malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

അച്യുതാനന്ദന്റേത് വെറുമൊരു ആശംസയല്ല

പി.സജിത് കുമാര്‍
സി പി എമ്മില്‍ ഇങ്ങനെയും സംഭവിക്കും. മുമ്പൊക്കെ പാര്‍ട്ടിക്കകത്ത് സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ മല്‍സരം നടന്നാല്‍ പോലും അത് കണ്ടു പിടിക്കാന്‍ കുറേയേറെ ഗവേഷണം നടത്തേണ്ടി വരും. ചിലപ്പോള്‍ സമ്മേളനം കഴിഞ്ഞ് കുറേ വര്‍ഷം കഴിയുമ്പോള്‍ വെളിപ്പെടുത്തലായിട്ടാണ് മല്‍സരം നടന്ന കാര്യമൊക്കെ പുറത്തുള്ളവര്‍ അറിയുക. എന്നാല്‍ ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന വിശാഖപട്ടണത്ത് വെച്ച് സീതാറാം യെച്ചൂരിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് ജനറല്‍ സെക്രട്ടറിയാകാന്‍ അദ്ദേഹത്തിന് ആശംസ നേര്‍ന്ന വി എസ് അച്യുതാനന്ദന്‍ പരമ്പരാഗത ചട്ടവട്ടങ്ങളെല്ലാം കീഴ്‌മേല്‍ മറിച്ചിരിക്കുകയാണ്. മല്‍സരിക്കുന്നത് യെച്ചൂരിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇതിലൂടെ അച്യുതാനന്ദന്‍ ചെയ്തിരിക്കുന്നത്. യെച്ചൂരിയ്ക്ക് വിഎസ് "ബെസ്റ്റ് ഓഫ് ലക്ക്" ആശംസിച്ചത് സ്വകാര്യമായിട്ടല്ല. മാധ്യമപ്രവര്‍ത്തകരുടെയെല്ലാം മുന്നില്‍ വെച്ചായിരുന്നു. യെച്ചൂരി ജനറല്‍ സെക്രട്ടറിയാകാനുള്ള ആദ്യത്തെ ആശംസ തന്റേതാണെന്ന ഒരു കമന്റും ഇതോടൊപ്പം വി എസ് പറയുകയുണ്ടായി. ഇവിടെയാണ് അച്യുതാനന്ദന്റേത് വെറുമൊരു ആശംസയല്ലെന്ന നിഗമനത്തില്‍ എത്തിച്ചേരേണ്ടത്. പിണറായി വിജയനടക്കം കേരളത്തിലെ നേതാക്കള്‍ മലയാളിയായ എസ് രാമചന്ദ്രന്‍ പിള്ളയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കാന്‍ പാടുപെടുമ്പോള്‍ യെച്ചൂരിക്കൊപ്പം ശക്തമായി താനുണ്ടെന്ന് തെളിയിക്കണം. അത് അച്യുതാനന്ദന്റെ നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമാണ്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സി പി എം കേന്ദ്രനേതൃത്വം കേരളഘടകത്തിന്റെ ചെലവിലാണ് കഴിയുന്നതെങ്കില്‍ കൂടി പാര്‍ട്ടി കോണ്‍ഗ്രസില്‍ സകല സംസ്ഥാനക്കാരുമുണ്ട്. ഇവരെല്ലാം ഒന്നിച്ചാല്‍ കേരളഘടകത്തിന്റെ മാത്രമായ അജണ്ട നടപ്പിലാകില്ല എന്ന് മറ്റാരെക്കാളും നന്നായി അച്യുതാനന്ദനറിയാം. കേരളഘടകമാകെ യെച്ചൂരി വിരുദ്ധരാണെന്ന് തെളിയിക്കുക, താന്‍ മാത്രം യെച്ചൂരിയുടെ അനുകൂലിയാണെന്നു വരുത്തുക. ഇനി മൂന്നാമതൊരാളാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നതെങ്കില്‍ കൂടി അച്യുതാനന്ദന് പറയാം, കേരളത്തിലെ നേതാക്കളുടെ നീക്കങ്ങള്‍ പൊളിഞ്ഞുവെന്ന്. സി പി എം സംസ്ഥാനകമ്മിറ്റിയില്‍ പോലും വി എസ് വേണ്ടെന്ന ചിന്തയുമായി പിണറായിയും കൂട്ടരും നടക്കുമ്പോള്‍ കേന്ദ്രനേതാക്കള്‍ക്കു മുന്നില്‍ അവരുടെ പിന്തുണയുമായി നെഞ്ചും വിരിച്ച് നടക്കുകയാണ് വി എസ്. അച്യുതാനന്ദന് കേന്ദ്ര നേതൃത്വത്തില്‍ ഏറ്റവും പ്രിയം സീതാറാം യെച്ചൂരിയെ തന്നെയാണ്. എന്നും വിഎസിന് വേണ്ടി ശക്തമായിയ നിലകൊണ്ട കേന്ദ്ര നേതാവാണ് യെച്ചൂരി. കഴിഞ്ഞ ആലപ്പുഴ സമ്മേളനത്തില്‍ വിഎസ് ഇറങ്ങിപ്പോയപ്പോഴും യെച്ചൂരി മൃദു സമീപനമാണ് വിഎസിനോട് സ്വീകരിച്ചത്. അതുകൊണ്ടു തന്നെയാണ് യെച്ചൂരിയെ കേരളഘടകം ശത്രുവായി കണക്കാക്കുന്നതും. അച്യുതാനന്ദന്‍ കളിക്കുന്നത് സമര്‍ത്ഥമായ കളിയാണെന്ന് ഇന്നലെ അദ്ദേഹത്തിന്റെ ശരീരഭാഷ ശ്രദ്ധിച്ചാല്‍ മനസിലാകും. ആലപ്പുഴയിലെ സി പി എം സംസ്ഥാനസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി വാതിലും പൂട്ടി വീട്ടിലിരുന്ന വി എസിന്റെ മുഖം കുറേ ദിവസം തെളിഞ്ഞു കണ്ടിട്ടേയില്ല. എന്നാല്‍ വിശാഖപട്ടണത്താകട്ടെ വെളുക്കേ ചിരിച്ച് തന്റെ സന്തോഷമത്രയും പ്രകടിപ്പിക്കുകയാണ് വി എസ്. അതൊരു കൊലച്ചിരിയാണെന്ന് പിണറായിക്കും കൂട്ടര്‍ക്കും നന്നായിട്ടറിയാം. കണക്കുകൂട്ടലുകള്‍ ഇവിടെ പിഴയ്ക്കുകയാണ്. യെച്ചൂരി ജനറല്‍ സെക്രട്ടറിയായെന്നു വെയ്ക്കുക. വി എസിന്റെ നില പാര്‍ട്ടിയില്‍ അതോടെ ഭദ്രമാവുകയാണ്. മാത്രമല്ല, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വി എസിനെ തന്നെ മുന്‍നിര്‍ത്തിയുള്ള പോരാട്ടത്തിന് കേന്ദ്രനേതൃത്വം കരുനീക്കുമെന്നും ഉറപ്പാണ്. കേന്ദ്രനേതൃത്വത്തിന്റെ പിന്‍ബലമുണ്ടെങ്കില്‍ വി എസിന് തന്റെ നഷ്ടപ്പെട്ട പ്രതാപം കേരളത്തിലെ പാര്‍ട്ടിക്കകത്ത് കുറച്ചെങ്കിലും തിരിച്ചു പിടിക്കാനാകും. പ്രത്യേകിച്ച് കോടിയേരിയെ പോലെ ദുര്‍ബലനായ ഒരു പാര്‍ട്ടി സെക്രട്ടറി കേരളത്തിലുള്ളപ്പോള്‍. പിണറായി വിജയന്‍ പാര്‍ട്ടിയെ നയിച്ചപ്പോള്‍ തുറന്നെതിര്‍ക്കാന്‍ പലര്‍ക്കും ഭയമായിരുന്നു. എന്നാല്‍ കോടിയേരിയെ തുറന്നെതിര്‍ക്കാനും ഒതുക്കാനും വൈമനസ്യമുള്ളവരല്ല ഔദ്യോഗികപക്ഷത്തുള്ളത്. ഇപ്പോള്‍ തന്നെ ഔദ്യോഗികപക്ഷത്തെ ചേരിതിരിവുകള്‍ പലതായി രൂപപ്പെട്ട് അവിയല്‍ പരുവത്തിലാണ്. അച്യുതാനന്ദനെ പോലുള്ള ഒരാളെ സംബന്ധിച്ച് ഇതില്‍ പല ചേരികളേയും കൂടെ നിര്‍ത്താന്‍ സാധിക്കുമെന്നത് തര്‍ക്കമില്ലാത്ത കാര്യം. ഇതെല്ലാം ബാധിക്കുന്നത് ഒരാളെയാണ്. മറ്റാരുമല്ല, പിണറായി വിജയനെ തന്നെ. ചവിട്ടിത്തേച്ചിടത്തു നിന്നും കിളിര്‍ത്തു വരുന്നുവെന്നു മാത്രമല്ല പടര്‍ന്നു പന്തലിക്കുകയാണ് വി എസ്. കോടിയേരിയുടെ കീടനാശിനികള്‍ക്കൊന്നും ഈ കളയെ അകറ്റാനാകുന്നില്ല. വലിയ വിളവു പ്രതീക്ഷിച്ച് കാത്തു കഴിയുന്നവര്‍ നിരാശപ്പെടുമെന്ന അവസ്ഥയിലാണ്. ഇക്കണക്കിനു പോയാല്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ലോഗോയെ കളിയാക്കി പറഞ്ഞത് കാര്യമാകില്ലേ എന്ന് സംശയിക്കുന്നവരും ഇല്ലാതില്ല. മുങ്ങുന്ന കപ്പലില്‍ നിന്ന് കേരളഘടകം ചാടി മറിയാനുള്ള സാധ്യതയും മുന്നില്‍ കാണേണ്ടിയിരിക്കുന്നു. അല്ലേലും സി പി എമ്മിന് ഇനിയെന്തിന് ദേശീയനേതൃത്വം. അണികളുള്ളിടത്തു പോരേ പാര്‍ട്ടിയെന്ന് അറ്റകൈയ്ക്ക് പിണറായി വിജയന്‍ ചോദിച്ചുകൂടായ്കയില്ല. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം