malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

ജവഹര്‍ലാല്‍ നെഹ്‌റു: രാഷ്ട്രീയ നേതൃത്വത്തിന്റെ ഉദാത്ത മാതൃക

തലേക്കുന്നില്‍ ബഷീര്‍
ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ച് എഴുതാനിരിക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അദ്ദേഹത്തെ കണ്ടുമടങ്ങിയതിന്റെ ഓര്‍മ്മയാണ്. അത്രയും വലിയ ആള്‍ക്കൂട്ടം കാണുന്നത് ആദ്യമായാണ്. ക്ഷമയോടെ ജനക്കൂട്ടം കാത്തുനില്‍ക്കുന്നു. ബാലമനസ്സിന്റെ കൗതുകവുമായി പിതാവിന്റെ കൈയും പിടിച്ച് ആ ആള്‍ക്കൂട്ടത്തിടയില്‍ അകലെ വേദിയിലേയ്ക്ക് നോക്കി നില്‍ക്കവേ ആകാംഷ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ജനങ്ങള്‍ തിങ്ങിനിറഞ്ഞു നിന്നിട്ടും എന്തൊരു അച്ചടക്കമാണ്‍ അവരെ ആരും നിയന്ത്രിക്കാനുണ്ടായിരുന്നില്ല. സ്വയം സ്വീകരിച്ച അച്ചടക്കത്തോടെ അവര്‍ കാത്തുനിന്നു. പെട്ടന്ന് ഒരു തിരയടിച്ചിട്ടെന്നപോലെ ജനമിളകി. ആയിരമായിരംപേര്‍ പുറപ്പെടുവിച്ച നേര്‍ത്ത ശബ്ദം ഒരുമിച്ച് ചേര്‍ന്നു കാറ്റിന്റെ മുഴക്കംപോലെ ഉയര്‍ന്നു. അതാ അദ്ദേഹം എത്തിചേര്‍ന്നിരിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ട നേതാവ്. രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു. അദ്ദേഹം വേദിയിലേയ്ക്ക് കയറുമ്പോള്‍ അന്തരീക്ഷത്തെയാകെ പ്രകമ്പനംകൊള്ളിക്കുന്ന കൈയടിയായിരുന്നു. ഞാന്‍ ആ രൂപത്തെ നോക്കിനിന്നു. വര്‍ത്തമാനത്താളുകളിലും പുസ്തകങ്ങളിലുമൊക്കെ കണ്ടുപരിചയമുള്ള ആ ആകര്‍ഷകമായ രൂപം ഇതാ മുന്നില്‍. എന്റെ ബാലമനസ്സ് അറിയുന്നു. ഇതാ എന്റെ നാട്ടിലെ ഏറ്റവും വലിയ മനുഷ്യന്‍. ഇപ്പോള്‍ ഒരു നഷ്ടബോധം കൂടി- തിരിച്ചറിയുന്നുണ്ട്. അന്ന് എന്റെ പിതാവിന് തന്റെ മകന് ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ ഒരു പണ്ഡിറ്റ്ജിയുണ്ടായിരുന്നു. ഇന്ന് പിതാവായ എനിക്ക് എന്റെ മകന് കാണിച്ചുകൊടുക്കാന്‍ അങ്ങനെയൊരു മാതൃകയില്ലല്ലോ എന്നതാണ് ഏറ്റവും വലിയ ഒരു വര്‍ത്തമാനകാല ദുരന്തം. കോടിക്കണക്കിന് പിതാക്കളുടേയും കോടാനുകോടി മക്കളുടേയും ദുഃഖമാണത്. താന്‍ ജീവിച്ചകാലത്തെ തലമുറയ്ക്കുവേണ്ടി മാത്രമല്ല ഭാവിയിലെ നിരവധി അനന്തര തലമുറകള്‍ക്കുവേണ്ടി കൂടി ചിന്തിക്കുകയും അവരുടെ ഭാവിയ്ക്കായി ദീര്‍ഘദര്‍ശനത്തോടെ അടിത്തറ സൃഷ്ടിക്കുകയും ചെയ്ത, ഉദാത്തമായ ഉള്‍ക്കാഴ്ചയോടു കൂടിയ നേതാവായിരുന്നു നെഹ്‌റു. ഒരു പൊതുപ്രവര്‍ത്തകനാകാന്‍ വിധിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ രചനകളും വചനങ്ങളുമാണ് എന്റെ രാഷ്ട്രീയ സങ്കല്പങ്ങളെ വികസ്വരമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചത്. ബഹുമുഖ പ്രതിഭ എന്ന വിശേഷണം ശരിക്കും അന്വര്‍ത്ഥമാക്കുന്നതായിരുന്നുവല്ലോ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വ്യക്തിത്വം. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് മുതല്‍ രാഷ്ട്രീയകാര്യങ്ങളില്‍ ജവഹര്‍ലാല്‍ നെഹ്‌റു താല്പര്യമെടുത്തിരുന്നു. ലണ്ടനിലെ വിദ്യാര്‍ത്ഥി ജീവിതകാലത്ത് സിഡ്‌നിവെബ്ബ്, ബിയാട്രീസ്‌വെബ്ബ്, ബര്‍ണാഡ്ഷാ എന്നിവരുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ അദ്ദേഹം പതിവായി പോയിരുന്നു. ബെര്‍ട്രന്‍സ് റസ്സല്‍, കെയ്ന്‍സ് തുടങ്ങിയ ചിന്തകന്മാരും ജവഹര്‍ലാലിനെ ആകര്‍ഷിച്ചു. പിന്നീട് ദേശീയ പ്രസ്ഥാനത്തിലേയ്ക്ക് വരികയും പ്രസിദ്ധിയാര്‍ജിക്കുകയും ചെയ്ത പലരും അന്ന് ലണ്ടനിലുണ്ടായിരുന്നു. സെന്‍ഗുപ്ത, സെയ്ദ് മുഹമ്മദ്, ഡോക്ടര്‍ കിച്ച്‌ലു തുടങ്ങി നിരവധി പേര്‍. കേംബ്രിഡ്ജില്‍ ഇന്ത്യന്‍ മജ്‌ലിസ്" എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒരു സംഘടന പ്രവര്‍ത്തിച്ചിരുന്നു. രാഷ്ട്രീയ വിഷയങ്ങളെ അധികരിച്ച് സംഘടന നടത്തിയിരുന്ന ആഴ്ചതോറുമുള്ള വാദപ്രതിവാദയോഗങ്ങളില്‍ നെഹ്‌റു പതിവായി സന്നിഹിതനായിരുന്നു. ചുരുക്കമായേ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നുവെങ്കിലും. ഇന്ത്യയില്‍ മടങ്ങിവന്ന് പിതാവിന്റെ പാത പിന്തുടര്‍ന്ന് അഭിഭാഷകവൃത്തിയില്‍ പ്രവേശിച്ച ജവഹര്‍ലാലിന് ആ രംഗത്ത് ഉറച്ച് നില്‍ക്കാനായില്ല. അഭിഭാഷക ജോലിയില്‍ ഒരു അതികായനായിരുന്ന പിതാവിന്റെ മാര്‍ഗ്ഗത്തില്‍ അധികകാലം തുടര്‍ന്നുമില്ല. അഭിഭാഷക ജോലി ഉപേക്ഷിച്ച് ജീവിതാവസാനംവരെ തനിക്കിഷ്ടപ്പെട്ടതും താദാത്മ്യം പ്രാപിക്കാനായതും ആയ പൊതുപ്രവര്‍ത്തനരംഗത്ത് ജവഹര്‍ലാല്‍ തന്റെ യാത്ര ആരംഭിച്ചു. ഒരു പൊതുപ്രവര്‍ത്തകനായി നെഹ്‌റു ആദ്യം പ്രത്യക്ഷപ്പെടുന്നത് അലഹബാദിനടത്തുള്ള ഒരു ഗ്രാമത്തിലെ ചൂഷണവിധേയരായ കര്‍ഷകര്‍ക്കിടയിലാണ്. അതിശയകരമായ ഒരു ആകസ്മികതയായിരുന്നു അത്. ഹാരോയിലും, കേംബ്രിഡ്ജിലും ട്രിനിറ്റിയിലും വിദ്യാഭ്യാസം കഴിഞ്ഞെത്തിയ കുബേര കുമാരന്‍ കൃഷിക്കാരുടെ മണ്‍കുടിലില്‍ താമസിച്ചുകൊണ്ടും അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടും അവരുടെകൂടെ ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേയ്ക്ക് സഞ്ചരിച്ചുകൊണ്ടും ആണ് ദിവസങ്ങള്‍ കഴിച്ച് കൂട്ടിയത്. പൊതുപ്രവര്‍ത്തനരംഗത്തേക്ക് കടന്നിരുന്ന ജവഹര്‍ലാലിന്റെ വീക്ഷണം വ്യക്തമാക്കുന്നതായിരുന്നു അത്. ജവഹര്‍ലാല്‍ ആദ്യം പങ്കെടുക്കുന്ന കോണ്‍ഗ്രസ് സമ്മേളനം 1912 ല്‍ ബാങ്കിപ്പൂരില്‍ നടന്നതായിരുന്നു. അച്ഛന്‍ മോത്തിലാലിനോടപ്പമാണ് സമ്മേളനത്തിലേയ്ക്ക് പോയത്. സമൂഹത്തിന്റെ ഉന്നതശ്രേണികളില്‍ വിഹരിക്കുന്നവരും ഭാവംകൊണ്ടും വേഷംകൊണ്ടും ഒരു വ്യത്യസ്തവിഭാഗങ്ങളുടെ പ്രതിനിധികളായി സമ്മേളനത്തിലുണ്ടായിരുന്നവരോടും അവര്‍ സൃഷ്ടിച്ച പൊങ്ങച്ചവും കൃത്രിമത്വവും നിറഞ്ഞ അന്തരീക്ഷത്തോടും നെഹ്‌റുവിന് ഒരുതരം വെറുപ്പാണ് അനുഭവപ്പെട്ടത്. മഹാഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനതയുടെ വികാരങ്ങളും, വിചാരങ്ങളും അവിടെ പ്രതിഫലിക്കപ്പെടുന്നില്ലെന്ന് നെഹ്‌റു കണ്ടു. 1920 ല്‍ കല്‍ക്കത്തയില്‍ കോണ്‍ഗ്രസിന്റെ ഒരു പ്രത്യേക സമ്മേളനം ചേരുകയുണ്ടായി. ആ സമ്മേളനം മുതല്‍ക്കാണ് കോണ്‍ഗ്രസിന്റേയും രാജ്യത്തിന്റേയും കാര്യങ്ങളില്‍ ഗാന്ധിയുഗം ആരംഭിക്കുന്നതെന്ന് നെഹ്‌റു തന്റെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. നെഹ്‌റു എഴുതുന്നു. കോണ്‍ഗ്രസിന്റെ മുഖഭാവം തന്നെ ആകെ മാറി! യൂറോപ്യന്‍ വസ്ത്രങ്ങള്‍ അപ്രത്യക്ഷങ്ങളായി. താമസിയാതെ ഖാദിമാത്രം കാണപ്പെട്ടു. ഒരു പുതിയതരം ഡെലിഗേറ്റ് (പ്രതിനിധി) പ്രധാനമായും താഴ്ന്ന ഇടത്തരങ്ങളില്‍ നിന്നു വന്നവന്‍ ആയിത്തീര്‍ന്നു. കോണ്‍ഗ്രസുകാരന്റെ മാതൃക. ഡെലിഗേറ്റുമാരില്‍ അധികംപേര്‍ക്കും ഇംഗ്ലീഷ് അറിയാത്തതിനാലും, നമ്മുടെ ദേശീയ പ്രവര്‍ത്തികളില്‍ ഒരു വിദേശഭാഷ ഉപയോഗിക്കുന്നതിനോട് ഏറിവരുന്ന വിപ്രതിപത്തി ഉണ്ടാകയാലും അധികമധികമായി ഹിന്ദുസ്ഥാനി-ഭാഷ ചിലപ്പോള്‍ സമ്മേളനം ചേരുന്ന സംസ്ഥാനങ്ങളിലെ ഭാഷയും ഉപയോഗപ്പെടുത്തിവന്നു. കോണ്‍ഗ്രസ് സഭകളില്‍ ഒരു പുതിയജീവനും ഉന്മേഷവും സ്‌നിഗ്ന്ധതയും പ്രത്യക്ഷമായി തുടങ്ങി. ഗാന്ധിജിക്ക് നെഹ്‌റു കുടുംബത്തോടുണ്ടായിരുന്ന സ്‌നേഹവും, ആ കുടുംബാംഗങ്ങളില്‍ പ്രകടമായിരുന്ന ഗാന്ധിജിയുടെ സ്വാധീനവും സുവിദിതമാണല്ലോ. മോത്തിലാല്‍ നെഹ്‌റു സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തനരംഗത്തേക്ക് വരുന്നത് ഗാന്ധിജിയുടെ സ്വാധീനംമൂലമായിരുന്നു. ആദ്യം മുതല്‍ തന്നെ ഗാന്ധിജിയെ നേതാവായി വരിച്ചയാളാണ് നെഹ്‌റു. ജവഹര്‍ലാല്‍ ആദ്യമായി ഗാന്ധിജിയെ കണ്ടത് 1916 ല്‍ ലക്‌നൗ കോണ്‍ഗ്രസില്‍ വച്ചായിരുന്നു. റൗലറ്റ് നിയമത്തെ എതിര്‍ക്കുവാനുള്ള ഗാന്ധിജിയുടെ തീരുമാനം ജവഹര്‍ലാലില്‍ ആവേശം സൃഷ്ടിച്ചു. റൗലറ്റ് നിയമലംഘനത്തിനായി ഗാന്ധിജി ആരംഭിച്ച സത്യാഗ്രഹസഭയില്‍ ജവഹര്‍ലാല്‍ ചേരുവാന്‍ തീരുമാനിച്ചു. സജീവ പ്രക്ഷോഭരംഗത്തേയ്ക്ക് പോകാന്‍ തനിക്ക് ലഭിക്കുന്ന അവസരമായാണ് അദ്ദേഹം ഈ സന്ദര്‍ഭത്തെ കണ്ടത്. എന്നാല്‍ മകന്റെ തീരുമാനത്തില്‍ മോത്തിലാല്‍ അസ്വസ്ഥനായിരുന്നു. അത് അച്ഛനും മകനും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ക്കും ഇടയാക്കി. മോത്തിലാലിന്റെ ആഗ്രഹപ്രകാരം ഗാന്ധിജി ആനന്ദഭവനത്തിലെത്തിയാണ് ഒടുവില്‍ ജവഹര്‍ലാലിനെ തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിച്ചത്. ഇഷ്ടമില്ലായിരുന്നുവെങ്കിലും, അച്ഛന്റെ ആഗ്രഹത്തിനും ഗാന്ധിജിയുടെ ഉപദേശത്തിനും ജവഹര്‍ലാല്‍ വഴങ്ങുകയായിരുന്നു. തന്റെ ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ രണ്ടു വ്യക്തികള്‍ ഗാന്ധിജിയും മോത്തിലാലുമാണെന്ന് നെഹ്‌റു പറഞ്ഞിട്ടുണ്ട്. പഞ്ചാബിലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല ഗാന്ധിജിയുടെ നേതൃത്വത്തിലുയര്‍ന്ന നിയമനിഷേധ സത്യാഗ്രഹ പ്രക്ഷോഭപരിപാടികള്‍ എന്നിവയും മറ്റ് ദേശീയ മുന്നേറ്റങ്ങളും ജവഹര്‍ലാലിനെ പ്രക്ഷോഭങ്ങളുടെ സജീവപാതയില്‍ എത്തിച്ചു. 1921 ലാണ് ജവഹര്‍ലാല്‍ നെഹ്‌റു ആദ്യമായി ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 1921 ദേശീയ പ്രസ്ഥാനത്തില്‍ ഒരു നവശക്തി വിശേഷമുയര്‍ത്തിയ വര്‍ഷമായിരുന്നു. നെഹ്‌റു ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് പരിപാടിയ്ക്കുവേണ്ടി പ്രവര്‍ത്തിച്ച ഞങ്ങളില്‍ പലരും 1921 ല്‍ ഒരുതരം ലഹരിയിലാണ് ജീവിച്ചുപോന്നത്. ഞങ്ങള്‍ ഉത്കണ്ഠയും ശുഭോദര്‍ക്ക പ്രതീക്ഷയും തിളച്ചുമറിയുന്ന ഉത്സാഹവും നിറഞ്ഞവരായി മാറിയിരിക്കുന്നു. ഏതെങ്കിലുമൊരാദര്‍ശത്തിന് വേണ്ടി ഒരു വിശുദ്ധ സമരത്തിലേര്‍പ്പെട്ടവര്‍ക്കുള്ള ആഹ്ലാദം ഞങ്ങള്‍ക്കനുഭവപ്പെട്ടു. സംശയമോ, ചാഞ്ചല്യമോ ഞങ്ങളെ അലട്ടിയില്ല. ഞങ്ങളുടെ മാര്‍ഗ്ഗം വ്യക്തമായി മുന്നില്‍ കാണുന്നതായി തോന്നി. മറ്റുള്ളവരെ മുന്നോട്ട് പോകുവാന്‍ സഹായിച്ചുകൊണ്ട് ഞങ്ങള്‍ മുന്നോട്ട് പ്രയാണം ചെയ്തു. നമ്മുടെ ദേശീയ നേതാക്കളില്‍ ഏറ്റവും കൂടുതല്‍കാലം ജയിലുകള്‍ക്കുള്ളില്‍ കഴിയേണ്ടി വന്നതും ജവഹര്‍ലാല്‍ നെഹ്‌റുവിനായിരുന്നു. ഒട്ടാകെ 3262 ദിവസങ്ങള്‍. ഏകദേശം 9 വര്‍ഷക്കാലം. ആദ്യത്തെ അറസ്റ്റ് 1921 ഡി സംബര്‍ 6-ാം തീയതിയായിരുന്നു. അച്ഛന്‍ മോത്തിലാല്‍ നെഹ്‌റുവും ജവഹര്‍ലാലും ഒരുമിച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇരുവര്‍ക്കും ഒരേ ശിക്ഷതന്നെയായിരുന്നു അലഹബാദ് മജിസ്‌ട്രേറ്റു വിധിച്ചത്. ആറുമാസത്തെ വെറും തടവും അഞ്ഞൂറ് രൂപ പിഴയുമായിരുന്നു ശിക്ഷ. ജീവിതത്തിന്റെ മുഖ്യമായ ഒരു കാലയളവാണ് ജയിലറകളില്‍ നെഹ്‌റു ചിലവഴിച്ചത്. കേസുകള്‍ വാദിക്കുവാന്‍ ഒരിക്കലും നെഹ്‌റു കൂട്ടാക്കിയിരുന്നില്ല. എല്ലാ വിചാരണകളിലും, അതിന്റെ മറ്റു നടപടിക്രമങ്ങളില്‍ പങ്കെടുക്കാതെ വിചാരണ വേളയില്‍ ഒരു പ്രസ്താവന നടത്തുക മാത്രമാണ് ചെയ്തിരുന്നത്. ആ പ്രസ്താവനകള്‍ ദേശാഭിമാന ബോധത്തിന്റേയും, സ്വാതന്ത്ര്യ തൃഷ്ണയുടേയും ജ്വലിക്കുന്ന പ്രസ്താവനകളായിരുന്നു. 1940 നവംബര്‍ 3ന് ഗോരഖ്പൂര്‍ കോടതിയ്ക്ക് മുന്നില്‍ വിചാരണ വേളയില്‍ നെഹ്‌റു ചെയ്ത പ്രസ്താവന സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ചെയ്ത പ്രസംഗത്തേക്കാള്‍ ഉജ്ജ്വലമാണെന്ന് ആന്ദ്രേമ്മല്‍റോ രേഖപ്പെടുത്തിയിട്ടുണ്ട്. ആ പ്രസ്താവനയില്‍ നെഹ്‌റു പറഞ്ഞു. താങ്കള്‍ എന്നെയല്ല ശിക്ഷിക്കാനും വിധിക്കാനും ശ്രമിക്കുന്നത്, ലക്ഷക്കണക്കിനുള്ള എന്റെ നാട്ടുകാരെയാണ്. അതാകട്ടെ, ഒരു ഭാരിച്ച ചുമതലയാണ്. എത്ര അധികാരഗര്‍വ്വുള്ള ഒരു സാമ്രാജ്യത്തിനുപോലും... ജയിലുകളിലും സമരമുഖങ്ങളിലുമായി കഴിഞ്ഞിരുന്ന നെഹ്‌റുവിന് ഭാര്യയോടത്ത് കഴിയുവാന്‍ ഏറെ സമയം ലഭിച്ചിരുന്നില്ല. പക്ഷേ അതിലൊന്നും ഭാര്യ കമലയ്ക്ക് പരാതിയുണ്ടായിരുന്നില്ല. എന്നു മാത്രമല്ല, തന്റെ ഭര്‍ത്താവിന്റെ മാര്‍ഗ്ഗം സ്വീകരിച്ചുകൊണ്ട് കമലയും സമരരംഗത്തേയ്ക്ക് പോയി. പിക്കറ്റിംഗുകളില്‍ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. ആദ്യം മുതലെ ദുര്‍ബലയും അനാരോഗ്യവതിയുമായിരുന്നു നെഹ്‌റുവിന്റെ പത്‌നി. 1925 മദ്ധ്യത്തില്‍ തീരെ കിടപ്പിലായിരുന്ന കമലയെ ചികിത്സയ്ക്കായി ജനീവയിലേയ്ക്ക് കൊണ്ടുപോയി. ജവഹര്‍ലാല്‍ കമലയോടൊപ്പമുണ്ടായിരുന്നു. ചികിത്സയും, വിശ്രമവും, വിവിധ സ്ഥലങ്ങളിലെ സന്ദര്‍ശനവുമായി ജവഹര്‍ലാല്‍ നീണ്ട ഇരുപത്തിയൊന്ന് മാസം യൂറോപ്പില്‍ കഴിച്ചുകൂട്ടി. ആ നാളുകളിലും അദ്ദേഹത്തിന്റെ ചിന്ത ലോകകാര്യങ്ങളിലും ഇന്ത്യയുടെ സ്ഥിതിഗതികളിലും തന്നെയായിരുന്നു. ഒന്നാംലോക മഹായുദ്ധം കഴിഞ്ഞതിന് ശേഷമുള്ള യൂറോപ്പിന്റെ ഭാവമാറ്റങ്ങള്‍ അടുത്തറിയാനും ആ താമസം അവസരം നല്കി. അതിനിടയില്‍, 1927 ഫെബ്രുവരി മാസത്തില്‍ ബ്രസ്സല്‍സില്‍വച്ച് നടന്ന മര്‍ദ്ദിത ജനപ്രതിനിധികളുടെ ഒരു സമ്മേളനത്തില്‍ നെഹ്‌റു പങ്കെടുത്തു. കോണ്‍ഗ്രസിന്റെ പ്രതിനിധി എന്ന നിലയിലാണ് ജവഹര്‍ലാല്‍ സമ്മേളനത്തില്‍ പങ്കെടുത്തത്. ബ്രിട്ടീഷ് ഭരണത്തെപ്പറ്റിയുള്ള ഒരു നിശിതവിമര്‍ശനമാണ് ജവഹര്‍ലാല്‍ ആ സമ്മേളനത്തില്‍ അവതരിപ്പിച്ചത്. ഇന്ത്യക്ക് ബ്രിട്ടീഷാധിപത്യത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ കഴിഞ്ഞാല്‍ അത് ഏഷ്യയിലേയും, ആഫ്രിക്കയിലേയും മര്‍ദ്ദിത വര്‍ഗ്ഗങ്ങളുടെ മോചനത്തിന് വഴിയൊരുക്കുമെന്നും നെഹ്‌റു പറഞ്ഞു. ഭാവിപ്രവര്‍ത്തനത്തെക്കുറിച്ച് കൂടുതല്‍ വ്യക്തതയുള്ള ധാരണകളുമായാണ് നെഹ്‌റു ഇന്ത്യയിലേയ്ക്ക് മടങ്ങിയത്. ഡോക്ടര്‍ അന്‍സാരിയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് സമ്മേളനം മദിരാശിയില്‍ കൂടാന്‍ നിശ്ചയിച്ച സമയമായിരുന്നു അത്. മദിരാശി കോണ്‍ഗ്രസ് സമ്മേളനത്തില്‍ (1927) ജവഹര്‍ലാല്‍ നെഹ്‌റു പ്രസിഡന്റാകണമെന്ന അഭിപ്രായം പല നേതാക്കള്‍ക്കുമുണ്ടായിരുന്നു. ഈ ആലോചന നടക്കുമ്പോള്‍ നെഹ്‌റു സ്വിറ്റ്‌സര്‍ലണ്ടിലായിരുന്നു. സംഘടനയ്ക്ക് കൂടുതല്‍ ഉണര്‍വും ജനങ്ങള്‍ക്ക് കൂടുതല്‍ ഉഷാറും പകരാന്‍ നെഹ്‌റുവിന്റെ നേതൃത്വത്തിന് കഴിയുമെന്നായിരുന്നു ഗാന്ധിജിയുടെ അഭിപ്രായം. പക്ഷേ ജവഹര്‍ലാല്‍ അദ്യക്ഷപദം ഏല്‍ക്കുവാന്‍ വിമുഖത പ്രകടിപ്പിക്കുകയാണ് ചെയ്തത്. ജവഹര്‍ലാലിന് അപ്പോള്‍ 38 വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. ചെറുപ്രായത്തില്‍ തന്നെ അദ്ദേഹത്തെ കോണ്‍ഗ്രസ് പ്രസിഡന്റാക്കാന്‍ ആലോചന നടത്തുന്നുവെന്നത് ആ കാലത്തിനിടയില്‍ ജനഹൃദയങ്ങളില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് നേടാന്‍ കഴിഞ്ഞസ്ഥാനം വ്യക്തമാക്കുന്നതായിരുന്നു. മദിരാശി കോണ്‍ഗ്രസില്‍ ചില സുപ്രധാന പ്രമേയങ്ങള്‍ നെഹ്‌റു അവതരിപ്പിച്ചു. അവയില്‍ ഒരു പ്രധാനപ്പെട്ട പ്രമേയം കോണ്‍ഗ്രസിന്റെ ലക്ഷ്യം ഇന്ത്യയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നേടുക എന്നതായിരുന്നു. വിദേശകാര്യങ്ങളെപ്പറ്റിയുള്ള ഏതാനും പ്രമേയങ്ങളും സമ്മേളനത്തില്‍ ജവഹര്‍ലാല്‍ അവതരിപ്പിക്കുകയുണ്ടായി. ആ കാലയളവില്‍ ജവഹര്‍ലാലിലെ രാഷ്ട്രീയ നേതാവ് അസ്വസ്ഥനും അക്ഷമനുമായിരുന്നു. 1928 ജനുവരി 4-ാം തീയതി ഗാന്ധിജി ജവഹര്‍ലാലിന് അയച്ച ഒരു കത്തില്‍ ഇങ്ങനെ എഴുതി: ""താങ്കള്‍ വളരെ വേഗത്തിലാണ് മുന്നോട്ട് പോകുന്നത്. ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങിയതിന് ശേഷം നാട്ടിലെ സ്ഥിതിഗതികള്‍ നല്ലതുപോലെ മനസ്സിലാക്കുന്നതിന് കുറേ സമയം വേണ്ടിവരും. എന്നിട്ട് മതിയായിരുന്നു ഭാവി പ്രവര്‍ത്തനത്തെപ്പറ്റി തീരുമാനമെടുക്കുന്നത്. താങ്കള്‍ തയ്യാറാക്കി കോണ്‍ഗ്രസ് മുമ്പാകെ കൊണ്ടുവന്ന പ്രമേയങ്ങളെല്ലാം ഒരുകൊല്ലം കഴിഞ്ഞതിന് ശേഷം കൊണ്ടുവരുന്നതായിരുന്നു നല്ലത്. താങ്കളുടെ പുതിയ അഭിപ്രായ പ്രകടനങ്ങള്‍ വികൃതികളായ ചില കോണ്‍ഗ്രസുകാരെ ലഹളയ്ക്ക് ഉത്സാഹപ്പെടുത്തിയേക്കാം. കലര്‍പ്പില്ലാത്ത അഹിംസയില്‍ താങ്കള്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. അതില്‍ താങ്കള്‍ക്ക് വിശ്വാസമില്ലെങ്കില്‍ കൂടി, നിയന്ത്രണമില്ലാത്ത അക്രമം നമ്മെ ലക്ഷ്യത്തിലെത്തിക്കുമെന്ന് താങ്ങള്‍ കരുതുന്നുണ്ടോ? യൂറോപ്പില്‍ താങ്കള്‍ക്കുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തില്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യത്തിലും പരിപാടിയിലും മാറ്റം ആവശ്യമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ തങ്ങളുടെ അഭിപ്രായം അനുസരിച്ച് പ്രവര്‍ത്തിച്ച് കൊള്ളുക. എന്നാല്‍ അതിനായി ഒരു കക്ഷി രൂപീകരിക്കുന്നതായാല്‍ അത് അച്ചടക്കമുള്ള ഒരു കക്ഷിയായിരിക്കട്ടെ. താങ്കള്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയാണ്. ആ നിലയ്ക്ക് അടിയന്തരമായി ചെയ്യേണ്ടത് കോണ്‍ഗ്രസിലെ ഐക്യം ബലപ്പെടുത്തുവാനും സൈമണ്‍ കമ്മീഷനെ ബഹിഷ്‌ക്കരിക്കാനും നടപടികള്‍ എടുക്കുകയാണ്. ഗാന്ധിജിയുടെ ആശങ്ക അസ്ഥാനത്തായിരുന്നു. ഗാന്ധിജിയുടെ ഹിതത്തിനെതിരായി എന്തെങ്കിലും ചിന്തിയ്ക്കാന്‍പോലും നെഹ്‌റുവിനും ആവുമായിരുന്നില്ല. ഇരുപത്തിയൊന്നുമാസം മുമ്പ് ഇംഗ്ലണ്ടിലേയ്ക്ക് പോകുമ്പോള്‍ താന്‍ അറിയുമായിരുന്നതില്‍ നിന്ന് എത്രയോ വ്യത്യസ്തമായ ഇന്ത്യയെയാണ് മടങ്ങിവന്നപ്പോള്‍ കണ്ടെതെന്ന അറിവ് ശക്തമായൊരു ദിശാബോധം അദ്ദേഹത്തിന് പകര്‍ന്നു നല്‍കിയിരിക്കുന്നു. ഗാന്ധിജിയുടെ രംഗപ്രവേശം ദേശീയജീവിതത്തെ എങ്ങിനെ ഇളക്കിമറിച്ചിരുന്നുവെന്നും അദ്ദേഹത്തിന് നിശ്ചയമുണ്ടായിരുന്നു. നെഹ്‌റുവിന്റെ വാക്കുകള്‍ തന്നെ ഉദ്ധരിക്കട്ടെ: "എന്റെ നാട്ടുകാര്‍ ഒന്നിനും കൊള്ളാത്തവരാണെന്ന് എനിക്ക് തോന്നിയിരുന്നുവെങ്കില്‍ ഞാന്‍ അവര്‍ക്കുവേണ്ടി പ്രയത്‌നിക്കുവാന്‍ ഒരുങ്ങുകയില്ലായിരുന്നു. എന്നാല്‍ ഇന്ത്യ ഒരു മഹാരാജ്യമാണെന്ന് അതിന്റെ ചരിത്രം എന്നെ പഠിപ്പിക്കുന്നു. എത്രയോ മഹാന്‍മാര്‍ ഈ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യ പിന്നേയും ചരിത്രം സൃഷ്ടിക്കുവാന്‍ തുടങ്ങുകയാണ്." ആ വര്‍ഷവും കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി നെഹ്‌റുവിനെ തെരഞ്ഞെടുത്തു. കൂടുതല്‍ കര്‍മ്മനിരതനായി അദ്ദേഹം മുന്നോട്ട് നീങ്ങി. 1929 ല്‍ ലാഹോര്‍ കോണ്‍ഗ്രസിലാണ് നെഹ്‌റു ആദ്യമായി കോണ്‍ഗ്രസ് പ്രസിഡന്റാകുന്നത്. ആ തവണയും പ്രസിഡന്റാകുവാന്‍ വൈമുഖ്യമാണ് നെഹ്‌റു പ്രകടിപ്പിച്ചിരുന്നത്. പ്രസിഡന്റ് ജവഹര്‍ലാല്‍ നെഹ്‌റു തന്നെയായിരിക്കണമെന്ന് ഗന്ധിജി നിശ്ചയിച്ചു. കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആവുമ്പോള്‍ ജവഹര്‍ലാലിന് നാല്പത് വയസ് തികഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. പില്‍ക്കാലത്ത് ലഖ്‌നൗ (1936), ഫെയ്‌സപൂര്‍ (1936) ദല്‍ഹി (1951), ഹൈദരാബാദ് (1953) കല്‍ക്കത്ത (1954) എന്നിവിടങ്ങളില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനങ്ങളിലും അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്റായി അവരോധിതനായി. "സോഷ്യലിസത്തെ അനുകരണീയമായ ഒരു സാമ്പത്തിക സിദ്ധാന്തം മാത്രമായല്ല ഞാന്‍ കരുതിയത്. എന്റെ ഹൃദയത്തിലും ബുദ്ധിയിലും വേരൂന്നിക്കിടക്കുന്ന ഒരു വിശ്വാസമാണത്." ലഖ്‌നൗ കോണ്‍ഗ്രസില്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ നെഹ്‌റു പറഞ്ഞു. ഒരു വസ്തുത ലഖ്‌നൗ കോണ്‍ഗ്രസില്‍ വ്യക്തമായി. പഴയനേതാക്കന്മാര്‍ അധികവും നെഹ്‌റുവിന്റെ അഭിപ്രായങ്ങളെ അനുകൂലിച്ചിരുന്നില്ല. തനിക്ക് ഭൂരിപക്ഷമില്ലാത്ത ഒരു പ്രവര്‍ത്തക കമ്മിറ്റിയുടെ അഭിപ്രായങ്ങളോടെയാണ് നെഹ്‌റുവിന് കാര്യങ്ങള്‍ നടത്തേണ്ടി വന്നത്. ആ സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പദം രാജിവച്ചാലോ എന്നുകൂടി നെഹ്‌റു ചിന്തിച്ചു. സോഷ്യലിസത്തെപ്പറ്റി നെഹ്‌റു നടത്തുന്ന പ്രസംഗങ്ങളും പ്രചാരണങ്ങളും പ്രവര്‍ത്തക കമ്മിറ്റിയിലെ പലര്‍ക്കും രുചിച്ചിരുന്നില്ല. എതിരഭിപ്രായങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ഏകാകിയായിട്ട്, ഒരു തടവുകാരനെപ്പോലെയായിരുന്നു പ്രവര്‍ത്തക കമ്മിറ്റിയില്‍ നെഹ്‌റു. പക്ഷേ ആ പ്രതിബന്ധങ്ങളെയൊക്കെ അതിജീവിച്ച് മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന് കരുത്ത് നല്‍കിയത് ജനങ്ങള്‍ അദ്ദേഹത്തിന് മേല്‍ചൊരിഞ്ഞ സ്‌നേഹവും, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിച്ച ആവേശവുമാണ്. ബ്രിട്ടീഷുകാര്‍ അടങ്ങിയ സൈമണ്‍ കമ്മീഷനെ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മിതവാദികളും മുസ്ലിംലീഗും തങ്ങളോടൊപ്പം നില്‍ക്കുമെന്നാണ് കോണ്‍ഗ്രസ് കരുതിയത്. എന്നാല്‍ എല്ലാ രാഷ്ട്രീയ കക്ഷികളും വിഭാഗങ്ങളും ഇക്കാര്യത്തില്‍ ഐക്യത്തോടെ അണിനിരന്നു. അങ്ങിനെ സൈമണ്‍ കമ്മീഷന് എതിരെ കരിങ്കൊടി പ്രകടനങ്ങള്‍ നടന്നു, കമ്മീഷന്‍ ലാഹോര്‍ സന്ദര്‍ശിച്ചപ്പോള്‍ നടന്ന സംഭവങ്ങള്‍ നമ്മുടെ പ്രക്ഷോഭചരിത്രത്തിലെ ആവേശകരമായ ഒരു സന്ദര്‍ഭവമായിരുന്നു. പ്രകടനക്കാരെ നയിച്ചിരുന്നത് പഞ്ചാബിലെ സമുന്നത നേതാവായ 64 വയസ്സുള്ള ലാലാലാലജ്പത് റായിയായിരുന്നു. പ്രകടനത്തിന് മുന്നില്‍ നിന്നിരുന്ന അദ്ദേഹത്തെ പൊലീസുകാര്‍ നിഷ്‌റൂരമായി മര്‍ദ്ദിച്ചു. ആ മര്‍ദ്ദനംമൂലം അവശനായ അദ്ദേഹം അടുത്തമാസം അന്തരിക്കുകയും ചെയ്തു. കമ്മീഷന്‍ ലക്‌നൗവില്‍ എത്തിയപ്പോള്‍ അവിടെ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ജവഹര്‍ലാല്‍ പങ്കെടുത്തു. കുതിര പൊലീസുകാരന്റെ മര്‍ദ്ദനം നെഹ്‌റുവിന് ഏല്‍ക്കേണ്ടിവന്നു. അദ്ദേഹവും സഹപ്രവര്‍ത്തകരും ഒരു മണിക്കൂറോളം പൊലീസിന് മുന്നില്‍ നിലത്ത് കുത്തിയിരുന്നു. കുതിര പൊലീസുകാര്‍ ഒഴിഞ്ഞുപോയപ്പോള്‍ പ്രതിഷേധഘോഷയാത്ര മുന്നോട്ട് നീങ്ങുകയും ചെയ്തു. നെഹ്‌റുവിനും സഹപ്രവര്‍ത്തകര്‍ക്കും കൂടുതല്‍ രൂക്ഷമായ മര്‍ദ്ദനമാണ് ഏല്‍ക്കേണ്ടിവന്നത്. സമരവോളന്റീയന്മാര്‍ക്ക് മാത്രമല്ല, നിസഹായരായ കാണികള്‍ക്കുകൂടി കുതിരകളുടെ ചവിട്ടും പട്ടാളത്തിന്റെ മര്‍ദ്ദനവും ഏല്‍ക്കേണ്ടി വന്നു. മര്‍ദ്ദനമേറ്റ് ജവഹര്‍ലാലിന് ബോധമില്ലെന്ന മട്ടായി. അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ ഉദ്ധരിക്കട്ടെ. "എന്റെ മുമ്പിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ വലിച്ചിഴച്ച് താളെയിടുവാന്‍ എനിക്ക് തോന്നി. പക്ഷേ ദീര്‍ഘകാലത്തെ പരിശീലനവും അച്ചടക്കവും വിജയിച്ചു. അടിയില്‍നിന്ന് എന്റെ മുഖത്തെ രക്ഷിക്കുവാനല്ലാതെ ഞാന്‍ കൈപൊക്കിയില്ല. ഞങ്ങള്‍ ഒരു സമ്പൂര്‍ണ്ണഘോഷയാത്രയായി തന്നെ കോണ്‍ഗ്രസ് ഓഫീസിലെത്തി. അവിടെ നിന്ന് പിരിഞ്ഞുപോവുകയും ചെയ്തു. സൈമണ്‍ കമ്മീഷന്റെ ബഹിഷ്‌കരണവും അതിനെതിരെയുള്ള പ്രകടനവും ഇന്ത്യയിലെങ്ങും നടക്കുമ്പോള്‍ തന്നെ ഇന്ത്യയ്ക്ക് ഒരു ഭരണഘടന ഉണ്ടാക്കുവാനുള്ള ശ്രമവും ആരംഭിച്ചിരുന്നു. ഒരു അഖില കക്ഷി സമ്മേളനം കോണ്‍ഗ്രസ് പ്രസിഡന്റ് ഡോക്ടര്‍ അന്‍സാരിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ കൂടുകയും ചെയ്തു. പിന്നീട് അതേ സമ്മേളനം മെയ് മാസത്തില്‍ ബോംബെയില്‍ വച്ച് ചേര്‍ന്നപ്പോള്‍ ഇന്ത്യയ്ക്കുണ്ടാകേണ്ട ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് മോത്തിലാല്‍ നെഹ്‌റു പ്രസിഡന്റായി ഒരു സബ്കമ്മിറ്റി രൂപീകരിച്ചു. തേജ് ബഹാദൂര്‍ സപ്രു, സര്‍ എം. ജോഷി മുതലായവരായിരുന്നു കമ്മിറ്റിയിലെ അംഗങ്ങള്‍. ജവഹര്‍ലാലിനെ ആ കമ്മിറ്റിയുടെ സെക്രട്ടറിയായും നിശ്ചയിച്ചു. സംസ്ഥാനങ്ങള്‍ക്ക് സ്വയംഭരണം അനുവദിച്ച്‌കൊണ്ടുള്ള 1935 ലെ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഭരണപരിഷ്‌കാരമനുസരിച്ച് 1937 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വിജയം അത്ഭുതകരമായിരുന്നു. ഇന്ത്യയില്‍ അന്നുണ്ടായിരുന്ന പതിനൊന്നു സംസ്ഥാനങ്ങളില്‍ എട്ട് സംസ്ഥാനങ്ങളില്‍ മന്ത്രിസഭ രൂപവത്കരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. ആ നേട്ടത്തില്‍ ഏറ്റവും വലിയ സൂത്രധാരന്‍ നെഹ്‌റുവായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം അവിശ്രമം സഞ്ചരിച്ച്, വിമാനത്തിലും, തീവണ്ടിയിലും, മോട്ടോര്‍കാറിലും, കാളവണ്ടിയിലും ഒക്കെയായി നാട്ടിലാകെ ഓടിയെത്തി. ആ ദിവസങ്ങളില്‍ ഇരുപത് മണിക്കൂറോളം അദ്ദേഹം ജോലി ചെയ്തിരുന്നു. മിക്ക ദിവസങ്ങളിലും പത്തും, പന്ത്രണ്ടും യോഗങ്ങളില്‍ പ്രസംഗിച്ചു. ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ അത്യന്തം ഔന്നത്യമാര്‍ന്ന ഒരു വ്യക്തിത്വമായിരുന്നു നെഹ്‌റുവിന്റേത്. ഒരു രാഷ്ട്രീയനേതാവിന് വേണ്ട എല്ലാ ഗുണങ്ങളും ഒരുമിച്ചു ചേര്‍ന്ന് ഒരു അപൂര്‍വ്വ വ്യക്തിത്വം. ലോകശ്രദ്ധയിലേയ്ക്കുയര്‍ന്ന പല ചിന്തകരും കര്‍മ്മരംഗത്ത് ശോഭിച്ചിരുന്നില്ല. കര്‍മ്മമണ്ഡലത്തിലെ പ്രഗത്ഭമതികള്‍ പലരും ചിന്തകളുടെ ഉപാസകരായിരുന്നില്ല. നെഹ്‌റു, ചിന്താമണ്ഡലത്തിലും കര്‍മ്മരംഗത്തും ഒരുപോലെ പ്രാഗത്ഭ്യം പ്രകടിപ്പിച്ചു. രാഷ്ട്രീയചിന്തകളുടെ മഹാഗിരിശിഖരങ്ങള്‍ മനസില്‍ സൂക്ഷിച്ച അദ്ദേഹം രാവും, പകലും തന്റെ നാടിനും നാട്ടുകാര്‍ക്കുംവേണ്ടി അക്ഷീണം പരിശ്രമിച്ചു. ചിന്താബന്ധുരവും കര്‍മ്മബദ്ധവുമായ ഒരു രാഷ്ട്രീയ നേതൃത്വമായിരുന്നു ജവഹര്‍ലാലിന്റേത്. ഇന്ത്യയുടെ ചരിത്രപരവും, സൗന്ദര്യപരവും സംസ്‌കാരപരവുമായ ഉന്നതമാനങ്ങള്‍ ഒരുമിച്ചു ചേരുന്ന വ്യക്തിപ്രഭാവമായിരുന്നു നെഹ്‌റുവിന്റേത്. റോബര്‍ട്ട് ഫ്രോസ്റ്റിന്റെ കവിത തന്റെ മേശപ്പുറത്തു ചില്ലിട്ടുവച്ചിരുന്നു ജവഹര്‍ലാല്‍. മഹാത്മജിയുടെ ചിത്രവും, ശ്രീബുദ്ധന്റെ ഒരു ചെറിയ പ്രതിമയും മേശയ്ക്കുമേല്‍ അദ്ദേഹം സൂക്ഷിച്ചു. ശ്രീബുദ്ധനും, ഗാന്ധിജിയും ഫ്രോസ്റ്റും ഒരുമിക്കുന്നൊരു ചേരുവ നെഹ്‌റുവിന്റെ വ്യക്തിത്വത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നതാണ്. ആ ഒരു സമന്വയം രാഷ്ട്രീയനേതാക്കളുടെ ചരിത്രത്തില്‍ അപൂര്‍വ്വമായേ ഉണ്ടാകൂ. ഒരു ഉപരിവര്‍ഗ സംഘടനയായിരുന്ന കോണ്‍ഗ്രസിലേയ്ക്ക് ഗ്രാമീണരടക്കമുള്ള ജനകോടികളെ ആകര്‍ഷിക്കുകയും ഒരു ജനകീയ ദേശീയപ്രസ്ഥാനമാക്കി കോണ്‍ഗ്രസിനെ പരിവര്‍നപ്പെടുത്തുകയും ചെയ്തതില്‍ ഗാന്ധിജിയോടൊപ്പം നെഹ്‌റു വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഒരുവശത്ത് സാധാരണ ഗ്രാമീണരടക്കമുള്ള ജനകോടികളെ കോണ്‍ഗ്രസിലേയ്ക്ക് ആകര്‍ഷിച്ചപ്പോള്‍ മറുവശത്ത് തന്റെ ഉന്നതമായ ബൗദ്ധികതലം കൊണ്ടും ബുദ്ധിജീവികളേയും സാംസ്‌കാരിക നായകന്മാരേയും ഒക്കെ ആകര്‍ഷിക്കുവാന്‍ നെഹ്‌റുവിന്റെ നേതൃത്വത്തിന് കഴിഞ്ഞു. ഇന്ത്യയുടെ ഹൃദയം കണ്ടെത്താന്‍ കഴിഞ്ഞ നെഹ്‌റുവിന്റെ ദര്‍ശനങ്ങളെ ഏറ്റവും അധികം സ്വാധീനിച്ചത് വര്‍ണ്ണവൈവിധ്യപ്പൊലിമയാര്‍ന്ന ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം തന്നെയാണ്. യൂറോപ്യന്‍ ലിബറലിസവും അദ്ദേഹത്തിന്റെ വീക്ഷണത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കറകളഞ്ഞ ജനാധിപത്യവാദിയും മതനിരപേക്ഷതയുടെ ഉദാത്തപ്രതീകവുമായി നെഹ്‌റുവിന്റെ രാഷ്ട്രീയനേതൃത്വം എന്നും അനുസ്മരിക്കപ്പെടും. ഗാന്ധിജിയുടെ പല സിദ്ധാന്തങ്ങളോടും വിയോജിക്കുമ്പോഴും നെഹ്‌റുവിന് ആ മഹാത്മാവ് ഗുരുവും മാര്‍ഗ്ഗദര്‍ശിയും ആചാര്യനുമായിരുന്നു. നെഹ്‌റുവിന്റെ പല സമീപനങ്ങളോടും അത്രകണ്ട് പ്രതിപത്തി ഇല്ലാതിരുന്നിട്ടും, തന്റെ പിന്‍ഗാമി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന കാര്യത്തില്‍ ഗാന്ധിജിക്ക് സംശയമുണ്ടായിരുന്നില്ല. ഗാന്ധിജി പറഞ്ഞു. "നെഹ്‌റു സ്ഫടികംപോലെ പരിശുദ്ധനാണ്. സംശയലേശമില്ലാത്ത വിധം വിശ്വസനീയനാണദ്ദേഹം. രാഷ്ട്രം അദ്ദേഹത്തിന്റെ കൈകളില്‍ സുരക്ഷിതമായിരിക്കും." ഗാന്ധിജിയുടെ വിലയിരുത്തല്‍ യാഥാര്‍ത്ഥ്യമെന്ന് തന്റെ ജീവിതംകൊണ്ട് നെഹ്‌റു തെളിയിച്ചു. നേരിയ സംശയത്തിന്റെ നിഴല്‍പോലും വീഴാത്ത രാഷ്ട്രീയ വിശുദ്ധിയുടെ മാതൃകയായി അദ്ദേഹം എന്നും പ്രശോഭിക്കുന്നു. സംശയങ്ങളുടേയും ആരോപണ പ്രത്യാരോപണങ്ങളുടെയും ധൂമവലയങ്ങള്‍ക്കുള്ളില്‍ നേതാക്കള്‍ക്ക് ആകാരവും അര്‍ത്ഥവും നഷ്ടപ്പെടുന്ന ഇന്ന് അത്തരം മാതൃകകള്‍ നമുക്കൊരു വിസ്മയമായി അനുഭവപ്പെടുന്നു. ആ തിളക്കം ഇന്ന് നമുക്ക് അന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു പൈതൃകത്തിന്റെ സ്മരണ മാത്രമായി മാറുകയാണ്. ജനങ്ങളോടൊപ്പം നില്‍ക്കുന്നതായിരുന്നു നെഹ്‌റുവിന് ഏറെ ഇഷ്ടം. പ്രഭു കുടുംബത്തില്‍ ജനിച്ച് രാജകുമാരനെപ്പോലെ വളര്‍ന്ന നെഹ്‌റു തന്റെ ജീവിതം ഇന്ത്യയിലെ പാവങ്ങളായ ജനകോടികള്‍ക്ക് വേണ്ടിയാണ് വിനിയോഗിച്ചത്. സാധാരണക്കാരായ ജനങ്ങളില്‍ പൂര്‍ണ്ണമായും വിശ്വാസം അര്‍പ്പിച്ച രാഷ്ട്രീയ നേതാവായിരുന്നു നെഹ്‌റു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പും, പിമ്പും വമ്പിച്ച ജനാവലിയാണ് അദ്ദേഹം പങ്കെടുക്കുന്ന യോഗങ്ങളില്‍ എപ്പോഴും എവിടേയും എത്തിച്ചേര്‍ന്നിരുന്നത്. ഗാന്ധിജി കഴിഞ്ഞാല്‍ ഇന്ത്യ കണ്ട ഏറ്റവും കൂടുതല്‍ ജനപ്രീതിയാര്‍ജ്ജിച്ച നേതാവ് ജവഹര്‍ലാല്‍ തന്നെയായിരുന്നു. നെഹ്‌റുവിന്റെ ഒസ്യത്തില്‍പ്പോലുമുണ്ട് ജനങ്ങളോടുള്ള സ്‌നിഗ്ദ്ധസാന്ദ്രമായ ബന്ധത്തിന്റെ അനുരണനങ്ങള്‍. ഒസ്യത്തിലെ വരികള്‍ ഇവിടെ ഉദ്ധരിക്കട്ടെ. "ഇന്ത്യയിലെ ജനങ്ങളില്‍നിന്ന് അതിരില്ലാത്ത സ്‌നേഹവാത്സല്യങ്ങളാണ് എനിക്ക് ലഭിച്ചത്. ഞാന്‍ എന്ത് തന്നെ ചെയ്താലും അത് എനിക്ക് കിട്ടിയ സ്‌നേഹാദരങ്ങളുടെ ഒരംശംപോലുമായിരുന്നില്ല. പലരും അഭിനന്ദിക്കപ്പെട്ടിട്ടുണ്ട്. ചിലര്‍ ബഹുമാനിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളില്‍ നിന്നും എനിക്ക് ലഭിച്ച സ്‌നേഹാദരങ്ങള്‍ക്ക് കണക്കില്ല. അത് എന്നെ അവര്‍ക്ക് വിധേയനാക്കിയിരിക്കുകയാണ്. ഇനിയങ്ങോട്ടുള്ള എന്റെ ജീവിതകാലത്തിലും എന്റെ നാട്ടുകാരുടെ ഈ വിധമുള്ള സ്‌നേഹങ്ങള്‍ക്ക് ഞാന്‍ അര്‍ഹനായി തീരരുതേ എന്ന ആഗ്രഹം പ്രകടിപ്പിക്കുവാന്‍ മാത്രമേ എനിക്കു കഴിയൂ. നെഹ്‌റു അന്തരിച്ചിട്ട് വര്‍ഷങ്ങള്‍ 7 കടന്നുപോയി. ഇന്നും രാഷ്ട്രീയരംഗത്തും സാമ്പത്തിക രംഗത്തും വിദേശരംഗത്തും അദ്ദേഹം ആവിഷ്‌കരിച്ച നയങ്ങളും പരിപാടികളും ഇന്ത്യ പിന്തുടരുകയാണ്. അവയില്‍ നിന്ന് വ്യതിചലിക്കാന്‍ ശ്രമിച്ചപ്പോഴക്കെ ശക്തമായ തിരിച്ചടികള്‍ ഇന്ത്യയ്ക്ക് ഏല്‍ക്കേണ്ടി വന്നു എന്നത് യാഥാര്‍ത്ഥ്യം മാത്രം. അത് പലരുടേയും കണ്ണ് തുറപ്പിക്കുവാന്‍ പര്യപ്തമായി. നെഹ്‌റു പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ നയപരിപാടികളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നവര്‍പോലും ഇന്ന് നെഹ്‌റുവിന്റെ പ്രസക്തിയെകുറിച്ച് വാചാലരാകുന്നതാണ് നാം കാണുന്നത്. നെഹ്‌റുവിന്റെ പ്രസക്തി അദ്ദേഹം ഇല്ലാത്ത ഇന്ത്യയില്‍ വര്‍ഷങ്ങള്‍ കഴിയുന്തോറും കൂടുതല്‍, കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ ഉദാത്തമാതൃകയായി നെഹ്‌റു ഇന്നും തിളക്കമാര്‍ന്ന് നില്‍ക്കുന്നു. മാനവ സമൂഹത്തെ മുന്നോട്ട് നയിക്കുന്നതില്‍ മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന പ്രകാശമായി ആ മഹദ്ജീവിതം എന്നും ചരിത്രപഥത്തിലുണ്ടാവും. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം