malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

മേക്ക് ഇന്‍ ഇന്ത്യയുടെ മറവില്‍ കോര്‍പ്പറേറ്റ്‌വത്ക്കരണം

എം. ജോണ്‍സണ്‍ റോച്ച്
മേക്ക് ഇന്‍ ഇന്ത്യ എന്നു പറഞ്ഞുകൊണ്ട് എന്‍ഡിഎ സര്‍ക്കാര്‍ തങ്ങളുടെ ഭൂരിപക്ഷം ഉപയോഗിച്ച് ലോകസഭയില്‍ 2015 മാര്‍ച്ചില്‍ പാസ്സാക്കിയെടുത്ത ലാന്റ് അക്വിസിഷന്‍ റിഹാബിലിറ്റേഷന്‍ ആന്റ് റീ സെറ്റില്‍മെന്റ് 2015 ബില്‍ (എല്‍എഎആര്‍ അമെന്‍ഡ്‌മെന്റ് ബില്‍ 2015) കര്‍ഷക ജനതയില്‍ നിന്നും ഭൂമി ബലമായി പിടിച്ചെടുത്ത് കോര്‍പ്പറേറ്റുകളെ ഏല്പിച്ച് കര്‍ഷകരെ അവരുടെ നിലവിലെ ജീവിതാവസ്ഥയില്‍ നിന്നും ആട്ടിപ്പായിക്കാന്‍ വേണ്ടിയുള്ളതാണ്. 1894-ല്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമം പ്രയോഗിച്ചാണ് 2014 ജനുവരി വരെ വികസനത്തിനെന്ന പേരില്‍ ഭൂമി ഏറ്റെടുത്തുകൊണ്ടിരുന്നത്. 1894-ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂഉടമകളുടെ അനുമതിയോ, സാമൂഹ്യ-പാരസ്ഥിതിക പ്രത്യാഘാതങ്ങളോ പരിഗണിച്ചിരുന്നില്ല. ഇത്തരത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുത്തതിലുള്ള പ്രതിഷേധമാണ് ഒഡീഷയിലെ കലിംഗനഗറിലും, പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിലും, സിംഗൂരിലും, യുപിയിലെ നോയിഡയിലും, മഹാരാഷ്ട്രയിലെ ജയ്താപൂരിലും, ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും ജനകീയ പ്രക്ഷോഭങ്ങളായി ഉയര്‍ന്നുവന്നത്. ഈ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പുതിയൊരു നിയമം ഭൂമി ഏറ്റെടുക്കലിനായി ആവശ്യമാണെന്ന ചര്‍ച്ച പരക്കെ ഉയര്‍ന്നു. ഈ ചര്‍ച്ച ഇന്ത്യന്‍ സമൂഹത്തില്‍ സജീവമായതോടെ ഇന്ത്യയിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഭൂമി ഏറ്റെടുക്കലിനായി പുതിയ നിയമം ആവശ്യമാണെന്ന ആവശ്യം ഉന്നയിച്ചതിന്റെ ഫലമായി യുപിഎ സര്‍ക്കാര്‍ 2013-ല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമം കൊണ്ടുവരാന്‍ നിര്‍ബന്ധിതരായി. 2013-ലെ നിയമം പാസ്സാക്കുന്നതിനു മുന്നോടിയായി നിയമിച്ച രണ്ട് പാര്‍ലമെന്ററി കമ്മിറ്റികളും നേതൃത്വപരമായ പങ്കുവഹിച്ചത് ബിജെപിയാണ്. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരില്‍ കുറഞ്ഞത് എഴുപതുശതമാനത്തിന്റെ അംഗീകാരം ഉറപ്പാക്കുന്നു. കുടിയൊഴിക്കപ്പെടുന്നവര്‍ക്ക് അര്‍ഹമായ പുനരധിവാസവും, നഷ്ടപരിഹാരവും ഉള്‍പ്പെടുന്നു. ഏറ്റെടുത്ത ഭൂമി അഞ്ചുവര്‍ഷത്തിനകം ഉപയോഗയോഗ്യമാക്കിയില്ലെങ്കില്‍ ഉപാധികളില്ലാതെ മുന്‍ ഉടമകള്‍ക്കു തന്നെ തിരികെ നല്കണമെന്ന വ്യവസ്ഥ ചെയ്യുന്നു. 2013 ലെ ഈ നിയമത്തെ അട്ടിമറിച്ചുകൊണ്ടാണ് 2014 ഡിസംബര്‍ 31ന് ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് മോദി സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്. തുടര്‍ന്ന് 2015 മാര്‍ച്ച് 9ന് ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്‍ കൊണ്ടുവരികയും ലോകസഭയുടെ ഭൂരിപക്ഷത്തില്‍ ഊന്നിനിന്നുകൊണ്ട് ബില്‍ പാസ്സാക്കി ഏടുക്കുകയും ചെയ്തിരിക്കുന്നു. 2015-ലെ നരേന്ദ്രമോദിയുടെ ബില്‍ വ്യവസായ ഇടനാഴികള്‍, പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍, ഫഌറ്റ് നിര്‍മ്മാണം, പ്രതിരോധം, ഗ്രാമീണ അടിസ്ഥാന സ്വകാര്യവികസനം എന്നിവയ്ക്ക് ഭൂമി ഏറ്റെടുക്കാനായി 2013-ലെ നിയമത്തില്‍ പറയുന്ന ഭൂമി വിട്ടുകൊടുക്കുന്നതിന് കുറഞ്ഞത് 70 ശതമാനം പേരുടെയെങ്കിലും സമ്മതം വേണമെന്നതും, സാമൂഹ്യ-പരിസ്ഥിതി ആഘാതപഠനം നടത്തണമെന്നുള്ളതും, പുനരധിവാസം നടത്തണമെന്നുള്ളതും ബാധകമല്ലെന്നു പ്രഖ്യാപിക്കുന്നു. 1894-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍പോലും കുറഞ്ഞതോതിലെങ്കിലും കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. ഇപ്പോള്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കുറച്ച് പണം ഉറപ്പാക്കുന്നതുകൊണ്ട് വലിയ പ്രയോജനം ഉണ്ടാകാന്‍ പോകുന്നില്ല. പകരം വേറെ വാങ്ങാന്‍ സ്വതന്ത്രമായ ഭൂമി മറ്റൊരിടത്ത് നിലവിലില്ല. ഭൂമി കച്ചവടം റിയല്‍ എസ്റ്റേറ്റുകാരുടെ കൈപ്പിടിയിലുമാണ്. ഭൂമിക്കാണെങ്കില്‍ പൊള്ളുന്ന വിലയുമാണ്. ലഭിക്കുന്ന കുറച്ചു പണംകൊണ്ട് എവിടെയെങ്കിലും കുറേക്കാലം ജീവിച്ചശേഷം കുടിയൊഴിക്കപ്പെടുന്നവര്‍ ചേരിനിവാസികളും, കുടിയേറ്റ തൊഴിലാളികളുമായി മാറാനാണു പോകുന്നത്. 2013-ല്‍ ബിജെപി പിന്തുണയോടെ പാസ്സാക്കുകയും 2014-ല്‍ പ്രാബല്യത്തില്‍ വരുകയും ചെയ്ത ബില്‍ വീണ്ടും ചുരുങ്ങിയ കാലയളവിനുള്ളില്‍ എന്തിനാണ് ഭേദഗതി ചെയ്യുന്നത്? ബ്രിട്ടീഷ് ഭരണകാലത്തെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തെക്കാള്‍ അതിഭീകരമാണു മോദിയുടെ ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്‍ 2015 എന്നതാണ് വസ്തുത. ഈ ബില്‍ ലോകസഭയില്‍ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ പാസ്സാക്കാനായെങ്കിലും, രാജ്യസഭയില്‍ ബിജെപിക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ പാസ്സാക്കി എടുക്കാനായി എന്തു സാഹസവും കോര്‍പ്പറേറ്റ് വത്ക്കരണത്തിന്റെ വക്താക്കളായ ബിജെപിക്കാര്‍ കാട്ടും. അതിനായി ഈ ബില്ലില്‍ ചില മാറ്റങ്ങള്‍ വരുത്തി കോണ്‍ഗ്രസ് പിന്തുണയോടുകൂടി തന്നെ ബില്‍ പാസ്സാക്കി എടുക്കാനുള്ള നീക്കങ്ങളുണ്ടാകും. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചുചേര്‍ത്ത് ഈ ബില്‍ പാസ്സാക്കിയെടുക്കാനുള്ള തന്ത്രവും നരേന്ദ്രമോദി സര്‍ക്കാര്‍ എടുത്തു പ്രയോഗിക്കാനുള്ള സാധ്യതയും ഏറെയാണ്. കോര്‍പ്പറേറ്റുകള്‍ക്കൊപ്പം ഭൂമാഫിയകള്‍ക്കും റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ക്കും, കള്ളപ്പണക്കാര്‍ക്കും ഇപ്പോഴത്തെ ഭൂമി ഏറ്റെടുക്കല്‍ നിയമം പാസ്സാക്കി എടുക്കേണ്ടത് അവരുടെ ഒരാവശ്യമാണ്. അതിനായി അവര്‍ പിന്നില്‍ നിന്ന് എല്ലാ പാര്‍ട്ടികളെയും സ്വാധീനിച്ച് ഈ കരിനിയമം പാസ്സാക്കി എടുക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. തൊഴിലാളികളുടെ അധ്വാനം ചൂഷണം ചെയ്ത് അമിത ലാഭം കൊയ്ത് മൂലധനം കൂട്ടുന്നതിനുപുറമെ, ഭൂമിയും പ്രകൃതിവിഭവങ്ങളും ഇനിയും കൂടുതല്‍ കയ്യടക്കി കോര്‍പ്പറേറ്റുകള്‍ക്ക് മൂലധനം വര്‍ധിപ്പിക്കാന്‍ മോദിയുടെ ബില്‍ ഉപകരിക്കപ്പെടും. എല്‍എഎആര്‍ 2015 ബില്‍ നിയമമായാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് അതിവേഗം മൂലധനം വര്‍ധിപ്പിക്കാനുള്ള ഒരു ഉപാധിയായി ഭൂമി മാറ്റപ്പെടും. വ്യവസായ ഇടനാഴികള്‍, സ്മാര്‍ട്ട്‌സിറ്റി, ഹബ്ബുകള്‍, ടൗണ്‍ഷിപ്പുകള്‍, വന്‍കിട ഫഌറ്റ് നിര്‍മ്മാണം എന്നിവയുടെ മറവില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഭൂമി സമാഹരിക്കാന്‍ കഴിയും. ഈ ബില്‍ നിലവില്‍ വന്നാല്‍ മേക്ക് ഇന്‍ ഇന്ത്യയുടെ പേരില്‍ വളരെ കുറഞ്ഞ ഭൂമിയില്‍ കൃഷി ചെയ്യുന്നവരും താമസിക്കുന്നവരും അവരുടെ ആവാസവസ്ഥയില്‍ നിന്നും തുരത്തി ഓടിക്കപ്പെടും. ഇവര്‍ അസംഘടിത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചേരി നിവാസികളായി മാറും. അങ്ങനെ ചേരികള്‍ സൃഷ്ടിക്കാനും കുടിയേറ്റ തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുമുള്ള സാഹചര്യം സംജാതമാകും. ചേരികളില്‍പ്പോലും ഇടംകിട്ടാത്ത കുടിയൊഴിക്കപ്പെടുന്ന കര്‍ഷകരും, ദളിതരും, ആദിവാസികളും കനാല്‍, നദീതീര പുറമ്പോക്കുകളില്‍ അഭയം പ്രാപിക്കുന്ന സാഹചര്യമുണ്ടാകും. കര്‍ഷകരുടെ അനുമതി ഇല്ലാതെയും, സാമൂഹ്യ-പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ പരിശോധിക്കപ്പെടാതെയും, ശരിയായ പുനരിധിവാസ പാക്കേജ് ഇല്ലാതെയും ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് ഉറപ്പുവരുത്താനാണ് 2013-ല്‍ ഭൂമി ഏറ്റെടുക്കല്‍ നിയമം പാസ്സാക്കിയത്. ഇത് പാസ്സാക്കാന്‍ പങ്കാളികളായിരുന്ന ബിജെപി തന്നെയാണ് ഈ നിയമത്തെ അട്ടിമറിക്കാനായി ബില്‍ കൊണ്ടുവന്നിരിക്കുന്നത്! ഈ അട്ടിമറി ബില്ലിനെതിരെ ഇങ്ങനെയൊരു ശക്തമായ പ്രതിഷേധം നമ്മുടെ പ്രധാനമന്ത്രി ഒട്ടും നിനച്ചിരിക്കില്ല. പ്രതിപക്ഷ പാര്‍ട്ടികളിലാരെങ്കിലും ഈ നിയമം പാസ്സാക്കാനായി കൂട്ടുനിന്നാല്‍ അവര്‍ ജനതയില്‍ നിന്നും ഒറ്റപ്പെട്ടുപോകുമെന്ന് ഇന്ത്യന്‍ ജനതയുടെ പ്രതിഷേധങ്ങള്‍ അവരെയും ബോദ്ധ്യപ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന 14 പാര്‍ട്ടികളും ഈ കരിനിയമത്തിനെതിരെ ഇനിയും ഒറ്റക്കെട്ടായി തന്നെ നിന്നു പോരാടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം