malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

അയാമെ കോംപ്ലാന്‍ ബോയ്

ഇന്ദ്രജിത്ത്
ഇടതുപാര്‍ട്ടികള്‍ സ്വയം ശക്തിപ്പെടാനുള്ള വഴികള്‍ ആലോചിക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആഹ്വാനം ചെയ്തിരിക്കുന്നു. ഇത്രകാലവും സ്വയം ശക്തിപ്പെടാനുള്ള വഴികള്‍ പാര്‍ട്ടി ആലോചിച്ചിട്ടില്ലെന്നും മറ്റെന്തോ പരിപാടികളായിരുന്നു അവര്‍ക്കുണ്ടായിരുന്നതെന്നുമുള്ള ധ്വനി ഈ പ്രസ്താവനയില്‍ അടങ്ങിയിട്ടുണ്ട്. എന്തായാലും, കരചരണങ്ങളറ്റ് ദയനീയാവസ്ഥയില്‍ കിടക്കുന്ന പാര്‍ട്ടിയെ കണ്ടിട്ട് കാരാട്ടിന് വലിയ ദുഃഖമുണ്ടെന്ന് തീര്‍ച്ച. ആനപ്പുറത്തിരിക്കുമ്പോള്‍ ഇതൊന്നും തലയില്‍ കയറുകയില്ലല്ലോ. ഇപ്പോള്‍ പാര്‍ട്ടിയെ ആര്‍ക്കും വേണ്ടാതായി. അതുകൊണ്ടാണ് തത്ത്വജ്ഞാനമൊക്കെ തലയില്‍ ഉദിക്കുന്നത്. സ്വതന്ത്രവും ശക്തവുമായ ഇടതുപക്ഷമുണ്ടാകാന്‍ ആദ്യം ഓരോ പാര്‍ട്ടിയും സ്വയം ശക്തിപ്പെടണമെന്ന്, സി പി ഐയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന ച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ടാണ് കാരാട്ട് പറഞ്ഞത്. കാരാട്ട് ഇതു പറയുമ്പോള്‍ സി പി ഐ എന്ന ഭീമന്‍പാര്‍ട്ടിക്കൊപ്പം, സി പി ഐ ( എം എല്‍), എസ് യു സി ഐ, ആര്‍ എസ് പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ അന്തര്‍ദേശീയപാര്‍ട്ടികളുടെ പ്രതിനിധികളും വേദിയില്‍ ഉണ്ടായിരുന്നു. ‘ ഐകമത്യം മഹാബലം’ എന്ന പഴഞ്ചൊല്ലില്‍ അഭയം പ്രാപിച്ചുകൊണ്ടാണ് ഇവരെല്ലാം ഒരേ വേദിയില്‍ ഒത്തുകൂടിയത്. ജയലളിതയുടെയും മുലായത്തിന്റെയും നിതീഷിന്റെയും ഒക്കെ കൂടെ ഗമയില്‍ നടന്നിരുന്ന പാര്‍ട്ടിയാണ് സി പി എം. പാര്‍ട്ടി സ്വയം ശക്തിയാര്‍ജ്ജിക്കേണ്ട വഴികള്‍ എന്തൊക്കെയെന്ന് പ്രകാശ് കാരാട്ടും പറയുകയുണ്ടായില്ല. ജിമ്മില്‍ പോകണോ, ഉഴിച്ചിലും പിഴിച്ചിലും നടത്തണോ, ജീവന്‍ടോണോ അജമാംസരസായനമോ കഴിക്കണോ, സ്ഥിരമായി കോംപ്ലാന്‍ കുടിച്ചാല്‍ മതിയാകുമോ എന്നൊന്നും മേപ്പടിയാന്‍ പറയാതിരുന്നത് കഷ്ടമായിപ്പോയി. ഒരു മഹാകാര്യം പറയുമ്പോള്‍ അത് നടത്തിയെടുക്കാനുള്ള വഴികൂടി പറഞ്ഞുകൊടുക്കേണ്ടേ? ഇത്രകാലവും കൊണ്ടുപിടിച്ചു ശ്രമിച്ചിട്ടാണ് പാര്‍ട്ടിയെ ഇന്നത്തെ അവസ്ഥയില്‍ കാരാട്ട് വരെയുള്ള നേതാക്കള്‍ വല്ലവിധേനയും എത്തിച്ചത്. എന്തൊരു വീരസ്യമായിരുന്നു, ഞാനും മുതലയമ്മാച്ചനുംകൂടി എന്നുപറഞ്ഞ്. കേന്ദ്രത്തിലെ യു പി എ സര്‍ക്കാരിനെപ്പോലും കിടുകിടാ വിറപ്പിച്ച ഒരു കാലമുണ്ടായിരുന്നു. പക്ഷേ പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്നതാണ് ഇന്നത്തെ സ്ഥിതി. ശൗര്യം ഫലിക്കുന്നില്ല എന്നു തന്നെയല്ല, പല്ലും മിക്കതും കൊഴിഞ്ഞുപോയി. പശ്ചിമബംഗാളില്‍ 34 കൊല്ലം ഭരിച്ചുഭരിച്ച് ഒടുവില്‍ ജനങ്ങള്‍ സി പി എമ്മിനെ കറിവേപ്പിലപോലെ എടുത്തുകളഞ്ഞു. ത്രിപുരയെന്നത് കേരളത്തിലെ ഒരു ജില്ലപോലെയേയുള്ളു. കേരളത്തിലോ? പാര്‍ട്ടിതന്നെ ഫ്രെയിമിനകത്ത് ഉടഞ്ഞിരിക്കുന്ന കണ്ണാടിപോലെയാണ്. അതിനൊപ്പമാണ് പഴകിത്തേഞ്ഞ നാണംകെട്ട സമരമുറകള്‍ വീണ്ടും പുറത്തെടുത്തിരിക്കുന്ന നടപടി. നിയമസഭപോലും ചന്തയാക്കിമാറ്റുന്ന ഏര്‍പ്പാട്, സോഷ്യല്‍ മീഡിയയുടെ പിന്നാലെ പോകുന്ന പുതുതലമുറക്ക് ഒരിക്കലും ദഹിക്കില്ല എന്ന് അവര്‍ ഓര്‍ക്കുന്നില്ല. ശിലായുഗസംസ്‌കാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അത് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളുടെ മുന്നില്‍ വിലപ്പോവില്ല. അത് അനുഭവങ്ങളില്‍നിന്നു പഠിക്കാന്‍ സി പി എമ്മിന്റെ സംസ്ഥാന നേതൃത്വത്തിന് ഇപ്പോഴും കഴിയുന്നില്ല എന്നതാണ് പ്രശ്‌നം. കഴിയണമെങ്കില്‍ അതിനു പറ്റിയ നേതൃത്വം പാര്‍ട്ടിക്കുണ്ടാകണം. സി പി ഐ സമ്മേളനചര്‍ച്ചയില്‍ പുതുനേതൃത്വത്തിന്റെ ആവശ്യകതയെപ്പറ്റി സി പി ഐ പ്രതിനിധികള്‍ ശക്തമായ അഭിപ്രായപ്രകടനം നടത്തിയെന്നത് തികച്ചും ശുഭോദര്‍ക്കമാണ്. കഴിവില്ലാത്തവരും പ്രായം ചെന്നവരുമായ നേതാക്കളാണ് പാര്‍ട്ടിയെ ഇന്നു നയിക്കുന്നതെന്നും അവിടെ വിമര്‍ശനം ഉയര്‍ന്നു. സി പി ഐ ദേശീയ കൗണ്‍സിലിലെ അംഗങ്ങളുടെ ശരാശരി പ്രായം 74 ആണത്രേ. കേരളഘടകത്തില്‍നിന്നുള്ള പ്രതിനിധി രാജാജി മാത്യു തോമസ് പറഞ്ഞത് ഇടതുജനാധിപത്യമുന്നണി എന്ന നയം സി പി ഐക്ക് ദോഷമുണ്ടക്കിയെന്നാണ്. മതനിരപേക്ഷനിലപാടുള്ള എല്ലാ കക്ഷികളുമായും കൈകോര്‍ക്കുകയാണ് ഇന്നിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. കാലഘട്ടത്തിന്റെ ചുവരെഴുത്തുകള്‍ പിന്തുടരുന്ന പ്രയോഗികബുദ്ധിയുള്ള ഒരു നേതാവിന്റെ സ്വരമാണ് നാം ഇവിടെ കേട്ടത്. എന്നാല്‍, ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചവനെ പിടിച്ചുനിര്‍ത്താന്‍ പോകുന്നത് പാഴ്‌വേലയാണ്. സി പി എമ്മും, സി പി ഐയും കാലപ്രവാഹത്തില്‍ ഒലിച്ചുപോകാന്‍ പോകുന്ന രണ്ടു പാര്‍ട്ടികളാണ്. ആ പാര്‍ട്ടികള്‍ ഈ രാജ്യത്തെയോ ഇവിടത്തെ ജനങ്ങളെയോ തിരിച്ചറിയുന്നില്ല. ഇറക്കുമതിചെയ്ത നയപരിപാടികളാണ് അവരെ മുന്നോട്ടു നയിക്കുന്നത്. അതുകൊണ്ട് അവര്‍ എത്ര പാര്‍ട്ടി കോണ്‍ഗ്രസുകള്‍ നടത്തിയാലും കീഴോട്ട് മാത്രമേ വളരുകയുള്ളു. എന്നാല്‍, കേരളത്തിലെ സി പി ഐ ഘടകത്തിനെക്കുറിച്ച് വലിയ പ്രശംസ സമ്മേളനത്തിലുണ്ടായി എന്നാണ് മാധ്യമ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കൃത്യമായി പണപ്പിരിവു നടത്തുന്ന ഏകപാര്‍ട്ടിഘടകം സി പി ഐയുടെ കേരളഘടകമാണത്രേ. സംസ്ഥാന സെക്രട്ടറി മുതല്‍ താഴോട്ടുള്ളവര്‍ പിരിവിനായി ഇറങ്ങും. ചെറിയ സംസ്ഥാനമായിട്ടും 4.3 കോടി രൂപ വരെ പിരിച്ച വര്‍ഷങ്ങളുണ്ട്. ഇതെങ്കിലും മറ്റുള്ള സംസ്ഥാനഘടകങ്ങള്‍ കണ്ടുപഠിക്കണമെന്ന നിര്‍ദ്ദേശം സമ്മേളനത്തിലുണ്ടായി. പാര്‍ട്ടി വലുതായില്ലെങ്കിലും പിരിവ് വലുതായാല്‍ മതി. ആരൊക്കെയാണ് ഇടതുപക്ഷമെന്ന് വ്യക്തമാക്കണമെന്ന് എസ് യു സി ഐയിലെ പ്രവാഷ് ഘോഷ് സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആരാണ് ഇടതുപക്ഷം എന്നകാര്യത്തില്‍ പോലും ഇപ്പോള്‍ സന്ദേഹം നിലനില്‍ക്കുന്നുണ്ട് എന്നാണ് അതിനര്‍ഥം. തെരഞ്ഞെടുപ്പിനായി മാത്രം ഇടത് ഐക്യത്തിനെക്കുറിച്ച് സംസാരിച്ചാല്‍ പോരാ എന്നാണ് ആര്‍ എസ് പിയിലെ അവനി റോയി അഭിപ്രായപ്പെട്ടത്. ചുരുക്കത്തില്‍, നിയതമായ നിലപാടുകളോ, വ്യക്തമായ നയങ്ങളോ, രാജ്യത്തെയും ജനങ്ങളെയും മുന്നില്‍ കണ്ടുകൊണ്ടുള്ള പരിപാടികളോ ഇല്ലാത്ത പാര്‍ട്ടികളായി സി പി എമ്മും, സി പി ഐയും അധഃപതിച്ചിരിക്കുന്ന ദയനീയമായ കാഴ്ചയാണ് ജനങ്ങള്‍ ഇന്നു കാണുന്നത്. ആ പാര്‍ട്ടികള്‍ക്ക് മാറ്റം സംഭവിക്കുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. ആ പാര്‍ട്ടികള്‍ കുറേശെക്കുറേശ്ശെ അലിഞ്ഞലിഞ്ഞ് ഇല്ലാതാകും. ഒരുകാലത്ത് അവരുടെ ചെങ്കൊടികള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ മാത്രം അവശേഷിക്കും. *** എം എല്‍ എമാര്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന അനുകൂല്യങ്ങള്‍ കേട്ടാല്‍ ഞെട്ടിപ്പോകും. മെമ്പര്‍ ഓഫ് ലെജിസ്‌ലേറ്റീവ് അസംബ്ലിയെന്നാണ് എം എല്‍ എ എന്നതിന്റെ മുഴുപ്പേര്. നിയമനിര്‍മാണമാണ് എം എല്‍ എമാരുടെ മുഖ്യതൊഴില്‍ എന്നര്‍ഥം. എന്നാല്‍, 28 ദിവസത്തെ സംസ്ഥാന ബജറ്റ്‌സമ്മേളനം എട്ടു ദിവസം കൂടിയിട്ട് പിരിഞ്ഞു. വോട്ട് ഓണ്‍ അക്കൗണ്ടും ധനവിനിയോഗബില്ലും ചര്‍ച്ചകൂടാതെ പാസ്സാക്കി. 28 ദിവസംകൊണ്ട് സംസ്ഥാനത്തെ സംബന്ധിക്കുന്ന നാനാവിഷയങ്ങളും, ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളും നിയമസഭയില്‍ കൊണ്ടുവന്നു ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. അതിന് സര്‍ക്കാര്‍ ഭാഗത്തുനിന്നും വ്യക്തമായ മറുപടികളും നടപടികളും ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ, അതിനൊന്നും പ്രതിപക്ഷത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. അവര്‍ നിയമസഭയെ ചന്തയെക്കാള്‍ കഷ്ടമാക്കി. ലോകത്തിന് മുന്നില്‍ പ്രബുദ്ധകേരളം നാണിച്ച് തലതാഴ്ത്തി. ജനാധിപത്യം ഇതാണോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. നിയമസഭയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്ത് അയയ്ക്കുന്നത് ഈ കൈയാങ്കളികള്‍ക്കും വൃത്തികേടുകള്‍ക്കും ആണോ എന്ന് സമ്മതിദായകര്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഇപ്പോഴും തെറ്റു പറ്റിയത് ഏറ്റുപറഞ്ഞ് നിയമസഭയുടെ അന്തസ്സും അഭിമാനവും വീണ്ടെടുക്കുന്നതിലല്ല മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കു താല്‍പര്യം. അതിനിടെ, പെണ്ണുങ്ങളുടെ വിഷയം വീണുകിട്ടിയ ആവേശത്തിലും ആഹഌദത്തിലുമാണ് നൂറോടടുത്ത പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. മാണിയെ കൈകാര്യം ചെയ്യാന്‍ വനിതാ എം എല്‍ എമാരുണ്ട് എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചിരുന്നു. ആണുങ്ങളെ കൈകാര്യം ചെയ്യാന്‍ പറഞ്ഞുവിടാനുള്ളവരാണോ സി പി എമ്മിലെ വനിതാ എം എല്‍ എമാര്‍? അവരെ അത്രക്ക് തരംതാഴ്ന്നവരായിട്ടാണോ കോടിയേരി കാണുന്നത്. സ്വന്തം പാര്‍ട്ടിയിലെ വനിതാ എം എല്‍ എമാരെ ഇത്ര നിന്ദ്യമായി കരുതുന്ന പ്രതിപക്ഷ ഉപനേതാവ് കൂടിയായ കോടിയേരി ബാലകൃഷ്ണന്റെ സമീപനത്തെ സി പി എമ്മിലെ വനിതാ എം എല്‍ എമാര്‍ അംഗീകരിക്കുന്നുണ്ടോ? തിരുവനന്തപുരം വിളപ്പില്‍ശാല ഇ എം എസ് അക്കാദമിയില്‍ ഇ പി ജയരാജന്‍ എം എല്‍ എ നടത്തിയ പ്രസംഗത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധം കുറഞ്ഞുപോയെന്ന് പറയുകയുണ്ടായി. ഇവരെയൊക്കെ എം എല്‍ എമാരാക്കി വിടുന്നവരെ പറഞ്ഞാല്‍ മതിയല്ലോ. *** 2011 മാര്‍ച്ച് 31 ന് രജിസ്റ്റേഷന്‍ ഐ ജിയായിരുന്ന എ കെ രാമകൃഷ്ണന്‍ വിരമിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ രണ്ടിന് അദ്ദേഹം ഇരുന്നിരുന്ന ഓഫീസ് മുറി, വാതില്‍പ്പടി, ഔദ്യോഗികവാഹനം എന്നിവ ചാണകവെള്ളം തളിച്ച് ശുദ്ധമാക്കിയെന്ന കേസില്‍ പട്ടികജാതി-പട്ടികവര്‍ഗ പീഡനനിരോധനനിയമപ്രകാരമുള്ള വകുപ്പുകള്‍ ഹൈക്കോടതി ഒഴിവാക്കിയതിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. എന്നാല്‍ മുറി വൃത്തിയാക്കാന്‍ ഗോമുത്രം ഉപയോഗിക്കണമെന്നു നിര്‍ദ്ദേശിച്ച് കേന്ദ്രമന്ത്രി മേനകാ ഗാന്ധി മന്ത്രിസഭയിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് കത്തെഴുതിയിരിക്കുകയാണെന്ന് പത്രറിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു. ഇത് നടപ്പിലായാല്‍, ചാണകവെള്ളം തളിച്ച കേസിലെ പ്രതികളെ ഹൈക്കോടതിക്ക് അഭിനന്ദിക്കേണ്ടിവരുമെന്നാണ് തോന്നുന്നത്. മത്രമല്ല, ലോഷനു പകരമായി ഉപയോഗിക്കാന്‍ ഗോമൂത്രം ശേഖരിച്ച് വില്‍പ്പന നടത്തുന്നവരുടെയും, അത് കുപ്പിയിലാക്കി വില്‍പ്പന നടത്തുന്ന കമ്പനികളുടെയും കൊയ്ത്തുകാലവും താമസിയാതെ വന്നേക്കാം. അങ്ങനെയങ്ങനെ മോദിഭരണം അവസാനിക്കുന്നതിനു മുമ്പായി ഗോമൂത്രം ദേശീയപാനീയമായി അംഗീകരിക്കപ്പെട്ടുവെന്നും വന്നേക്കാം. അപ്പോള്‍ പ്രധാനമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കോണ്‍ഫറന്‍സുകളില്‍ മിനറല്‍ വാട്ടര്‍ കുപ്പികള്‍ക്കുപകരം ഗോമൂത്രക്കുപ്പികള്‍ ഇരിക്കുന്നതു കാണാം. അനുബന്ധം ശിഷ്യന്‍: ജോലിസമയത്ത് മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്ത മേലുദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥഭരണപരിഷ്‌കാരണവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നല്ലോ ഗുരോ. ഗുരു: അതൊക്കെ അപ്പച്ചന്റെ ഒരു തമാശ അല്ല്യോ ശിഷ്യാ. ജോലിസമയത്തല്ലാതെ പിന്നെ ഉറങ്ങികിടക്കുമ്പോഴാണോ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യേണ്ടത് എന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടനകള്‍ പ്രസ്താവനയിറക്കാതെ സൂക്ഷിച്ചാല്‍ നന്ന്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം