malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

പിള്ള കള്ളന്‍ തന്നെ എന്ന് പറഞ്ഞത് വി.എസ്

എസ്. സുധീശന്‍
ഇടമലയാര്‍ കേസില്‍ സുപ്രീം കോടതിയില്‍ വി എസ് സ്വന്തം നിലയില്‍ കേസ് നടത്തിയാണ് പിള്ളക്ക് ജയില്‍ ശിക്ഷ വാങ്ങിക്കൊടുത്തത്. ഇതിനുവേണ്ടി ലക്ഷങ്ങള്‍ ചിലവഴിച്ചു. കോടതി വിധി വന്നപ്പോള്‍ കള്ളന്മാര്‍ക്ക് ഇത് പാഠമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ഗ്രാഫൈറ്റ് കേസില്‍ കോടതി ശിക്ഷിക്കുമ്പോള്‍ പിള്ള മന്ത്രിയാണ്. രാജിക്ക് വേണ്ടി പിണറായി ഉള്‍പ്പെടുന്ന നേതാക്കള്‍ സത്യാഗ്രഹം കിടന്നു. ഇടമലയാര്‍ കേസില്‍ എറണാകുളം പ്രത്യേക കോടതി ബാലകൃഷ്ണ പിള്ളയെ ശിക്ഷിച്ചെങ്കിലും ഹൈക്കോടതിയുടെ തീരുമാനം മറിച്ചായിരുന്നു. മൂന്നു പ്രതികളേയും വെറുതെ വിടുകയായിരുന്നു. അന്ന് സംസ്ഥാനം ഭരിച്ചിരുന്ന യു ഡി എഫ് ഗവണ്‍മെന്റ് കേസ്സ് തുടര്‍ന്നു നടത്താതെ പിള്ളയെ സഹായിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അച്യുതാനന്ദന്‍ വിട്ടില്ല. കള്ളനെ വിടാന്‍ പറ്റില്ലെന്ന നിലപാട് അദ്ദേഹം എടുത്തു. സ്വന്തം നിലയില്‍ കേസ് കൊടുത്തു. സുപ്രീം കോടതിയില്‍ സ്വന്തം നിലയില്‍ ഒരു അപ്പീല്‍ കൊടുക്കണമെങ്കില്‍ ഭാരിച്ച ചിലവുണ്ടാകും. കേസിന് വേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ വി എസിന് എവിടെ നിന്നാണ് പണം എന്ന ചോദ്യവും ഉയര്‍ന്നു. അതിന് ഇന്നുവരെ അദ്ദേഹം മറുപടി പറഞ്ഞിട്ടില്ല. വി എസി ന്റെ ആഗ്രഹം സഫലമായി. സുപ്രീം കോടതി പിള്ളയടക്കം മൂന്നു പ്രതികളേയും ഒരു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. 10000 രൂപ പിഴയും. കള്ളന്മാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്തത് താനാണെന്ന് വി എസ് അഭിമാനപൂര്‍വ്വം അവകാശപ്പെടുകയും ചെയ്തു. കള്ളന്മാര്‍ക്ക് ഇത് പാഠമാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. പിള്ളയ്ക്ക് ജയിലില്‍ പോകാതെ മാര്‍ഗ്ഗമില്ലെന്നായി. എറണാകുളത്തെ പ്രത്യേക കോടതിയില്‍ പിള്ള കീഴടങ്ങിയത് മകന്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയും മരുമകന്‍ ഗവണ്‍മെന്റ് സെക്രട്ടറി ടി ബാലകൃഷ്ണനും ഒത്തുവന്നാണ്. പതിവ് പോലെ ക്ഷേത്ര വന്ദനവും നടത്തി കുറിയും തൊട്ട് കോടതി മുറിയിലേക്ക് കയറുമ്പോള്‍ പിള്ളയുടെ മുഖത്തെ രക്തമയം മാഞ്ഞ് വിളറിയിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയക്കണമെന്ന പിള്ളയുടെ അഭിഭാഷകന്റെ അഭ്യര്‍ത്ഥന കോടതി സ്വീകരിച്ചു. എന്നാല്‍ വി ഐ പി പരിഗണന നല്‍കണമെന്നത് നിരാകരിച്ചു. പിള്ളയെ അപ്പോള്‍ തന്നെ പൂജപ്പുരയിലേക്ക് അയച്ചു. പൂജപ്പുര ജയില്‍ പിള്ളയ്ക്ക് പരിചിതമാണ്. നേരത്തേയും അവിടെ കിടന്നിട്ടുണ്ട്. ജയിലിലെ ആശുപത്രി ബ്ലോക്കിലെ പ്രത്യേക മുറിയാണ് നല്‍കിയത്. പത്തുവര്‍ഷം മുമ്പ് ഗ്രാഫൈറ്റ് കേസ്സില്‍ ശിക്ഷ വാങ്ങി വന്നപ്പോഴും കിടന്ന അതേമുറി. ജയിലില്‍ ഇടക്കിടെ എത്തുന്ന സ്ഥിരം കുറ്റവാളികള്‍ക്ക് ഇങ്ങനെ സ്ഥിരം മുറി നല്‍കാറുണ്ടത്രേ. കൂട്ടുപ്രതിയായി ജയിലില്‍ വന്ന പി ജെ സജീവിന് സാധാരണ തടവുകാരെ പാര്‍പ്പിക്കുന്ന എ ബ്ലോക്കിലെ സെല്ല് തന്നെ നല്‍കി. പിള്ളയ്ക്ക് രാഷ്ട്രീയ തടവുകാരുടെ പരിഗണന നല്‍കിയില്ല. എന്നാല്‍ കട്ടിലും മെത്തയും ഫാനും നല്‍കി ജയില്‍ യൂണിഫോമും ഇടുവിച്ചില്ല. പിള്ളയെ ശിക്ഷിക്കുമ്പോള്‍ അച്യുതാനന്ദനാണ് മുഖ്യമന്ത്രി. അടുത്ത തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ അദ്ദേഹത്തിന് മത്സരിക്കാനായില്ല. പകരം തന്റെ പാര്‍ട്ടിയില്‍പെടുന്ന ഒരാള്‍ക്ക് സീറ്റ് കൊടുക്കാനുള്ള വിശാല മനസൊന്നും പിള്ളയ്ക്കുണ്ടായില്ല. തന്റെ ഒരു അടുത്ത ഡമ്മിയായ ഡോ. മുരളിയെ സ്ഥാനാര്‍ത്ഥിയാക്കി. അദ്ദേഹം എട്ടുനിലയില്‍ പൊട്ടി. വി എസ് അച്യുതാനന്ദന്‍ ഈ പരാക്രമമെല്ലാം കാണിച്ചെങ്കിലും യു ഡി എഫിന് തന്നെയാണ് ആ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചത്. മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി പിള്ളയെ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിലാക്കി. പിന്നെ പരോള്‍ അനുവദിച്ചു. 70 കഴിഞ്ഞ തടവുകാരനെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചു. ഇതെല്ലാം പിള്ളയ്ക്ക് വേണ്ടിയാണെന്ന് വി എസും, പിണറായിയും ഒരേ സ്വരത്തില്‍ കുറ്റപ്പെടുത്തി. ഒരു വര്‍ഷം ശിക്ഷ അനുഭവിക്കേണ്ടിയിരുന്ന പിള്ള കുറേ ദിവസങ്ങള്‍ മാത്രമേ ജയിലില്‍ കിടന്നുള്ളു. വി എസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഉമ്മന്‍ചാണ്ടിയുടെ കാരുണ്യംകൊണ്ട് പുറത്തിറങ്ങി. ഗ്രാഫൈറ്റ് കേസ്സാണ് പിള്ള ശിക്ഷിക്കപ്പെട്ട ആദ്യകേസ്. 1984-85 കാലത്ത് ബാംഗ്ലൂരിലെ ഗ്രാഫൈറ്റ് ഇന്ത്യ ലിമിറ്റ്ഡ് എന്ന സ്വകാര്യ കമ്പനിക്ക് സര്‍ക്കാരും വൈദ്യുതി ബോര്‍ഡും അറിയാതെ വൈദ്യുതി മറിച്ചു വിറ്റു എന്നായിരുന്നു കേസ്സ്. തിരുവനന്തപുരം എന്‍ക്വയറി കമ്മീഷണര്‍ ആന്റ് സെഷന്‍സ് ജഡ്ജ് ഒരു വര്‍ഷം കഠിന തടവും 10000 രൂപ പിഴയും പിള്ളയെ ശിക്ഷിച്ചു. ആന്റണി മന്ത്രിസഭയില്‍ പിള്ള മന്ത്രിയാണ് അന്ന്. സ്വാഭാവികമായും ഇടതുപക്ഷം പിള്ളയുടെ രാജി ആവശ്യപ്പെട്ടു. അതിനുവേണ്ടി പിണറായിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹം വരെ നടത്തി. ഒടുവില്‍ പിള്ള രാജിവച്ചു. അന്ന് ജോസഫ് എം പുതുശേരി പിള്ളയുടെ കൂടെയുള്ള എം എല്‍ എയാണ്. പിള്ള ഒഴിഞ്ഞ സ്ഥാനത്തേക്ക് പുതുശ്ശേരി മന്ത്രിയാകുമെന്ന് എല്ലാവരും ധരിച്ചു. ഞങ്ങളുടെ പാര്‍ട്ടിക്ക് ഞാന്‍ അല്ലെങ്കില്‍ മന്ത്രി വേണ്ട എന്ന നിലപാടായിരുന്നു പിള്ളയ്ക്ക്. ഏതായാലും ഹൈക്കോടതി പിള്ളയെ വെറുതെവിട്ടു. പിള്ളയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട ടി ശിവദാസ മേനോന്‍ വി എസിനെ പോലെ സ്വന്തം നിലയില്‍ കേസ് കൊടുത്തില്ല. അത്‌കൊണ്ട് പിള്ള അന്ന് രക്ഷപ്പെട്ടു. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം