malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

യുപിഎ സര്‍ക്കാരിന്റെ കര്‍ഷകരക്ഷാനിയമം മോദി സര്‍ക്കാര്‍ അട്ടിമറിക്കുന്നു

കെ.ജി. രവി
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 24ന് ആരംഭിച്ച ധര്‍ണ്ണ പാര്‍ലമെന്റിനെപ്പോലും പിടിച്ചുകുലുക്കിയിരുന്നു. അണ്ണാഹസ്സാരെയുടെ മുന്‍ ശിഷ്യനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാള്‍ തന്റെ പാര്‍ട്ടിയിലെ മുഴുവന്‍ എംഎല്‍എമാരുമായിട്ടാണ് ധര്‍ണ്ണക്ക് പിന്തുണയുമായി എത്തിയത്. കൂടാതെ ഹരിയാനയില്‍ നിന്നും ഏകതാപരിക്ഷത്തിന്റെ നേതൃത്വത്തില്‍ ആറായിരത്തോളം വരുന്ന കര്‍ഷക സമൂഹത്തെ നയിച്ചുകൊണ്ടാണ് അതിന്റെ നേതാവ് പി.വി. രാജഗോപാല്‍ ധര്‍ണ്ണക്ക് പിന്തുണയുമായി എത്തിയത്. മുന്‍ യുപിഎ സര്‍ക്കാര്‍ 2013 ല്‍ കൊണ്ടുവന്ന കര്‍ഷക സംരക്ഷണ ഭൂനിയമത്തെ അട്ടിമറിക്കാന്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നതായിരുന്നു സമരത്തിന്റെ പ്രധാന ലക്ഷ്യം. മോദി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ ഓര്‍ഡിനന്‍സിനെതിരെ ലോകസഭയില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായിട്ടാണ് പ്രതിക്ഷേധിച്ചത്. ശക്തമായ പ്രതിഷേധം സഭാ ബഹിഷ്‌കരണം വരെ എത്തിയിരുന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി, ഇടതുപക്ഷകക്ഷികള്‍, ആര്‍എസ്പി എന്‍.ഡിഎ സഖ്യകക്ഷിയായ എസ്.ഡബ്ല്യു.വി (മഹാരാഷ്ട്ര) എന്നീ പാര്‍ട്ടികളും ബില്ലിനെതിരെയുള്ള പ്രതിക്ഷേധത്തിലും, സഭ ബഹിഷ്‌കരണത്തിലും പങ്കെടുത്തിരുന്നു. ഭൂമി ഏറ്റെടുക്കല്‍ ബില്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി വീണ്ടും എത്തുമെന്ന പ്രഖ്യാപനത്തോടെയാണ് ധര്‍ണ്ണ നിറുത്തിയത്. മുന്‍ യുപിഎ സര്‍ക്കാറിന്റെ കാലത്ത് ലോകപാല്‍ ബില്ലിനെതിരെ ബിജെപിയുടെ ഒത്താശയോടുകൂടി ഡല്‍ഹിയില്‍ വന്‍ സമരം നടത്തിയ അണ്ണാഹസ്സാരെ ഇപ്പോള്‍ അതെ ബിജെപി സര്‍ക്കാറിനെതിരെ ശക്തമായ കര്‍ഷക സമരവുമായി വന്നത് വിധി വൈവിധ്യം എന്നെ പറയാനുള്ളൂ. അന്നത്തെ അണ്ണ ഹസ്സാരെയുടെ പ്രധാന കൂട്ടാളികളില്‍ പ്രമുഖയായ കിരണ്‍ ബേദി ഇപ്പോള്‍ ബിജെപി ക്യാമ്പില്‍ അഭയം തേടിയിരിക്കുകയാണ്. യുപിഎ സര്‍ക്കാറിനെക്കാള്‍ വളരെമോശമായ ഭരണമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദമി പാര്‍ട്ടി നേതാവുമായ കെജ്‌രിവാള്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്തു സംസാരിച്ചത്. സ്വകാര്യ ആശുപത്രികളും, സ്‌കൂളുകളും നിര്‍മ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നത് പൊതുതാല്പര്യമായിട്ടാണ് മോദി സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ അവകാശപ്പെട്ടിരിക്കുന്നത്. മുന്‍ യുപിഎ സര്‍ക്കാറിന്റെ കാലത്ത് വ്യാപകമായ ചര്‍ച്ചകള്‍ നടത്തി പൊതുസമ്മതപ്രകാരം അംഗീകരിച്ച ഭൂനിയമത്തെ ഇപ്പോള്‍ എതിര്‍ക്കുന്ന ബിജെപി സര്‍ക്കാറിന്റെ നിലപാടു കാപട്യം നിറഞ്ഞതും, കര്‍ഷക ദ്രോഹവുമാണെന്ന് കോണ്‍ഗ്രസ് എംപിമാര്‍ ചൂണ്ടിക്കാട്ടി. സഭയ്ക്കകത്തും പുറത്തും കത്തിക്കാളുന്ന ഭൂനിയമപ്രശ്‌നം കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷികവിരുദ്ധ നിലപാടിനേറ്റ കനത്ത പ്രഹരമാണ്. ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ കര്‍ഷകവിരുദ്ധനിലപാടാണ് നരേന്ദ്രമോദി സര്‍ക്കാറിന്റെതെന്നും, കര്‍ഷകനും, കോര്‍പ്പറേറ്റു വ്യവസായികളും തമ്മില്‍ പ്രശ്‌നമുണ്ടായാല്‍ അത് പരിഹരിക്കുവാനുള്ള ഇടനിലക്കാരന്റെ റോളാണ് സര്‍ക്കാര്‍ വഹിക്കേണ്ടതെന്നും, എന്നാല്‍ വ്യവസായികള്‍ക്കൊപ്പം ചേര്‍ന്നു കര്‍ഷകനെ നിയമംമൂലം അടിച്ചമര്‍ത്തുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും, "ഏകതാപരിക്ഷത്ത്" സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി.വി. രാജഗോപാല്‍ വെളിപ്പെടുത്തിയത്. കൃഷി ചെയ്യാന്‍ മാത്രമറിയാവുന്ന കര്‍ഷകന്‍ ഭൂമി നഷ്ടമാകുന്നതോടുകൂടി വഴിയാധാരമാകുന്നു. കൃഷി ഭൂമികള്‍ ഇല്ലാതാകുന്നതോടുകൂടി രാജ്യം ഗുരുതരമായ ഭക്ഷ്യപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നുള്ള അവസ്ഥയെപ്പറ്റിപ്പോലും മനസ്സിലാക്കാന്‍ കഴിയാത്തവരാണ് ഇപ്പോള്‍ കേന്ദ്രഭരണാധികാരികളെന്നു കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ കുറ്റപ്പെടുത്തുകയുണ്ടായി. പഴയ വൈരം മറന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്റിനകത്തും, പുറത്തും മോദി സര്‍ക്കാരിനെതിരെ സമരം നടത്തിയ അണ്ണ ഹസ്സാരെയെ പിന്തുണക്കുകയുണ്ടായി. എന്നു മാത്രമല്ല,മോദി സര്‍ക്കാറിന്റെ ഓര്‍ഡിന്‍സിനെതിരെ കര്‍ഷകരെ സംഘടിപ്പിച്ചു ഡല്‍ഹിയില്‍ വന്‍ റാലി സംഘടിപ്പിക്കുകയും ചെയ്തു. "സമിന്‍ (ഭൂമി) വാപസി" എന്ന പേരിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഭൂറാലി സംഘടിപ്പിച്ചത്. മുന്‍ കേന്ദ്രമന്ത്രി ജയ്‌റാം രമേശ്, കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, കമല്‍നാഥ് ദിഗ് വിജയസിംഗ്, അജയ് മാക്കന്‍, ജോതിരാധിത്യ, പി.സി. ചാക്കോ എന്നിവരാണ് കര്‍ഷകറാലിക്ക് നേതൃത്വം കൊടുത്തത്. ഡല്‍ഹി തെരഞ്ഞെടുപ്പു പരാജയത്തിന് ശേഷം നടത്തിയ വന്‍ കര്‍ഷകറാലി കോണ്ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്പിന്റെ പ്രകടമായ തെളിവായിരുന്നു. പുതിയ കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍ രാജ്യത്ത് വര്‍ഗ്ഗീയ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായും, പുതിയ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സുമൂലം ആയിരക്കണക്കിന് കര്‍ഷകര്‍ നിര്‍ബന്ധിത കുടിയിറക്കലിന് വിധേയരാകുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്നു "ആംനെസ്റ്റി ഇന്റര്‍ നാഷണല്‍" സംഘടന കുറ്റപ്പെടുത്തിയിരിക്കുന്നു. ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 2015 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് മോദി സര്‍ക്കാരിനെതിരെ പരാമര്‍ശിക്കുന്നത്. നല്ല ഭരണവും എല്ലാവര്‍ക്കും വികസനവും എന്ന ലക്ഷ്യത്തോടുകൂടി അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ ജനങ്ങളുടെ അവകാശവും, സ്വകാര്യതയും, അഭിപ്രായ സ്വാതന്ത്ര്യവും നിക്ഷേധിക്കുന്നതായി, പ്രസ്തുത സംഘടനയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വികസനത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് കര്‍ഷകരെ കുടിയിറക്കി, ടാറ്റാക്കു വേണ്ടി സിംഗൂറിലും നന്ദിഗ്രാമിലും ഭൂമി ഏറ്റെടുത്തതുവഴി ഉണ്ടായ കര്‍ഷകരോഷത്തില്‍ പശ്ചിമബംഗാളിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്കിയ ബുദ്ധ ദേവ് സര്‍ക്കാരിന്റെ ദയനിയ തകര്‍ച്ച, മോദി സര്‍ക്കാരിനെയും കാത്തിരിക്കുന്നു. മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകന്റെ ക്ഷമയും ശക്തിയും പരീക്ഷിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ ഉദ്ദേശം സര്‍വ്വനാശത്തിന് വഴി ഒരുക്കുമെന്നുള്ള കാര്യം ഉറപ്പാണ്. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം