malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

ഷോമാന്റെ ഒരു വര്‍ഷം

എന്‍. രാജന്‍ നായര്‍
കഴിഞ്ഞ ഒരുവര്‍ഷം ഷോമാനായ നരേന്ദ്രമോദിയുടെത് ഇന്ത്യയ്ക്കും പുറത്തുമുള്ള വെറും പ്രദര്‍ശനവര്‍ഷമായിരുന്നു. വസ്ത്രത്തില്‍പോലും പേരെഴുതിവച്ചും വിശ്വാസ്യതയില്ലാത്ത ബഡായി പറഞ്ഞും വിദേശരാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചും മോദി പ്രധാനമന്ത്രി പദം ആഘോഷിക്കുകയും ഇന്ത്യക്കാര്‍ വാസ്തവത്തില്‍ നരകിക്കുകയുമായിരുന്നു. എല്ലാ രംഗത്തെയും വിലക്കയറ്റംകൊണ്ടും കോര്‍പ്പറേറ്റുകളുടെ കുതിച്ചുചാട്ടംകൊണ്ടും ഇന്ത്യയിലെ ദരിദ്രനാരായണന്‍ എരിചട്ടിയില്‍നിന്നും വറതീയിലേക്ക് വീഴുകയായിരുന്നു. നരകിച്ച് മരിക്കുന്ന ഇന്ത്യക്കാരന് രണ്ടുലക്ഷം രൂപ എന്ന പ്രധാനമന്ത്രിയുടെ പരിപാടി മാത്രമാണ് ബഹുജനത്തിനൊരു ക്രൂരാശ്വാസം. പ്രധാനമന്ത്രിപദത്തിന് പ്രളയാന്ത്യമുണ്ടാകുമെന്ന വിചാരത്തോടെയാണ് മോദി വിദേശരാഷ്ട്രങ്ങള്‍ അതിവേഗത്തില്‍ സന്ദര്‍ശിച്ചത്. മന്‍മോഹന്‍ അഞ്ചുവര്‍ഷംകൊണ്ട് നടത്തിയ സന്ദര്‍ശനങ്ങള്‍ മോദി ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കി. 23 വിദേശയാത്രകളിലായി മോദി സന്ദര്‍ശിച്ചത് 50 ലോകനഗരങ്ങളാണ്. വിദേശകാര്യമന്ത്രിപദം പോലും തനിക്കിഷ്ടമില്ലാത്ത സുഷമ സ്വരാജില്‍നിന്നും തട്ടിയെടുക്കുന്നതുപോലെയായിരുന്നു ഈ യാത്രകള്‍. വേഴ്‌സറ്റിയില്‍ ജീനിയസായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെ അനുകരിച്ച് മോദി നടത്തിയ പ്രസംഗങ്ങള്‍ എല്ലാംതന്നെ കഥയില്ലാത്ത നാണംകെട്ട ബഡായികളായി. ഇതിന് ഉദാഹരണമാണല്ലോ മോദിയുടെ മാതൃകാനാടായ അമേരിക്കയുടെ പ്രസിഡന്റ് മോദിയുടെ വാചകമേളയെക്കുറിച്ച് പറഞ്ഞ ഹീനാഭിപ്രായം. ലോക മുതലാളിത്ത സംരംഭകരെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയല്ലാതെ ഒരു പുതിയ വ്യവസായംപോലും ഉണ്ടാക്കാനോ കാര്‍ഷികമേഖല ഉണര്‍ത്തുവാനോ മോദിയ്ക്ക് കഴിഞ്ഞില്ല എന്നത് മോദി ഒരു ആകാശപ്പൂക്കാരനാണെന്നതിന് ഉദാഹരണമാണ്. ലോകരംഗത്ത് എണ്ണവില കുറഞ്ഞപ്പോള്‍ എണ്ണവില കൂട്ടി വിറ്റ് ഖജനാവ് നിറയ്ക്കാനാണ് ജനവിരുദ്ധനായ മോദി ശ്രമിച്ചത്. ഇത് എല്ലാ രംഗത്തും പ്രതിസന്ധിയുണ്ടാക്കി. ഇത്തരം പ്രതിസന്ധികളെ വര്‍ഗ്ഗീയത ഇളക്കിവിട്ട് നേരിടാനാണ് മോദി പ്രഭൃതികള്‍ ശ്രമിക്കുന്നത്. ബീഫ് വിവാദം ഇതിന് ഉദാഹരണമാണ്. ഇത് വിദേശ ഇന്ത്യാക്കാരെ എത്ര ദോഷകരമായി ബാധിക്കുമെന്ന് മോദി ഭരണം ചിന്തിക്കുന്നില്ല. കോര്‍പ്പറേറ്റുകളില്‍ നിന്നും പിരിച്ചെടുത്ത 25000 കോടി രൂപയുടെ കപട പ്രചാരണത്തിലൂടെയാണ് മോദി പ്രധാനമന്ത്രി പദത്തിലെത്തിയത്. തനിക്കൊരു അവസരം തന്നാല്‍ ദിവസങ്ങള്‍കൊണ്ട് അത്ഭുതങ്ങള്‍ കാണിക്കുമെന്ന് പറഞ്ഞ മോദി എവിടെ. ഇവിടെയൊരു മോദിമാജിക്കും ഇല്ലെന്നുള്ളതാണ് വസ്തുത. എന്നു മാത്രമല്ല പരിമിത ജനാധിപത്യംപോലും മോദി കവര്‍ന്നെടുത്ത് ഏകാധിപതിയാവുകയാണ്. എല്‍.കെ. അദ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും പോലുള്ള ഭരണപാടവമുള്ളവരെ തുടക്കത്തില്‍ തന്നെ ഒതുക്കി ഇഷ്ടക്കാരുടെ അടുക്കള മന്ത്രിസഭയാണ് മോദികൊണ്ടു നടക്കുന്നത്. ഇത് ഭരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അമിത്ഷാ എന്ന അപ്രസക്ത കായികനേതാവിനെ ബിജെപി പ്രസിഡന്റ് ആക്കുന്നതിലൂടെ ആ പാര്‍ട്ടിയും മോദിയുടെ അടുക്കളയായി മാറി. കോര്‍പ്പറേറ്റ് ദാസനായ മോദി ഇന്ന് ഇന്ത്യന്‍ സാമ്പത്തികരംഗം കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുകയാണ്. പൊതുമേഖലയുടെ വിനാശത്തിന് ഇതുവഴിവയ്ക്കുകയും ഇന്ത്യ അതിവേഗം ഒരു മുതലാളിത്ത രാഷ്ട്രമായി മാറുകയും ചെയ്യും. ഇത് നമ്മുടെ രാഷ്ട്രശില്പികളുടെ ഭാവനയ്ക്ക് വിരുദ്ധവും ഭാവി ഇന്ത്യക്കാരന്റെ നടുവൊടിക്കുന്നതുമാണ്. ഗവര്‍ണര്‍മാരെ ജനാധിപത്യ ഭരണത്തില്‍ പുറംവാതിലിലൂടെ ഇടപെടീക്കുന്നതിലൂടെ മോദി ഏകാധിപത്യത്തിന്റെ കേറപ്പല്ലുകളാണ് പുറത്തുകാട്ടുന്നത്. ഇന്ന് ദല്‍ഹിയെങ്കില്‍ നാളെ മറ്റു സംസ്ഥാനങ്ങളിലേക്കും ഈ ശൈലി നീളും. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നതുപോലെയാണ് ഒരുവര്‍ഷത്തെ മോദി ഭരണം. മാജിക് കിട്ടിയില്ലെന്ന് മാത്രമല്ല, വിലക്കയറ്റത്തിന്റെയും ഏകാധിപത്യത്തിന്റെയും നരകത്തീയിലേയ്ക്കാണ് രാഷ്ട്രം നീങ്ങുന്നത്. എങ്കിലെന്താ നമ്മുടെ മതക്കാരല്ലേ എന്ന മനപ്പായസംപോലും ജനത്തിന് കയ്ച്ചു തുടങ്ങി. മോദിയുടെ ഹീനഭരണത്തിനെതിരെ പ്രതിരോധങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. സംഘപരിവാര്‍ തൊഴിലാളി സംഘങ്ങള്‍പോലും മോദിയ്ക്ക് എതിരെ സമരരംഗത്താണ്. മോദിയുടെ ഹീനഭരണത്തിനെതിരെ പ്രതിപക്ഷം ഒന്നായി സമരരംഗത്ത് എത്തിയിരിക്കുന്നു. വിഷം വഴചായ ഇന്ത്യക്കാര്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം