malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

വൈവിധ്യമാര്‍ന്ന ഇന്ത്യയില്‍ ശാന്തമായ നിയമങ്ങള്‍ അനിവാര്യം

സതീഷ് പടക്കാറ
നിയമങ്ങള്‍ ലഘൂകരിച്ച്, ലഘൂകരിച്ച് കുറ്റവാളികള്‍ക്ക് നിയമത്തോട് ബഹുമാനമോ ഭയമോയില്ലാതായിരിക്കുന്നു, അവര്‍ക്ക് ജയിലുകള്‍ ടൂറിസ്റ്റ് ബംഗ്ലാവുകളുമായി മാറുന്നു! നിയമത്തേയും പൊലീസിനേയും ഭയമില്ലാതാകുന്നതോടെ വീണ്ടും വീണ്ടും കുറ്റവാളികളുടെ എണ്ണം കൂടുന്നു, നിയമങ്ങള്‍ ലഘൂകരിക്കുന്നതോടെ സംഭവിക്കുന്നത് അതുമാത്രമാണ്, ഇന്ത്യ വൈവിധ്യമാര്‍ന്ന ഒരു രാജ്യമാണ്, ഒരു ചെറിയകാര്യം മതി എന്തിനും; അവിടെ നിയമം നോക്കുകുത്തിയായി പോയാല്‍ എന്തെന്ത് സംഭവിച്ചുകൂടാ? ഗള്‍ഫ് രാജ്യങ്ങളിലേതുപോലെ കര്‍ശനവും ശക്തവുമായ നിയമങ്ങള്‍ ഈ രാജ്യത്തും ഉണ്ടായാല്‍ മാത്രമെ ഇന്ത്യ നന്നാവുകയുള്ളൂ; ആദ്യമായി പ്രതിഷേധമുയര്‍ന്ന, "നിര്‍ഭയ" ദല്‍ഹിയില്‍ നടന്നത് അവസാനത്തേതാകുമെന്ന് കരുതിയെങ്കിലും പക്ഷേ, സംഭവിച്ചത് മറിച്ചാണ്, തുടരെ തുടരെ "നിര്‍ഭയ" നടക്കുന്നുവെന്നതാണ് ദുഃഖസത്യം! ഇന്ത്യയില്‍ ഒരു സമാന്തര സമ്പത്ത്ഘടന തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു! കള്ളനോട്ടും സ്വര്‍ണ്ണക്കള്ളക്കടത്തും അനുസ്യൂതം നടക്കുന്നു! ഇപ്പോള്‍ സ്വര്‍ണ്ണക്കടത്ത് കിലോകണക്കിന് പിടിയ്ക്കുമ്പോള്‍ ഇതിനുമുമ്പ് നടന്നതിന്റെ കണക്ക് ഊഹിക്കാവുന്നതിലുമപ്പുറത്തായിരിക്കണം? അതിലൊതുങ്ങുന്നില്ല. ലഹരിമരുന്ന് വ്യാപനവും അഴിമതിയും രാജ്യത്തെ വല്ലാതെ ഉലച്ചിരിക്കുകയാണ്! ഈ സാഹചര്യങ്ങളില്‍ നിയമങ്ങള്‍ ലഘൂകരിച്ചാലുള്ള അവസ്ഥ രാജ്യത്തെ ശിഥിലീകരിക്കാനെ സഹായിക്കുകയുള്ളൂ! രാഷ്ട്രീയ പ്രസ്ഥാനങ്ങളും, ജാതി-മത സംഘടനകളും ഗുരുതരമായ തെറ്റ് ചെയ്യുന്നുണ്ട്. അവരവരുടെ അണികള്‍ തെറ്റായ പ്രവര്‍ത്തനങ്ങളിലേക്ക് പോകുന്നതിനെ തടയാതിരിക്കുന്നത് ശരിയാണോ? ഗുണ്ടകളെയും ക്രിമിനലുകളെയും സംരക്ഷിച്ചുപോരുന്ന രാഷ്ട്രീയ സമീപനങ്ങള്‍ ഉപേക്ഷിച്ചേ മതിയാകൂ; അതുപോലെ തന്നെ ദൈവവിശ്വാസത്തിലൂടെയോ മതപഠനത്തിലൂടെയോ വിശ്വാസസമൂഹത്തെ നേരായ വഴിയ്ക്ക് നടത്തേണ്ട സമുദായ നേതാക്കള്‍ നാടിനെ നശിപ്പിക്കുന്ന ഹീന പ്രവര്‍ത്തികളില്‍ നിന്നും സ്വസമൂദായംഗങ്ങളെ പിന്തിരിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ടോ? എങ്ങനെയും പണമുണ്ടാക്കിയാല്‍ മതിയെന്നാണെങ്കില്‍ ധര്‍മ്മത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും പ്രബോധനം നടത്തിയിട്ട് എന്തുകാര്യം? മദ്യ വിപത്തിനെതിരെ കള്ളക്കടത്തിനെതിരെ സ്ത്രീപീഡനത്തിനെതിരെ വിശ്വാസസമൂഹത്തെ നേര്‍വഴിക്ക് കൊണ്ടുവരേണ്ട ചുമതല പ്രധാനമായും മതസംഘടനകളുടേതാണ്. അങ്ങനെ ഒരു നിലപാട് സ്വീകരിച്ചാല്‍ കര്‍ശന നിയമങ്ങള്‍ വേണ്ടി വരില്ലല്ലോ, അതിനൊന്നും മിനക്കെടാതെ, നിയമം ലഘൂകരിക്കാനോ എടുത്തുകളയുവാനോ പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്!? കോടതികളില്‍ നിന്ന് വിധിവരുവാന്‍ താമസിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്, കീഴ് കോടതി മുതല്‍ സുപ്രീം കോടതിവരെ നീണ്ടുപോകുന്ന ഒരു കേസ് തീരുമാനമാകുമ്പോള്‍ നാല്പത് വര്‍ഷമെങ്കിലും എടുക്കും, അതുവരെ കുറ്റാരോപണ വിധേയമായവരെ ജയിലിലിടുവാന്‍ പാടുണ്ടോ? രാജ്യദ്രോഹ സമാനമായ കേസുകള്‍ അതിവേഗം തീര്‍പ്പുകല്പിക്കാന്‍ കോടതികള്‍ക്ക് കഴിയണം. നിയമം ലഘൂകരിക്കാനോ പിന്‍വലിക്കാനോ പറയുന്നതിനേക്കാള്‍ ഭേദം ജുഡീഷ്യറിയെ ശക്തിപ്പെടുത്തുവാനാണ് ശ്രമിക്കേണ്ടത്. ആവശ്യമായ ജഡ്ജിമാരെ നിയമിച്ചും, അന്വേഷണം ത്വരിതപ്പെടുത്തിയും വളരെ വേഗം വാദം കേള്‍ക്കാനവസരം സൃഷ്ടിക്കുകയും ചെയ്താല്‍ ഇന്ന് കേള്‍ക്കുന്ന അപസ്വരങ്ങളെ നിഷ്പ്രഭമാക്കാന്‍ കഴിയും; ഒരു ജനാധിപത്യ സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് ജുഡീഷ്യറിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതുപോലെ തന്നെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മത സംഘടനകള്‍ ജനങ്ങളെ ശരിയായ വഴിയിലൂടെ നയിക്കാന്‍ തയ്യാറാകണം; നിര്‍ഭാഗ്യമെന്നുപറയട്ടെ, മതസംഘടനകള്‍ വര്‍ഗ്ഗീയതയെ താലോലിക്കുന്ന ഒരു സമീപനം സ്വീകരിച്ചു കാണുന്നു, അങ്ങനെയാകുമ്പോള്‍ നിയമങ്ങളും കര്‍ശനമാക്കേണ്ടി വരുക സ്വാഭാവികമാണുതാനും! *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം