malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

എന്നെ തല്ലണ്ടമ്മാവാ

ഇന്ദ്രജിത്ത്
"എന്നെ തല്ലണ്ടമ്മാവാ, ഞാന്‍ നന്നാവില്ല" എന്ന് പണ്ട് ഒരു അനന്തരവന്‍ കാരണവരായ അമ്മാവനോടു പറഞ്ഞതാണ്. അടി കൊണ്ട് അടി കൊണ്ട് വശംകെട്ട ഒരു നാളിലാണ് അനന്തരവന്‍ അമ്മാവനോടിതുപറഞ്ഞത്. വെറുതേ അടിച്ചടിച്ച് അമ്മാവന്റെ കൈ ഒടിയണ്ടാ എന്ന സഹതാപവും അതിന്റെ പിന്നിലുണ്ടായിരുന്നിരിക്കാം. അരുവിക്കരയില്‍ അടിയറവു പറഞ്ഞ സി.പി.എമ്മിന്റെ പ്രതികരണം കേട്ടപ്പോള്‍ ഈ അനന്തരവനെയാണ് ഓര്‍മ്മവന്നത്. അരുവിക്കരയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ എം. വിജയകുമാറിന് 46,320 വോട്ടു ലഭിച്ചു. എന്നാല്‍, 56,448 വോട്ടു നേടിയ യു.ഡി.എഫ്. പണവും മദ്യവും നല്‍കിയാണ് വോട്ടു നേടിയതെന്നാണ് ഈ വിജയത്തെപ്പറ്റി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതികരിച്ചത്. അപ്പോള്‍, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കു ലഭിച്ച 46,320 വോട്ടും പണവും മദ്യവും നല്‍കി വാങ്ങിയതാണെന്ന ഒരു ധ്വനി സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയിലുണ്ട്. അതല്ലെങ്കില്‍, "ഞങ്ങള്‍ പണവും മദ്യവും നല്‍കി 46,320 വോട്ടു വാങ്ങി. അതുകൊണ്ട് നിങ്ങള്‍ക്കു കിട്ടിയ 56,448 വോട്ടും അങ്ങനെ വാങ്ങിയതായിരിക്കും" എന്നു പറഞ്ഞതായും നമുക്ക് അതിനെ വ്യാഖ്യാനിക്കാം. ഏതായാലും, അരുവിക്കരക്കാര്‍ പണവും മദ്യവും കണ്ടാല്‍ മയങ്ങുന്നവരാണെന്നും, രാഷ്ട്രീയബോധവും തത്ത്വദീക്ഷയും സത്യസന്ധതയും തൊട്ടുതീണ്ടിയിട്ടില്ലാത്തവരാണെന്നുമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവനയുടെ ആകെത്തുക. തങ്ങള്‍ക്കു വോട്ടു ചെയ്ത 46,320 പേരെ ഇതില്‍കൂടുതല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആക്ഷേപിക്കേണ്ടതുണ്ടോ? അപ്പോള്‍, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കു വോട്ടു ചെയ്ത ഈ ആളുകളൊക്കെ വിഡ്ഢികളായില്ലേ? സാധാരണഗതിയില്‍ തെരഞ്ഞെടുപ്പുഫലം വിപരീതമായി വന്നാല്‍, ആ ജനവിധി പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും, തെറ്റുതിരുത്തി മുന്നോട്ടു പോകുമെന്നും, വോട്ടു ചെയ്തവര്‍ക്ക് നന്ദിയുണ്ടെന്നുമാണ് ഏതൊരു രാഷ്ട്രീയകക്ഷിയും പ്രതികരിക്കുക. ഇവിടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വോട്ടു ചെയ്തവനെ തിരിഞ്ഞുനിന്നു ചീത്ത വിളിക്കുകയാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് മാത്രമല്ല പ്രസ്താവനയില്‍ ഈ ആരോപണമുന്നയിച്ചിരിക്കുന്നത്. മുന്‍ സംസ്ഥാന സെക്രട്ടറിയും തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ച നേതാവുമായ പിണറായി വിജയനും എല്‍.ഡി. എഫ്. കണ്‍വീനര്‍ വൈക്കം വിശ്വനും ഇത് ആവര്‍ത്തിച്ചു. കൊല്ലക്കാരെ മുഴുവന്‍ പരനാറികളാക്കിയ പിണറായിക്കേറ്റ അടിയുടെ മുറിവ് ഇതുവരെയും ഉണങ്ങിയിട്ടില്ല. അതിനു മുമ്പാണ് അരുവിക്കരക്കാരെക്കൂടി ഇങ്ങനെ ആക്ഷേപിക്കുന്നത്. "മുഖം നന്നാകാത്തതിന് കണ്ണാടി എറിഞ്ഞുടയ്ക്കുന്ന" രീതിയാണിത്. അരുവിക്കരയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി അല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ഇപ്പോള്‍ കിട്ടിയതിനെക്കാള്‍ വോട്ട് കിട്ടിയേനെ. കാരണം, ആര്‍.എസ്.പി.യുടെ അമ്പലത്തറ ശ്രീധരന്‍ നായര്‍ നേടിയതിനെക്കാള്‍ 197 വോട്ടു മാത്രമേ വിജയകുമാറിനു കൂടുതല്‍ കിട്ടിയുള്ളു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാനനേതാക്കളാണ് അവരുടെ സ്ഥാനാര്‍ത്ഥികളുടെ തോല്‍വിക്കു മുഖ്യകാരണം എന്ന് ഈ തെരഞ്ഞെടുപ്പോടെ പുര്‍ണമായും തെളിഞ്ഞിരിക്കുകയാണ്. അവരുടെ മുന്‍കാലപ്രചാരണശൈലികള്‍, ജനകീയ പ്രശ്‌നങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടം ഇവ രണ്ടും പ്രമുഖഘടകങ്ങളാണ്. എതിരാളികളെ വൃത്തികെട്ട ഭാഷയില്‍ പഴയ കവലച്ചട്ടമ്പിമാരെപ്പോലെ ആക്ഷേപിക്കുന്നതും വിശ്വാസ്യതയില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ജനങ്ങളില്‍ എതിര്‍വികാരമാണുളവാക്കുന്നത്. "മാന്യമായി പെരമാറൂ, മാന്യമായി സംസാരിക്കൂ" എന്നാണ് ഇന്നത്തെ വോട്ടര്‍മാര്‍ നേതാക്കളോട് ആവശ്യപ്പെടുന്നത്. അതുപോലെ വായില്‍ തോന്നിയത് കോതയ്ക്കു പാട്ട് എന്ന മട്ടില്‍ എന്ത് ആരോപണവും ഉന്നയിക്കുന്നതില്‍ ഉന്നയിക്കുന്നവര്‍ക്ക് ചിലപ്പോള്‍ ഹരം തോന്നുമെങ്കിലും അത് കേള്‍വിക്കാരില്‍ ഹരം ഉണ്ടാക്കുന്നില്ല. "ഞങ്ങളെപ്പറ്റി എന്തെങ്കിലും പറയാനുണ്ടോ സഖാവേ, ഞങ്ങളുടെ പ്രശ്‌നങ്ങളെപ്പറ്റി എന്തെങ്കിലും പറയാനുണ്ടോ സഖാവേ" എന്നാണ് ഓരോ ശരാശരി സഖാവും പ്രസംഗക്കാരോട് ആരായുന്നത്. സോളാറും ബാറുമൊന്നും അവര്‍ക്കു താല്‍പര്യമുള്ള വിഷയങ്ങളല്ല. അക്രമ-കൊലപാതകരാഷ്ട്രീയവും ഇത്തരത്തിലുള്ള ധാര്‍ഷ്ട്യവും മറ്റുമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ അനുദിനം ജനങ്ങളില്‍നിന്ന് അകറ്റിക്കൊണ്ടിരിക്കുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒരുപിടി നേതാക്കള്‍ക്ക് സുഖജീവിതം നയിക്കാനുള്ള ബൂര്‍ഷ്വാ പാര്‍ട്ടിയായി അധഃപതിച്ചുകഴിഞ്ഞു. വിവാദവ്യവസായികളുമായും കളങ്കിതരുമായും മറ്റുമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്കു ചങ്ങാത്തം. അതുകൊണ്ടെന്താ? കമ്യൂണിസം തേനുംപാലും ഒഴുക്കുമെന്ന വിശ്വാസത്തില്‍ ആ പാര്‍ട്ടിയില്‍ അടിയുറച്ചുനിന്നിരുന്ന അണികള്‍ കുറേക്കാലമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് തുടര്‍ച്ചയായി കൊഴിഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. ആളുകളുള്ള ഘടകകക്ഷികളും എല്‍.ഡി.എഫില്‍നിന്ന് പുറത്തുചാടി. പുതിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്തെല്ലാം അടവുനയങ്ങള്‍ കൊണ്ടുവന്നാലും കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നന്നാവുന്ന ലക്ഷണമില്ല. അഥവാ നന്നാവണമെങ്കില്‍ സാന്റിയാഗോ മാര്‍ട്ടിനും ചാക്കു രാധാകൃഷ്ണനും മറ്റും നിയന്ത്രിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ ഇപ്പോഴത്തെ നേതൃത്വത്തിന് സമൂലമാറ്റം വരണം. ഇല്ലെങ്കില്‍ പിണങ്ങുന്നവരെയും തുണയ്ക്കുന്നവരെയും ഒരുപോലെ ചീത്ത വിളിക്കുന്ന ഒരു പാര്‍ട്ടിയായി ആ പാര്‍ട്ടി ഇനിയും തുടരുകയേ ഉള്ളൂ. **** അരുവിക്കരയിലെ സി.പി.എമ്മിന്റെ പരാജയത്തെ സംസ്ഥാനനേതൃത്വം വികലമായി വിലയിരുത്തുമ്പോഴും തലയ്ക്കകത്ത് ആളുതാമസമുള്ള ചില നേതാക്കള്‍ക്ക് കാര്യം മനസ്സിലായിട്ടുണ്ടെന്നു തെളിയിക്കുന്നതാണ് സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗമായ ഡോ. തോമസ് ഐസക്കിന്റെ പ്രതികരണം. അദ്ദേഹം ഇപ്പോള്‍ പിണറായി ഉള്‍പ്പെടെ ചെയ്യുന്നതുപോലെ ഫെയ്‌സ് ബുക്കിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്. ചാത്തന്‍ പുലയനും കാളിപ്പുലയിയുമൊക്കെ ഇപ്പോള്‍ പത്രം വായിക്കുന്നതിനുപകരം ഫെയ്‌സ് ബുക്കാണല്ലോ നോക്കാറ്. ഡോ. തോമസ് ഐസക് എന്താണ് പറഞ്ഞിരിക്കുന്നത്? സി.പി.എം. പൊതുപ്രവര്‍ത്തനരീതിയിലും ശൈലിയിലും മാറ്റം വരുത്തണമെന്ന്. മുമ്പ് സി.പി.എമ്മിന്റെ പ്രവര്‍ത്തനരീതിയും ശൈലിയും കണ്ണൂരിലാണ് ഏറ്റവും നന്നായി ദൃശ്യമായിരുന്നത്. കള്ളവോട്ടു ചെയ്യുക, ബൂത്തു പിടിച്ചടക്കുക, പോളിംഗ് ഏജന്റുമാരെ വിരട്ടിഓടിക്കുക തുടങ്ങിയ പരിപാടികളായിരുന്നു കണ്ണൂരുള്‍പ്പെടെയുള്ള സി.പി.എമ്മിന്റെ സ്വാധീനമേഖലകളില്‍ അവര്‍ അനുവര്‍ത്തിച്ചിരുന്നത്. പിന്നെ എതിര്‍സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള അടിസ്ഥാനമില്ലാത്ത കള്ളപ്രചാരണങ്ങളും. ആ പ്രവര്‍ത്തനശൈലി കാലംമാറിയ ഈ കാലത്ത് ഒട്ടുംതന്നെ ഏശുകയില്ല എന്നാണ് തോമസ് ഐസക്ക് ഉല്‍ബോധിപ്പിക്കുന്നത്. അരുവിക്കരയില്‍ പരമ്പരാഗത സി.പി.എം. കാര്‍പോലും സി.പി.എമ്മിന് വോട്ടുചെയ്യാത്തതും, സി.പി.എം. വോട്ടുകള്‍ ബി.ജെ.പി.ക്കു കിട്ടിയതുമൊക്കെ ആഴത്തില്‍ പരിശോധിക്കേണ്ട കാര്യങ്ങളാണെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. എന്നാല്‍, തോമസ് ഐസക്കിനെയും കൂട്ടരെയും പോലെ ചിന്തിക്കുന്നവരല്ലല്ലോ സി.പി.എമ്മിന്റെ കണ്ണൂര്‍ നേതൃത്വം. അവര്‍ അവരുടെ ശൈലിയില്‍നിന്നു കടുകിട മാറാന്‍ തയ്യാറാവുകയില്ല. യാഥാര്‍ത്ഥ്യങ്ങള്‍ കണ്ണു തുറന്നു കാണാനോ, തെറ്റുകള്‍ തുറന്നു സമ്മതിച്ചുകൊണ്ട് അത് തിരുത്താനോ സി.പി.എം. നേതൃത്വം തയ്യാറല്ല. ഈ നിലപാടാണ് പശ്ചിമബംഗാളില്‍ നീണ്ട മുപ്പത്തിനാലുവര്‍ഷത്തെ സി.പി.എം. ഭരണത്തിനു തിരശ്ശീലയിട്ടത്. അവിടെ ഇപ്പോള്‍ ബി.ജെ.പി. വളരുകയാണ്. അന്ധമായ കോണ്‍ഗ്രസ് വിരോധം അഖിലേന്ത്യാതലത്തില്‍ സി.പി.എമ്മിന്റെ മുഖമുദ്രയാണെങ്കില്‍, ധാര്‍ഷ്ട്യവും അക്രമവും കൊലപാതകവുമാണ് കേരളത്തിലെ സി.പി.എമ്മിന്റെ അടയാളങ്ങള്‍. രണ്ടും സി.പി.എമ്മിനെ തകര്‍ച്ചയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു. **** വാചകക്കസര്‍ത്തുകൊണ്ട് ചാനലുകളില്‍ പിടിച്ചുനില്‍ക്കാമെങ്കിലും ജനങ്ങള്‍ക്കിടയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നുകൂടി തെളിയിച്ച തെരഞ്ഞെടുപ്പാണ് അരുവിക്കര തെരഞ്ഞെടുപ്പ്. അഴിമതിവിരുദ്ധജനാധിപത്യമുന്നണി എന്നൊരു തട്ടിക്കൂട്ടു സംഘടനയുമായി രംഗത്തുവന്ന പി.സി. ജോര്‍ജ്ജ് അപ്പൂപ്പന്‍ താടി പോലെ പറന്നു പോയ കാഴ്ച ജനങ്ങളെയാകെ രസിപ്പിച്ചു. പന്തീരായിരവും ഇരുപത്തീരായിരവുമൊക്കെ വോട്ടു തന്റെ സ്ഥാനാര്‍ത്ഥിക്കു ലഭിക്കുമെന്നു വീമ്പിളക്കിയ പി.സി. നാണമുണ്ടെങ്കില്‍ തല മൊട്ടയടിച്ച് രാഷ്ട്രീയത്തില്‍നിന്നു വിടപറയുകയാണു വേണ്ടത്. ആര്‍ക്കും വോട്ടു ചെയ്യാത്ത 1430 പേരുള്ളപ്പോള്‍ 1197 വോട്ടേ ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥി കെ.ദാസനു കിട്ടിയുള്ളു. ആകെയുള്ള 1,42,485 വോട്ടിലാണ് ഇത്രയും കിട്ടിയതെന്നോര്‍ക്കണം. അങ്ങനെ ആ സ്ഥാനാര്‍ത്ഥിയുടെ കെട്ടി വച്ചകാശും പോയി. പി.സി.യെ തുണച്ച വി.എസ്.ഡി.പി.യുടെ വിഷ്ണുപുരം ചന്ദ്രശേഖരന് തലയില്‍ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയും വന്നു. തൂറിയവനെ ചുമന്നാല്‍ ചുമന്നവനും നാറും എന്ന പഴഞ്ചൊല്ല് പി.സി.യെ ചുമക്കുന്നവര്‍ മനസ്സിലാക്കിയാല്‍ കൊള്ളാം. അപരന്മാര്‍ ദയനീയമായി തോറ്റ തെഞ്ഞെടുപ്പായിരുന്നു ഇത്. എം.എസ്. ശബരിനാഥ് 143, ബി.വിജയകുമാര്‍ 69, വിജയകുമാരന്‍ നായര്‍ 40 എന്നിങ്ങനെ വോട്ടുകളാണ് അവര്‍ക്കു ലഭിച്ചത്. ആകെ വോട്ടിന്റെ അഞ്ചുശതമാനമെങ്കിലും നേടാത്ത സ്ഥാനാര്‍ത്ഥികളെ അഞ്ചുവര്‍ഷം തടവിലിടാനുള്ള ശിക്ഷ കൊണ്ടുവരണം. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുംപോലും വേണ്ടാത്തവര്‍ തെരഞ്ഞെടുപ്പില്‍ കേറി മെനക്കെടുത്തുന്നത് പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം