malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

അരുന്ധതി റോയിയില്‍ ഗോഡ്‌സെയുടെ ശബ്ദം

ആര്‍.കെ. രവിവര്‍മ്മ
അരുന്ധതി റോയിക്കും മാര്‍ക്കണ്ഡേയ കട്ജുവിനും സുബ്രഹ്മണ്യ സ്വാമിക്കും ചില നേരങ്ങളിലെ ബോധോദയങ്ങള്‍ ശ്രദ്ധക്കോ പരാമര്‍ശങ്ങള്‍ക്കോ അര്‍ഹതയില്ല എങ്കിലും പുതിയ തലമുറയില്‍ ചില ശുദ്ധ മനസ്സുകളില്‍ വിഷംതളിക്കാനുള്ള ശ്രമമെന്ന നിലക്ക് പറയാതിരുന്നുകൂടാ. കോര്‍പ്പറേറ്റ് ഏജന്റ് എന്ന ബഹുമതിയാണ് ഇവര്‍ ഗാന്ധിജിക്ക് നല്കിയത്. വിശ്വവിജ്ഞാനകോശമെന്ന് അഹങ്കരിക്കുന്ന അല്‍പത്വത്തിന്റെ ജല്‍പ്പനം മാത്രമാണിത്. കയ്യടിക്കാനും ആഘോഷിക്കാനുമുള്ളവരെ സന്തോഷിപ്പിക്കാനാണ് ഭൂതകാലത്തിന്റെ കുഴിതോണ്ടികള്‍ ശ്രമിക്കുന്നത്. ഖൊരക്ക്പൂര്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് അരുന്ധതി പറഞ്ഞ കാര്യങ്ങളാണിത്. ശുദ്ധമായ വിവരക്കേടിന്റെയും സ്ഥലകാലബോധമില്ലാത്ത പ്രസംഗത്തിനും ഇതില്‍പരം ഒരു ഉദാഹരണം കാണുമോ? 1909നും 1946നും ഇടക്ക് ഗാന്ധി എഴുതിയതും പറഞ്ഞതുമായ കാര്യങ്ങള്‍ വളരെ വര്‍ഷം ആഴത്തില്‍ പഠിച്ചതാണത്രെ അവര്‍. 2015 മാര്‍ച്ച് മാസമായപ്പോഴാണ് ആ പഠനകാര്യങ്ങള്‍ ജനത്തോട് പറഞ്ഞത്. ഒരെഴുത്തുകാരി പഠിച്ച കാര്യങ്ങള്‍ എഴുതാനാണ് ശ്രമിക്കുക. അല്ലാതെ, ചിലരുടെ കയ്യടിക്കുവേണ്ടി ആനവങ്കത്വവും വിവരക്കേടും എഴുന്നള്ളിക്കരുത്. കോര്‍പ്പറേറ്റുകള്‍ ഗാന്ധിജി ഉണ്ടാക്കിയതാണോ? അമ്പാനിമാരും ടാറ്റമാരും വളര്‍ന്നത് ഗാന്ധിജി വഴി കാട്ടിയതുകൊണ്ടാണോ? ഉപ്പുണ്ടാക്കുന്ന ചെറുകിട വ്യവസായങ്ങള്‍ അടക്കം അവര്‍ തുടങ്ങിയത്രെ. അത് തന്നെയാണ് അരുന്ധതിയുടെ വിവരക്കേടിന് തെളിവും. ഉപ്പു സത്യാഗ്രഹം എന്ന് അവര്‍ കേട്ടു കാണുമോ? ഇന്ത്യയിലെ അനന്തമായ സമുദ്രത്തില്‍ നിന്നെടുത്ത ഉപ്പിനുപോലും ബ്രിട്ടീഷ് കോര്‍പ്പറേറ്റ് ഏജന്‍സികള്‍ നികുതിവര്‍ദ്ധിപ്പിച്ചതും ഇന്ത്യയെ ചൂഷണം ചെയ്തതും അവര്‍ അറിഞ്ഞു കാണില്ല. ഉപ്പു സത്യാഗ്രഹത്തിലൂടെ സാമ്രാജ്യത്വം നടത്തിയ ഒരു പെരുംകൊള്ളയെ ഇന്ത്യയിലെ സാധാരണക്കാരിലുണ്ടാക്കിയ നേതാവാണ് ഗാന്ധിജി. അനന്തമായ കടലിലെ മുക്കിയാല്‍ തീരാത്ത വെള്ളമുള്ള കടലില്‍ നിന്ന് വെള്ളമെടുത്ത് ഇന്ത്യക്കാര്‍ ഉപ്പുസത്യാഗ്രഹ സമരം നടത്തിയത് ചരിത്രമല്ലേ? ഈ സമരത്തിന് ഉപ്പു കുറുക്കാന്‍പോയ ഇന്ത്യയിലെ പാവം മനുഷ്യരെ തല്ലിച്ചതച്ചതും വെടിവെച്ചതും ദന്തഗോപുരവാസികള്‍ക്കറിയില്ല. ആഗോളതലത്തില്‍ വിവരമുള്ളവര്‍ക്ക് ഇന്ത്യക്കാരന്റെ അസ്വാതന്ത്ര്യവും അനുഭവിക്കുന്ന ചൂഷണവും കാണിച്ചു കൊടുത്ത ഗാന്ധിജിയെന്ന ക്രാന്തദര്‍ശിയെ മനസ്സിലാക്കാന്‍ അരുന്ധതിക്ക് ജന്മങ്ങള്‍ തന്നെ വേണ്ടിവരും. ഉപ്പിന്റെ കാര്യം പറഞ്ഞ് അങ്ങനെ മടങ്ങിപ്പോവരുത്. അരുന്ധതിയും വസ്ത്രം ധരിക്കാറുണ്ടല്ലോ. സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജി നടത്തിയ വിദേശവസ്ത്രബഹിഷ്‌കരണം കോര്‍പ്പറേറ്റുകളെ സഹായിക്കാനായിരുന്നുവോ? ലോകത്തില്‍ പരുത്തി ഉല്പാദനത്തില്‍ അന്ന് ഇന്ത്യ വളരെ മുന്നിലായിരുന്നു. അവിഭക്ത ഭാരതത്തിലെ പരുത്തി മുഴുവനും ബ്രിട്ടീഷുകാര്‍ ലണ്ടനിലേക്ക് കൊണ്ടുപോയി മില്ലുകള്‍ വഴി ലോകത്തെങ്ങും വിതരണം ചെയ്തു. ഗ്രാമങ്ങളിലെ കൈത്തറി തൊഴിലാളികളുടെ ഉല്പന്നങ്ങളെ വന്‍കിട മില്ലുകളുടെ ഉല്പന്നങ്ങള്‍ കീഴടക്കുകയായിരുന്നു. 1930 ല്‍ ലോകം ഈ ചൂഷണത്തെക്കുറിച്ച് അറിഞ്ഞത് ഗാന്ധിജിയിലൂടെയാണ്. 1930 ല്‍ ഗാന്ധിജി വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ലണ്ടനിലെ മില്‍ തൊഴിലാളികള്‍ പരാതി പറയാന്‍ ഗാന്ധിജിയെ തടഞ്ഞുകൊണ്ട് വരികയുണ്ടായി. അക്കാലത്ത് ലോകത്തില്‍ ഏറ്റവുമധികം പരുത്തി ഉല്പാദിപ്പിച്ചിരുന്നത് ഇന്ത്യയാണ്. ആ പരുത്തിയാണ് ഇത്തരം മില്ലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സൗകര്യമുണ്ടാക്കിക്കൊടുത്തത്. ഗാന്ധിജിയുടെ ഖാദിപ്രസ്ഥാനം ഗ്രാമങ്ങളിലേക്ക് വ്യാപിച്ചതോടെ നമ്മള്‍ നൂറ്റ നൂലുകൊണ്ടും നമ്മള്‍ നെയ്ത വസ്ത്രം കൊണ്ടും തുണിമില്ലുകള്‍ക്ക് പരുത്തികിട്ടാതായി. തക്ലിയും ചര്‍ക്കയും തിരിഞ്ഞുതുടങ്ങിയതോടെ വലിയ ഒരു സാമ്രാജ്യശക്തിയുടെ ഏറ്റവും വലിയ ചൂഷണത്തിന് വെല്ലുവിളിയായി ഗാന്ധിജി വിവരമുള്ള ആ തൊഴിലാളികളോട് പറഞ്ഞത് അര്‍ദ്ധനഗ്നരായ എന്റെ നാട്ടുകാരെ സഹായിക്കാനുള്ള ഒരു ചെറിയ നടപടി ഞാന്‍ സ്വീകരിക്കലല്ലാതെ ഞാന്‍ ഒരിക്കലും നിങ്ങളെ ദ്രോഹിച്ചിട്ടില്ല. അവര്‍ ഒന്നും പറയാനാവാതെ തിരിച്ചുപോയി. 1930 മുതല്‍ 1940 വരെ ഗാന്ധിജിയെ പഠിക്കാന്‍ ശ്രമിച്ചു എന്നു പറയുന്ന അരുന്ധതിക്ക് ഇക്കാര്യമറിയില്ല. ഉപ്പുസത്യാഗ്രഹവും സ്വദേശി വസ്ത്രധാരണവും ദുബ്ബലനായ ഒരര്‍ദ്ധനഗ്നന്‍ നടത്തിയ നിശ്ശബ്ദ വിപ്ലവം ദന്തഗോപുരവാസികള്‍ക്ക് മനസ്സിലാവില്ല. അന്നത്തെ സവര്‍ണ്ണരോട് ഗാന്ധിജി പറഞ്ഞ മറ്റൊരുകാര്യം. അവര്‍ ഓരോ ഹരിജന്‍കുട്ടിയെ ദത്തെടുത്ത് വളര്‍ത്തണമെന്നായിരുന്നു. കോഴിക്കോട്ടെ പന്തിയങ്കരയില്‍വെച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ആ ദത്തെടുക്കല്‍ ആഹ്വാനമനുസരിച്ച് കോഴിപ്പുറത്ത് മാധവമേനോനും കുട്ടിമാളും അരമ്മയും വളര്‍ത്തിയ ഒരു ഹരിജന്‍ പ്രവര്‍ത്തകനെ ഈ ലേഖകന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അക്കാലത്തൊക്കെ സമൂഹത്തിന്റെ കണ്ണ് തെളിയിച്ച കാര്യമാണത്. അയിത്തത്തിനെതിരെ നടന്ന പോരാട്ടം അരുദ്ധതിക്കറിയില്ല. ആടറിയുമോ അങ്ങാടി വാണിഭം എന്നൊരു ചൊല്ലുണ്ട്. ക്ഷേത്രപ്രവേശന സമരങ്ങള്‍, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം ഇതൊക്കെ ചരിത്രം പഠിപ്പിച്ച പാഠങ്ങളാണ്. ചെറുകിട വ്യവസായങ്ങളും സഹകരണപ്രസ്ഥാനവും ചൂഷണത്തില്‍ നിന്ന് ഇന്ത്യയെ വലിയ ഒരളവോളം പിടിച്ചുനിര്‍ത്തിയിട്ടുണ്ട്. കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളെക്കുറിച്ചും ചെറുകിട വ്യവസായങ്ങള്‍ കാര്‍ഷികരംഗത്തെ കൂട്ടായ്മകള്‍ എന്നീ കാര്യങ്ങള്‍ ഇന്ത്യയിലെങ്ങും പല പേരുകളില്‍ വളര്‍ന്നിട്ടുണ്ട്. ദേശീയ പ്രസ്ഥാനത്തിന് ഗാന്ധിജി നല്കിയ സന്ദേശമാണിത്. കോര്‍പ്പറേറ്റുകള്‍ വളര്‍ത്തിക്കൊണ്ടു വന്ന മോദി ഭരണകൂടത്തിന്റെ കൊള്ളരുതായ്മകള്‍ മറച്ചുപിടിക്കാന്‍ രാഷ്ട്രപിതാവിനെ പഴിചാരി രക്ഷപ്പെടരുത്. ഇന്നത്തെ ജപ്പാനും വിയറ്റ്‌നാമുമൊക്കെ ഗാന്ധിയന്‍ പദ്ധതികള്‍ പരീക്ഷിച്ച നോക്കി വിജയം കണ്ടെത്തിയവരാണ്. വിശ്വമാനവികതയുടെ ശബ്ദമാണ് ഗാന്ധിജി. ചവിട്ടിമെതിക്കപ്പെട്ട മനുഷ്യരായി അകറ്റിനിര്‍ത്തിയ പാവങ്ങളെ ഹരിജനങ്ങള്‍ ആണവര്‍ എന്ന് ഇന്ത്യയെ പഠിപ്പിച്ചതും ഗാന്ധിജിയാണ്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം