malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

കോര്‍പ്പറേറ്റ് ജനാധിപത്യം

കെ.എല്‍ മോഹനവര്‍മ്മ
പതിനേഴാം നൂറ്റാണ്ട്. മുഗള്‍ സാമ്രാജ്യത്തിന്റെ സുവര്‍ണ്ണ ദശയായിരുന്നു ജഹാംഗിര്‍ ചക്രവര്‍ത്തിയുടെ കാലം. ഇംഗ്ലണ്ടിലെ ചക്രവര്‍ത്തി ജെയിംസ് ഒന്നാമന്‍ 1614 ല്‍ സര്‍ തോമസ് റോ എന്ന പ്രഗത്ഭനായ നയതന്ത്രജ്ഞനെ അംബാസിഡറായി ഇന്ത്യയിലേക്ക് അയക്കുന്നു. അന്ന്, അധീനതയിലുള്ള ഏരിയായുടെ വലിപ്പത്തിലും സാമ്പത്തികശേഷിയിലും ലോകത്തിലെ ഏറ്റവും വലിയ ശക്തികള്‍ ഇന്ത്യയുടെ മുഗള്‍ സാമ്രാജ്യവും ചൈനയുടെ മിംഗ് രാജവംശവുമായിരുന്നു. ജഹാംഗിറിന് പ്രസിദ്ധരായ ഒട്ടോമന്‍ രാജാക്കന്മാരുടെ പ്രജകളുടെ അഞ്ചിരട്ടി പ്രജകളുണ്ടായിരുന്നു. മില്‍ട്ടന്റെ പാരഡൈസ് ലോസ്റ്റ് കവിതയില്‍ ജഹാംഗിര്‍ ചക്രവര്‍ത്തിയുടെ ഇന്ത്യയെ ആദാമിന് പരിചയപ്പെടുത്തുന്നത് ദൈവം മെനഞ്ഞ ഭാവിയിലെ ആശ്ചര്യമായ അത്ഭുതമെന്നാണ്. സ്വര്‍ഗ്ഗവുമായിപ്പോലും യുദ്ധം ചെയ്യാന്‍ കഴിവും ധനശേഷിയും ആഗ്രഹവും പ്രമാണിത്തവും ആര്‍ത്തിയും അഹങ്കാരവുമുള്ള ഹിന്ദ് എന്ന ഇന്ത്യയുടെ ചക്രവര്‍ത്തിയെ രത്‌നം പൊതിഞ്ഞ അതിമനോഹര സുവര്‍ണ്ണ സിംഹാസനത്തിലിരിക്കുന്ന സാത്താനുമായി താരതമ്യപ്പെടുത്തിയാണ് വര്‍ണ്ണിക്കുന്നത്. ഇന്ത്യാ മഹാരാജ്യത്തിന്റെ തലസ്ഥാനമായ ആഗ്രാനഗരം ആയിരുന്നു അന്ന് ഇന്ത്യയുടെ മകുടം. ഇന്ത്യന്‍ നഗരങ്ങളിലെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ലാഹോറിന്റെ ജനസംഖ്യ അന്ന് ലന്‍, പാരീസ്, ലിസ്ന്‍, മാഡ്രിഡ്, റോം ഈ യൂറോപ്പിലെ അഞ്ചു വന്‍നഗരങ്ങളുടെ ആകെ ജനസംഖ്യയെക്കാള്‍ കൂടുതലായിരുന്നു. ലോകവ്യവസായ ഉത്പ്പന്നങ്ങളുടെ നാലിലൊന്ന് അന്ന് ഇന്ത്യയുടേതായിരുന്നു. ആഗോള ജി ഡി പിയുടെ 2[%] മാത്രമായിരുന്നു അന്ന് ബ്രിട്ടന്റേത്. അന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആഫീസ് അതിന്റെ ഗവര്‍ണര്‍ സര്‍ തോമസ് സ്മിത്തിന്റെ വീടു തന്നെ ആയിരുന്നു. ആറു ആഫീസ് ഉദ്യോഗസ്ഥരും. പക്ഷെ അന്നു തന്നെ 30 കപ്പലുകളും ഡെഫ്റ്റ് ഫോര്‍ഡില്‍ സ്വന്തം ഡോക്ക് യാര്‍ഡും കമ്പനി സ്വന്തമാക്കിയിരുന്നു. 1608 ആഗസ്ത് 2 ന് വില്യം ഹാക്കിന്‍സ് എന്ന കച്ചവടക്കാരന്‍ സായിപ്പ് സൂറത്ത് തുറമുഖത്തു വന്നു. അദ്ദേഹമായിരുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇന്ത്യന്‍ മണ്ണില്‍ വന്ന ആദ്യത്തെ കപ്പലിന്റെ കപ്പിത്താന്‍. അദ്ദേഹം ശരിക്കും ഒരു നാവികനായിരുന്നു. അദ്ദേഹം അന്ന് അലഹബാദിലെ അവധിക്കാല കൊട്ടാരത്തില്‍ ന്യത്തവും പാട്ടും മേളവും ആസ്വദിച്ച് താമസിക്കുകയായിരുന്ന മുഗള്‍ചക്രവര്‍ത്തിയെ ചെന്നു കണ്ടു. പക്രവര്‍ത്തിക്ക് സായിപ്പിനെ ഇഷ്ടമായി. അദ്ദേഹം തനിക്കായി സായിപ്പു കൊണ്ടുവന്ന് സമര്‍പ്പിച്ച അനവധി കാഴ്ച്ചദ്രവ്യങ്ങള്‍ക്കു പകരമായി സ്‌നേഹപൂര്‍വം തന്റെ ഹരേമില്‍ നിന്ന് ഒരു അതിസുന്ദരിയായ പെണ്ണിനെ അദ്ദേഹത്തിനു സമ്മാനമായി നല്‍കി. അവളെ വില്യം ഹാക്കിന്‍സ് ഭാര്യയായി ഒപ്പം കൂട്ടി ഇംഗ്ലണ്ടിലേക്കു തിരികെ പോയി. ഇന്ത്യന്‍ ഭരണകൂടവും കോര്‍പ്പറേറ്റ് വ്യാപാരികളുമായുള്ള ആത്മബന്ധത്തിന്റെ ആദ്യത്തെ നല്ല ഉദാഹരണമായിരുന്നു ഇത്. ഇന്ന് ഇന്ത്യ ലോകത്തിലെ സമ്പന്ന രാഷ്ട്രമായി ഗണിക്കപ്പെടുന്നില്ല. നമ്മുടെ സ്വത്ത്, ജി ഡി പി, ആഭ്യന്തര ഉത്പാദന മികവില്‍, ലോക ജി ഡി പി യുടെ 2.1 ശതമാനം മാത്രമാണ്. 25 ശതമാനത്തിന്റെ പത്തിലൊന്നിലും താഴെ. പക്ഷെ പണ്ട് ഒരു ചക്രവര്‍ത്തി മാത്രമേ സഹസ്രകോടീശ്വരന്മാരുടെ സ്ഥാനത്ത് നമുക്കുണ്ടായിരുന്നുള്ളു. ഇന്ന് ലോകത്തിലെ ആയിരത്തിലേറെ ബഹുലക്ഷ കോടീശ്വരന്മാരുടെ കൂട്ടത്തില്‍ 7 ശതമാനവും ഇന്ത്യക്കാരാണ്. ഈ എഴുപതു പേരുടെ കോര്‍പ്പറേറ്റ് കൈകളിലാണ് മേല്‍പ്പറഞ്ഞ ഇന്ത്യയുടെ ജിഡിപി രൂപപ്പെട്ട ആകെ ഉത്പാദന സമ്പത്തിന്റെ പത്തിലൊന്നും. ഈ സ്വത്തൊന്നും പണ്ട് കച്ചവടക്കാരന്‍ സായിപ്പിന് ജഹാംഗീര്‍ ചക്രവര്‍ത്തി വാത്സല്യപൂര്‍വം നല്‍കിയ പെണ്ണിനെപ്പോലെ കിട്ടിയതല്ല. വ്യവസായ വ്യാപാര കോര്‍പ്പറേറ്റുകളുടെ അതിബുദ്ധിപൂര്‍വമായ കാഴ്ച്ചദ്രവ്യസമര്‍പ്പണങ്ങളിലൂടെ നേടിയെടുത്തതാണ്. രാഷ്ട്രീയ ശക്തികളെ ഉപയോഗിച്ച് ഭൂമിയും ഭൂമിയില്‍ നിന്ന് ലഭിക്കുന്ന എല്ലാത്തരം അസംസ്‌ക്യതവസ്തുക്കളും ആധുനിക ടെക്‌നോളജിയുടെ വ്യാപാര മേഖലകളും കൈവശമാക്കുകയും നിയമങ്ങളെ തങ്ങള്‍ക്കനുകൂലമായി പ്രായോഗികതലത്തില്‍ രൂപപ്പെടുത്തകയും വിദേശ കമ്പനികളുടെ മത്സരങ്ങളില്‍ നിന്ന് സംരക്ഷ നേടുകയും ചെയ്താണ് ഈ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ നേടിയെടുത്തത്. ഇനി അല്പം ചരിത്രം. 1739 ലാണ്. അന്ന് ഭാവിയില്‍ ഇന്ത്യയെ ഭരിച്ച് കൊള്ളയടിച്ച ബ്രിട്ടീഷ് ഭരണത്തിന്റെ തുടക്കക്കാരന്‍ ക്ലൈവിന് വയസ്സ് 14 ആയിട്ടേയുള്ളു. അന്ന് മുഗള്‍ സാമ്രാജ്യം കാബൂള്‍ മുതല്‍ മദ്രാസ് വരെ വിശാലമായിരുന്നു. അപ്പോഴാണ് നാദിര്‍ഷാ പെര്‍ഷ്യയില്‍ നിന്ന് ഖൈബര്‍ പാസ് വഴി ഒന്നര ലക്ഷത്തോളം കുതിരപ്പടയാളികളുമായി വന്ന് പതിനഞ്ചു ലക്ഷം വരുന്ന മുഗള്‍പ്പടയെ തോല്‍പ്പിച്ച് 200 വര്‍ഷം കൊണ്ട് മുഗള്‍ ചക്രവര്‍ത്തിമാര്‍ സ്വരൂപിച്ചിരുന്ന അമൂല്യമായ സ്വര്‍ണ്ണരത്‌ന ജംഗമസ്വത്തുക്കളില്‍ ഭൂരിഭാഗവും കൊണ്ടുപോയത്. ഇതിലെ പടയാളികളുടെ എണ്ണം എത്ര ശരിയാണെന്ന് പറയാന്‍ പറ്റുകില്ലെങ്കിലും കൊള്ളയുടെ കണക്ക് ശരിയാണ്. അക്കൂട്ടത്തില്‍ ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള കോഹിനൂര്‍, ദാര്യ നൂര്‍ രത്‌നങ്ങളും, ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മയൂരസിംഹാസനവും, ഉള്‍പ്പെട്ടിരുന്നു. മൂന്നു മാസം കൊണ്ടാണ് ഈ കൊള്ള നടന്നത്. 700 ആനകളും, 4000 ഒട്ടകങ്ങളും 12000 കുതിരകളും വേണ്ടി വന്നത്രെ ഈ ഭാരം ചുമക്കാന്‍. ഈ കൊള്ളയായിരുന്നു മുഗള്‍ സാമ്രാജ്യത്തെ ശരിക്കും തകര്‍ത്തത്. സാമ്പത്തികമായി ശക്തി കുറഞ്ഞപ്പോള്‍ സ്വാഭാവികമായും ഭരണകാര്യങ്ങളില്‍ തീരുമാനങ്ങള്‍ക്ക് ആര്‍ജ്ജവമില്ലാതായി. ഫ്രഞ്ചും ഇംഗ്ലീഷും കമ്പനികള്‍ ഇന്ത്യയില്‍ അവരുടെ സ്വന്തം പട്ടാളത്തെയും, എന്തിന് നാണയങ്ങള്‍ പോലും സജ്ജമാക്കി. ഈസ്റ്റ് ഇന്ത്യാ കമ്പനി താമസിയാതെ ഇന്ത്യയുടെ വ്യാപാരക്കമ്മിയെ തല കീഴാക്കി. റോമാ സാമ്രാജ്യകാലം മുതല്‍ യൂറോപ്പിന്റെ സ്വര്‍ണ്ണം കിഴക്കോട്ട് ഒഴുകിയിരുന്നത് ഇപ്പോള്‍ നിലച്ചു. ഈസ്റ്റ് ഇന്ത്യാ കമ്പനി ചൈനയിലേക്ക് ഓപിയം, കറുപ്പ്, കയറ്റുമതി തുടങ്ങി. ഓപിയം യുദ്ധങ്ങള്‍ എന്ന് പ്രസിദ്ധമായ സംഘര്‍ഷം സ്യഷ്ടിച്ച് ഹോംകോംഗ് തുറമുഖം കൈപ്പിടിയിലാക്കി. ചൈനയിലേക്കുള്ള കച്ചവടത്തിന്റെ കുത്തക സ്വന്തമായി. ചൈനയുടെ ചായ അമേരിക്കയിലെ മാസച്യുസറ്റിലേക്ക് കയറ്റുമതി ചെയ്തു. ബോസ്റ്റന്‍ തുറമുഖത്ത് കുന്നു കൂടിയ ചായച്ചരക്ക് കടലില്‍ തള്ളുന്ന നടപടി അമേരിക്കന്‍ ഐക്യനാടുകളുടെ ഏറ്റവും പ്രധാന രാഷ്ട്രീയപ്രതിസന്ധിക്കു കാരണമായി. അമേരിക്കയുടെ വാര്‍ ഓഫ് ഇന്‍ഡിപ്പന്‍ഡന്‍സ് ആയിരുന്നു അത്. കോര്‍പ്പറേറ്റ് ശക്തി ഒരു മറയുമില്ലാതെ ഇന്ത്യ കണ്ടത് 1803 ലായിരുന്നു. അന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനി മുഗള്‍സാമ്രാജ്യ തലസ്ഥാനമായിരുന്ന ദില്ലി പിടിച്ചെടുത്തു. ആ സമയത്ത് കമ്പനിയ്ക്ക് സ്വന്തമായി രണ്ടര ലക്ഷം പട്ടാളക്കാരുായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കീഴിലുണ്ടായിരുന്നതിന്റെ ഇരട്ടിയിലധികം. മാത്രവുമല്ല, കമ്പനിയുടെ ആയുധശക്തി ഏഷ്യന്‍ വന്‍കരയിലെ ഏതു രാജ്യത്തെയും തോല്‍പ്പിക്കാന്‍ കഴിവുള്ളതായിരുന്നു. സ്വന്തം ഭരണയന്ത്രവും, സിവിള്‍ സര്‍വീസും കമ്പനി സ്ഥാപിച്ചു. എന്നിട്ട് ലണ്ടനിലെ വ്യാപാരമേഖലയുടെ ഒട്ടു മുക്കാലും സ്വന്തമാക്കി. ചരക്കുകളുടെ ഉത്പാദനവും വിപണനവും നല്‍കുന്ന സാമ്പത്തികശക്തിയുടെ ഉറച്ച ബലത്തില്‍ ഇന്നത്തെ രാഷ്ട്രഭരണത്തില്‍ നേരിട്ടും അല്ലാതെയും ഇടപെടുന്ന കോര്‍പ്പറേറ്റ് ശൈലിയുടെ ആകര്‍ഷണീയത അന്നും അനുഭവപ്പെട്ടു. പക്ഷെ ഏതു നിമിഷവും പൊട്ടാവുന്ന സാമ്പത്തിക അനിശ്ചിതത്വം ആയിരുന്നു അത്. അന്ന് ഏഴാം കൊല്ലം ആ പൊട്ടല്‍ സംഭവിച്ചു. കമ്പനിക്ക് ബംഗാള്‍ ഒറിസാ ബിഹാര്‍ ഏരിയാകളുടെ കരം പിരിവ് അധികാരം ലഭിച്ച ദിവാനി ഒപ്പിട്ടയുടന്‍ കമ്പനിയുടെ ഓഹരി വില ഒറ്റ രാത്രി കൊണ്ട് ഇരട്ടിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ കരംപിരിവിലെ അഴിമതിയും ബംഗാള്‍ ക്ഷാമവും കൂടി ആകെ കമ്പനിയുടെ വരുമാനം തീരെ കുറച്ചു. ലാഭം പോയിട്ട് ഭീമമായ നഷ്ടവും കടക്കെണിയും കമ്പനിയെ തകര്‍ത്തു. ഈ വിവരം പുറത്തു വന്നയുടന്‍ മുപ്പതു യൂറോപ്യന്‍ ബാങ്കുകളാണ് പാപ്പരായത്. ഈസ്റ്റ് ഇന്ത്യാ കമ്പനി തകര്‍ന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാരാണ് തകരുക. ഈ സത്യം ബ്രിട്ടീഷ് ജനാധിപത്യസര്‍ക്കാരിനെ കമ്പനിയുടെ എല്ലാ നഷ്ടവും ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാക്കി. ചരിത്രം ആവര്‍ത്തിക്കില്ല എന്ന് പറയാനാകില്ല. ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ 1930 കള്‍ മുതല്‍ 2008 വരെ പ്രക്യതി ക്ഷോഭം പോലെ ഇടയ്ക്കിടയ്ക്ക് നമുക്കു വാര്‍ണിംഗ് തരുന്നുണ്ട്. പണ്ട് ഭരണകൂടങ്ങള്‍ക്ക് മതത്തിന്റെയും തത്വശാസ്ത്രങ്ങളുടെയും പിന്‍തുണയുണ്ടായിരുന്നു. ഇന്നത് ലാഭം എന്ന ഒരേയൊരു ഫോക്കസ് ഉള്ള കോര്‍പ്പറേറ്റുകളുടെ കുടക്കീഴിലേക്കു മാറുകയാണ്. അവരുടെ വളര്‍ച്ചയില്‍ അഭിമാനം കൊള്ളുന്ന നാം അവരുടെ തകര്‍ച്ചയുടെ പൂര്‍ണ്ണമായ ഭാരവും ചുമക്കേണ്ടി വരും. അമേരിക്കന്‍ ജനാധിപത്യ സര്‍ക്കാര്‍ ഇന്നും 2008 ലെ സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്ന കമ്പനികളുടെ നഷ്ടഭാരത്തില്‍ നിന്നും മോചിതരായിട്ടില്ല. സമൂഹം അനുഭവിക്കേണ്ടി വരുന്ന വേദനയ്ക്കും നാശനഷ്ടങ്ങള്‍ക്കും അധോഗതിക്കും അക്കക്കണക്കുകളും അസാദ്ധ്യമാണ്. കോളയും, എന്‍ഡോസള്‍ഫാനും, ഇപ്പോള്‍ മാഗിയും മറ്റും ഉയര്‍ത്തുന്ന വാര്‍ത്തകള്‍ ഇക്കൂട്ടത്തിലെ ചെറിയ മിന്നലുകളാണ്. ഇത് നാം അതിഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം