malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

ദൃശ്യമാധ്യമങ്ങള്‍ അറിയാന്‍

ആര്‍.കെ. രവിവര്‍മ്മ
പറയാതെ വയ്യ എന്ന് ആരും പറഞ്ഞുപോകുന്ന ഒരവസ്ഥയിലാണിന്ന് മാധ്യമലോകം എത്തിയിരിക്കുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും പുതുപ്പള്ളി രാഘവനും കെ.പി. കേശവ മേനോനും പത്രധര്‍മ്മത്തെക്കുറിച്ച് അക്കാലത്ത് എഴുതിയ ചില മൂല്യങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട് എന്ന് ദൃശ്യമാധ്യമങ്ങളെ ബീഭത്സമാക്കുന്നവര്‍ അറിഞ്ഞാല്‍ നന്ന്. ഒരു ഭൂലോക ചാനലില്‍ കോമഡിക്കു വേണ്ടി നീക്കിവെച്ച സമയം മൂല്യങ്ങളുടെ ട്രാജഡി തന്നെയാണ്. ചില പ്രത്യേക നേതാക്കളെ തേജോവധം ചെയ്യാനും അപകീര്‍ത്തിപ്പെടുത്താനും കരാറേറ്റ ആര്‍ക്കോ വേണ്ടി അണിയറ പ്രവര്‍ത്തനം നടത്തുകയാണ് കരുണാകരനേയും അച്യുതാനന്ദനേയും ഉമ്മന്‍ചാണ്ടിയേയും ആന്റണിയേയുമൊക്കെ അനുകരിച്ച് ഒട്ടേറെ വേഷങ്ങള്‍ കേരളം കണ്ടതാണ്. ആരെ എന്തൊക്കെ പറഞ്ഞാലും മാന്യമായ രീതിയിലാണ് അവയൊക്കെ കൈകാര്യം ചെയ്തത്. കലാകാരന്റെ സ്വാതന്ത്ര്യമാണതെല്ലാം. ജനാധിപത്യ രാജ്യങ്ങളില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത ജനകീയ പ്രശ്‌നങ്ങളെ രാപ്പകലില്ലാതെ ശ്രദ്ധിക്കുന്ന കേരള മുഖ്യമന്ത്രിയെ സാമാന്യ ജനങ്ങള്‍ക്കറിയാം. മദ്യ ലോബിയുടെ കള്ളക്കളികളും വിഷവില്പനകളും കോടികളുടെ സമ്പാദ്യമുണ്ടാക്കുന്നതും കാണുന്നവരാണ് നാട്ടുകാര്‍. അതില്‍പെട്ടവര്‍ തങ്ങളുടെ താല്പര്യം നടക്കുന്നില്ല എന്നറിഞ്ഞപ്പോള്‍ പലരേയും പ്രതിക്കൂട്ടിലാക്കാന്‍ നടത്തിയ ആസൂത്രിത നീക്കം മാധ്യമങ്ങള്‍ക്കറിയാം. നുണ നൂറ്റൊന്നാവര്‍ത്തിച്ചാല്‍ സത്യമാകില്ല. ലക്ഷങ്ങള്‍കൊണ്ട് കളിക്കുന്ന മദ്യലോബിയുടെ വക്താക്കളെയാണ് ചാനലുകാര്‍ പ്രോത്സാഹിപ്പിക്കുന്നത്. കൊടുക്കലും വാങ്ങലും ഇവര്‍ ഇക്കാലത്ത് തുടങ്ങിയതല്ല. ലോട്ടറിത്തട്ടിപ്പുകാരോട് കൂട്ടുകൂടിയവരെ കാണാത്തവര്‍ ഉറഞ്ഞു തുള്ളുന്നതിന്റെ മനസ്സിലിരിപ്പ് കേരളീയര്‍ക്കറിയാം. ചാനലുകള്‍ ചര്‍ച്ചകള്‍ എന്ന ലേബലില്‍ കുറ്റവിചാരണയും വിധി കല്പിക്കലും. ഏറ്റവും ഒടുവില്‍ ഒരു ബുദ്ധിജീവി നടത്തിയ ഭൂമി തട്ടിപ്പ് പുറത്തുവന്നു. ഒരുപാട് ചാനലുകള്‍ അദ്ദേഹത്തെവെച്ച് ആഘോഷം നടത്തി ചാനല്‍ ചര്‍ച്ചകളിലും ബുദ്ധിജിവി പ്രകടനം നടത്തുകയും ചെയ്തു. ഇത്ര ഭാസുരമായ ഭൂമിതട്ടിപ്പ് ഒരു കോമഡിക്കാരും കണ്ടില്ല. 2006 ല്‍ കേരളത്തിലെ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയത്തുപോലും ഇടവിട്ട് ഇടവിട്ട് ഇടതുപക്ഷം നൂറില്‍പരം സീറ്റ് നേടുമെന്ന് പിണറായിയെക്കൊണ്ട് പറയിപ്പിച്ച ഒരു ചാനലുണ്ടായിരുന്നു. ഒരു പൊതുയോഗത്തില്‍ മുമ്പെന്നോ പറഞ്ഞകാര്യം, പോളിങ്ങിന് 48 മണിക്കൂര്‍ മുമ്പ് പ്രചരണം നിര്‍ത്തണമെന്ന നിയമം ഈ ചാനല്‍ അറിയാതെ പോയതാണോ? ഇരുന്നേടത്ത് നിന്നുപോലും ഉറഞ്ഞ് ശരീരഭാഷകൊണ്ട് എതിരാളികളെ നേരിടുന്ന ചാനലിന്റെ നെറികേടിനെപ്പറ്റി ഈ ലേഖകന്‍ അന്ന് ചന്ദ്രിക ദിനപത്രത്തില്‍ ലേഖനമെഴുതി. എന്നെ ഭയപ്പെടുത്താന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഉന്നതന്‍ വരെ വിളിച്ച് ചോദിക്കുകയുണ്ടായി. ഞാന്‍ തന്നെയാണ് എഴുതിയതെന്നും പറഞ്ഞ കാര്യങ്ങള്‍ എവിടെയും തെളിയിക്കാന്‍ തയ്യാറാണെന്നും മറുപടി പറഞ്ഞപ്പോള്‍ അറിയാന്‍ വേണ്ടി മാത്രം ചോദിച്ചതാണെന്ന് മറുപടിയും കിട്ടി. ശരിക്ക് അന്വേഷണം നടത്തി നടപടിയെടുക്കാന്‍ സൂര്യവെളിച്ചംപോലെ തെളിവുള്ള തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയിട്ടും, പ്രബുദ്ധ കേരളത്തില്‍ നടന്ന ഒരു സംഭവമാണത്. തങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ നടപടി എടുക്കില്ല എന്ന ചിന്തയാണ് ഈ ചാനലുകാരുടെ അഹന്തക്ക് കാരണം. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ മൗനം അവസാനിപ്പിക്കണം. ഫഌഷ് ന്യൂസുകള്‍ മാധ്യമധാര്‍മ്മികത നഷ്ടമാക്കുന്ന കാര്യം ബഹുമാനപ്പെട്ട എം.കെ. മുനീര്‍ പത്രക്കാരോട് പറഞ്ഞത് ഒരു നല്ല തുടക്കമാണ്. മുമ്പ് ഒരു മന്ത്രിയെയും വനിതയേയും മുന്‍നിര്‍ത്തി രാപ്പകല്‍ അഖണ്ഡ ചര്‍ച്ചയും ന്യൂസ് ഫഌഷും കാട്ടിയവരുടെ നാടാണിത്. എന്നിട്ട് എന്ത് സംഭവിച്ചുവെന്ന് ചോദിക്കുന്നില്ല. വാരിപ്പിടിക്കാനുള്ള വ്യഗ്രതയിലും ന്യൂസ് കവറേജില്‍ ഒന്നാംസ്ഥാനം നേടാനുള്ള ഈ പ്രാകൃത നടപടിക്കെതിരെ ശക്തമായ പ്രതികരണം വേണം. വ്യക്തിഹത്യയും വാര്‍ത്തകളുടെ പര്‍വ്വതീകരണവും തികച്ചും അധാര്‍മ്മികമായ സമ്പ്രദായം തന്നെയാണ്. മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അതിന്റെ പ്രാധാന്യമനുസരിച്ച് അന്വേഷിക്കാനും വിലയിരുത്താനുമുള്ള ധാരാളം സംവിധാനങ്ങളുണ്ടായിട്ടും കേട്ടപാതി കേള്‍ക്കാത്തപാതി ഫഌഷ് ന്യൂസ് തുടര്‍ച്ചയായി കാണിക്കുന്നത് ഒരു പകപോക്കല്‍ തന്നെയാണ്. സാമാന്യമര്യാദയും സംസ്‌കാരവുമില്ലാത്ത സമൂഹത്തിലെ ജീര്‍ണ്ണ മനസ്സുകള്‍ ഈ രംഗം കൈകാര്യം ചെയ്യരുത്. ചാനലുകള്‍ കുരങ്ങന്റെ കയ്യില്‍ കിട്ടിയ മലര്‍മാലപോലെയാക്കുന്നവരെ ഇരുത്തേണ്ടിടത്ത് തന്നെ ഇരുത്തണം. നീതിബോധവും പ്രതിപക്ഷ ബഹുമാനവും മാന്യതയും വാര്‍ത്താവിതരണരംഗത്തുള്ളവര്‍ക്ക് ഉണ്ടാവണം. വഴിയില്‍ വിട്ടേച്ചുപോയ എത്ര എത്ര ഫഌഷ് ന്യൂസുകള്‍ ഉണ്ടെന്ന് ഇവര്‍ അറിയുന്നുണ്ടോ? വാര്‍ത്തകള്‍ ഉണ്ടാക്കുകയല്ല ചാനലുകളുടെ ധര്‍മ്മം. കിട്ടിയ വാര്‍ത്തകളെല്ലാം ശരിയാവണമെന്നില്ല. കേട്ടതൊക്കെ ശരിയാണെന്ന് ധരിച്ച് പ്രാധാന്യമനുസരിച്ച് ഒരു എഡിറ്റിംഗ് ആവശ്യമല്ലേ? അധാര്‍മികതക്കെതിരെ നല്ല പോരാട്ടം നടത്തുന്ന മാധ്യമങ്ങളുണ്ട്. റേഷന്‍കടയിലേക്ക് കൊണ്ടുപോകുന്ന അരിയും പഞ്ചസാരയും ഗോതമ്പും മണ്ണെണ്ണയും പലവ്യഞ്ജനങ്ങളും സ്വകാര്യവ്യക്തികള്‍ക്ക് നല്കുന്ന ഒട്ടേറെ പെരുച്ചാഴികള്‍ ഈ നാട്ടിലുണ്ട്. വെട്ടിപ്പും തട്ടിപ്പും നടത്തുന്ന കുറെ ഏജന്‍സികളുണ്ട്. എല്ലാ പാര്‍ട്ടികളിലും തലസ്ഥാനത്ത് നിരന്തരം പോകുന്ന പലതരം വാണിഭക്കാരുണ്ട്. അത്തരക്കാരെ തുറന്നുകാട്ടാനും പൊതുസമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്താനും വാര്‍ത്താമാധ്യമങ്ങള്‍ക്കും ചാനലുകള്‍ക്കും ധാരാളം അവസരമുണ്ടാകും. സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെതിരെ സന്ധിയില്ലാത്ത സമരം തുടങ്ങാന്‍ അവര്‍ക്ക് കഴിയണം. വിദ്യാലയങ്ങള്‍, കലാലയങ്ങള്‍ ലക്ഷങ്ങള്‍ വാങ്ങുന്ന മാനേജ്‌മെന്റുകള്‍ ഇത്തരക്കാരെ മാധ്യമങ്ങള്‍ തുറന്നു കാട്ടണം. രാഷ്ട്രീയക്കാരേയും വെറുതെ വിട്ടുകൂടാ. രാഷ്ട്രീയം ധാര്‍മ്മികതയുടേതാണ്. സംശുദ്ധ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശക്തമായ ഒരു മാധ്യമം തന്നെയാണ് ചാനലുകളും പത്രങ്ങളും. വൈരനിര്യാതന ബുദ്ധിയും പ്രതികാരേഛയുമില്ലാതെ തങ്ങള്‍ക്ക് കിട്ടയ അവസരങ്ങള്‍ മനുഷ്യനന്മക്കുവേണ്ടി ഉപയോഗപ്പെടുത്താന്‍ മധ്യമങ്ങള്‍ക്ക് ധാരാളം അവസരങ്ങളുണ്ട്. ആ മാര്‍ഗ്ഗം അവര്‍ സ്വകീരിക്കാന്‍ ധാരാളം ശ്രമിച്ചേ മതിയാവൂ. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം