malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ വിപരീതവത്കരണം കഥാസാഹിത്യത്തിലും

ഡോ. അജിതന്‍ മേനോത്ത്
13 May 2015 പ്രത്യയശാസ്ത്രത്തിലും പ്രയോഗത്തിലും വലിയൊരു പ്രതിസന്ധിയുടെ പരിസരത്തേയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ അഭിമുഖീകരിക്കുന്നത്. ആഗോളീകരണത്തെ ആശയപരമായി എതിര്‍ക്കുന്നതോടൊപ്പം തന്നെ പ്രയോഗതലത്തില്‍ ബൂര്‍ഷ്വാ- കോര്‍പ്പറേറ്റ് ഭ്രമകാമനകളില്‍ അകപ്പെട്ട് ഭീകരമായ വിപരീതവത്കരണത്തിലേക്കാണ് സിപിഎം ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ കൂപ്പുകുത്തുന്നത്. ഇതുമൂലം അധികാര പ്രമത്തതയിലും ആഭ്യന്തരസംഘര്‍ഷങ്ങളിലും വീര്‍പ്പുമുട്ടുകയാണ് പ്രസ്ഥാനം. നേതൃത്വത്തെ എതിര്‍ക്കാന്‍ ത്രാണിയില്ലാത്ത അനുചരവൃന്ദവും അണികളെ ഒരിക്കലും തൃപ്തിപ്പെടുത്താനാവാത്ത നേതൃത്വവും പ്രസ്ഥാനത്തിന്റെ പടിപടിയായുള്ള അപചയത്തിന് നിമിത്തമായിക്കൊണ്ടിരിക്കുന്നു. ഫ്യൂഡല്‍ വ്യവസ്ഥയില്‍ അധിഷ്ഠിതമായ പാര്‍ട്ടിയിലെ ഉടയോന്‍- അടിമ സമ്പ്രദായം, ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ അഭാവം, പ്രത്യയശാസ്ത്ര സമീപനങ്ങളിലെ അപ്രായോഗികത, സമൂഹം ഏറ്റെടുക്കാത്ത സമരങ്ങള്‍ എന്നിവ ഈ അപചയത്തിന്റെ ദുര്‍ന്നിമിത്തങ്ങളായി തുടരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനം അഭിമുഖീകരിക്കുന്ന ഇത്തരം ജീര്‍ണ്ണതകളിലേക്ക് സമര്‍ത്ഥമായി വിരല്‍ചൂണ്ടി ആസ്വാദകശ്രദ്ധ ആകര്‍ഷിക്കുന്ന മികച്ച കഥയാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ "ചെടി മുളക്കാത്ത കാട്" (മാതൃഭൂമി ആഴ്ചപതിപ്പ് മെയ് 3-9). ഇദ്ദേഹത്തിന്റെ "മലബാര്‍ എക്‌സ്പ്രസ്" എന്ന കഥയുടെ രണ്ടാം ഭാഗമാണിത്. തീവണ്ടിയിലെ എ.സി. കംപാര്‍ട്ടുമെന്റില്‍ മാത്രം യാത്ര ചെയ്തു ശീലിച്ച സഖാവ് അബദ്ധത്തില്‍ മലബാര്‍ എക്‌സ്പ്രസ്സിലെ ജനറല്‍ കംപാര്‍ട്ടുമെന്റില്‍ അകപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് ആദ്യകഥയില്‍ ആക്ഷേപഹാസ്യവും രാഷ്ട്രീയവിമര്‍ശനവുമായി രൂപാന്തരപ്പെടുന്നത്. സാധാരണക്കാരുടെ സാന്നിദ്ധ്യമോ അവരുടെ ദുരിതാനുഭവങ്ങളോ അല്പനിമിഷംപോലും സഹിക്കാനാകാത്ത ജനനേതാവിന്റെ അസഹിഷ്ണുത ഇക്കഥയില്‍ സമര്‍ത്ഥമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. ആയിരം കളത്തില്‍ ഗോവിന്ദന്റെ ആകസ്മിക മരണവും അതുയര്‍ത്തുന്ന പ്രശ്‌നങ്ങളുമാണ് പുതിയ കഥയില്‍ അതിസമര്‍ത്ഥമായ രാഷ്ട്രീയ ഐറണിയായി പരിണമിക്കുന്നത്. കഥയുടെ തുടക്കത്തില്‍ത്തന്നെ ജനനേതാവിന്റെ ആത്മവിചാരവും ശരീരഭാഷയും വിചാരണ ചെയ്യപ്പെടുന്നുണ്ട്. "എണ്ണമറ്റ ഭൗതികസുഖത്തിനു മുന്നില്‍ യൗഗികമായി, പിണമായി നില്‍ക്കാന്‍ വേറെ ആളെ നോക്കണം." :" വലിയ ലാഭവിഹിതങ്ങള്‍ അണിയറയിലെ ഇരുട്ടിലൂടെ തന്റെ കലവറയിലേക്ക് വന്നുചേര്‍ന്നപ്പോഴൊക്കെ അദ്ദേഹം ദുഃഖിതനായി കാണപ്പെട്ടു. അപ്രതീക്ഷിതമായി ഏറ്റ തിരിച്ചടികളില്‍ ആഹ്ലാദവാനായും". നേതൃപദവിയില്‍ എത്തിച്ചേര്‍ന്നാല്‍ സ്വയം അപ്രമാദിത്വം കല്‍പിച്ച് മറ്റുള്ളവര്‍ക്കെല്ലാം ഉടയോനാകുന്ന അധികാര കേന്ദ്രീകരണത്തിന് ഉത്തമോദാഹരണമാണ് സഖാവ് ആയിരം കളത്തില്‍ ഗോവിന്ദന്‍. അതുകൊണ്ടുതന്നെ ഇഷ്ടക്കേടുള്ളവരെ അയാള്‍ നന്നായി ഉപദ്രവിച്ചു. പത്രസമ്മേളനത്തില്‍ ചിരിച്ചുപോയ ഒരു നേതാവിനോട് വിശദീകരണം ചോദിച്ചു. ഏതോ ആലോചനയില്‍ അറിയാതെ കഴുത്തുവെട്ടിച്ച് പിന്നിലേക്കു നോക്കിപ്പോയ മറ്റൊരാളെ ജില്ലാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ആകാശദൂത് എന്ന സിനിമകണ്ട് തിയ്യേറ്ററില്‍ ഏങ്ങലടിച്ചു കരഞ്ഞുപോയ സ. വിമലാദേവിയും കഥകളിഭ്രാന്തനായ സ. കുഞ്ഞുവറീതും ശിക്ഷിക്കപ്പെടുന്നു! തന്റെ നേര്‍ക്ക് ചുണ്ടയെറിയുന്ന മരണത്തിന്റെ സാന്നിദ്ധ്യംപോലും സ. ആയിരംകളത്തില്‍ ഗോവിന്ദന് തിരിച്ചറിയാന്‍ സാധിക്കാത്തത് അധികാരഭ്രാന്തുമൂലമാണ്. സ്വപ്‌നലോകത്തെ പോളിറ്റ്ബ്യൂറോ മീറ്റിങ്ങിനിടയിലും "ഇവനെ (മരണത്തെ) പിടിച്ചുപുറത്താക്കാന്‍ ആരുമില്ലേ?" എന്ന ആത്മവിചാരം കലശലാകുന്നു. സഖാവിന്റെ മരണഗര്‍വ്വും അതേസമയം നിസ്സാരതയും അവതരിപ്പിക്കുന്നത് ഇങ്ങനെ: "മരണത്തിന്റെ ഏകാന്തതടവില്‍ ആ ശരീരം വനകല്പനയടങ്ങി മയങ്ങി. പാര്‍ട്ടിക്കുള്ളിലെ എതിരാളികളെ ഭയപ്പെടുത്തുംവിധം അദ്ദേഹത്തിന്റെ ചുണ്ടില്‍ അന്തകവിത്തുപോലൊരു പുഞ്ചിരി മരവിച്ച നിലയില്‍ വീര്‍ത്തുകിടന്നു. ചിരിച്ചു മണ്ണുകപ്പിക്കാണും മരണം." പാര്‍ട്ടിയില്‍ അത്യുന്നത പദവിയിലിരിക്കുന്ന സഖാവിന്റെ ജീവിതനിലവാരം അസൂയാവഹമാണെന്നും ധ്വനിപ്പിക്കുന്നു. "ന്യൂയോര്‍ക്കില്‍നിന്ന് മൂത്തമകനും ഹൂസ്റ്റണില്‍നിന്ന് മകളും കാനഡയില്‍നിന്ന് പേരക്കുട്ടികളും പുറപ്പെട്ടുകഴിഞ്ഞു" എന്ന പരാമര്‍ശം ഇത്തരത്തില്‍ ഒന്നുമാത്രം. സംസ്ഥാന കമ്മിറ്റിയംഗം സ. ഓലയമ്പാടിയുടെ മരുമകനും അമേരിക്കയിലാണ്. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരശത്രുതയെ പ്രതിഫലിപ്പിക്കുവാനും കഥാസന്ദര്‍ഭങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സഖാവിന്റെ ഭാര്യ ദാക്ഷായണി കരച്ചിലിനിടയില്‍ രുദ്രമൂര്‍ത്തിയായി എഴുന്നേറ്റ് ചില നേതാക്കളെ പുലഭ്യം പറയുന്നുണ്ട്. അതേസമയം എതിര്‍ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട പ്രാദേശിക നേതാവ് സ. രമേശന്‍ ദാക്ഷായണിക്കൊപ്പം ചേര്‍ന്ന് വിതുമ്പാന്‍ നടത്തിയ ശ്രമങ്ങള്‍ ദാരുണമായി പരാജയപ്പെടുന്നതും സരസമായി അവതരിപ്പിക്കപ്പെടുന്നു. പാര്‍ട്ടിക്കകത്തെ പടക്കുറുപ്പിന്റെ മൃതശരീരത്തിനടുത്ത് തനിച്ചായപ്പോള്‍ സ. രമേശന്റെ ഉള്ളിലിരിപ്പ് പുറത്തുചാടുന്നുണ്ട്. "ഏതെല്ലാം വിധത്തില്‍ തന്റെ ശിരസ്സ് ചവുട്ടിത്തേച്ച ഒരു മനുഷ്യന്‍. ജീവിച്ചിരിക്കുമ്പോള്‍ സാധിക്കാത്തത് ഇപ്പോഴങ്ങ് നടത്തിയാലോ. തുപ്പലോ മൂത്രമോ അതോ?"സഖാവ് ഗോവിന്ദന്റെ മൃതശരീരം അനുനിമിഷം വീര്‍ത്തു വലുതാകുന്ന പ്രതിഭാസമാണ് കഥയുടെ കേന്ദ്രബിന്ദു. "പാര്‍ട്ടിക്ക് ഒളിപ്പിച്ചുവെക്കാനാകാത്ത പ്രതിഭാസമായി അത് വീര്‍ത്തുകൊണ്ടിരുന്നു" എന്ന പരാമര്‍ശത്തില്‍ പാര്‍ട്ടിരഹസ്യങ്ങളുടെ പൊള്ളത്തരവും പരിഹസിക്കപ്പെടുന്നു. മുറ്റവും പരിസരവും പാര്‍ട്ടിഗ്രാമങ്ങളും ജനവാസകേന്ദ്രങ്ങളും പടിപടിയായി അധിനിവേശം ചെയ്ത് മൃതശരീരം വളരുകയാണ്. ഈ വിചിത്രകല്പനയിലൂടെ പ്രത്യയശാസ്ത്രത്തിന്റെയും പ്രായോഗിക രാഷ്ട്രത്തിന്റെയും സമൂലമായ അപചയങ്ങളെ കഥാകൃത്ത് നിശിതമായി വിമര്‍ശിക്കുന്നു. സമത്വസുന്ദരലക്ഷ്യങ്ങളെ തമസ്‌കരിച്ച്, പ്രത്യയശാസ്ത്രത്തെ വിപണിവത്കരിച്ച് അധികാര ലാഭേച്ഛയാല്‍ സ്വയം തടിച്ചുകൊഴുക്കുന്ന സമകാലനേതൃത്വത്തിന്റെ ജീര്‍ണ്ണതയാണ് ഫാന്റസിയില്‍ ഒളിഞ്ഞിരിക്കുന്ന യാഥാര്‍ത്ഥ്യം. പ്രത്യയശാസ്ത്രകാപട്യത്തിന് അനുപൂരകമായി നില്‍ക്കുന്ന ബുദ്ധിജീവിനാട്യങ്ങളെയും സമര്‍ത്ഥമായി ആക്ഷേപിക്കുന്നുണ്ട്. അന്ധവും അര്‍ത്ഥരഹിതവുമായ ദുര്‍ഗ്രഹതയെ ആത്മരക്ഷയ്ക്കായി സ്വയം കവചമാക്കി "മാര്‍ക്‌സിയന്‍ താത്വികവിചാരം നടത്തുന്ന" കപടബുദ്ധിജീവിയായ കഥാപാത്രവുമുണ്ട്- സഖാവ് വെണ്മണി പരമഹംസം. അല്‍ത്തൂസറിനെയും ഗ്രാംഷിയെയും പ്ലഖാനോവിനെയുമെല്ലാം കൂട്ടുപിടിച്ച് മൃതദേഹത്തിന്റെ സ്വയംവീര്‍ക്കലിലൂടെ "പ്രസ്ഥാനത്തിനുവേണ്ടി സൃഷ്ടിക്കപ്പെടുന്ന ഗുണചിഹ്നവ്യവസ്ഥ" കണ്ടെത്തി വ്യാഖ്യാനിക്കുന്ന കഥാപാത്രം ബുദ്ധിജീവിനാട്യത്തിന്റെ പ്രതിനിധിയാണ്. സ. ആയിരംകളത്തില്‍ ഗോവിന്ദന്റെ ശവശരീരം ഭീമാകാരമായി വളരുകയാണ്. എന്നിരിക്കിലും മൃതദേഹത്തിന് ദുര്‍ഗന്ധമില്ല എന്ന പരാമര്‍ശം ബോധപൂര്‍വ്വമാണ്. അപചയത്തിന്റെ നാറ്റങ്ങളെ സുഗന്ധമായി സ്വീകരിക്കുന്ന തരത്തില്‍ പ്രസ്ഥാനത്തിന്റെ വിപരീതവത്കരണം സമ്പൂര്‍ണ്ണമായിരിക്കുന്നു എന്ന സൂചനയാണത്.വ്യാപാരവത്കരണത്തിന്റെ കോര്‍പ്പറേറ്റ് ചിഹ്നമായി പരിണമിക്കുകയാണ് സഖാവിന്റെ മൃതശരീരം. വന്‍തോതില്‍ ടോള്‍ പിരിക്കാവുന്ന തരത്തില്‍ ദേശീയപാതയുടെ വികസനത്തിനായുള്ള അസംസ്‌കൃതവസ്തുവായി തീരുകയാണത്. പ്രാദേശികനേതാവായ സ. രമേശനുപോലും സ്വന്തം മുതല്‍മുടക്കില്ലാതെതന്നെ ഈ സംരംഭത്തില്‍ ഓഹരിക്കുള്ള അര്‍ഹത ലഭിക്കുന്നു. സമ്പന്നതയില്‍, ഇന്നോവ കാറിന്റെ തണുപ്പിലിരുന്ന് സൈദ്ധാന്തികഗ്രന്ഥങ്ങളെ അയാള്‍ പുറത്തേക്ക് വലിച്ചെറിയുന്നു. പകരം ചെക്കുപുസ്തകങ്ങളെ ഓമനിക്കുകയും ചെയ്യുന്നു! രമേശനിലൂടെ ആയിരംകളത്തില്‍ ഗോവിന്ദന്‍ പുനര്‍ജനിക്കുകയാണ്. ഭൗതികാസക്തിയുടെ ഭ്രമണപഥത്തില്‍നിന്ന് പ്രസ്ഥാനത്തിന് മോചനമില്ലെന്ന മുന്നറിയിപ്പ് തിരിച്ചറിയപ്പെടേണ്ടതാണ്. കോര്‍പ്പറേറ്റ് ഭീകരതക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് പോരാട്ടം തുടരുന്ന ഒരു പ്രസ്ഥാനത്തിന്റെ വിപരീതവത്കരണമാണ് ചാരുതയോടെ ചിത്രീകരിക്കപ്പെടുന്നത്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം