malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

എട്ടുനിലയില്‍ പൊട്ടാനൊരേട്ടന്‍

ഇന്ദ്രജിത്ത്
അരുവിക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി ഓ. രാജഗോപാല്‍ മത്സരിക്കുന്നു. വെള്ളിയാഴ്ച ചേര്‍ന്ന പാര്‍ട്ടി ജില്ലാനേതൃയോഗം മറ്റുചിലരുടെ പേരുകളാണ് സംസ്ഥാനനേതൃത്വത്തിനു സമര്‍പ്പിച്ചതെങ്കിലും ബി.ജെ.പി.യുടെ കോര്‍ കമ്മിറ്റിയോഗം മുതിര്‍ന്ന നേതാവായ രാജേട്ടനെത്തന്നെ ഇത്തവണയും കെട്ടിയിറക്കണമെന്ന പിടിവാശിയില്‍ പിടിച്ചുതൂങ്ങിനിന്നതിന്റെ പേരിലാണ് ഈ തീരുമാനം ഉണ്ടായത്. രാജേട്ടനാണെങ്കില്‍ കമാ എന്നൊരക്ഷരം മറുത്തു പറഞ്ഞില്ല എന്നുമാത്രമല്ല, കേറാനിരുന്ന കുരങ്ങിന് ഏണി ചാരിക്കൊടുത്തു എന്നു പറഞ്ഞതുപോലെ കോര്‍കമ്മിറ്റിയുടെ നിര്‍ദ്ദേശം വന്നപാടെ അരുവിക്കരയിലേക്കു ചൂണ്ടയിടാനായി വച്ചുപിടിക്കുകയും ചെയ്തു. പാര്‍ട്ടി പറയുന്നത് അനുസരിക്കുക എന്ന വ്രതം കടുകിട തെറ്റിക്കാത്ത ആളാണ് രാജേട്ടന്‍. "ലൈഫ് ബോയ് എവിടെയുണ്ടോ അവിടെ ആരോഗ്യമുണ്ട്" എന്ന പരസ്യം പോലെ തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് എവിടെയുണ്ടോ അവിടെ രാജേട്ടനുമുണ്ട്. തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനായി ജനിച്ചയാളാണ് രാജേട്ടന്‍ എന്നും വേണമെങ്കില്‍ പറയാം. അടുത്തകാലത്തുതന്നെ നെയ്യാറ്റിന്‍കര, നേമം നിയമസഭാ തെരഞ്ഞെടുപ്പുകള്‍, തിരുവനന്തപുരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എന്നിവയിലൊക്കെ സ്ഥാനാര്‍ത്ഥിയായി രാജേട്ടന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ ചങ്കിടിപ്പിക്കുന്ന ക്ലൈമാക്‌സുകള്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയനടനാണ് രാജേട്ടനെങ്കിലും ഒടുവില്‍ കഥയിലെ ദുരന്തകഥാപാത്രമായി മാറാനാണ് വിധി. ജയിക്കുമെന്ന് ഒരുറപ്പും ഇല്ലെങ്കിലും എവിടെയും കയറി സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്ന ശകുനംമുടക്കികളുടെ കൂട്ടത്തില്‍ പെടേണ്ടയാളല്ല യഥാര്‍ത്ഥത്തില്‍ ഓ. രാജഗോപാല്‍. മാന്യന്‍, സാത്വികന്‍, മിതഭാഷി, മനുഷ്യസ്‌നേഹി എന്നൊക്കെ ദീര്‍ഘകാല രാഷ്ട്രീയപാരമ്പര്യം കൈമുതലായുള്ള രാജഗോപാലിനെ വിശേഷിപ്പിക്കാം. എന്നാല്‍, ബി.ജെ.പി.യുടെ ലേബലില്‍ അദ്ദേഹം തെരഞ്ഞെടുപ്പു വേദിയിലെത്തുമ്പോള്‍ അത് അംഗീകരിക്കാന്‍ സമ്മതിദായകര്‍ക്കാവുന്നില്ല എന്നതാണ് സത്യം. ഒരു കാര്യം പറയാതെ വയ്യ. അരുവിയില്‍ താമര ഒരിക്കലും വിരിയില്ല. അരുവിക്കരയില്‍ ഒട്ടും വിരിയില്ല. ആ നിലയ്ക്ക് രാജഗോപാലിനെ ഈ വയസ്സാംകാലത്ത് വീണ്ടും തെരഞ്ഞെടുപ്പു വേദിയിലിറക്കി കഷ്ടപ്പെടുത്താന്‍ ചിലര്‍ തീരുമാനിച്ചത് അദ്ദേഹത്തോടുള്ള വൈരാഗ്യം കൊണ്ടാകാനേ തരമുള്ളു. വീണ്ടും വീണ്ടും അദ്ദേഹം തോറ്റു തോറ്റു തൊപ്പിയിട്ടു നാണംകെട്ടു കൊള്ളട്ടെ എന്ന് ആരൊക്കെയോ ആഗ്രഹിക്കുന്നുണ്ട്. അല്ലെങ്കില്‍ വീണ്ടും അദ്ദേഹത്തോടീ ചതി ചെയ്യേണ്ടായിരുന്നു. ജനിച്ചതു മുതല്‍ മരിക്കുന്നതുവരെ തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് സ്ഥിരം തോല്‍ക്കാന്‍ തന്നെക്കൊണ്ടാവില്ലെന്നും ഇനിയെങ്കിലും വല്ല ഗവര്‍ണ്ണര്‍ സ്ഥാനത്തും കൊണ്ടിരുത്തി വിശ്രമിക്കാന്‍ അനുവദിക്കണമെന്നും കേന്ദ്രനേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചു കാത്തിരുന്ന രാജഗോപാലിന് ഇങ്ങനെയൊരു വിധി ഉണ്ടാകുമെന്ന് അദ്ദേഹവും നാട്ടുകാരും സ്വപ്‌നേപി വിചാരിച്ചിരുന്നതല്ല. ബി.ജെ.പി.ക്ക് അരുവിക്കരയില്‍ ഉള്ള വോട്ടുതന്നെ കുറയുന്നെങ്കില്‍ അതിന്റെ പാപഭാരം രാജഗോപാലിന്റെ തലയില്‍ കെട്ടിവച്ച് കേന്ദ്രനേതൃത്വത്തിന്റെ മുന്നില്‍ തടിയൂരാം എന്ന് സംസ്ഥാനനേതൃത്വം ഒരുപക്ഷേ കരുതിയിരിക്കാം. എതായാലും കഷ്ടമായിപ്പോയി എന്നല്ലാതെ എന്തുപറയാനാണ്? **** തമിഴ്‌നാട്ടില്‍നിന്നാണ് കേരളത്തിന്റെ ആവശ്യത്തിനായി ഭൂരിഭാഗം പച്ചക്കറികളും എത്തുന്നത്. ഈ പച്ചക്കറിയില്‍ വന്‍തോതില്‍ വിഷാംശമുണ്ടെന്ന കണ്ടെത്തല്‍ ഇപ്പോള്‍ അധികാരികളുടെയും കണ്ണുതുറപ്പിച്ചിരിക്കുന്നു. ഫുഡ് സേഫ്റ്റി വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തമിഴ്‌നാട്ടിലെ പച്ചക്കറിക്കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചപ്പോഴാണത്രെ അപകടകരമായ രീതിയില്‍ പച്ചക്കറിയില്‍ കീടനാശിനിയും രാസവസ്തുക്കളും ചേര്‍ക്കുന്നതായി കണ്ടുപിടിച്ചത്. നടീല്‍ മുതല്‍ പച്ചക്കറി ലോറിയില്‍ കയറ്റുമ്പോള്‍വരെ വിഷം വിതച്ചാണ് കേരളത്തിലേയ്ക്ക് പച്ചക്കറി അയക്കുന്നതത്രെ. കേരളത്തിലെത്തുന്ന 21 ഇനം പച്ചക്കറികളില്‍ 12 ഇനം കീടനാശിനികളും രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. ഈ വിഷം കേരളത്തില്‍ കാന്‍സര്‍ പടരാന്‍ ഇടയാക്കുന്നുണ്ടെന്നതിന്റെ വെളിച്ചത്തില്‍ ഈ കൃഷിരീതിക്കു മാറ്റം വരുത്തണമെന്ന് സംസ്ഥാനഫുഡ് സേഫ്റ്റി കമ്മീഷണര്‍ തമിഴ്‌നാട് അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ക്കു കത്തെഴുതിയിട്ടുണ്ടുപോലും. ഫുഡ് സേഫ്റ്റി കമ്മീഷണറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വിദഗ്ധസമിതി, സംസ്ഥാനത്തെ വാണിജ്യ ചെക്ക് പോസ്റ്റുകളില്‍ പച്ചക്കറിവരവിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലേക്ക് ഏതുവിധത്തില്‍ പച്ചക്കറി കൃഷി ചെയ്ത് അയയ്ക്കണമെന്ന് പറയാന്‍ അവരു നമ്മുടെ അമ്മായിയപ്പനോ മറ്റോ ആണോ എന്നൊരു ചോദ്യം ഇതൊക്കെ വായിക്കുന്ന വായനക്കാരന് ചോദിക്കാനുണ്ടാകും. വല്ലവരും അവര്‍ക്കു സൗകര്യപ്പെടുന്ന രീതിയില്‍ പച്ചക്കറി കൃഷി ചെയ്ത് ഇങ്ങോട്ടു കയറ്റിവിടുന്നത് അവരുടെ ദയവ്. കുത്തിയിരുന്നു തിന്നുന്നവര്‍ നിബന്ധനകള്‍ വയ്ക്കാന്‍ പോയാല്‍ ഉള്ള കഞ്ഞിയില്‍ പാറ്റയിടുന്നതിനു തുല്യമാകും. പിന്നെ എന്താണൊരു വഴി? കേരളം എന്ന സംസ്ഥാനം നീണ്ടുനിവര്‍ന്നു കിടക്കുന്നുണ്ടല്ലോ. കേരളീയര്‍ക്കെന്തുകൊണ്ട് അല്പം മെയ്യനങ്ങി സ്വയം വിഷമില്ലാത്ത പച്ചക്കറി ഉത്പാദിപ്പിച്ചുകൂടാ? കോണ്‍ഗ്രസും സി.പി.എമ്മും മറ്റും ആ വഴിക്കു ചിന്തിക്കുന്നുണ്ടെന്നത് നല്ല കാര്യം. ഒടുവില്‍ കോണ്‍ഗ്രസ് പച്ചക്കറി മാര്‍ക്‌സിസ്റ്റ്കാരനും മാര്‍ക്‌സിസ്റ്റ് പച്ചക്കറി കോണ്‍ഗ്രസുകാരനും വാങ്ങി തിന്നുകയില്ല എന്ന അവസ്ഥ വരാതിരുന്നാല്‍ മതി. **** പാവം നരേന്ദ്രമോദി! എന്തൊക്കെ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ വാരിക്കോരി വച്ചിട്ടാണ് പ്രധാനമന്ത്രിപദത്തില്‍ കയറിയത്? കയറിക്കഴിഞ്ഞപ്പോഴാണ് കാര്യം വിചാരിക്കുന്നത്ര നിസ്സാരമല്ലെന്ന് മോദിക്കു മനസ്സിലാകുന്നത്. എന്നു മാത്രമല്ല, സംഘപരിവാര്‍ ആകെ പലവിധത്തില്‍ അലമ്പുണ്ടാക്കി തന്റെ സൈ്വരം കെടുത്തുമെന്നും മോദിക്കു ബോധ്യപ്പെട്ടു. പണ്ടൊക്കെ വീട്ടുകലഹം കാരണം നിവൃത്തിയില്ലാതാകുമ്പോല്‍ ചിലര്‍ എല്ലാം ഉപേക്ഷിച്ച് നേരേ കാശിക്കു വച്ചുപിടിക്കുന്ന പതിവുണ്ടായിരുന്നു. മോദി ചെയ്തത് മറ്റൊന്നാണ്. വിദേശരാജ്യങ്ങളില്‍ മാറിമാറി പോകുക. അങ്ങനെ മനസ്സമാധാനം നിലനിര്‍ത്തുക. അധികാരമേറ്റ് പതിനൊന്നുമാസങ്ങള്‍ക്കുള്ളില്‍ ഇരുപത്തിയൊന്നു വിദേശരാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. ഇരുപത്തിമൂന്ന് യാത്രകള്‍ നടത്തി. അന്‍പതില്‍പരം ലോകനഗരങ്ങള്‍ ചുറ്റിക്കണ്ടു. കക്ഷത്തിലിരിക്കുന്നതു പോകുകേമില്ല ഉത്തരത്തിലിരിക്കുന്നത് എടുക്കുകയും ചെയ്യാം. എങ്ങനുണ്ട് പുത്തി? ഇനി വിദേശത്തെവിടെയെങ്കിലും മോദി സ്ഥിരതാമസമാക്കിക്കളഞ്ഞാലോ എന്ന് പ്രതിപക്ഷം വല്ലാതെ ഭയക്കുന്നുണ്ട്. എന്നാല്‍, പ്രതിപക്ഷത്തിന്റെയും സോഷ്യല്‍മീഡിയയുടെയുമൊക്കെ കടുത്ത വിമര്‍ശനങ്ങളെപ്പോലും മോദി ലവലേശം കണക്കിലെടുക്കുന്നില്ല. പ്രതിപക്ഷകക്ഷികള്‍ക്കോ, സംസ്ഥാനഭരണത്തലവന്മാര്‍ക്കോ പ്രധാനമന്ത്രിയെ കണ്ട് എന്തെങ്കിലുമൊന്നുപറയണമെന്നു വച്ചാല്‍ വിദേശരാജ്യത്തെവിടെയെങ്കിലും ചെന്നു കാത്തു നില്‍ക്കുകയേ പോംവഴിയുള്ളു എന്നതാണ് നിലവിലെ സ്ഥിതി. ഇനി വിദേശങ്ങളില്‍ കറങ്ങാന്‍ ഒരു പ്രധാനമന്ത്രിയും രാജ്യം ഭരിക്കാന്‍ മറ്റൊരു പ്രധാനമന്ത്രിയും വേണ്ടിവരുമോ ആവോ? അനുബന്ധം ശിഷ്യന്‍ : പൊലീസ് തെറിപറയരുതെന്ന് പൊലീസ് കംപ്ലേയ്ന്റ് അതോറിറ്റി പറഞ്ഞിരിക്കുന്നല്ലോ ഗുരോ. ഗുരു : പകരം കുറ്റവാളികള്‍ക്ക് ഓരോ ഉമ്മ കൊടുക്കാം ശിഷ്യാ. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം