതിയും പദ്ധതിയുടെ ഉപദേശകരും നല്‍കിയ ശുപാര്‍ശകള്‍ സഹിതം തുറമുഖ കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. കാര്യങ്ങള്‍ ഇത്രമാത്രം സുതാര്യമായിരിക്കെ വിഴിഞ്ഞം പദ്ധതി യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് യാഥാര്‍ത്ഥ്യമാകരുതെന്ന ദുഷ്ടലാക്കല്ലാതെ മറ്റെന്താണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലുള്ളത്? *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം