malayaalam.com

Malayalam BlogAggregate Classifieds YellowPage Politics News
നിഷ്‌പക്ഷം

കോടതിയലക്ഷ്യനിയമം സ്വാതന്ത്ര്യത്തിന് ഭീഷണി

മാര്‍ക്കണ്ഡേയ കട്ജു
ചില ജഡ്ജിമാര്‍ക്കെതിരായ പദപ്രയോഗത്തിന്റെ പേരില്‍ കേരളത്തിലെ ഒരു മുന്‍എംഎല്‍എയെ സുപ്രീംകോടതി ഡിവിഷന്‍ബെഞ്ച് ഈയിടെ നാലാഴ്ചത്തെ തടവുശിക്ഷയ്ക്ക് വിധിക്കുകയുണ്ടായി. എന്റെ അഭിപ്രായത്തില്‍ ഈ വിധിന്യായം തെറ്റും ജനാധിപത്യത്തില്‍ അംഗീകരിക്കാന്‍ കഴിയാത്തതുമാണ്; ഇന്ത്യന്‍ ഭരണഘടനയുടെ 19(1)(എ) വകുപ്പുപ്രകാരം ഉറപ്പുനല്‍കുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണ്.ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് പരമോന്നതസ്ഥാനം. രാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാര്‍, ജഡ്ജിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊലീസുകാര്‍, സൈനികര്‍ എന്നിവരെല്ലാം ജനങ്ങളുടെ സേവകരാണ്. ജനങ്ങളാണ് യജമാനന്മാര്‍ എന്നിരിക്കെ ന്യായാധിപന്മാര്‍ അവരുടെ ഭൃത്യരാണ്, അതിനാല്‍ യജമാന് തന്റെ സേവകരെ വിമര്‍ശിക്കാന്‍ അവകാശമുള്ളതുപോലെ ജനങ്ങള്‍ക്ക് ന്യായാധിപന്മാരെ വിമര്‍ശിക്കാനുള്ള അവകാശവുമുണ്ട്.ഇന്ത്യയിലെ ന്യായാധിപന്മാര്‍ ഇത്ര പെട്ടെന്ന് പ്രകോപിതരാകുന്നത് എന്തുകൊണ്ടാണ്? 1987ല്‍ സ്പൈക്യാച്ചര്‍ കേസില്‍ പ്രഭുസഭ വിധി പ്രസ്താവിച്ചപ്പോള്‍ ഒരു പ്രധാന ദിനപ്പത്രം നല്‍കിയ വാര്‍ത്തയുടെ തലക്കെട്ട് ""നിങ്ങള്‍ വിഡ്ഢികള്‍'' എന്നായിരുന്നു. അപ്പോള്‍ ലണ്ടനിലുണ്ടായിരുന്ന പ്രമുഖ നിയമജ്ഞന്‍ ഫാലി നരിമാന്‍, ഭൂരിപക്ഷവിധി പ്രസ്താവിച്ച ടെമ്പിള്‍മാന്‍ പ്രഭുവിനോട് എന്തുകൊണ്ടാണ് ജഡ്ജിമാര്‍ കോടതിയലക്ഷ്യനടപടി സ്വീകരിക്കാത്തതെന്ന് ആരാഞ്ഞു. അദ്ദേഹം ചിരിച്ചുകൊണ്ട് നല്‍കിയ മറുപടി, ഇംഗ്ലണ്ടില്‍ ന്യായാധിപന്മാര്‍ ഇത്തരം അഭിപ്രായങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നായിരുന്നു.ഇംഗ്ലണ്ടില്‍ 1975ല്‍ ബാലോഗും ക്രൗണ്‍ കോടതിയും തമ്മില്‍ നടന്ന കേസില്‍ പ്രതി ജഡ്ജിയോട് പറഞ്ഞു, ""നിങ്ങള്‍ നര്‍മബോധമില്ലാത്ത യന്ത്രമാണ്, നിങ്ങള്‍ സ്വയംനശിച്ചുപോകാത്തതെന്ത്?''. ജഡ്ജി പുഞ്ചിരിക്കുകമാത്രംചെയ്തു.എന്റെ അഭിപ്രായത്തില്‍ കേരളത്തിലെ മുന്‍ എംഎല്‍എയെ ശിക്ഷിക്കുന്നതിനുമുമ്പ് ജഡ്ജിമാര്‍, പ്രശസ്തനായ ഡെന്നിങ് പ്രഭു 1968ലെ ആര്‍ വേഴ്സസ് പൊലീസ് കമീഷണര്‍ കേസില്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ക്കേണ്ടതായിരുന്നു: ""സ്വന്തം അന്തസ്സ് ഉയര്‍ത്തിക്കാട്ടാന്‍ ഈ അധികാരം ഞങ്ങള്‍ ഒരിക്കലും പ്രയോഗിക്കില്ലെന്ന് പറഞ്ഞുകൊള്ളട്ടെ. അത് ഉറപ്പുള്ള അടിത്തറയായി വിശ്രമിക്കട്ടെ. ഞങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ അടിച്ചമര്‍ത്താനും ഞങ്ങള്‍ അതിനെ ഉപയോഗിക്കില്ല. ഞങ്ങള്‍ വിമര്‍ശങ്ങളെ ഭയക്കുന്നില്ല, അതിനോട് പ്രതികരിക്കുകയുമില്ല. കൂടുതല്‍ പ്രധാനപ്പെട്ട ഒന്നിനെ കോടതിയലക്ഷ്യനിയമം അപകടത്തിലാക്കുന്നു; അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെ''.ഇന്ത്യയിലെ കോടതിയലക്ഷ്യനിയമത്തിന്റെ അടിസ്ഥാനപരമായ അപാകത അതിന്റെ അനിശ്ചിതമായ സ്വഭാവമാണ്. നരിമാന്‍ ഇതിനെ വിശേഷിപ്പിക്കുന്നത് ""നായയുടെ നിയമം'' എന്നാണ്. ബ്രിട്ടീഷ് ന്യായാധിപന്‍ ബെന്‍ദാം പറഞ്ഞത്, ഒരു നായ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത എന്തെങ്കിലും ചെയ്താല്‍ നിങ്ങള്‍ അതിനെ തല്ലും; അതുപോലെ ആരെയെങ്കിലും ശിക്ഷിക്കുമ്പോള്‍ മാത്രമാണ് കോടതിയലക്ഷ്യനിയമത്തെക്കുറിച്ച് കേള്‍ക്കുന്നത്. അങ്ങനെ, ഇത് അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിനുള്ള ഭീഷണിയാണ്.ഒരു ഉദാഹരണം പരിശോധിക്കാം. 1988ലെ ദുദ കേസിന്റെ അടിസ്ഥാനത്തില്‍, സുപ്രീംകോടതി ഭൂപ്രഭുക്കളോടും ബാങ്കിങ് പ്രമുഖരോടും അനുഭാവം കാട്ടുന്നുവെന്ന് ഒരു കേന്ദ്രമന്ത്രി പ്രസ്താവന നടത്തി. അദ്ദേഹം ഇങ്ങനെകൂടി പറഞ്ഞു: "" വിദേശനാണ്യ നിയമലംഘകരും വധുക്കളെ ചുട്ടുകൊല്ലുന്നവരും പിന്തിരിപ്പന്മാരുടെ സമൂഹം ഒന്നാകെയും സുപ്രീംകോടതിയില്‍ അഭയം കണ്ടെത്തുന്നു''. ""സുപ്രീംകോടതി ജഡ്ജിമാര്‍ സമ്പന്നരോട് അനുഭാവം പുലര്‍ത്തുകയും ചെയ്യുന്നു''. മന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന് ഹര്‍ജി ഫയല്‍ചെയ്തുവെങ്കിലും നടപടി ഒന്നുമുണ്ടായില്ല. നരിമാന്‍ അത്ഭുതംകൂറുന്നു; മന്ത്രിക്ക് പകരം സാധാരണക്കാരനായ ഒരു വ്യക്തിയാണ് ഈ അഭിപ്രായപ്രകടനം നടത്തിയിരുന്നതെങ്കില്‍ ഉറപ്പായും ശിക്ഷിക്കപ്പെടുമായിരുന്നു. പക്ഷേ, കോടതികള്‍ സമ്പന്നരോട് പക്ഷപാതം കാട്ടുന്നുവെന്ന അഭിപ്രായപ്രകടനം നടത്തിയതിന് മുന്‍ കേരള മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടിനെതിരെ ഫയല്‍ ചെയ്ത കോടതിയലക്ഷ്യക്കേസില്‍ അദ്ദേഹത്തെ ശിക്ഷിച്ചു. ദുദ കേസിന്റെ കാര്യത്തില്‍ കേന്ദ്രമന്ത്രി പറഞ്ഞ അതേകാര്യം തന്നെയാണ് ഫലത്തില്‍ ഇ എം എസും പറഞ്ഞത്.അപ്പോള്‍ കോടതിയലക്ഷ്യക്കേസില്‍ ഉറപ്പും സുസ്ഥിരതയും എവിടെയാണ്? ബന്‍ദാം വിശേഷിപ്പിച്ചതുപോലെ "നായയുടെ നിയമം' അല്ലേ? കൂടാതെ, കോടതിയലക്ഷ്യനിയമപ്രകാരമുള്ളത് വിവേചനാധികാരവുമാണ്. കോടതിയലക്ഷ്യം നടന്നതായി ബോധ്യപ്പെട്ടാലും നടപടി സ്വീകരിക്കാന്‍ ന്യായാധിപന്‍ ബാധ്യസ്ഥനല്ല. ന്യായാധിപന്‍ എന്ന നിലയിലുള്ള എന്റെ 20 വര്‍ഷത്തെ സേവനത്തിനിടെ, 99 ശതമാനം കോടതിയലക്ഷ്യഹര്‍ജികളും ഞാന്‍ തള്ളിയിട്ടുണ്ട്; നടപടി സ്വീകരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചുകൊണ്ടുതന്നെ.മദ്രാസ് ഹൈക്കോടതിയില്‍ ജോലിചെയ്യുമ്പോഴുണ്ടായ ഒരു സംഭവം ഓര്‍ക്കുന്നു. ഉച്ചഭക്ഷണവേളയില്‍ ചേംബറില്‍ ഇരിക്കവെ വളരെ അസ്വസ്ഥരായി രണ്ട് മുതിര്‍ന്ന ജഡ്ജിമാര്‍ എന്നെ കാണാനെത്തി. അവരെ വിഡ്ഢികളെന്ന് വിശേഷിപ്പിക്കുന്ന രണ്ട് ലഘുലേഖകള്‍ അവരുടെ കൈയിലുണ്ടായിരുന്നു. അത് വായിച്ചപ്പോള്‍ത്തന്നെ ഞാന്‍ ചിരിക്കാന്‍ തുടങ്ങി. അവര്‍ കൂടുതല്‍ അസ്വസ്ഥരായി എന്നോട് പറഞ്ഞു: ""ചീഫ്, ഞങ്ങള്‍ക്ക് അപകീര്‍ത്തി സംഭവിച്ചിരിക്കുന്നു, അങ്ങ് ചിരിക്കുന്നു''. ഞാന്‍ പ്രതികരിച്ചു: ""ഇതെല്ലാം അവഗണിക്കാന്‍ പഠിച്ചില്ലെങ്കില്‍ നിങ്ങളുടെ രക്തസമ്മര്‍ദം ഉയരും. ജനാധിപത്യത്തില്‍ ധാരാളം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്, നിങ്ങള്‍ക്ക് സംയമനം പാലിക്കാന്‍ കഴിയണം. ഇതെല്ലാം തൊഴില്‍പരമായ വെല്ലുവിളികളാണ്''. എന്റെ സഹപ്രവര്‍ത്തകര്‍ ലഘുലേഖ കീറിക്കളഞ്ഞശേഷം ചിരിക്കാന്‍ തുടങ്ങി.(സുപ്രീംകോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനുമാണ് ലേഖകന്‍) *

വിഷയവിവരം


വലതുപക്ഷം
നിഷ്‌പക്ഷം
ഇടതുപക്ഷം
മതപക്ഷം
യുവപക്ഷം
ദളിതപക്ഷം
സ്ത്രീപക്ഷം