malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

ഐസക്കിന്റെ ആത്മാര്‍ത്ഥത, അഭിനന്ദിക്കാതെ വയ്യ

പി.സജിത് കുമാര്‍
പിണറായി വിജയന്‍ സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ തുടങ്ങിയതാണ് സി പി എമ്മിന്റെ ശുചീകരണ യജ്ഞം. പിണറായി വിജയനെ ജനകീയനാക്കാന്‍ തോമസ് ഐസക്കിന്റെ തലയിലുദിച്ച ആശയം. തൊഴിലാളികള്‍ക്കിടയില്‍ മണ്‍വെട്ടിയും കൂട്ടയുമായി കൈയില്‍ ഗ്ലൗസണിഞ്ഞ്, കാലുറയണിഞ്ഞ് ഒരു ദിവസം സഖാവ് പിണറായി വിജയന്‍ ശുചീകരണത്തിനിറങ്ങി. സി പി എം ഇതാ നാടാകെ ശുചീകരിക്കാന്‍ പോകുന്നുവെന്ന പ്രഖ്യാപനവും വന്നു. പിന്നെ ഏതാനും ജില്ലകളില്‍ സെമിനാറുകള്‍, പ്രഭാഷണങ്ങള്‍. ആളുകളുടെ കാലും കഴുത്തും വെട്ടാന്‍ മാത്രം പഠിച്ചിട്ടുള്ള കണ്ണൂരിലെ സഖാക്കള്‍ വരെ സെമിനാര്‍ സംഘടിപ്പിച്ചു. നല്ല കാര്യം. ഇപ്പറഞ്ഞതൊക്ക ഫ്‌ളാഷ്ബാക്കാണ്. മാസങ്ങള്‍ക്കു മുമ്പ് നടന്ന കാര്യം. സി പി എം കൊട്ടിഘോഷിച്ച ശുചീകരണ യജ്ഞത്തിന്റെ അവസ്ഥയെന്തായെന്ന് ചോദിച്ചാല്‍ ഒറ്റവാക്കിലൊരുത്തരം പറയാം- അത് പിണറായിയുടെ പിന്നാലെ പോയി. സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് പിണറായി വിജയന്‍ പടിയിറങ്ങി. പാര്‍ട്ടി സമ്മേളനത്തോടെ പടിയിറക്കാമെന്ന് പിണറായി കരുതിയിരുന്ന അച്യുതാനന്ദനാകട്ടെ പടിക്കല്‍ അള്ളിപ്പിടിച്ചു നില്‍ക്കുകയും ചെയ്യുന്നു. കോടിയേരി ബാലകൃഷ്ണന്‍ സി പി എം സംസ്ഥാന സെക്രട്ടറിയായി. പാര്‍ട്ടിക്ക് ചര്‍ച്ച ചെയ്യാന്‍ പല വിഷയങ്ങളായി. നിയമസഭയിലെ കളരിമുറ തൊട്ട് പല പല അഭ്യാസങ്ങള്‍ക്കിടയില്‍ തുടങ്ങിവെച്ച സകലതും മറന്നു. ശുചീകരണ യജ്ഞം പാതിവഴിയിലടങ്ങി. അല്ലേലും സി പി എം ഏതെങ്കിലുമൊന്ന് മുഴുമിപ്പിച്ചിട്ടുണ്ടോയെന്ന് ആരായാലും ചോദിക്കും. പ്രഖ്യാപിക്കുന്ന സമരം പോലും പാതിവഴിയില്‍ അവസാനിപ്പിച്ച ചരിത്രമല്ലേ സഖാക്കള്‍ക്കുള്ളത്. അതുകൊണ്ട് സി പി എമ്മിന്റെ സമര പ്രഖ്യാപനമെന്നത് ഒരു പരിഹാസവാക്കായി മാറിയിട്ടുണ്ട്. പൊളിയുന്ന ഏതു പരിപാടിയേയും ഉപമിക്കാറുള്ളത് സി പി എമ്മിന്റെ സമരം പോലെയെന്നാണ്. പക്ഷേ ടി എം തോമസ് ഐസക്ക് എം എല്‍ എയെ സമ്മതിക്കണം. ശുചീകരണപരിപാടിക്കും കൃഷിക്കുമായി ആത്മാര്‍ത്ഥതയോടെ സി പി എമ്മിലൊരു പ്രവര്‍ത്തനം തുടരുന്നുണ്ടെങ്കില്‍ അതിപ്പോള്‍ ഐസക്ക് മാത്രമായിരിക്കുന്നു. ദിവസവും ഓരോ കൃഷിയിടത്തില്‍ പോകും, അതല്ലെങ്കില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിറങ്ങും, എന്നിട്ടതിന്റെ ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യും. ഒരു ദിവസം രണ്ട് പോസ്റ്റെങ്കിലും കൃഷിയുമായും ശുചീകരണവുമായും ബന്ധപ്പെട്ട് "പോസ്റ്റിയില്ലെ"ങ്കില്‍ ഐസക്ക് സഖാവിന് ഉറക്കം വരില്ലത്രേ. തന്റെ ഇടപെടല്‍ ഉറപ്പു വരുത്തിയാണ് അദ്ദേഹം പോസ്റ്റിടാറുള്ളത്. ആരുടെ കൃഷിയിടമായിക്കൊള്ളട്ടെ, ആര് അധ്വാനിച്ചോട്ടെ, അതു കാണാന്‍ തോമസ് ഐസക്കെത്തുന്നു എന്നതാണ് പ്രത്യേകത. കൃഷികാര്യങ്ങള്‍ക്കും ശുചീകരണത്തിനും ഇത്തരത്തില്‍ പ്രോല്‍സാഹനം നല്‍കുന്നതിനെ ഏതായാലും വിലകുറച്ചു കാണുന്നില്ല. പ്രശംസനീയം തന്നെ. പക്ഷേ ഐസക്ക് സഖാവിന്റെ പ്രചോദനത്തില്‍ പാര്‍ട്ടി തുടങ്ങിവെച്ച ശുചീകരണ വിപ്ലവം എങ്ങു പോയ് മറഞ്ഞുവെന്നാണ് ചോദ്യം. പുതിയ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എവിടേയും ശുചീകരണത്തിനിറങ്ങിയതു കണ്ടില്ല. സെമിനാര്‍ സംഘടിപ്പിച്ച ജില്ലാ കമ്മിറ്റികളും പിന്‍വലിഞ്ഞു. നാട്ടിലെ മാലിന്യങ്ങളെല്ലാം നീക്കം ചെയ്യുമെന്ന് വളരെ ഉത്തരവാദിത്വത്തോടെ പ്രഖ്യാപിച്ചിട്ട് ഇങ്ങനെയൊരു പിന്മാറ്റം നല്ലതാണോ? അതല്ല, വേറെ വല്ല മനസിലിരിപ്പും സി പി എമ്മിനുണ്ടോയെന്ന് സംശയം. മഴക്കാലമാകും മുമ്പ് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കും. സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന ശുചീകരണപരിപാടികള്‍ പാര്‍ട്ടിയുടെ അക്കൗണ്ടിലാക്കാന്‍ ഒരു "എട്ടുകാലി മമ്മൂഞ്ഞ് തന്ത്രം" സി പി എം നേതാക്കളുടെ മനസിലുണ്ടോയെന്ന് സംശയം. എവിടെയോ പെയ്യുന്ന മഴക്ക് ഇവിടെ കുടപിടിക്കുന്നവരാണ് ഡി വൈ എഫ് ഐ സഖാക്കള്‍. മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചപ്പോല്‍ അവിടെ നിരോധനം ലംഘിച്ച് സമരം സംഘടിപ്പിക്കുന്നതിനു പകരം ബീഫ് യഥേഷ്ടം ലഭിക്കുന്ന കേരളത്തില്‍ കപ്പയും ബീഫും വിളമ്പി സമരം ചെയ്തിട്ടെന്തു കാര്യം. ഇത്തരത്തില്‍ പരിഹാസ്യമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനു പകരം നാലു മണ്‍വെട്ടിയും കുട്ടയുമായി ശുചീകരണത്തിനിറങ്ങാന്‍ ഐസക്ക് സഖാവിന് ഡി വൈ എഫ് ഐ സഖാക്കളെ ഒന്നുപദേശിച്ചു കൂടായിരുന്നോ. ഉപദേശരൂപേണ ഒരു ഫേസ്ബുക്ക് പോസ്റ്റെങ്കിലും നല്‍കിക്കൂടായിരുന്നോ? *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം