malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

അക്ബര്‍-മതേതര വാദിയായ മുഗള്‍ ചക്രവര്‍ത്തി

ഡി. സുഗതന്‍
ജാതിമതഭേദമെന്യേ തന്റെ സാമ്രാജ്യത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും സ്വീകാര്യനായ ഒരു ഭരണാധികാരി ആകണമെന്നതായിരുന്നു അക്ബറുടെ ലക്ഷ്യം. ജനസംഖ്യയില്‍ ഭൂരിപക്ഷമായിരുന്ന ഹിന്ദുക്കളെ വിശ്വാസത്തിലെടുക്കാതെ ഇതു സാധ്യമല്ല എന്നദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു. യഥാര്‍ത്ഥ ദേശീയ രാഷ്ട്രം കെട്ടിപ്പടുക്കണമെങ്കില്‍ എല്ലാ മതസ്ഥരേയും ഒത്തിണക്കിക്കൊണ്ടു പോകണമെന്ന് മികച്ച രാഷ്ട്ര തന്ത്രജ്ഞനായ അക്ബറിന് ബോധ്യമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹിന്ദു-മുസ്ലീം ഐക്യത്തിനുവേണ്ടി അക്ബര്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചത്. മതപരമായ എല്ലാ വിവേചനങ്ങളും ആദ്യം തന്നെ അദ്ദേഹം നിര്‍ത്തലാക്കി. മുഗള്‍ ഗവണ്‍മെന്റിന്റെ എല്ലാത്തരം പ്രവര്‍ത്തനങ്ങളിലും ഹിന്ദുക്കളെ അദ്ദേഹം പങ്കെടുപ്പിച്ചു. സാമ്രാജ്യത്തിലെ പരമോന്നത പദവികള്‍ പലതും ഹിന്ദുക്കള്‍ക്കു നല്‍കുകയുണ്ടായി. അങ്ങനെ ഉന്നതസ്ഥാനത്ത് എത്തിയവരാണ് രാജാടോഡര്‍മാള്‍, മാന്‍സിങ്ങ്, രാജാഭഗവന്‍ദാസ്, ബീര്‍ബല്‍ എന്നിവര്‍. മുസ്ലീങ്ങളല്ലാത്ത ശത്രുക്കളുടെ ഭാര്യമാരെയും കുട്ടികളെയും അടിമകളാക്കുന്ന സമ്പ്രദായവും അക്ബര്‍ നിരോധിക്കുകയുണ്ടായി. മത സഹിഷ്ണതയുടെ കാര്യത്തില്‍ അദ്ദേഹം ഷെര്‍ഷായെക്കാള്‍ മുന്നിലായിരുന്നു. ഹിന്ദുമതാചാരങ്ങള്‍ സാമ്രാജ്യം മുഴുവന്‍ തുടരുവാന്‍ അനുവദിച്ച അദ്ദേഹം ഹിന്ദുപുരാണങ്ങളും ഇതിഹാസങ്ങളും പേര്‍ഷ്യന്‍ ഭാഷയിലേയ്ക്കു പരിഭാഷപ്പെടുത്തിച്ചു. ഹിന്ദുക്കളും മുസ്ലീംങ്ങളും തമ്മിലുള്ള മിശ്രവിവാഹത്തിന് പ്രോത്സാഹനം നല്‍കിയ അദ്ദേഹം തന്നെ മാതൃക കാണിച്ചുകൊണ്ട് ഹിന്ദുക്കളെ മാത്രമല്ല ക്രിസ്ത്യന്‍ സൊറാസ്ടിയന്‍ മതങ്ങളിലുള്ള വനിതകളെയും വിവാഹത്തിലൂടെ ഭാര്യമാരാക്കി. ഇതിന്റെയെല്ലാം ഫലമായി തന്റെ സ്വപ്‌നമായിരുന്ന ദേശീയ രാഷ്ട്രം പടുത്തുയര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചു. ഇതേക്കുറിച്ച് പണ്ഡിറ്റ്ജിയുടെ അഭിപ്രായം ഇതായിരുന്നു. അക്ബറിന്റെ ഭരണകാലത്ത് വടക്കേ ഇന്ത്യയില്‍ ഹിന്ദുവിന്റെയും മുസ്ലീമിന്റെയും സംയോജനം ബഹുദൂരം മുന്നോട്ടു കുതിച്ചു. മുസ്ലീംങ്ങളുടെ ഇടയില്‍ താന്‍ എത്രത്തോളം പ്രിയങ്കരനായിരുന്നുവോ, അത്രത്തോളം അദ്ദേഹം ഹിന്ദുക്കളുടെ ഇടയിലും പ്രിയങ്കരനായിരുന്നു. മുഗള്‍ രാജവംശം ഇന്ത്യയുടെ സ്വന്തം രാജവംശമായി അടിയുറപ്പോടുകൂടിസ്ഥാപിക്കപ്പെട്ടു.” (ഇന്ത്യയെ കണ്ടെത്തല്‍-നെഹ്‌റു) ഇതില്‍ നമുക്ക് ഒരു കാര്യം വ്യക്തമാകുന്നുണ്ട്. ബാബര്‍ ഒരു വിദേശിമാത്രമായിരുന്നു. ചെങ്കിസ്ഖാന്റെയും ടൈമൂറിന്റെയും പാരമ്പര്യമുള്ള വെറും ഒരു കൊള്ളക്കാരനായ യോദ്ധാവ്. അദ്ദേഹത്തെ ഇങ്ങോട്ടാകര്‍ഷിച്ചത് ടൈമൂറിനെപ്പോലെ ഇന്ത്യയുടെ വമ്പിച്ച സ്വത്തായിരുന്നു. ആ സ്വത്തെല്ലാം സംഘടിപ്പിച്ച് തന്റെ സ്വന്തം രാജ്യത്ത് ഒരു സാമ്രാജ്യം ഉണ്ടാക്കണമെന്നേ ബാബര്‍ ആഗ്രഹിച്ചിരുന്നുള്ളൂ. എന്നാല്‍ ബാബറിന്റെ മൂന്നാം തലമുറക്കാരന്‍ അക്ബറിന്റെ കാലമായപ്പോഴേയ്ക്കും ചിത്രം മാറി. കാരണം ഹുമയൂണിന്റെ പുത്രന്‍ അക്ബര്‍ ജനിച്ചത് ഇന്ത്യയിലായിരുന്നു. ജന്മനാ ഇന്ത്യാക്കാരനായ അക്ബര്‍ ഇന്ത്യന്‍ സംസ്‌ക്കാരമാണ് ഉള്‍ക്കൊണ്ടിരുന്നത്. ആദ്യകാലങ്ങളില്‍ തികഞ്ഞ ഒരു ഇസ്ലാം മതഭക്തനായിരുന്ന അക്ബര്‍ പില്‍ക്കാലത്ത് അതില്‍നിന്നും മാറി. ഹിന്ദുമതം ഉള്‍പ്പെടെ മറ്റു മതങ്ങളോട് അദ്ദേഹത്തിനു താല്പര്യം വര്‍ദ്ധിച്ചു. മററു മതങ്ങളെക്കുറിച്ച് അദ്ദേഹം കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഹിന്ദു ഭാര്യമാരും, അദ്ദേഹത്തിന്റെകീഴിലുണ്ടായിരുന്ന ഹിന്ദു ഉദ്യോഗസ്ഥന്മാരും ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റമേല്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടാകാം. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അദ്ദേഹം ഇസ്ലാംമത വിശ്വാസത്തില്‍നിന്ന് അകലുകയും ഖലീഫയുടെ അധികാരത്തെ ദുര്‍ബലപ്പെടുത്തിക്കൊണ്ട് പള്ളിയുടെയും രാജ്യത്തിന്റെയും പരമാധികാരിയായി സ്വയം പ്രഖ്യാപിക്കുക വരെ ചെയ്തു. മുസ്ലീം സമുദായത്തിലെ ഒരു വലിയ വിഭാഗം ജനങ്ങള്‍ അക്ബറുടെ പുതിയ മതസമീപനങ്ങളെ എതിര്‍ക്കുകയുണ്ടായി. അക്ബര്‍ ആഗ്രഹിച്ചതുപോലെ ഹിന്ദുമുസ്ലിം മൈത്രി കെട്ടിപ്പെടുക്കാന്‍ ഇതു മൂലം അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇന്ത്യാചരിത്രത്തില്‍ അക്ബര്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. ഒരു ജേതാവ്, ഭരണാധികാരി, സാമൂഹ്യപരിഷ്‌ക്കര്‍ത്താവ്, രാജ്യതന്ത്രജ്ഞന്‍, സംഗീതത്തിന്റേയും കലകളുടേയും രക്ഷാധികാരി, മതേതരവാദി എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ മികച്ചതാണ്. ഇക്കാരണംകൊണ്ടു തന്നെ അക്ബറെ മഹാന്‍ എന്നു വിളിക്കാം. ചരിത്രകാരന്മാര്‍ക്ക് ആര്‍ക്കും ഇക്കാര്യത്തില്‍ യാതൊരു തര്‍ക്കവും ഉണ്ടാകേണ്ടകാര്യമില്ല. ഇങ്ങനെ എല്ലാ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച അക്ബര്‍ ഇന്ത്യാചരിത്രത്തിലെ ഏറ്റവും കര്‍മ്മകുശലനും ജനസമ്മതനുമായ ഭരണാധികാരിയായിരുന്നു. ജാതിമതഭേദമന്യേ രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും അദ്ദേഹം സ്വീകാര്യനായിരുന്നു. 49 വര്‍ഷക്കാലം ഭരണത്തിലിരുന്ന അക്ബര്‍ എഡി.1605-ല്‍ മരിച്ചു. അക്ബറിന് അംബറിലെ രജപുത്ര രാജകുമാരിയായ ഭാര്യയില്‍ പിറന്ന പുത്രനാണ് സലിം രാജകുമാരന്‍ എന്ന ജഹാംഗീര്‍. അതിനാല്‍ അദ്ദേഹം പകുതി രജപുത്രനും പകുതി മുഗളനുമായിരുന്നു. സലിംരാജകുമാരന് 35 വയസ്സായപ്പോള്‍ അക്ബറുടെ നീണ്ട ഭരണത്തില്‍ അസംതൃപ്തനായ അദ്ദേഹം പിതാവിനു നേരെ ലഹളയ്‌ക്കൊരുങ്ങി. എന്നാല്‍ അക്ബര്‍ ആ ലഹള അമര്‍ച്ച ചെയ്യുകയും മകന്‍ സലിമുമായി സന്ധി ഉണ്ടാക്കുകയും ചെയ്തു. 1605 ല്‍ അക്ബറുടെ മരണശേഷം സലിം ജഹാംഗീര്‍ എന്ന പേരില്‍ സിംഹാസനസ്ഥനായി. ജഹാംഗീര്‍ എന്ന വാക്കിനര്‍ത്ഥം ലോകം കീഴടക്കിയവന്‍ എന്നാണ്. ഇസ്ലാംമത തത്വങ്ങളും, ഹിന്ദു തത്വശാസ്ത്രവും, ക്രിസ്തുമതഗ്രന്ഥങ്ങളും എല്ലാം പഠിച്ച് പാണ്ഡിത്യം നേടിയിരുന്നെങ്കിലും അമിതമായ മദ്യപാനാസക്തി ജഹാംഗീറിന്റെ എല്ലാ ഗുണങ്ങളെയും നിഷ്പ്രഭമാക്കിക്കളഞ്ഞു. ചരിത്രം, ഭൂമിശാസ്ത്രം, കാവ്യ രചന, സംഗീതം, ചിത്രമെഴുത്ത്, ശില്പകല എന്നിവയില്‍ തല്പരനായിരുന്ന അദ്ദേഹം ബഹു ഭാഷാ പണ്ഡിതന്‍ കൂടിയായിരുന്നു. എന്നാല്‍ പതിനാറു വയസ്സില്‍ തുടങ്ങിയ മദ്യപാനം കാലാന്തരത്തില്‍ അദ്ദേഹത്തെ മുഴുക്കുടിയനാക്കി മാറ്റി. കൊട്ടാരത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന അതിഥികളുമായി പന്തയംവെച്ചു മദ്യപിച്ചിരുന്ന അദ്ദേഹത്തിന് അന്ത:പുരത്തിലെ നൂറുകണക്കിനുവരുന്ന സുന്ദരിമാരുമായി സല്ലപിക്കലായിരുന്നു പ്രധാന വിനോദം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുകൊണ്ടുവന്ന സുന്ദരിമാരെ അദ്ദേഹത്തിന്റെ അന്ത:പുരത്തില്‍ സ്വത്തുപോലെ സൂക്ഷിച്ചിരുന്നു. ഇക്കാരണങ്ങളാല്‍ ഭരണകാര്യങ്ങളില്‍ അദ്ദേഹം ഉദാസീനനായിരുന്നു എന്നു വേണം കരുതാന്‍. സ്വകാര്യ ജീവിതത്തിലെ അതേ അലക്ഷ്യമനോഭാവം അദ്ദേഹത്തിന് മതകാര്യങ്ങളിലും ഉണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ മതവിശ്വാസം എന്താണെന്ന് ആര്‍ക്കും പറയാന്‍ കഴിയുമായിരുന്നില്ല. ചിലപ്പോള്‍ മതസഹിഷ്ണുത കാണിച്ചിരുന്ന അദ്ദേഹം ചില അവസരങ്ങളില്‍ മതഭ്രാന്തനായും കാണപ്പെട്ടു. ചിലപ്പോള്‍ ധര്‍മ്മിഷ്ടനും ചിലപ്പോള്‍ ക്രൂരനുമായി പെരുമാറിയ അദ്ദേഹം കഴിവുറ്റ ഒരു സൈന്യാധിപനായിരുന്നു. അധികാരം ഏറ്റ ഉടനെ ജഹാംഗീര്‍ 12 ശാസനകള്‍ പുറപ്പെടുവിച്ചു. ജനക്ഷേമത്തിനായുള്ള ചില പെരുമാറ്റച്ചട്ടങ്ങളായിരുന്നു അത്. ആര്‍ക്കും ചക്രവര്‍ത്തിയെക്കാണാന്‍ അവസരം കൊടുത്തുകൊണ്ട് ജനസമ്പര്‍ക്ക പരിപാടിയും അദ്ദേഹം നടത്തി. കൊട്ടാരത്തില്‍ സ്ഥാപിച്ചിരുന്ന മണിചങ്ങല വലിച്ച് അടിച്ചാല്‍ ആര്‍ക്കും അദ്ദേഹത്തെ കാണാമായിരുന്നു. സദുദ്ദേശത്തോടെ തുടങ്ങിയ ഭരണം അധികം വൈകാതെ അലങ്കോലപ്പെട്ടു. അദ്ദേഹത്തിന്റെ മൂത്തപുത്രന്‍ കുസ്രുരാജകുമാരന്‍ പിതാവിനെതിരായി കലാപ കൊടി ഉയര്‍ത്തി. രാജകുമാരന്‍ ജനപ്രിയനായിരുന്നു. എന്നാല്‍ കുസ്രുവിനെ ജഹാംഗീര്‍ പിടിച്ചു ജയിലിലടച്ചു. 1922 ല്‍ മരിക്കുന്നത് വരെ കുസ്രു ജയിലിത്തന്നെ കിടന്നു. കുസ്രുവിനെ കലാപത്തിന് സഹായിച്ചത് അഞ്ചാമത്തെ സിക്കു ഗുരുവായ അര്‍ജ്ജുന്‍സിങ്ങായിരുന്നു. അദ്ദേഹത്തെ ജഹാംഗീര്‍ വധിച്ചു. സിക്കു ഗുരുവിനെ വധിച്ച ജഹാംഗീറിന്റെ നടപടി സിക്കു സമൂഹത്തെ പ്രകോപിപ്പിച്ചു. സ്വതവേ ശാന്തസ്വഭാവികളായിരുന്ന സിക്കുകാര്‍ ഇതോടെ ആക്രമണകാരികളായി മാറി. അവര്‍ ഒന്നടങ്കം ജഹാംഗീറിനെതിരായി. ജഹാംഗീര്‍ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന കാര്യത്തില്‍ പിതാവ് അക്ബറിന്റെ ആക്രമണത്തിന്റെ പാതയാണ് പിന്തുടര്‍ന്നത്. ബംഗാളില്‍ പൊട്ടിപ്പുറപ്പെട്ട അഫ്ഗാന്‍ കലാപം അടിച്ചമര്‍ത്തിയ അദ്ദേഹം അന്നേവരെ മുഗളര്‍ക്കു വഴങ്ങാതിരുന്ന മീവാര്‍ പിടിച്ചടക്കി. മീവാര്‍ രാജാവ് അമര സിംഹനെ തോല്‍പ്പിക്കുകയും, അദ്ദേഹത്തെയും പുത്രന്‍ കരണ്‍സിങ്ങിനെയും മുഗള്‍സര്‍വ്വീസില്‍ എടുക്കുകയും ചെയ്തു. 1620 മുതല്‍ ജഹാംഗീറിനു മോശം കാലമായിരുന്നു. ഇക്കാലത്തു മുഗളരുടെ കൈവശമായിരുന്ന ഖണ്ടഹാര്‍ പേര്‍ഷ്യന്‍ ഷാ അബ്ബാസ് കയ്യടക്കി. ജഹാംഗീറിന്റെ മകനായ ഷാജഹാനും പിതാവിനെതിരെ കലാപം നടത്തി. ഇതൊരു വലിയ തലവേദനയായിരുന്നു അദ്ദേഹത്തിന്. 1625 ല്‍ ഷാജഹാനുമായി സന്ധി ചെയ്തു കലാപം ഒത്തു തീര്‍ത്തെങ്കിലും രാജ്യത്തിന് അത് വലിയ നാശം വരുത്തിവച്ചിരുന്നു. ഈ പ്രതിസന്ധികള്‍ വിജയകരമായി തരണം ചെയ്യാന്‍ ജഹാംഗീറിനു കഴിഞ്ഞില്ല. ഈ തക്കം മുതലെടുത്ത് ജഹാംഗീറിന്റെ ഭാര്യ നൂര്‍ജഹാന്‍ ഭരണത്തില്‍ ഇടപെട്ടു. ഏതാനും ബന്ധുക്കളെ കൂട്ടുപിടിച്ചുകൊണ്ട് നൂര്‍ജഹാന്‍ ഭരണം കയ്യിലെടുത്തു. നൂര്‍ജഹാന്റെ നേതൃത്വത്തില്‍ കൊട്ടാരത്തിനകത്തു രൂപം കൊണ്ട ഉപജാപകസംഘം ജഹാംഗീറിന്റെ മേല്‍ വല്ലാതെ സ്വാധീനം ചെലുത്തിയിരുന്നതായി ചരിത്രകാരന്മാര്‍ പറയുന്നു. ഒരു കാര്യം തര്‍ക്കമില്ലാത്തതായുണ്ട്. ജഹാംഗീറിന്റെ അവസാനകാലത്ത് അതിസുന്ദരിയും കൂര്‍മ്മബുദ്ധിയുമായിരുന്ന നൂര്‍ജഹാന്‍ തന്റെ ആദ്യവിവാഹത്തിലെ പുത്രിയുടെ ഭര്‍ത്താവും ജഹാംഗീറിന്റെ ഇളയപുത്രനുമായ ഷാരയാറിനെ കിരീടാവകാശിയാക്കാന്‍ ശ്രമിക്കുകയുണ്ടായി. എന്നാല്‍ ഷാജഹാന്റെ കഠിനമായ എതിര്‍പ്പുമൂലം അവര്‍ക്കതിനു കഴിഞ്ഞില്ല. 1627 ല്‍ ജഹാംഗിര്‍ മരിച്ചു. അതോടെ നൂര്‍ജഹാന്റെ പൊതു ജീവിതം അവസാനിച്ചു. ജഹാംഗീറിനെ തുടര്‍ന്ന് ഭരണാധികാരമേറ്റ ഷാജഹാന്‍ നൂര്‍ജഹാന് രണ്ടു ലക്ഷം രൂപ പ്രതിവര്‍ഷ പെന്‍ഷന്‍ നല്‍കി രാജ്യഭരണത്തില്‍ നിന്നും ഒഴിവാക്കി. 1645 ല്‍ നൂര്‍ജഹാന്‍ മരിച്ചു. സംഭവ ബഹുലമായിരുന്നു നൂര്‍ജഹാന്റെ ജീവിതം. ഹൈദരാബാദിലെ സലാര്‍ജംഗ് മ്യൂസിയത്തില്‍ നൂര്‍ജഹാന്‍ ഉപയോഗിച്ചിരുന്ന കറിക്കത്തി ഇപ്പോള്‍ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്. രത്‌നങ്ങള്‍ പതിച്ച ആ കത്തിയ്ക്കു ഇപ്പോഴത്തെ മതിപ്പുവില ഒന്നരകോടി രൂപയാണ്. ജഹാംഗീറിന്റെ ഭരണകാലത്താണ് 1608 ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധിയായി ക്യാപ്റ്റന്‍ വില്യം ഹാക്കിന്‍സ് ഇംഗ്ലണ്ടിലെ രാജാവ് ജയിംസ് ഒന്നാമന്റെ കത്തുമായി മുഗള്‍കൊട്ടാരത്തിലെത്തുന്നത്. ബ്രിട്ടീഷുകാരുടെ ഇന്ത്യയിലേയ്ക്കുള്ള ആദ്യ വരവായിരുന്നു അത്. മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിനെ മുഖം കാണിയ്ക്കാനായി വിലപിടിച്ച സമ്മാനങ്ങളുമായി 1608 ആഗസ്റ്റുമാസം 24-ാം തീയതി ബോംബെയ്ക്കു വടക്ക് സൂറത്ത് തുറമുഖത്ത് നങ്കുരമിട്ട ഹെക്ട്ടര്‍ എന്ന 500 ടണ്‍ കേവു ഭാരമുള്ള ബ്രിട്ടീഷ് കപ്പലില്‍ നിന്നും വൃദ്ധനായ ക്യാപ്റ്റന്‍ വില്യം ഹോക്കിന്‍സ് ഏകാകിയായി കരയ്ക്കിറങ്ങി. ഇന്ത്യയെക്കുറിച്ചു പറഞ്ഞറിഞ്ഞതും മാര്‍ക്കോപോളോയെപ്പോലുള്ള സഞ്ചാരികളുടെ കുറിപ്പുകളില്‍ കണ്ടതുമായ ഒത്തിരി സ്വപ്‌നങ്ങളുമായാണ് ഈസ്റ്റ് ഇന്ത്യാ കമ്പിനി പ്രതിനിധി കപ്പലിറങ്ങിയിരിക്കുന്നത്. മാടപ്പിറാവിന്റെ മുട്ടയോളം വലിപ്പമുള്ള വിലമതിക്കാന്‍ കഴിയാത്ത രത്‌നങ്ങള്‍, യൂറോപ്യന്മാരുടെ തീന്‍മേശയില്‍ ഒഴിവാക്കാന്‍ കഴിയാതെ വന്നിരിക്കുന്ന കുരുമുളക്, ഏലയ്ക്കാ, ചുക്ക്, തീര്‍ന്നില്ല നിത്യ യൗവ്വനം തരുന്ന മരുന്നുകള്‍- ഇതെല്ലാം മോഹിച്ചാണ് സായിപ്പ് ഇന്ത്യയുടെ മണ്ണില്‍ കാലുകുത്തിയിരിക്കുന്നത്. (തുടരും) *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം