malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

കേരളത്തില്‍ പൊലിയുന്ന മാവോയിസ്റ്റ് സ്വപ്‌നങ്ങള്‍

രമേശ് ചെന്നിത്തല
പശ്ചിമ ഘട്ട മേഖല കേന്ദ്രീകരിച്ച് സി.പി.ഐ മാവോയിസ്റ്റ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വന്ന രൂപേഷ് ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ കഴിഞ്ഞ ദിവസം പിടിയിലായത് സംസ്ഥാന പൊലീസിന്റെ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷക്ക് വലിയൊരളവില്‍ ഭീഷണിയുയര്‍ത്തിയിരുന്ന സി.പി.ഐ മാവോയിസ്റ്റ് ഭീഷണിയെ തുടച്ച് നീക്കാനുള്ള സംസ്ഥാന പൊലീസിന്റെ പരിശ്രമങ്ങള്‍ക്ക് വ്യക്തവും ശക്തവുമായ ദിശാബോധം പകരാന്‍ ഇവരുടെ അറസ്റ്റ് ഇടയാക്കിയെന്ന് തീര്‍ത്തുപറയാം. ഈ നിര്‍ണായക വിജയത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുമായി പൊലീസ് മുന്നോട്ട് പോകുമെന്ന് ആഭ്യന്തര മന്ത്രി എന്ന നിലയില്‍ ജനങ്ങള്‍ക്കുറപ്പ് നല്‍കുകയാണ്. അറസ്റ്റിലായ വ്യക്തികള്‍ ഒറ്റക്കോ കൂട്ടായോ പ്രതികളായി വരുന്ന കേസുകളുടെ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുകയാണ് അതില്‍ പ്രധാനം. ഇത്തരം പതിനെട്ട് കേസുകള്‍ ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസുകളിലെ അന്വേഷണവും മറ്റു നടപടികളും ത്വരിതപ്പെടുത്താന്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഉത്തര- ദക്ഷിണ മേഖല എ.ഡി.ജി.പി മാര്‍ക്കും ക്രൈം എ.ഡി.ജി.പിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എറണാകുളത്തെ നിറ്റാ ജലാറ്റിന്‍ കമ്പനി ഓഫീസ്, വയനാട്ടിലെ വനം വകുപ്പ് എയിഡ് പോസ്റ്റ്, പാലക്കാട് കെ.എഫ്.സി ഔട്ട്‌ലെറ്റ് തുടങ്ങിയവക്ക് നേരെ നടന്ന ആക്രമണമടക്കം നിരവധി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ പിടിയിലായ സംഘത്തിന്റെ നേതൃത്വത്തിലും ആസൂത്രണത്തിലും സംസ്ഥാനത്ത് അരങ്ങേറിയിട്ടുണ്ട്. രാജ്യത്താകമാനം 20012 ഓളം പേരുടെ ജീവന്‍ നഷ്ടപ്പെടുത്തിയ ആക്രമണങ്ങള്‍ സംഘടിപ്പിച്ച മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന ഭീഷണി അതീവ ഗുരുതരം തന്നെയാണ്. ഇന്ത്യയിലെ ജനങ്ങളോടോ വികസ്വരവും ചൈതന്യവത്തുമായ ജനാധിപത്യ വ്യവസ്ഥയോടോ തെല്ലും ആഭിമുഖ്യമില്ലാതെ സായുധ വിപ്ലവത്തിന്റെയും ഗറില്ലാ സമരത്തിന്റെയും പേരില്‍ രാജ്യത്തെ തകര്‍ക്കാന്‍ നിരന്തരം ശ്രമിക്കുന്ന ഈ വിഭാഗത്തെ ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയെന്നാണ് 2006 ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിശേഷിപ്പിച്ചത്. ആദിവാസി ക്ഷേമം, കുത്തകകള്‍ക്കെതിരായ പോരാട്ടം, പ്രകൃതി സംരക്ഷണം തുടങ്ങിയ മുഖം മൂടികളണിഞ്ഞാണ് മാവോയിസ്റ്റ് തീവ്രവാദികള്‍ ജനപിന്തുണ നേടാന്‍ ശ്രമിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ചെറുപ്പക്കാരെയും വിദ്യാസമ്പന്നരെയും ആദിവാസി -ദളിത് വിഭാഗങ്ങളെയും തങ്ങളിലേക്കാകര്‍ഷിക്കാനും ഇവര്‍ ശ്രമിക്കുന്നു. അക്രമവും അരാജകത്വവും വളര്‍ത്തി സായുധസമരത്തിലൂടെ അധികാരം പിടിച്ചെടുക്കുക എന്ന ആത്യന്തിക ലക്ഷ്യം മറച്ചു പിടിച്ചാണ് ഇവര്‍ ഇത്തരം ചില മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ജന മധ്യത്തിലേക്ക് വരുന്നത്. എന്നാല്‍ ദീര്‍ഘകാലമായി ഇവര്‍ പ്രവര്‍ത്തിക്കുന്ന ഛത്തീസ്ഗഡ്, ജാര്‍ഖണ്ട്, ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദിവാസികളുടെ അവസ്ഥ പരിശോധിച്ചാല്‍ ഈ പ്രചാരണങ്ങളുടെ പൊള്ളത്തരം മനസിലാകും. അവിടെ ആദിവാസികള്‍ മാവോയിസ്റ്റുകളാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയാണ്. മാരകായുധങ്ങളുമായി കടന്ന് ചെന്ന് ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് വീമ്പിളക്കുന്ന മാവോയിസ്റ്റുകള്‍ യഥാര്‍ത്ഥത്തില്‍ ആദിവാസികളെ തങ്ങളുടെ ലക്ഷ്യം നേടാനുള്ള കേവല ഉപകരണങ്ങള്‍ മാത്രമായിട്ടാണ് കാണുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ആദിവാസികളെ മനുഷ്യ കവചമായി ഉപയോഗിച്ച് ജനാധിപത്യ ഭരണകൂടങ്ങളെ സായുധ സമരത്തിലൂടെ അട്ടിമറിക്കാനുള്ള തന്ത്രങ്ങളും ഇവരുടെ മുറയാണ്. പൊലീസിന്റെ ഒറ്റുകാര്‍ എന്നാരോപിച്ച് ആയിരക്കണക്കിന് ആദിവാസികളെ ഇവര്‍ കൊന്നു തള്ളി. ആദിവാസി മേഖലയില്‍ യാതൊരു വികസനവും കടന്നുവരാന്‍ അനുവദിക്കാതെ അവരെ അപരിഷ്‌കൃത ലോകത്തില്‍ തളച്ചിട്ടു. പൊലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ ആദിവാസി മേഖലകളിലേക്ക് ഇവര്‍ കടത്തി വിടില്ല. ആദിവാസി മേഖലയില്‍ ആരോഗ്യ പരിപാലന സംവിധാനങ്ങളോ, സ്‌കൂളുകളോ ഉണ്ടാക്കാന്‍ സര്‍ക്കാരിനെ ഇവര്‍ അനുവദിക്കുകയുമില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി ഈ മേഖലകളില്‍ നിന്ന് മാറ്റി നിര്‍ത്തും. വയനാട്ടില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ മാരകായുധങ്ങളുമായി ചെന്ന് വധ ഭീഷണിമുഴക്കിയത് ഈ പശ്ചാത്തലത്തില്‍ ഓര്‍ക്കണം. വികസനത്തിന്റെ വെളിച്ചം കടന്നുവന്നാല്‍ തങ്ങള്‍ അപ്രസക്തരാകുമെന്ന് മനസിലാക്കിയാണ് ഇവര്‍ ആദിവാസി മേഖലകളെ വികസന രാഹിത്യത്തില്‍ കുടുക്കിയിടുന്നത്. കേരളത്തിലാകട്ടെ 2001 ലും 2011 ലും അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാരുകള്‍ കൈക്കൊണ്ട വിപഌവകരമായ മാറ്റങ്ങള്‍ ആദിവാസി മേഖലയുടെ മുഖഛായ തന്നെ മാറ്റാന്‍ കഴിയുന്ന തരത്തിലായിരുന്നു. സെക്രട്ടറിയേറ്റിന് മുമ്പില്‍ ആദിവാസികള്‍ നടത്തിയ നില്‍പ്പുസമരം ഒത്തുതീര്‍പ്പാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട മാതൃകാപരമായ സമീപനത്തെ എല്ലാ ജനവിഭാഗങ്ങളും സ്വാഗതം ചെയ്യുകയുണ്ടായി. ഒരക്രമത്തിലേക്കും വഴിതുറക്കാതെ ആദിവാസികള്‍ നടത്തിയ സമരത്തില്‍ അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ആഭ്യന്തര വകുപ്പിനെ കൂടാതെ ആരോഗ്യ -പട്ടികജാതി- പട്ടിക വര്‍ഗ വകുപ്പുകളുമായും മറ്റ് സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുമായും ചേര്‍ന്ന് ആദിവാസികള്‍ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. ആദിവാസി മേഖലകളിലെ സ്പഷ്യല്‍ മൊബൈല്‍ സര്‍വ്വീസ് ഡിവൈ.എസ്.പിമാരുടെ യോഗം ഞാന്‍തന്നെ വിളിച്ചുചേര്‍ക്കുകയും അവയുടെ പ്രവര്‍ത്തനം അവലോകനം നടത്തുകയും ചെയ്തിരുന്നു. കലക്റ്റര്‍മാര്‍, ആര്‍.ഡി.ഓമാര്‍, എസ്.പി-ഡിവൈ.എസ്.പി- സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ ഉദ്യോഗസ്ഥരോട് ആദിവാസി മേഖലകള്‍ സന്ദര്‍ശിക്കാനും അവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആദിവാസി മേഖലകളില്‍ നിന്നുള്ള ചെറുപ്പക്കാരെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി പൊലീസില്‍ എടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ പബഌക് സര്‍വ്വീസ് കമ്മീഷനോടാവശ്യപ്പെട്ടിട്ടുണ്ട്. ഞാന്‍ കെ.പി.സി.സി പ്രസിഡന്റായിരുന്ന കാലയളവില്‍ 2012 ജൂണ്‍ 6,7 തീയതികളില്‍ അട്ടപ്പാടിയിലെ മേലെമുള്ളിയിലെയും 2013 ലെ പുതുവര്‍ഷത്തില്‍ അട്ടപ്പാടിയിലെ തന്നെ ആനവായിലെയും ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച്, അവിടെ തന്നെ താമസിച്ച്, അവരുമായി ആശയവിനിമയം നടത്തുകയും പരാതികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അവരുടെ പരാതികളും, ആവശ്യങ്ങളും അടങ്ങുന്ന ഒരു റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കുകയുണ്ടായി. 2012ലെ ഗാന്ധി ജയന്തി ദിനത്തില്‍ കെ.പി.സി.സി ആവിഷ്‌കരിച്ച ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായി പതിനാല് ജില്ലകളിലെ തിരഞ്ഞെടുത്ത പട്ടിക ജാതി കോളനികള്‍ സന്ദര്‍ശിക്കുകയും അവരുമായി ഞാന്‍ സംവദിക്കുകയുമുണ്ടായി. തുടര്‍ന്ന് സര്‍ക്കാര്‍ പതിനാല് പട്ടികജാതി കോളനികളെയും മാതൃകാ കോളനികളായി ദത്തെടുത്തു. അവയെ ഗാന്ധിഗ്രാമങ്ങളാക്കി വികസിപ്പിക്കുന്നതിന് ഓരോന്നിനും ഓരോ കോടിരൂപയുടെ ധനസഹായം നല്‍കുകയും ചെയ്തു. 2015ലെ പുതുവര്‍ഷവും ഞാന്‍ കുടുംബത്തോടൊപ്പം ആദിവാസി ഊരുകളിലാണ് ചെലവഴിച്ചത്. ഇതെല്ലാം കൊണ്ടു തന്നെ കേരളത്തിന്റെ ആദിവാസി മേഖലയില്‍ മാവോയിസ്റ്റ് തീവ്രവാദികള്‍ക്ക് യാതൊരു സ്വാധീനവും ഉണ്ടാക്കാന്‍ കഴിഞ്ഞുമില്ല. എന്നാല്‍ ചില ഒറ്റപ്പെട്ട അക്രമ സംഭവങ്ങളിലൂടെ മാവോയിസ്റ്റുകള്‍ക്ക് നമ്മുടെ സംസ്ഥാനത്ത് സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞുവെന്ന കാര്യം നിഷേധിക്കാനാകില്ല. 2014 നവംബര്‍ മുതല്‍ 2015 ജനുവരി വരെ ചിലയിടങ്ങളില്‍ അക്രമ പരമ്പരകള്‍ അഴിച്ചുവിടുകയുണ്ടായി. രാഷ്ട്രീയ സൈനിക കാമ്പെയിന്‍ എന്ന് അവര്‍തന്നെ പേരിട്ട ഇത്തരം അക്രമങ്ങള്‍ മാവോയിസ്റ്റ് ഭീഷണിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ ആഭ്യന്തര വകുപ്പിനെ പ്രേരിപ്പിച്ചു. ഒറ്റപ്പെട്ടതെങ്കിലും ഇത്തരം പ്രവണതകളെ മുളയിലേ നുള്ളേണ്ടത് അത്യാവശ്യമാണ്. മറ്റ് പല സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് തീവ്രവാദം ശക്തിയാര്‍ജ്ജിച്ചത് ഇത്തരം ഒറ്റപ്പെട്ട അക്രമ സംഭവങ്ങളിലൂടെയായിരുന്നു. 2014 ജൂണ്‍ 16 ന് പശ്ചിമ ഘട്ട മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ സിനോജ് എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. എ.കെ 47 തോക്ക് ധരിച്ച് ഒരു മാവോയിസ്റ്റ് മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുക്കുകയുമുണ്ടായി. മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളത്തെയും തങ്ങളുടെ പ്രധാന ലക്ഷ്യമായി മാവോയിസ്റ്റുകള്‍ കണ്ടിരുന്നു എന്നതാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ജനാധിപത്യ ഭരണ വ്യവസ്ഥയുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അപചയങ്ങളും അഴിമതിയുള്‍പ്പെടെയുള്ള സാമൂഹിക ദുരന്തങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് മാവോയിസ്റ്റുകള്‍ തങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് ന്യായീകരണം കണ്ടെത്തുന്നത്. എന്നാല്‍ ജനാധിപത്യത്തിന്റെ അപചയങ്ങള്‍ക്ക് പരിഹാരം കാണാനുള്ള മാര്‍ഗങ്ങള്‍ അതില്‍ തന്നെ അന്തര്‍ലീനമാണ്. ആയുധമെടുത്തോ, രക്തരൂക്ഷിതമായ സായുധ സമരത്തിലൂെടയോ ജനാധിപത്യ ഭരണ വ്യവസ്ഥയിലെ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും പരിഹാരം കാണാന്‍ കഴിയില്ല. അക്രമരാഹിത്യത്തിലധിഷ്ഠിതവും സമാധാനത്താല്‍ പ്രചോദിതവും സഹവര്‍ത്തിത്വത്തിനാല്‍ മുന്നോട്ട് നയിക്കപ്പെടുന്നതും പരസ്പര വിശ്വാസത്താല്‍ കൂട്ടിയിണക്കപ്പെടുന്നതുമായ മാര്‍ഗങ്ങളിലൂടെ മാത്രമേ അത് സാധിക്കുകയുള്ളു. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ കുറ്റപ്പെടുത്താന്‍ മാവോയിസ്റ്റുകളെപ്പോലുള്ള ആക്രമകാരികള്‍ക്ക് യാതൊരു യോഗ്യതയുമിെല്ലന്ന് കൂടി പറയട്ടെ. ഏറ്റവുമധികം മനുഷ്യാവകാശ ലംഘനങ്ങളും ലൈംഗിക പീഡനങ്ങളും ക്രൂര കൊലപാതകങ്ങളും അരങ്ങേറുന്നത് മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ തന്നെയാണെന്ന് അവരുടെ കേഡര്‍മാര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സമാധാനവും ശാന്തിയും സൗഹാര്‍ദ്ദവും നിറഞ്ഞ സമാധാനാന്തരീക്ഷം ഏറ്റവുമധികം ആഗ്രഹിക്കുന്ന സമൂഹമാണ് മലയാളികള്‍. ഇത് മനസിലാക്കി തങ്ങളുടെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് തന്ത്രപരമായ ന്യായീകരണം കണ്ടെത്താനുള്ള ശ്രമങ്ങളാണ് മാവോയിസ്റ്റുകള്‍ നടത്തുന്നത്. മാവോയിസ്റ്റുകളുടെ അക്രമ പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിക്കുകയും അവര്‍ക്ക് വീര പരിവേഷം നല്‍കുകയും ചെയ്യുന്ന മാധ്യമ സമീപനം ഖേദകരമാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ക്ക് സമൂഹത്തിന്റെ അഭിപ്രായം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുണ്ട്. മാവോയിസ്റ്റുകളുടെ അപകടകരമായ പ്രവര്‍ത്തന രീതികളെയും അക്രമസംഭവങ്ങളും മഹത്വവല്‍ക്കരിക്കുകയും ആ സംഘടനയുടെ നേതാക്കളെ വിശുദ്ധവല്‍ക്കരിക്കുകയും ചെയ്യുന്ന രീതി രാജ്യത്തിന്റെ ഉത്തമ താല്‍പര്യങ്ങള്‍ക്ക് ഗുണകരമാകുമോ എന്ന് മാധ്യമ സമൂഹം പരിശോധിക്കുന്നത് നന്നായിരിക്കും. റിപ്പോര്‍ട്ടുകള്‍ നല്‍കുമ്പോള്‍ ഈ വസ്തുതകള്‍ കൂടി കണക്കിലെടുക്കുന്നത് ഉചിതമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം