malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
വലതുപക്ഷം

റഷ്യ: കൊട്ടാരമുറ്റത്ത് കൊലപാതകം

പ്രൊഫ. ജോണ്‍ സിറിയക്
എതിര്‍ശബ്ദത്തിന് കമ്യൂണിസം ഇടംകൊടുക്കാറില്ലെന്നാണ് ലോകം ഇന്നും വിശ്വസിക്കുന്നത്. അഥവാ ആരെങ്കിലും മറിച്ചൊന്നുരചെയ്താല്‍ അവന്റെ കഥ കഴിയണം എന്നായിരുന്നു അക്കാലത്തെ നീതി. ജനിച്ചനാള്‍ മുതല്‍ തോക്കിന്‍കുഴലിന്റെ സംരക്ഷണത്തില്‍ വളര്‍ന്നതുകൊണ്ടുള്ള ശീലമായിക്കണ്ടാല്‍ മതി. റഷ്യയിലും ചൈനയിലും പ്രസ്ഥാനത്തിനും പ്രത്യയശാസ്ത്രത്തിനും വേണ്ടി കൊല്ലപ്പെട്ടവര്‍ക്ക് കയ്യും കണക്കുമില്ല. സ്റ്റാലിന്‍ തന്നെ പല പേരുകളില്‍ ഒരുകോടിപേരെ വകവരുത്തി എന്നാണ് ചരിത്രം പറയുന്നത്. അതൊക്കെ ജനാധിപത്യ കമ്യൂണിസത്തിന്നു മുമ്പുള്ള കഥകള്‍. റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുട്ടിനും അദ്ദേഹത്തിന്റെ ജനാധിപത്യ കമ്യൂണിസത്തിന്റെ കാലത്ത് അതേശൈലി പിന്തുടരുന്നു എന്ന് പ്രതിയോഗികള്‍ക്ക് പറയാന്‍ കിട്ടിയ അവസരമാണ് കഴിഞ്ഞ വെള്ളിയാഴ്ച നടന്ന കൊലപാതകം. കൊല്ലപ്പെട്ടത് ബോറിസ് നെംസോവ് എന്ന ബഹുമാന്യനും ബഹുമുഖപ്രതിഭയുമായ പ്രതിപക്ഷത്തെ നേതാവ്. ഉക്രെയിന്‍കാരി ഗേള്‍ഫ്രണ്ടുമായി നടക്കുമ്പോള്‍ ക്രെംലിന്‍ കൊട്ടാരത്തിന്നു തൊട്ടടുത്തുവെച്ചാണ് പിന്നില്‍ വെടിയേറ്റു മരിച്ചത്. മുന്‍ പ്രഡിഡന്റ് ബോറിസ് യെല്‍സിന്റെ ഒന്നാം ഉപപ്രധാനമന്ത്രിയായിരുന്നു അമ്പത്തിയഞ്ചുകാരനായ നെംസോവ്. രണ്ടായിരത്താണ്ടു മുതല്‍ പ്രസിഡന്റ് പുട്ടിന്റെയും, കമ്യൂണിസത്തിന്റെയും ഏറ്റവും ശക്തനായ എതിരാളിയായി മാറി. പിന്നീട് അദ്ദേഹം മുതലാളിത്വത്തിന്റെ മുന്‍നിരവക്താവായിത്തീര്‍ന്നു. പ്രസിഡന്റിന്റെ ഉക്രെയിന്‍ പോളിസിയെ ശക്തിയുക്തം എതിര്‍ത്തു. എതിര്‍പ്പിന്റെ ഭാഗമായി ഈ ഞായറാഴ്ച മോസ്‌ക്കോവില്‍ പടുകൂറ്റന്‍ പ്രതിഷേധറാലി സംഘടിപ്പിക്കുവാനാണ് അദ്ദേഹം മോസ്‌കോവില്‍ എത്തിയത്. അപ്പോഴാണ് ഈ അറുംകൊല നടന്നത്. സ്വാഭാവികമായി എല്ലാ വിരലുകളും പുട്ടിനുനേരെയാണ് തിരിഞ്ഞിരിക്കുന്നത്. ചത്തത് കീചകനാണെങ്കില്‍ കൊന്നത് ഈ റഷ്യന്‍ ഭീമനാണ് എന്ന് സിദ്ധാന്തം. നിരവധി വട്ടം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അനവധി പ്രസ്ഥാനങ്ങളുടെ അമരക്കാരനും ആയിരുന്നു പ്രതിഭാധനനായ ബോറിസ്. .... നേതാവ് ഇറക്കിയ പ്രസ്താവനയും സംശയം ഉയര്‍ത്തുന്നു. ഈ കൊലപാതകം പ്രകോപനപരമാണ് എന്ന് പ്രസിഡന്റ് കരുതുന്നു... രാഷ്ട്രീയമായി ബോറിസ് നെംസോവ് പ്രസിഡന്റിന് ഭീഷണിയേ അല്ല. അയാള്‍ ഒരു സാധാരണക്കാരന്‍. അതായത് ചെറിയ എലിയെക്കൊന്നിട്ട് വലിയ പൂച്ചക്ക് എന്തുകാര്യം എന്ന്? "പ്രതിപക്ഷം സംഘടിപ്പിച്ചതാണ് ഈ കൊലപാതകം. നെംസോവിനെ ബലിയാടാക്കി പ്രസിണ്ടിനെ ദുര്‍ബലനാക്കാന്‍ വേണ്ടി... ചിലപ്പോള്‍ ഉക്രെയിനിനുവേണ്ടി പൊരുതുന്ന വ്യത്യസ്ത ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം, അല്ലെങ്കില്‍ ഏതെങ്കിലും മുസ്ലിം തീവ്രവാദികളുടെ ചെയ്തികള്‍" പുട്ടിനെ രക്ഷിക്കാന്‍ വേണ്ടി ഇറക്കിയ നിരവധി പ്രതിരോധ പ്രസ്താവനകളില്‍ ചിലതാണ് ഇവ. ഉക്രെയിന്‍ പ്രശ്‌നത്തിന്റെ ആരംഭകാലത്ത് എതിരാളികളെയെല്ലാം അഞ്ചാം പത്തികള്‍ അല്ലെങ്കില്‍ ഒറ്റുകാര്‍ എന്നാണ് പുട്ടിന്‍ ചിത്രീകരിച്ചിരുന്നത്. അതില്‍പ്പെട്ട ആളായിരുന്നു ബോറിസ്. ശത്രുശക്തികള്‍ക്ക് രാജ്യത്തെ ഒറ്റുകൊടുക്കുന്നവന്‍ എന്നായിരുന്നു സൂചന.ക്രെംലിന്‍ കൊട്ടാരത്തിന്റെ തൊട്ടടുത്ത്, സദാനിരീക്ഷിക്കപ്പെടുന്നൊരു സ്ഥലത്ത് ഇതുപോലൊരു കൊലനടത്താന്‍, അതും ഇത്രയും പ്രശസ്തനായൊരു നേതാവിനെ അവസാനിപ്പിക്കാന്‍ സാധാരണ കൊലപാതകിക്കു കഴിയുകയില്ല. "ശരിയാണ്... പ്രസിഡണ്ട് നേരിട്ട് കൊന്നിട്ടുണ്ടാവില്ല. അദ്ദേഹം വളര്‍ത്തിക്കൊണ്ടുവന്ന, പിന്നീട് ആ നിയന്ത്രണങ്ങള്‍ക്കു, പുറത്തുചാടിയ ഏതെങ്കിലും കൊലയാളിയുടെ (ടെര്‍മിനേറ്റര്‍) ചെയ്തിയായേക്കാം. പക്ഷെ അത് കൂടുതല്‍ അപകടകരമാണ്. എല്ലാം കൈവിട്ടുപോകാനുള്ള സാധ്യതകള്‍ വളരെയാണ്. പ്രശസ്തനായൊരു പ്രതിപക്ഷ നിരീക്ഷകന്‍ വിലയിരുത്തുന്നു. പ്രസിഡന്റ് ടെര്‍മിനേറ്റര്‍മാരെ പോറ്റി വളര്‍ത്തുന്നു എന്ന അപകട സൂചനയാണ് ഈ നിരീക്ഷണത്തിലുള്ളത്! ഓരോന്നു കൈവിട്ടുപോകുന്നു എന്ന ചിന്തയാവണം വഌഡിമര്‍ പുട്ടിനെ ഭരിക്കുന്നത്. ഉക്രെയിന്‍ പ്രശ്‌നം ഇത്രയും വഷളാക്കിയതും അവിടെ ഇത്രയേറെ രക്തം ചിന്തേണ്ടിവന്നതും പുട്ടിന്‍ മൂലമാണെന്നു കരുതുന്ന ലോകത്തില്‍ അദ്ദേഹം ഒറ്റപ്പെടുകയായിരുന്നു. യൂറോപ്യന്‍ യൂണിയനിലെ ചില ചെറുരാജ്യങ്ങളെ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതും പരാജയബോധത്തില്‍ നിന്നാവണം. റഷ്യയെ ആക്രമിക്കുവാന്‍ വിദേശശക്തികള്‍ ആയുധങ്ങള്‍ കൂര്‍പ്പിക്കുകയാണെന്ന അദ്ദേഹത്തിന്റെ ആശങ്കകളും പുറത്തു വന്നു തുടങ്ങിയ പശ്ചാത്തലത്തില്‍ ഈ കൊലപാതകം കാണേണ്ടതുണ്ട്.ബോറിസ് നെംസോവിന്റെ ശവസംസ്‌കാരം ചൊവ്വാഴ്ച നടന്നു. എഴുപതിനായിരത്തില്‍പരം പേര്‍ പങ്കെടുത്തുവെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുമ്പോള്‍ ഔദ്യോഗിക കണക്ക് ഏതാണ്ട് പതിനയ്യായിരം എന്നാണ്. പലരേയും ചടങ്ങുകളില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ ഭരണകൂടം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രത്യേകിച്ച് പോളണ്ടില്‍ നിന്നും ലത്വീവിയയില്‍നിന്നും ഉള്ളവരെ. യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ന്നതിന്റെ പകരംവീട്ടല്‍! പുട്ടിന്‍ വല്ലാതെ ചെറുതാകുകയാണ്. ആഗ്രഹങ്ങള്‍ ആകാശത്തോളം വരുമ്പോള്‍ മനസ്സ് ഇടവഴിപോലെ ഇടുങ്ങിക്കൊണ്ടിരിക്കുന്നു. കുറ്റവാളികളെ കയ്യോടെപിടിക്കുമെന്ന് അദ്ദേഹം ആണയിടുമ്പോള്‍ ഒന്നും സംഭവിക്കില്ലെന്നു വിശ്വസിക്കാനാണ് സാധാരണ മനുഷ്യര്‍ക്കിഷ്ടം. സാമ്രാജ്യവികസന മോഹത്തിന്റെ തടവറയിലാണ് അദ്ദേഹം. അഴിമതിക്കാരും അവസരവാദികളും വലയം ചെയ്തിരിക്കുന്നു. എതിര്‍പ്പുകള്‍ രൂക്ഷമാകുമ്പോള്‍ ഏകാധിപതികള്‍ നേരിടുന്ന അസ്ഥിരതയുടെ അസ്വാസ്ഥ്യങ്ങള്‍ അദ്ദേഹവും അനുഭവിക്കുന്നു. ഇന്നും നാളെയും അല്ലെങ്കിലും, ഒരുപാട് അകലെയല്ലാതെ പ്രസിഡന്റ് വഌഡിമര്‍ പുട്ടിന്റെ പതനവും സംഭവിക്കുമെന്നു പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കരുതുന്നു. ഏതൊരു വന്‍ പതനത്തിനും മുമ്പ് ദുസൂചനകള്‍ കാണാറുണ്ടല്ലോ. *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം