malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

എന്നിട്ടും പഠിക്കാത്ത കൊലയാളി സംഘങ്ങള്‍

പി.സജിത് കുമാര്‍
ചോരയുടെ രാഷ്ട്രീയമാണ് സി പി എമ്മിന്റേത്. കാലമെത്ര കഴിഞ്ഞാലും അതില്‍ മാറ്റമില്ല. രാഷ്ട്രീയ എതിരാളികളെ കായികമായി നേരിട്ടാണ് സി പി എം എന്ന പാര്‍ട്ടി കരുത്തു നേടുന്നത്. അണികളെ ചാവേറുകളാക്കി എത്രയോ പേരുടെ ചോരയൊഴുക്കി എത്രയോ ജീവിക്കുന്ന രക്തസാക്ഷികളെ സൃഷ്ടിച്ചാണ് സി പി എം എന്ന രാഷ്ട്രീയ പ്രസ്ഥാനം ഇവിടെ പ്രവര്‍ത്തിക്കുന്നത്. ആളുകളില്‍ ഭീതി പരത്തി പാര്‍ട്ടിയെ ശക്തമാക്കാനുള്ള സി പി എമ്മിന്റെ രസതന്ത്രത്തിന് എന്നും ഗവേഷണങ്ങള്‍ നടത്തുന്ന ജില്ലയാണ് കണ്ണൂര്‍. കൊല്ലാനും കൊലവിളി നടത്താനും ചുവപ്പു സേനയെ സംസ്ഥാനത്താദ്യമായി രംഗത്തിറക്കിയതും കണ്ണൂരിലെ സി പി എം നേതൃത്വമാണ്. നടുക്കുന്ന വാര്‍ത്തയാണ് കണ്ണൂരില്‍ നിന്നെത്തിയത്. ബോംബ് നിര്‍മ്മിക്കുന്നതിനിടയിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നാലു സി പി എം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവം നടന്നത് സി പി എമ്മിന്റെ പാര്‍ട്ടി ഗ്രാമത്തിലായിരുന്നതു കൊണ്ടും തെളിവുകള്‍ പെട്ടെന്ന് മായ്ചു കളയാനാകാത്തതു കൊണ്ടും സംഭവം നടന്നയുടനെ ബോംബാക്രമണമാണെന്നും സി പി എമ്മുകാരെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതാണെന്നും ആരും പറഞ്ഞില്ല. ഒരു പക്ഷേ അതും പറയുമായിരിക്കും, പറഞ്ഞ ചരിത്രം എത്രയോ കേട്ടിട്ടുണ്ട്. സി പി എമ്മുകാര്‍ ആരെയെങ്കിലും ബോംബെറിഞ്ഞ് കൊലപ്പെടുത്തിയാല്‍ പാര്‍ട്ടി പത്രം അടുത്ത ദിവസം പറയുക ബോംബുമായി പോകുകയായിരുന്ന ക്രിമിനല്‍ കല്ലില്‍ തട്ടി താഴെ വീണപ്പോള്‍ സ്‌ഫോടനത്തില്‍ മരിച്ചുവെന്നാണ്. കൊളവല്ലൂര്‍ ചെറ്റക്കണ്ടിയില്‍ സി പി എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റേയും പാര്‍ട്ടി പത്രത്തിന്റേയും വ്യാഖ്യാനം എന്താകുമെന്ന് കണ്ടറിയണം. സാമൂഹ്യസേവനത്തിനും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെയാണ് സി പി എം കണ്ണൂരില്‍ ചുവപ്പു സേനയെ ഉണ്ടാക്കുന്നതെന്നാണ് ജയരാജനും കോടിയേരി ബാലകൃഷ്ണനും പറയുന്നത്. ആര്‍ എസ് എസ് മോഡലില്‍ കുറുവടിസേനയുണ്ടാക്കി കണ്ണൂരില്‍ ചുവപ്പുവളണ്ടിയര്‍മാര്‍ അഭ്യാസം കാണിച്ചപ്പോള്‍ ജനം കരുതിയിരുന്നു എന്തോ ആപത്ത് വരാനുണ്ടെന്ന്. പ്രതിരോധമെന്ന പേരില്‍ എതിരാളികളെ അക്രമിക്കാനാണ് സായുധസേനയെ സി പി എം സജ്ജമാക്കുന്നതെന്ന് വ്യക്തം. അതിന്റെ ഏറ്റവും വലിയ തെളിവായി ളവല്ലൂരിലുണ്ടായ സ്‌ഫോടനം. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനത്തിനും സാമൂഹ്യസേവനത്തിനും എന്തിനാണ് സി പി എം ബോംബുകളുണ്ടാക്കുന്നത്"? എന്തിനാണ് പ്രവര്‍ത്തകര്‍ക്ക് ആയുധപരിശീലനം നല്‍കുന്നത്? ഒരു പാടു ചോദ്യങ്ങള്‍ ഇവിടെ ഉയരുന്നുണ്ട്. സി പി എമ്മും ബി ജെ പിയും ഇവിടെ എത്രയോ കാലമായി പരസ്പരം കൊന്നൊടുക്കി ശക്തി തെളിയിക്കാന്‍ മല്‍സരിക്കുകയാണ്. കൊന്നവരുടേയും ജീവഛവമാക്കിയവരുടേയും കണക്കുപുസ്തകം നോക്കിയാണ് രണ്ടു കൂട്ടരും പാര്‍ട്ടിയുടെ ശക്തി അപ്പപ്പോള്‍ അളക്കുക. കോടിക്കണക്കിനു രൂപയാണ് കണ്ണൂരില്‍ ഇരുപാര്‍ട്ടികളും ഈയൊരു വിഷയത്തില്‍ ചിലവിടുന്നത്. ഇത് അതിശയോക്തിയല്ല. കണ്ണൂരിലെ യാഥാര്‍ത്ഥ്യമാണ്. ബോംബുകളുള്‍പ്പെടെ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍, കൊലപാതകങ്ങള്‍ സംഘടിപ്പിക്കാന്‍, ക്രിമിനല്‍ സംഘങ്ങളെ തീറ്റിപ്പോറ്റി വളര്‍ത്താന്‍, രക്തസാക്ഷികളുടെ കുടുംബങ്ങളെ സഹായിക്കാന്‍, ജീവിക്കുന്ന രക്തസാക്ഷികളെ സംരക്ഷിക്കാന്‍, സുപ്രീംകോടതി വരെ കേസ് നടത്താന്‍ രണ്ടു പാര്‍ട്ടികളും കോടികള്‍ ചിലവിടുന്നു. ഇതിനായി പ്രത്യേകം ഫണ്ട് തന്നെ രണ്ടു പാര്‍ട്ടികളും സ്വരൂപിക്കുന്നു. കണ്ണൂരില്‍ സമാധാനയോഗങ്ങളില്‍ യാതൊരു ചാഞ്ചല്യവുമില്ലാതെ ഇവര്‍ മുന്‍നിരയിലിരിക്കും. എന്നിട്ട് സമാധാനത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കും. സമാധാനശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് നേരെ ചെന്ന് വീണ്ടും ക്രിമിനല്‍ സംഘങ്ങളുടെ കൂചാരത്തിലെത്തും. അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കും. എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത വര്‍ഗം. ഈ ചോരക്കൊതിയന്മാര്‍ ഇതു കൊണ്ടെങ്കിലും അടങ്ങുമോ? ബോംബ് നിര്‍മ്മാണത്തിനിടെ എത്ര പ്രവര്‍ത്തകരേയാണ് സി പി എമ്മിനും ബി ജെ പിക്കും ഇതുവരെ നഷ്ടമായത്? എത്ര പേരാണ് കൈപ്പത്തിയറ്റും കണ്ണു തകര്‍ന്നും കഴിയുന്നത്? സി പി എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കൊലപാതകരാഷ്ട്രീയത്തിന്റെ ഭീകരത നേരിട്ടനുഭവിച്ചയാളാണ്. ആര്‍ എസ് എസ് അക്രമത്തില്‍ നിന്ന് ആയുസിന്റെ ബലം കൊണ്ട് മാത്രം രക്ഷപ്പെട്ട വ്യക്തി. സ്വന്തം മകന്‍ ബോംബുമായി പോകുമ്പോള്‍ സ്‌ഫോടനത്തില്‍ മാരകമായി പരിക്കേറ്റ് നാളുകളോളം കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ കഴിഞ്ഞ സംഭവം പോലും മറന്ന മട്ടിലാണ് ഇന്ന് കൊലയാളി സംഘങ്ങളെ പോറ്റി വളര്‍ത്തുന്ന ജയരാജന്‍ കണ്ണൂരില്‍ വിരാജിക്കുന്നത്. തിരിച്ചറിയേണ്ടത് അണികള്‍ തന്നെയാണ്. സ്‌ഫോടനത്തില്‍ ചിതറിത്തെറിക്കാന്‍, അതല്ലെങ്കില്‍ എതിരാളികളുടെ വാള്‍മുനയിലൊടുങ്ങാന്‍ വേണ്ടിയാണോ രാഷ്ട്രീയ പ്രവര്‍ത്തനം? അതിലൊരു മാറ്റമാണ് എത്രയോ കാലമായി കണ്ണൂര്‍ ജനത, കേരളത്തിലെ പൊതുസമൂഹം ആഗ്രഹിക്കുന്നത്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം