malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

പ്രതിപക്ഷം അഞ്ചാമാണ്ടിലേക്ക്

എന്‍. ശ്രീകുമാര്‍
കാറ്റ് പിടിച്ച് എളമരം. ബെസ്റ്റ് ഹെഡ്ഡിങ്ങ്. മലയാള മനോരമ നല്‍കിയപ്രസ്തുത തലവാചകം പരിഷ്‌കരിച്ചാല്‍ കാറ്റ് പിടിച്ച പ്രതിപക്ഷമെന്ന് വരുന്നു. സംസ്ഥാനത്ത് ഇടതുപക്ഷ പ്രതിപക്ഷം അഞ്ചാമാണ്ടിലേക്ക് പ്രവേശിക്കുന്നു. കാക്കാശിന് കൊള്ളാത്ത പക്ഷം. ആ പക്ഷത്തിന് ഒരു നേതാവുണ്ട്. പേര് വി എസ് അച്യുതാനന്ദന്‍. സിപിഎമ്മില്‍ ശരിക്കും ഒരു നോക്കുകുത്തിപ്പരുവം. എന്നും പാര്‍ട്ടി നേതാക്കളാല്‍ അവഹേളിതനാകുന്ന ഒരു വലിയ നേതാവ്. ഭരണപക്ഷത്തുള്ളവരെക്കുറിച്ച് ആരെന്ത് പറഞ്ഞാലും അതേറ്റ് പാടുന്ന പ്രതിപക്ഷത്തിന് പറ്റിയ നേതാവ്. എന്നാല്‍ അദ്ദേഹം പ്രതിപക്ഷ നേതാവാണെന്ന് അംഗീകരിക്കുന്നത് ഇടതു പക്ഷത്തെ ചെറുകക്ഷികളായ സിപിഐ, ജനതദള്‍ (എസ)്, എന്‍സിപി നേതാക്കള്‍ മാത്രം. പാര്‍ട്ടിക്ക് വേണ്ടാത്ത പ്രതിപക്ഷ നേതാവെന്ന് വിലയിരുത്തിയത് സിപിഎമ്മാണ്. 2015ലെപാര്‍ട്ടി രേഖപ്രകാരം അച്യുതാനന്ദന്‍ പാര്‍ട്ടിവിരുദ്ധനാണ്. ആനിലയ്ക്ക് അദ്ദേഹത്തിന് അവര്‍ വിലയുമിട്ടിരിക്കുന്നു. തീരെ താഴ്ന്നവില. അസംബ്ലി കൂടുമ്പോള്‍ ചട്ടപ്രകാരമുള്ള കാര്യങ്ങള്‍ എഴുന്നള്ളിക്കാന്‍ എഴുന്നേല്‍ക്കുക എന്നതിനപ്പുറം വി.എസ് അച്യുതാനന്ദന് റോളില്ല. അപ്രകാരമുള്ള അച്യുതാനന്ദന്‍ നയിക്കുന്ന പ്രതിപക്ഷത്തെ വിലയിരുത്താന്‍ സത്യത്തില്‍ കയ്യിലൊന്നുമില്ല.രണ്ട് ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷത്തെയാണ് കേരളം ഇന്നേവരെ കണ്ടിട്ടുള്ളത്. കോണ്‍ഗ്രസ്സ് പ്രതിപക്ഷവും കമ്മ്യൂണിസ്റ്റ് പ്രതിപക്ഷവും. പൂര്‍ണ്ണമായിട്ടല്ലെങ്കിലും അതിക്രമ സ്വഭാവമുള്ള ശൈലി കോണ്‍ഗ്രസ് സ്വീകരിക്കാറില്ല. മറിച്ചാണ് കമ്യൂണിസ്റ്റുകള്‍. അതിന് പ്രധാന കാരണം അവരിലെ നിരാശയാകാം. നല്ല പ്രതിപക്ഷം എക്കാലവും യു ഡി എഫായിരുന്നു. കാരണം അവര്‍ മിതവാദികളാണ്.ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയം ഓര്‍മ്മിപ്പിക്കുന്നത് പി.വി നരസിംഹറാവുവിന്റെ കാലത്തെയാണ്. ന്യൂനപക്ഷമായി അധികാരത്തിലെത്തി ഭൂരിപക്ഷത്തിലെത്തിച്ച് പരിഷ്‌കാരങ്ങളുടെ കൂമ്പാരം ഉണ്ടാക്കിയ ഭരണമാണ് റാവു നടത്തിയത്. നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ച് മികച്ച ഭൂരിപക്ഷമാക്കി മാറ്റിയതാണ് ഉമ്മന്‍ചാണ്ടിയുടെ ക്രെഡിറ്റ്. ഉമ്മന്‍ചാണ്ടി അധികാരത്തിലെത്തിയപ്പോള്‍ പ്രതിപക്ഷത്തെ കരുത്തരായിരുന്നു ആര്‍എസ്പി. ഇന്ന് അവര്‍ ഉമ്മന്‍ചാണ്ടി ഭരണത്തിലെ പങ്കാളികളാണ്. എന്തുകൊണ്ട്? രണ്ടുണ്ട് കാരണം. ഒന്ന് - നിര്‍ജ്ജീവമായ പ്രതിപക്ഷത്തെ പോക്കറ്റിലാക്കി അഹങ്കാരത്തിന്റെ കാതലായി സിപിഎം നേതാക്കള്‍ മാറിയതിനാല്‍. രണ്ട്- ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനശൈലിയോടുള്ള ജനങ്ങളുടെ അഭിനിവേശം കണ്ടറിഞ്ഞതിനാല്‍. യു.ഡി.എഫ് ഭരണത്തിന് എതിരെ പ്രതിപക്ഷം ഒരുപിടി സമരം ചെയ്തിട്ടുണ്ട്. അതിന്റെ മൊത്തഫലം നോക്കിയാല്‍ കിട്ടുന്നത് കയ്യിലൊതു ക്കാവുന്ന ഒരുപിടി ചാരം. സമരം ചെയ്താല്‍ സന്ധിചെയ്യാനുമറിയണം. അല്ലാതെ പട്ടിണികിടന്ന് ചാകുന്നത് സമരമുറയല്ലല്ലോ. കേരളത്തിലെ പ്രതിപക്ഷത്തിന് സമരം ചെയ്യാനറിയില്ലെന്നാണ് പൊതു വിലയിരുത്തല്‍. അവര്‍ സമരം പ്രഖ്യാപിക്കും. അതോടെ തീരും. വീണ്ടും ചെയ്യും. കുട്ടികളെപോലെയാണ് ഒന്ന് വിട്ട് മറ്റൊന്ന്. ആകെ ആര്‍ത്തി. അവര്‍ക്ക് വെപ്രാളമാണ്. പെട്ടെന്ന് നേരം വെളുത്ത് കിട്ടാന്‍. നമ്മളുറങ്ങാതിരുന്നത് കൊണ്ട് നേരംപുലരാതിരിക്കില്ലല്ലോ. ബസ്സില്‍ കിടന്ന് ഓടിയാല്‍ ബസ്സ് ഓടില്ലല്ലോ. ചാനലുകള്‍ കൊണ്ടുവന്ന ആരോപണങ്ങളാണ് നമ്മുടെ കമ്യൂണിസ്റ്റ് പ്രതിപക്ഷം കോണ്‍ഗ്രസ്സ് മുന്നണി സര്‍ക്കാരിനെതിരെ ആയുധമാക്കിയത്. ചാനലുകള്‍ ജനമനസ്സിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വിലയിരുത്താന്‍ സിപിഎമ്മിന് സാധിക്കാതെ പോയതിന്റെ ദുര്യോഗം. ചാനലുകളാണ് ഇടതുപക്ഷ പ്രതിപക്ഷത്തെ നാലാണ്ട് നയിച്ചതെന്ന്പറയാം. 2010ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് കുഞ്ഞാലിക്കുട്ടി റൗഫ് വിഷയമെടുത്തിട്ട് അച്യുതാനന്ദനെ സഹായിച്ചതും കഴിഞ്ഞ ലോക്‌സഭാ ഇലക്ഷന്‍ കാലത്ത് സരിതയെ പിടിച്ചിട്ട് പിണറായിയെ സഹായിച്ചതും ടിവിക്കാര്‍ തന്നെ. ചാനലുകള്‍ കാലക്ഷേപത്തിനായി കണ്ടെത്തിയപലതിന്റേയും നിജസ്ഥിതി അന്വേഷിക്കാന്‍ മെനക്കെടാതെ ഏറ്റുപിടിച്ച് പുലിവാല്‍ പിടിച്ച കഥകളാണ് സിപിഎമ്മിന് പറയാനുള്ളത്. സോളാര്‍ വിഷയത്തില്‍ തിരുവനന്തപുരം ഇന്നേവരെ കണ്ടതില്‍ വെച്ചേറ്റവും വലിയ സമരജനക്കൂട്ടത്തെയാണ് സിപിഎം കൊണ്ടുവന്നത്. എന്നിട്ടെന്തുണ്ടായി. തലസ്ഥാനം മലിനമാക്കിയെന്നതൊഴിച്ചാല്‍. മനുഷ്യന് മലമൂത്രവിസ്സര്‍ജ്ജനം ചെയ്യണമെന്ന സാമാന്യ തത്വം മറന്നതാണ് സിപിഎമ്മിന് അന്നേറ്റ തിരിച്ചടിക്ക് കാരണം. ആളെ കൂട്ടലല്ല മറിച്ച് സഹനമാണ് സമരമെന്ന ചിന്ത അവര്‍ക്കുണ്ടായില്ല. ഒരു സമരവും വിജയിപ്പിക്കാന്‍ കഴിയാത്തതിനാലാണ് ഇടതുപക്ഷ പ്രതിപക്ഷത്തെ കാക്കാശിന് കൊള്ളാത്തതെന്ന് നേരത്തെ വിശേഷിപ്പിച്ചത്. ഭരണപക്ഷത്തിന്റെ ന്യൂനതകള്‍ചൂണ്ടി തിരുത്താനും അവരുടെ വീഴ്ചകള്‍മുതലെടുക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കേണ്ടത്. ഒപ്പം അടുത്ത തവണ അവരെ തോല്‍പ്പിച്ച് അധികാരത്തിലെത്താനും. ആദ്യത്തേത് ബുദ്ധികൊണ്ടും രണ്ടാമത്തേത് ജനപിന്തുണ കൊണ്ടും നേടേണ്ടതാണ്. മണ്ടത്തരം കാണിച്ചാല്‍ ജനം കൂടെ നില്‍ക്കില്ല. സിപിഎമ്മിന് സംഭവിക്കുന്നത് അതാണ്. ഉദാഹരണത്തിന് ഭരണപരമായ ചില പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ എടുത്തു. അപ്പോള്‍ അന്നത്തെ സിപിഎം സെക്രട്ടറി പിണറായി വിജയന്‍ ജനങ്ങളോട് നികുതി അടയ്ക്കരുതെന്ന്ആഹ്വാനം ചെയ്തു. അതൊരു നല്ല ശൈലിയായിരുന്നു. നികുതിനിഷേധം സ്വാതന്ത്ര്യസമരകാലത്ത് ജയിച്ചത് മഹാത്മാഗാന്ധിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കൊണ്ടായിരുന്നു. അത് പിണറായി വിജയനോടുണ്ടാവില്ലല്ലോ. നികുതി അടയ്ക്കരുതെന്ന് ആഹ്വാനം ചെയ്ത പിണറായി സ്വകാര്യമായി ചെയ്തതെന്താണ്? എകെ ജി സെന്ററിന് അടയ്ക്കാനുണ്ടായിരുന്ന നികുതി അടച്ചു. ഇത് പുറത്തായപ്പോള്‍ സമരാഹ്വാനം കാറ്റായി. നേതാക്കള്‍ വേണ്ടത്രയുള്ള പാര്‍ട്ടികളുടെ സംഘമാണ് ഇടത്പ്രതിപക്ഷം. എന്നാല്‍ വിവേകത്തോടെ രാഷ്ട്രീയം കൈകാര്യം ചെയ്യാനറിയുന്നവര്‍ ഇല്ല. ഉള്ളവരെ സിപിഎം വിരട്ടിനിര്‍ത്തി. എ കെ ജി സെന്റര്‍ തീരുമാനിക്കും, എംഎന്‍ സ്മാരകത്തില്‍ നിര്‍ദ്ദേശം വരും. അതാണ് ശൈലി. തന്മൂലം സമരത്തിന് ആധാരമായ അജണ്ട സ്വീകരിക്കാനാളില്ലാതായി. അങ്ങനെയാണ് രാഷ്ട്രീയത്തിനു പുറത്തുള്ളവരുന്നയിക്കുന്ന വ്യക്തികേന്ദ്രീകൃത ആക്ഷേപങ്ങള്‍ക്ക് പിന്നാലെ അവര്‍ക്ക് പോകേണ്ടിവന്നത്. സരിത നായരുടെ പിന്നാലെ പ്രതിപക്ഷം നടന്നുവെന്ന് പറഞ്ഞാല്‍ പരിഹസിക്കുകയാണെന്ന് തോന്നരുത്. സരിത വാതുറക്കുന്നതായിരുന്നു പ്രതിപക്ഷവിഷയങ്ങള്‍. ക്വാറി ഉടമ ശ്രീധരന്‍ നായര്‍, സരിതയുടെ ഭര്‍ത്താവായിരുന്ന ബിജു രാധാകൃഷ്ണന്‍, കള്ള് കച്ചവടക്കാരനായ ബിജു രമേശ് എന്നിവരൊക്കെയാണ് കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ നാക്ക്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കിട്ടുന്ന അവസരം പ്രതിപക്ഷം ഉപയോഗിക്കാറുണ്ട്. ധാര്‍മ്മികത എന്നൊന്ന് രാഷ്ട്രീയത്തിലില്ല. തന്ത്രങ്ങളുടെ വിജയമാണ് രാഷ്ട്രീയം. എന്നാല്‍ ഇവിടെ സര്‍ക്കാരിനെ താഴെയിറക്കാന്‍ പോയവര്‍ താഴെപ്പോയ അനുഭവമാണ്. സരിത നായര്‍ വിഷയം കത്തിനില്‍ക്കുമ്പോഴാണ് ആ വിഷയം ഉന്നയിച്ച് സമരം ചെയ്ത ഇടതുമുന്നണിയില്‍ നിന്നും ആര്‍.എസ്.പി വിട്ടതുംയുഡിഎഫ് ലോക് സഭാ ഇലക്ഷനില്‍ ജയിച്ചതും. ഭരണ വിരുദ്ധ വികാരം ഉണ്ടാക്കാന്‍ സാധിക്കാത്ത ഒരു പ്രതിപക്ഷം ആ പേരിന് യോജിച്ചതല്ല. ഇവിടെ ഇടതുമുന്നണി എന്നാല്‍ പ്രതിപക്ഷ മുന്നണിയെന്ന് വരുന്നില്ല. അവര്‍ നാളെ ഭരണം കാംക്ഷിക്കുന്ന സംഘമെന്നേ വരുന്നുള്ളു. ഭരണ മുന്നണിയില്‍ നിന്ന് പാര്‍ട്ടികളെ അടര്‍ത്തിയെടുക്കാന്‍ മറുപക്ഷത്തുള്ളവര്‍ ശ്രമിക്കും. എന്നാല്‍ അതിനു പുറപ്പെട്ട് കൈകാലുകള്‍ ഒടിഞ്ഞത് നമ്മുടെ ഇടതു മുന്നണിക്കാണ്. ആരേയും കിട്ടാതെ വന്നപ്പോള്‍ ലഭിച്ചത് ആര്‍.ബാലകൃഷ്ണപിള്ളയെ.ഇടതുമുന്നണി വഴിയമ്പലമല്ലഎന്ന്‌കോടിയേരി പറയുന്നത് കേട്ടു. എന്നാല്‍ പിള്ളവന്നത് ആരുമറിഞ്ഞില്ല. ആരും വിളിക്കാതെ വന്ന് വേദി കയ്യടക്കി പ്രസംഗിച്ചുപോയി. വഴിയമ്പലമായതുകൊണ്ടാണല്ലോ പിള്ള കയറി വന്നത്. പ്രതിപക്ഷ നേതാവിനെ മാറ്റണമെന്ന് നേതാവിന്റെ പാര്‍ട്ടി ആവശ്യപ്പെടുക. അത് നടപ്പാക്കാന്‍ കഴിയാതിരിക്കുക. ആ നേതാവിനെ സ്വന്തം പാര്‍ട്ടി തള്ളിപറയുക. തനിക്ക് പാര്‍ട്ടിപുല്ലാണെന്ന് പ്രതിപക്ഷ നേതാവ് ഓരോ ദിവസവും തെളിയിച്ച് കൊണ്ടിരിക്കുക. എന്തൊരു ഗതികേടെന്ന് നോക്കൂ. എല്ലാം കഴിഞ്ഞ് സിപിഎമ്മിലെ ഇപി ജയരാജന്‍ പറയുന്നത് കേട്ടില്ലേ. മുസ്ലീം ലീഗിനെ കൂട്ടി ഭരിക്കാമെന്ന്. ഇക്കണക്കിന് നാളെ കോണ്‍ഗ്രസ്സ് വിളിച്ചാല്‍ സിപിഎം കൂടെ പോരും. അവര്‍ക്ക് ഭരണം മതി. ആരുടെ കൂടെയെന്നത് പ്രശ്‌നമല്ല. കാര്യം നടക്കണം.ഇനി ഹെഡ്ഡിങ്ങിലേക്ക് മടങ്ങി വരാം. എളമരംകരീംമന്ത്രിയായിരിക്കേ അഴിമതി നടത്തി. തെളിവ് നല്‍കിയത് അക്കാലത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍.മനോരമ വാര്‍ത്ത പുറത്ത് കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ്സിനെ രക്ഷിക്കാനെന്നായി സിപിഎം. അതിനെന്താ തെറ്റ്. ജനത്തിന് വേണ്ടത് കോണ്‍ഗ്രസ്സിനെയാണെങ്കില്‍ സഹായിക്കാന്‍ നല്ലവരായ എല്ലാവരും വരും.മനോരമക്ക് സിപിഎമ്മിനോട് വിരോധമുണ്ടെന്ന് തോന്നുന്നില്ല. മിന്നല്‍ പിണറായി എന്ന് വിശേഷിപ്പിച്ച് പിണറായി വിജയനെ മാന്‍ ഓഫ് ദി ഇയര്‍ സമ്മാനിച്ചത് മനോരമയാണ്. അത് മറക്കേണ്ട. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം