malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

അരുവിക്കരയെ കുറിച്ച് മാത്രം ഇനി മിണ്ടരുത്

പി.സജിത് കുമാര്‍
അരുവിക്കരയോ പോട്ടെ അരുവി എന്നു കേള്‍ക്കുന്നതു പോലും ലോക്കല്‍ സഖാക്കളെ വല്ലാതെ അസ്വസ്ഥരാക്കുന്നു. നാടെമ്പാടും ഫേസ്ബുക്കിലും വാട്‌സ് അപ്പിലും അരുവിക്കരയുടെ പേരു പറഞ്ഞ് കളിയാക്കുമ്പോള്‍ എങ്ങനെ സഹിക്കും. .പറഞ്ഞിട്ട് കാര്യമില്ല. അരുവിക്കരയില്‍ ഇടതുസ്ഥാനാര്‍ത്ഥി തോറ്റതിന് പറയുന്ന കാരണത്തിലെങ്കിലും സി പി എം നേതാക്കള്‍ക്ക് ഒരഭിപ്രായ ഐക്യം വേണമായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് പിണറായിക്കും അച്യുതാനന്ദനും കോടിയേരിക്കുമൊക്കെ നല്ല ശുഭാപ്തി വിശ്വാസമായിരുന്നു. അരുവിക്കരയില്‍ യു ഡി എഫിന്റെ തോല്‍വിക്കു ശേഷം ഇടതു മുന്നണിയിലെത്തുന്ന ഘടകകക്ഷികളുടെ കണക്കു വരെ കോടിയേരി കവടി വെക്കാതെ നിരത്തുകയുണ്ടായി. അച്യുതാനന്ദന്‍ ഓരോ കവലയിലും മിമിക്രി അവതരിപ്പിക്കുമ്പോള്‍ പറഞ്ഞു ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ ജനം തള്ളിത്താഴെയിടുമെന്ന്. പിണറായി അധികം പ്രസംഗിച്ചില്ല, എന്നാലും മാധ്യമപ്രവര്‍ത്തകരെ ഇടയ്ക്കു കണ്ട് വിജയകുമാര്‍ വിജയിക്കാന്‍ അണിയറയില്‍ താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. അരുവിക്കരയിലെ ഫലം വന്ന ശേഷമാണ് കാര്യങ്ങള്‍ കുറേക്കൂടി രസകരമായത്. പരാജയകാരണം എന്താണെന്ന് ഈ കേരളത്തിലെ സകലമാനജനങ്ങള്‍ക്കും അറിയാം. എന്നിട്ടും കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു, അരുവിക്കരയിലെ വോട്ടര്‍മാരുടെ കുറ്റമാണ് ഇതെന്ന്. മദ്യവും പണവും വാങ്ങിയാണത്രേ അരുവിക്കരക്കാര്‍ യു ഡി എഫിന് വോട്ടു ചെയ്തത്. എന്നാല്‍ തോമസ് ഐസക്കും എം എ ബേബിയും കോടിയേരിയെ തിരുത്തി. അരുവിക്കരയില്‍ തോല്‍ക്കാന്‍ കാരണം സി പി എം വോട്ടുകള്‍ ബി ജെ പിയിലേക്ക് ചോര്‍ന്നതാണെന്ന് ഇരുവരും സമ്മതിച്ചു. പിണറായി വിജയനാകട്ടെ ഒ രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയത് ഉമ്മന്‍ചാണ്ടിയാണെന്നും അതാണ് പരാജയകാരണമെന്നും സമര്‍ത്ഥിച്ചു. അച്യുതാനന്ദനും കുറ്റം ചാര്‍ത്തിയത് അരുവിക്കരയിലെ വോട്ടര്‍മാരുടെ മുകളില്‍ തന്നെ. ഒരു വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പു വരും. അതിനു മുമ്പ് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പു വരും. ഇക്കണക്കിന് കോടിയേരിയും അച്യുതാനന്ദനുമൊന്നും അരുവിക്കരയിലേക്ക് വോട്ടഭ്യര്‍ത്ഥിച്ച് പോകില്ല എന്നാണ് കരുതേണ്ടത്. കള്ളിലും പണത്തിലും വീഴുന്നവരാണ് ഇവിടെയുള്ള വോട്ടര്‍മാരെന്ന് ആക്ഷേപിച്ചവരെ അരുവിക്കരക്കാര്‍ മറക്കുമോ. ഇനി നല്ല സ്വീകരണം തന്നെ കിട്ടും. ജനാധിപത്യത്തില്‍ വിജയവും പരാജയവും സ്വാഭാവികം. പരാജയത്തെ അംഗീകരിച്ച് ജനവിധിയെ മാനിക്കുന്നതാണ് രാഷ്ട്രീയത്തിലെ മാന്യത. എന്നാല്‍ അരുവിക്കരയില്‍ ഒരു മാസത്തിലധികം നിരന്തരമായി വോട്ടര്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഇടതുനേതാക്കളും യു ഡി എഫ് വിരുദ്ധചേരിയിലെ പി സി ജോര്‍ജുമൊക്കെ തോറ്റപ്പോള്‍ ജനങ്ങള്‍ക്കു നേരെ കൊഞ്ഞനം കുത്തുകയായിരുന്നു. പത്രം വായിക്കാത്തവര്‍, വിവരമില്ലാത്തവര്‍ എന്നൊക്കെയാണ് പി സി ജോര്‍ജ് അരുവിക്കരക്കാരെ വിശേഷിപ്പിച്ചത്. പി സി ജോര്‍ജ് അരുവിക്കരയില്‍ മദയാനയെ പോലെ ഇളകി നടന്ന ഒരു മാസക്കാലത്തേക്കെങ്കിലും അരുവിക്കരക്കാര്‍ക്ക് കുറച്ച് വിവരം പകര്‍ന്നു കൊടുക്കാമായിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും പറഞ്ഞു യു ഡി എഫിന് ജയിക്കാന്‍ ആരെങ്കിലും മരിക്കണമെന്ന്. കഷ്ടം തന്നെ. സി പി എം ഇങ്ങനെ തകര്‍ന്നടിയുന്നതിലെന്താണ് തെറ്റ്? ഇവനെ പോലുള്ള ഉരുപ്പടിയല്ലേ സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കുന്നത്. പി സി ജോര്‍ജ് അരുവിക്കരക്കാരെ കുറിച്ച് പറഞ്ഞ വിശേഷണം ചേരുക കോടിയേരി ബാലകൃഷ്ണനാണ്. കുറച്ചെങ്കിലും വിവരമുണ്ടെങ്കില്‍ ഇങ്ങനെ പറയുമോ? തിരുവനന്തപുരം ജില്ലയിലെ തന്നെ നെയ്യാറ്റിന്‍കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയിച്ചത് ആരെങ്കിലും മരിച്ചിട്ടാണോ? സി പി എമ്മിന്റെ ജനപ്രതിനിധികളായവര്‍ അപ്രതീക്ഷിതമായി മരിച്ചതിനെ തുടര്‍ന്ന് മുന്‍കാലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നിട്ടുണ്ട്. അവിടെ സി പി എമ്മിന് വിജയിക്കാനായത് അവരുടെ സഹപ്രവര്‍ത്തകര്‍ മരിച്ചതു കൊണ്ടു മാത്രമായിരുന്നോ? അങ്ങനെയാണെങ്കില്‍ അതും കോടിയേരിക്ക് സമ്മതിക്കേണ്ടി വരും. സി പി എം എക്കാലവും പറയുന്ന ചില പദപ്രയോഗങ്ങളുണ്ട്. സ്വയം വിമര്‍ശനം, ആത്മപരിശോധന തുടങ്ങിയ വാക്കുകള്‍. തെരഞ്ഞെടുപ്പില്‍ തോറ്റ് "ബളാ ബളാന്ന്" വായിട്ടടിക്കുന്നതിനു പകരം സി പി എം നേതാക്കളും ഇടതുമുന്നണി നേതാക്കളുമൊക്കെ ഒന്നു സ്വയം വിമര്‍ശിക്കുകയും ആത്മപരിശോധനയും നടത്തുകയാണ് വേണ്ടത്. അല്ലാതെ ഇനിയുമിങ്ങനെ പറഞ്ഞു നടന്നാല്‍ കേള്‍ക്കുന്ന ജനം വല്ലാതെയങ്ങ് പ്രതികരിച്ചു പോകും. എല്ലാവരും ഇനിയും ഈ നാട്ടില്‍ തന്നെ ഉണ്ടാകേണ്ടവരും ഇനിയും തെരഞ്ഞെടുപ്പുകളെ നേരിടേണ്ടവരുമാണല്ലോ. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം