malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

മദ്യനയം: സര്‍ക്കാരിന്റെയും കെപിസിസിയുടെയും വിജയം

ടി.വി. പുരം രാജു
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം ഹൈക്കോടതി ശരിവച്ചിരിക്കുന്നു. ഒരുവര്‍ഷം നീണ്ട തര്‍ക്കവിതര്‍ക്കങ്ങള്‍ക്കൊടുവിലാണ് കോടതിവിധിയിലൂടെ മദ്യനയത്തിന് നിയമപരമായ സാധുത വന്നിരിക്കുന്നത്. മദ്യരഹിത ഭാരതം എന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രഖ്യാപിതനയമാണ്. സമ്പൂര്‍ണ്ണ മദ്യനിരോധനം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് വേണ്ടിയുള്ള പടിപടിയായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ കൈക്കൊണ്ടത്. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തെ മദ്യരഹിത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനപരിപാടികളായിരുന്നു സര്‍ക്കാര്‍ മുന്നോട്ടു വച്ചത്. കേരളത്തെ ലഹരിവിമുക്തമാക്കണം എന്ന ആഗ്രഹത്തോടെ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ മുന്നോട്ടുവച്ച മുദ്രാവാക്യമായിരുന്നു മദ്യനിരോധനം. കെപിസിസിയുടെ നിര്‍വ്വാഹകസമിതി യോഗത്തിനു മുന്നിലും പാര്‍ട്ടിയുടെയും യുഡിഎഫിന്റെയും വിവിധ തലങ്ങളിലുള്ള സമിതികള്‍ക്കു മുന്നിലും വിഷയം അവതരിപ്പിച്ച് അനുമതി നേടിക്കൊണ്ടാണ് സുധീരന്‍ മദ്യനിരോധനം എന്ന മുദ്രാവാക്യം സര്‍ക്കാരിന് കൈമാറിയത്. വിഷയത്തില്‍ പ്രത്യേക മന്ത്രിസഭായോഗം ചേരുകയും പത്തുവര്‍ഷം നീളുന്ന നടപടികളിലൂടെ കേരളത്തെ സമ്പൂര്‍ണ്ണ മദ്യനിരോധനത്തിലേക്ക് എത്തിക്കുന്നതിനുള്ള തീരുമാനങ്ങള്‍ക്ക് അനുമതി നല്കുകയുമാണുണ്ടായത്. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അനുമതി നല്കിയതോടുകൂടി കേരളത്തിലെ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന 300 ബാറുകള്‍ അടച്ചുപൂട്ടപ്പെടും. സംസ്ഥാനത്ത് ഇനി പ്രവര്‍ത്തിക്കുക 24 പഞ്ചനക്ഷത്ര ബാര്‍ ഹോട്ടലുകള്‍ മാത്രമായിരിക്കും. സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിക്കുകയും അടച്ചുപൂട്ടപ്പെട്ട 412 ഓളം ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിക്കുകയും ചെയ്തതോടെ കേരളത്തില്‍ ഈ വിഷയത്തില്‍ ചേരിതിരിഞ്ഞുള്ള വാദഗതികള്‍ ഉയരുകയുണ്ടായി. ഒപ്പം ബാര്‍ ഉടമകള്‍ പ്രവര്‍ത്തനാനുമതി നേടിക്കൊണ്ട് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് കുറേ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കണമെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ എടുത്ത നിലപാട് ശരിയല്ലായെന്നും വിധി പ്രസ്താവിക്കുകയുണ്ടായി. എന്നാല്‍ ഈ അവസരത്തിലും സര്‍ക്കാരിന്റെ നിലപാടുനയവും സമ്പൂര്‍ണ്ണ മദ്യനിരോധനം തന്നെയാണെന്നും ആ ലക്ഷ്യത്തിലേക്ക് എത്തുന്നതിനുവേണ്ടി മദ്യലഭ്യതയും മദ്യ ഉപയോഗവും പരമാവധി കുറച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളും നടപടികളുമാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രിയും എക്‌സൈസ് വകുപ്പ് മന്ത്രിയും വ്യക്തമാക്കിയിരുന്നതാണ്. മാറിയും മറഞ്ഞുമുള്ള വാദങ്ങള്‍ ഉന്നയിച്ച് മദ്യനയം സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി നിരവധി കേസുകള്‍ വരുകയുണ്ടായി. മദ്യനയത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോവുകയാണെന്നും ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ച മദ്യനിരോധനം എന്ന നയത്തില്‍ വെള്ളം ചേര്‍ക്കുകയാണെന്നും ഒക്കെ ഉത്തരവാദപ്പെട്ട ആള്‍ക്കാരില്‍ നിന്നുവരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വാദങ്ങളിലൊന്നും കഴമ്പില്ലെന്നും സര്‍ക്കാരിന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. സംസ്ഥാനത്ത് ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്കിയതിനെ ചോദ്യം ചെയ്തുകൊണ്ട് മറ്റ് ബാര്‍ ഉടമകളില്‍ ചിലര്‍ നല്കിയ ഹര്‍ജിയിന്മേലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഇന്നലെ പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന്മേലുള്ള വിധി എന്തുകൊണ്ടും ചരിത്രപ്രാധാന്യമുള്ളതാണ്. കേസിന്റെ വാദങ്ങള്‍ക്കിടയില്‍ കോടതി കണ്ടെത്തിയ നിരീക്ഷണങ്ങളും നടത്തിയ പരാമര്‍ശങ്ങളും ഒരുകാര്യം വ്യക്തമാക്കുന്നുണ്ട്. ഇന്നലെവരെ കോടതികളില്‍നിന്നും അബ്കാരി കേസുകളില്‍ എന്തൊക്കെത്തരത്തിലുള്ള വിധികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആ വിധികള്‍ക്കെല്ലാം മേല്‍ പരിപൂര്‍ണ്ണതയും പരിസമാപ്തിയും വെളിപ്പെടുത്തുന്ന വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മദ്യ ഉപഭോഗം നടക്കുന്ന സംസ്ഥാനമാണ് കേരളം എന്നും അതുകൊണ്ടുതന്നെ മദ്യം സംസ്ഥാനത്തെ സാമൂഹ്യജീവിതത്തില്‍ ഉണ്ടാക്കുന്ന വിപത്തുകള്‍ ചെറുതല്ല എന്നും മദ്യ ഉപയോഗം പൗരാവകാശമായി കാണാന്‍ ഒരിക്കലും സാധ്യമല്ല എന്നും കോടതി വെളിപ്പെടുത്തുകയുണ്ടായി. മദ്യവിമുക്തമായ സമൂഹം എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചതെന്നും മറ്റുതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്കു നല്കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു മദ്യ വിമുക്തമായ കേരളത്തെ സൃഷ്ടിക്കുക എന്നത്. ആ ലക്ഷ്യസാക്ഷാത്കാരത്തിനുള്ള പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫിനും സംസ്ഥാന സര്‍ക്കാരിനും പ്രത്യേകിച്ചും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കും അഭിമാനവും ആവേശവും പകരുന്നതാണ് ഇന്നലെ ഉണ്ടായ ഹൈക്കോടതി വിധി. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ജനപക്ഷം ചേര്‍ന്നുകൊണ്ട് ആവിഷ്‌കരിച്ചിട്ടുള്ള ഏറ്റവും പ്രാധാന്യമുള്ള പരിപാടിയായിരുന്നു മദ്യരഹിത കേരളത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനം. ഈ ലക്ഷ്യത്തോടെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഊര്‍ജ്ജിതമായി മുന്നോട്ടു നീങ്ങാന്‍ പ്രേരകശക്തിയായി മാറുന്നതാണ് ഹൈക്കോടതിയുടെ വിധി. കേരളീയ സമൂഹം വളരെ ആശങ്കയോടെ നോക്കിക്കാണുന്ന പ്രശ്‌നമാണ് ഇവിടുത്തെ പുതുതലമുറയുടേതടക്കമുള്ള ആള്‍ക്കാരുടെ ലഹരി ഉപയോഗം. മദ്യം മാത്രമല്ല, മയക്കുമരുന്നും മറ്റു ലഹരി ഉല്പന്നങ്ങളും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് കേരളത്തിലാണെന്നും മദ്യമേഖലയിലേതിനെക്കാള്‍ ശക്തമായോ അതിനൊപ്പമായോ മറ്റുതരത്തിലുള്ള ലഹരികളുടെ മഫിയാസംഘം കേരളത്തില്‍ വ്യാപകമായി പ്രവര്‍ത്തിച്ചുവരുന്നു എന്നതും സംബന്ധിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. കുടുംബജീവിതത്തിലെ അന്തഃഛിദ്രങ്ങളും അക്രമങ്ങളും സാമ്പത്തിക തകര്‍ച്ചയും ഇതു വഴിയുണ്ടാകുന്ന ആത്മഹത്യകളും കേരളത്തില്‍ പെരുകിവരുന്നു എന്നാണ് വാര്‍ത്തകള്‍ തന്നുകൊണ്ടിരിക്കുന്ന സന്ദേശം. സര്‍ക്കാര്‍ ഉത്തരവുകളെക്കാള്‍ ഇക്കാര്യത്തില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നത് സാമൂഹ്യബോധവത്ക്കരണമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തുടക്കത്തില്‍ കെപിസിസി ലഹരിവിരുദ്ധ സന്ദേശവുമായി പ്രചാരണരംഗത്തേക്ക് ഇറങ്ങിയത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളായ എ.കെ. ആന്റണി, വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുഴുവന്‍ ആള്‍ക്കാരും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ മദ്യവിരുദ്ധ പ്രക്ഷോഭത്തിന് ഏകസ്വരത്തില്‍ പിന്തുണയുമായി നിലയുറപ്പിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസും യുഡിഎഫും സര്‍ക്കാര്‍ മുന്നോട്ടുവച്ച മദ്യനയത്തിലും സര്‍ക്കാര്‍ തീരുമാനങ്ങളിലും യോജിപ്പുമായിട്ടാണ് മുന്നോട്ടു നീങ്ങിയത്. സര്‍ക്കാരിന്റെ മദ്യനയം പുറത്തുവരികയും ബാറുകള്‍ പൂട്ടിക്കുകയും ചെയ്തതിനുശേഷം ഉണ്ടായ സംഭവഗതികള്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസും സര്‍ക്കാരും ഈ വിഷയത്തില്‍ കൈക്കൊണ്ട നിലപാടുകളെ തുരങ്കം വയ്ക്കുന്നതിന് പ്രതിപക്ഷത്തിന്റെ കൂടി രഹസ്യസഹായത്തോടെ ബാര്‍ ഉടമകളും മറ്റു ചിലരും അണിയറ നീക്കങ്ങളും നടത്തിയിരുന്നു എന്നത് വ്യക്തമാകുന്നുണ്ട്. ബാറുകള്‍ തുറക്കുന്നതിനായി കോഴ നല്കിയെന്നും ബാറുകള്‍ തുറക്കാതിരിക്കുന്നതിന് കോഴ നല്കി എന്നും വരെ പരസ്പര വിരുദ്ധമായ ആരോപണങ്ങളുടെ വേലിയേറ്റമാണ് കുറച്ചുനാളായി നമ്മുടെ സാമൂഹ്യാന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നിരുന്നത്. ഇന്നലെ പുറത്തുവന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവോടുകൂടി സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം പൂര്‍ണ്ണതോതില്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഇത് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാമാന്യ ജനങ്ങളുടെ സ്വപ്‌ന സാഫല്യത്തെയാണ് സമ്മാനിക്കുന്നത്. കോണ്‍ഗ്രസ് ഏറ്റെടുത്ത ഒരു ജനകീയ മുദ്രാവാക്യത്തിന് കോടതിയുടെ തുല്യംചാര്‍ത്തല്‍ കൂടി ലഭ്യമായിരിക്കുന്നു. ഇത് ഒരു ചരിത്ര വിധിയും ചരിത്രമുഹൂര്‍ത്തവുമാണ്. കാലങ്ങളായി നല്ലൊരു ശതമാനം കേരളീയ കുടുംബങ്ങളില്‍ മദ്യം വിതച്ച വിപത്തിന്റെ മുഴങ്ങുന്ന ദീനരോദനങ്ങള്‍ക്ക് അറുതിയുണ്ടാക്കുന്ന സര്‍ക്കാര്‍ തീരുമാനത്തിനാണ് കോടതി അനുമതി നല്കിയിരിക്കുന്നത്. മദ്യവ്യാപാരത്തിലൂടെ കോടികളുടെ അധിപന്മാരായ ബാര്‍ ഉടമകള്‍ മണിപ്പവറും മസ്സില്‍പ്പവറുമായി ഇനിയും കച്ചകെട്ടിയിറങ്ങിയേക്കാം. എന്നാല്‍ പ്രതിബദ്ധതയും പ്രതിജ്ഞാബദ്ധതയുമുള്ള കെപിസിസി നേതൃത്വവും ജനകീയ മുഖമുള്ള സംസ്ഥാന ഭരണകൂടവും കൈകോര്‍ത്ത് നിന്ന് ഈ ഛിദ്രശക്തികളെ നേരിട്ട് വരാനിരിക്കുന്ന ദശാബ്ദത്തിനുള്ളില്‍ കേരളത്തെ മദ്യരഹിത സംസ്ഥാനമാക്കി മാറ്റും എന്നകാര്യത്തില്‍ ഇനിയും സംശയം വേണ്ട. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം