malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

ഇന്‍ഡോനേഷ്യ: വധശിക്ഷയുടെ ബാക്കിപത്രം

പ്രൊഫ. ജോണ്‍ സിറിയക്
ജൊക്കോവി എന്ന തനി സാധാരണക്കാരനായ നേതാവ് ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലോകം അത്ഭുതത്തെക്കാള്‍ ആദരവോടെയാണ് അത് സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവുമേറെ ജനസാന്ദ്രതയുള്ള മുസ്ലീം രാജ്യമാണ് ഇന്തോനേഷ്യ. മതവും രാഷ്ട്രീയവും കെട്ടുപിണഞ്ഞ് കലുഷിതമായ ഇസ്ലാമിക് രാജ്യങ്ങള്‍ക്ക് ഈ ജനകീയ നേതാവ് പുതിയ പ്രകാശമാകുമെന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ജക്കാര്‍ത്തയില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്രക്കൊന്നും ഇമ്പകരമല്ല. ഏതാണ്ടൊരു കടുംപിടുത്തക്കാരന്റെ മാനസീകാവസ്ഥയിലാണ് പ്രസിഡന്റ് എന്ന് ലോകം ചിന്തിക്കാന്‍ തുടങ്ങി. ക്രമേണ ഏകാധിപത്യത്തിലേക്കുള്ള ചുവടുമാറ്റത്തിന്റെ നിഴലാട്ടം അദ്ദേഹത്തില്‍ കാണുന്നവരുമുണ്ട്. തുടക്കം ഇങ്ങനെയാണ്. ജനുവരിയില്‍ മയക്കുമരുന്നു കടുത്തുകാരായ ആറുപേരെ ഫയറിംഗ് സ്‌ക്വാഡ് വെടിവെച്ചുകൊന്നു. അതിരുകടന്നൂ, ആ വധം എന്ന് ചിന്തിച്ചവര്‍പോലും അതൊരു ഒറ്റപ്പെട്ട സംഭവമായാണ് കണ്ടത്. എന്നാല്‍ ഏപ്രില്‍ 29ന് എട്ടുപേരെയാണ് വെടിവെച്ചുകൊന്നത്. അതും ലോകരാഷട്രങ്ങളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് രണ്ടുപേര്‍ ആസ്‌ട്രോലിയന്‍ പൗരന്മാരായിരുന്നു. നാല് നൈജീരിയക്കാര്‍; ഒരു ബ്രസീലിയന്‍. ഒരാള്‍ മാത്രം ഇന്‍ഡോനേഷ്യന്‍, വല്ലാത്ത അന്തര്‍ദേശീയ രോഷം കത്തിക്കാന്‍ ഈ സംഭവം കാരണമായി. ഒരു ഫിലിപ്പിനോ മാത്രം തല്‍ക്കാലത്തേക്ക് അവസാന നിമിഷം രക്ഷപ്പെട്ടു. മയക്കുമരുന്നു കടത്തല്‍ തന്നെയായിരുന്നു കുറ്റം. ഒരുപാട് സമ്മര്‍ദ്ദം ചെലുത്തിയിട്ടും തങ്ങളുടെ രണ്ടു പൗരന്മാരെ വധശിക്ഷക്ക് വിധേയരാക്കിയതിന്റെ രോഷം ആസ്‌ട്രേലിയ ഉടനെ പ്രകടിപ്പിച്ചു. അവരുടെ അമ്പാസഡറെ പിന്‍വലിച്ചു. അപ്രതീക്ഷിതവും അനിതരസാധാരണവും എന്നും, ചരിത്രത്തിലെ ഇരുണ്ട മണിക്കൂര്‍" എന്നും കടുത്ത ഭാഷയില്‍ ആസ്‌ട്രേലിയ സംഭവത്തെ അപലപിച്ചു. 2005 ല്‍ ബാലിദ്വീപില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആന്‍ഡ്രൂയാന്‍, മയൂരന്‍ സുകുമാരന്‍ എന്നിവരായിരുന്നു ആസ്‌ട്രേലിയന്‍ പൗരന്മാര്‍. വധശിക്ഷക്ക് രണ്ടുനാള്‍ മുമ്പ് യാന്‍ അയാളുടെ കാമുകിയെ വിവാഹം ചെയ്തിരുന്നു. നല്ലൊരു ചിത്രകാരനായ സുകുമാരന്‍ ജയിലില്‍ ചിത്രങ്ങള്‍ വരച്ച് സമയം ചിലവഴിച്ചു. അവരുടെ മനംമാറ്റം ഓര്‍ത്തിട്ടെങ്കിലും വധശിക്ഷയില്‍ നിന്നൊഴിവാക്കണമെന്ന് അവസാനനിമിഷം വരെ ആസ്‌ട്രേലിയ ആവശ്യപ്പെട്ടെങ്കിലും നിഷ്ഫലമായി. ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി 2013 ല്‍ ടോണി ആബട്ട് സ്ഥാനമേറ്റതിനു പിന്നാലെ രണ്ടുസംഭവങ്ങള്‍ തെക്കന്‍ ചീന കടലില്‍ ഉണ്ടായിട്ടുണ്ട്. ഒന്ന് ജൊക്കോവിയുടെ മുന്‍ഗാമി സുശീലോ യുധോയോനോയുടെ ഫോണ്‍ ആസ്‌ട്രേലിയ ചോര്‍ത്തിയിരുന്നു എന്ന വെളിപ്പെടുത്തല്‍. രണ്ടാമത്തേത് ഇന്‍ഡോനേഷ്യയില്‍ നിന്ന് കയറിയ "ബോട്ട് പീപ്പിള്‍" എന്നു വിളിക്കുന്ന അഭയാര്‍ത്ഥികളെ നേവി ഇടപെട്ട് തിരിച്ചയച്ചത്. ബോട്ടുകളില്‍ തിങ്ങിനിറഞ്ഞു വരുന്നവരെ തിരിച്ചയക്കുമെന്ന തെരഞ്ഞെടുപ്പുകാലത്തു തന്നെ ആബട്ട് പ്രഖ്യാപിച്ചിരുന്നു. ഇവയാവാം ജൊക്കോവിയെ പ്രകോപിച്ചിട്ടുണ്ടാവുക. അതേസമയം ആസ്‌ട്രേലിയയുടെ ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം സ്വീകരിക്കുന്നത് ഇന്‍ഡോനേഷ്യയാണ്. ഏതായാലും ഈ സംഭവം ജൊക്കോവിയുടെ വിദേശബന്ധങ്ങളെ ഉലക്കുമെന്നുറപ്പാണ്. അതാണ് ജൊക്കോവിയുടെ പ്രധാന പ്രശ്‌നമെന്ന് രാഷ്ട്രീയ പണ്ഡിതന്മാര്‍ പറയുന്നു. വിദേശരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന് കാര്യമായ ജ്ഞാനമില്ല. അത് ഇന്‍ഡോനേഷ്യപോലെ വലിയൊരു രാജ്യത്തെ പ്രതികൂലമായി ബാധിക്കും. ഇരുപത്തി അഞ്ചുകോടി ജനസംഖ്യയുള്ള ആ രാജ്യം തെക്കു കിഴക്കന്‍ ഏഷ്യയിലെ ഏറ്റഴും വലിയ രാജ്യമാണ്. എന്നാല്‍ 1998 ല്‍ സുഹാര്‍ത്തോയുടെ പതനത്തിനുശേഷം രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ തടവറയിലായിത്തീര്‍ന്നു. അത് സാമ്പത്തീക മാന്ദ്യത്തിനും, വികസന സ്തംഭനത്തിനും കാരണമായി. സാമ്പത്തീകവും സാങ്കേതികവുമായ വിദേശ സഹായങ്ങളുണ്ടെങ്കിലേ അവര്‍ക്ക് കരകയറാന്‍ കഴിയൂ. സഹായിക്കാന്‍ മനസ്സും കഴിവും ഉള്ള ആസ്‌ട്രേലിയയെ ഇമ്മാതിരി വെറുപ്പിക്കുന്നത് ഗുണകരമാവില്ലെന്ന് പ്രസിഡന്റിനെ ബോധ്യപ്പെടുത്താന്‍ ആരുമില്ലാതായി! മുന്‍ഗാമിയായ യുധെയോനെ പിന്‍തുടര്‍ന്നത് മറ്റൊരു വിദേശനയമായിരുന്നു. "സുഹൃത്തുക്കള്‍ ആയിരം ശത്രുക്കള്‍ ആരുമില്ല" എന്നായിരുന്നു അത്. ശരിയാണ് ഇന്‍ഡോനേഷ്യക്ക് കാര്യമായ ശത്രുക്കള്‍ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ "ആസിയാന്‍" രാജ്യങ്ങളുടെ വേദിയില്‍ വലിയ റോള്‍ ആയിരുന്നു അവര്‍ക്ക്. കൊച്ചുകൊച്ചു രാജ്യങ്ങള്‍ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. ആയിരം സുഹൃത്തുക്കള്‍ എന്ന സല്‍പ്പേര് നേടാന്‍ പുതിയ പ്രസിഡന്റിന് അത്ര താല്പര്യമൊന്നുമില്ലെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ തെളിയിക്കുകയുണ്ടായി. "ദോഷം മാത്രമേ നമുക്കുണ്ടാവുന്നുള്ളു, എങ്കില്‍ ഇത്രയും സുഹൃത്തുക്കളെക്കൊണ്ടെന്തുകാര്യം? അദ്ദേഹം ചോദിക്കുകയുണ്ടായി. അതായത് ആസിയാന്‍പോലും പുതിയ ഇന്‍ഡോനേഷ്യക്ക് ഒരു ബിസിനസ് പ്ലാറ്റ്‌ഫോം മാത്രമാണ്. അത്തരമൊരു അന്താരാഷ്ട്രസംഘടനയില്‍ നിന്ന് അതിലപ്പുറമൊന്നും പ്രതീക്ഷിക്കാനുള്ള "വലിപ്പം" ജൊക്കോവിക്കില്ല എന്നാണ് ഇപ്പോള്‍ വിമര്‍ശകര്‍ വിലയിരുത്തുന്നത്. മത്സ്യബന്ധനമാണ് ഇന്‍ഡോനേഷ്യയുടെ മുഖ്യജീവിതമാര്‍ഗ്ഗം. സൗത്ത് ചൈന കടല്‍ ആസിയാന്‍ സമൂഹത്തിലെ അനവധി രാജ്യങ്ങളുടെ ജീവിത വേദിയുമാണ്. അതുകൊണ്ടു തന്നെ ആ കടലിടുക്ക് വലിയൊരു സംഘര്‍ഷമേഖലയായിരിക്കുകയാണ്. ആള്‍പാര്‍പ്പില്ലാത്ത അനവധി ദ്വീപുകള്‍ ചൈന നികത്തി കൈവശപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ചൈനയും ജപ്പാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ തന്നെ ദ്വീപുകളിന്മേലുള്ള അവകാശത്തര്‍ക്കമാണ്. ഈ പശ്ചാത്തലത്തില്‍ നുഴഞ്ഞുകയറുന്നു എന്ന് ഇന്‍ഡോനേഷ്യ മുദ്രകുത്തുന്ന അനവധി ഫിഷിംഗ് ബോട്ടുകളെ മുക്കിക്കളയാന്‍ ഇപ്പോള്‍ ജൊക്കോവി മുന്നിട്ടിറങ്ങിയിരിക്കയാണ്. ഒക്ടോബറില്‍ പ്രസിഡന്റ് പദം ഏറ്റെടുത്ത ഈ കന്നിക്കാരന്‍ അയല്‍രാജ്യങ്ങളായ തായ്‌ലാന്റിന്റേയും വിയറ്റ്‌നാമിന്റേയും മുപ്പതോളം ബോട്ടുകള്‍ മുക്കിക്കളഞ്ഞു. അത് ഇനിയും തുടരാനാണ് സാധ്യത.പക്ഷെ ചൈനയുടെ ഒരൊറ്റ നുഴഞ്ഞുകയറ്റ ബോട്ടും മുക്കിയിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധേയമായി. ഒരുപക്ഷെ അത് വല്യേട്ടനെപ്പേടിച്ചിട്ടാവാം. അല്ലെങ്കില്‍ ചൈനയുമായി സൗഹൃദം പുലര്‍ത്താനുള്ള പ്രായോഗിക ബുദ്ധിയാവാം. അതേസമംയ ജപ്പാനുമായി സൗഹൃദം ശക്തിപ്പെടുത്തണമെന്നും, അമേരിക്കയുടെ നേവല്‍ സാന്നിധ്യം കൂട്ടണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. എന്താണ് ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് ജോക്കോവിഡോ എന്ന ജോക്കോവിയുടെ മനസ്സിലിരിപ്പ് എന്ന് ലോകം കണ്ടെത്താനിരിക്കുന്നേയുള്ളൂ. ആയിരം സുഹൃത്തുക്കള്‍ വേണ്ടെങ്കിലും ഇന്‍ഡോനേഷ്യക്കും വേണം കുറച്ച് നല്ല അയല്‍ക്കാരും സുഹൃത്തുക്കളും. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം